Monday, October 3, 2011

ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണ്‍ പരിധിക്കുപുറത്ത്

മികച്ച സേവനം നല്‍കാതെയും സ്വകാര്യ കമ്പനികളുടെ വെല്ലുവിളികള്‍ നേരിടാന്‍ പദ്ധതികള്‍ ആവിഷ്കരിക്കാതെയും ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നു. കേടായ ടെലിഫോണുകള്‍ മാറ്റി നല്‍കാതെയും ലാന്‍ഡ് കണക്ഷന് അപേക്ഷിക്കുന്നവര്‍ക്ക് വയര്‍ലെസ് ലോക്കല്‍ ലൂപ്പ് (ഡബ്ല്യുഎല്‍എല്‍) ഫോണുകള്‍ നല്‍കിയും വഞ്ചിക്കുന്നതും ബിഎസ്എന്‍എല്‍ പതിവാക്കുന്നു. രണ്ടുവര്‍ഷത്തിലേറെയായി കേടായ ടെലിഫോണുകള്‍ മാറ്റി നല്‍കാത്ത പൊതുമേഖലാ കമ്പനി നഷ്ടമാണ് കാരണം പറയുന്നത്. മെച്ചപ്പെട്ട സേവനങ്ങള്‍ ലഭിക്കാത്തതിനാല്‍ പ്രതിമാസം ശരാശരി അയ്യായിരത്തോളം പേര്‍ സംസ്ഥാനത്ത് ബിഎസ്എന്‍എല്‍ ടെലിഫോണുകള്‍ വിച്ഛേദിക്കുന്നുവെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. 2011 ജൂലൈയില്‍ 31,48,543 ലാന്‍ഡ് കണക്ഷനുണ്ടായിരുന്നത് ആഗസ്തില്‍ 31,37,900 ആയി കുറഞ്ഞു. മൊബൈല്‍ ഫോണിന്റെ കടന്നുകയറ്റം കാരണമായി പറയാമെങ്കിലും സ്വകാര്യ കമ്പനികളുടെ വളര്‍ച്ചയുമായി തട്ടിച്ചുനോക്കുമ്പോള്‍ ബിഎസ്എന്‍എല്‍ പിന്നോട്ടുപോകുകയാണ്.

അതേസമയം, മൊബൈല്‍ സേവനരംഗത്ത് ബിഎസ്എന്‍എല്‍ ആധിപത്യം തുടരുന്നുമുണ്ട്. 2006-11 കാലത്തെ അഞ്ചുവര്‍ഷത്തിനിടയില്‍ 3,86,458 ലാന്‍ഡ് കണക്ഷനുകള്‍ കേരളത്തില്‍ ബിഎസ്എന്‍എല്ലിനു നഷ്ടപ്പെട്ടു. എയര്‍ടെല്‍ , ടാറ്റാ, റിലയന്‍സ് തുടങ്ങിയ സ്വകാര്യകമ്പനികള്‍ ഈ രംഗത്തു നേട്ടമുണ്ടാക്കുമ്പോഴാണ് ഭരണകര്‍ത്താക്കളുടെയും ഉന്നതോദ്യോഗസ്ഥരുടെയും പിടപ്പുകേടുമൂലം ബിഎസ്എന്‍എല്‍ തിരിച്ചടി നേരിടുന്നത്. ഇതു മനസിലാക്കി തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചെങ്കിലും അധികൃതര്‍ പരിഗണിക്കുന്നില്ല. മുമ്പൊക്കെ ടെലിഫോണ്‍ കേടായാല്‍ ഉടന്‍ മാറ്റിനല്‍കുമായിരുന്നു. എന്നാല്‍ രണ്ടുവര്‍ഷത്തിലേറെയായി കേടായ ഫോണുകള്‍ മാറ്റി നല്‍കുന്നില്ല. ഇക്കാലയളവില്‍ പതിനായിരക്കണക്കിനു പേര്‍ക്ക് പുതിയ ടെലിഫോണ്‍ വാങ്ങേണ്ടി വന്നു. ഇത്തരത്തില്‍400 രൂപയെങ്കിലും ഉപഭോക്താവിന് നഷ്ടമാകുന്നു. പുതിയ കണക്ഷനു അപേക്ഷിക്കുന്നവര്‍ക്ക് ബ്രോഡ്ബാന്റ് ഇന്റനെറ്റ് സംവിധാനം ഉപയോഗിക്കാവുന്ന ലാന്‍ഡ് കണക്ഷന്‍ നല്‍കുന്നത് അപൂര്‍വം. പകരം ഡബ്ല്യൂഎല്‍എല്‍ എന്ന വയര്‍ലെസ് ഫോണാണ് നല്‍കുക. ഈ ഫോണില്‍ ബ്രോഡ്ബാന്റ് കണക്ഷന്‍ ലഭിക്കില്ല. പകരം ലഭിക്കുന്ന ഹൈസ്പീഡ് മോഡം എന്ന ഇന്റര്‍നെറ്റ് സംവിധാനം വേഗം കുറഞ്ഞതും അസൗകര്യവുമാണ്. ഏഴെട്ടു മാസമായി ഹൈസ്പീഡ് മോഡം നല്‍കുന്നതും നിര്‍ത്തിവച്ചു. പുറത്തുനിന്നു വാങ്ങാന്‍ ഉദ്യോഗസ്ഥരുടെ "സൗജന്യ ഉപദേശം" ലഭിക്കുമെന്ന മെച്ചമുണ്ട്. പാലക്കാട് കഞ്ചിക്കോട്ടുള്ള ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസ് എന്ന കമ്പനിയിലാണ് ബിഎസ്എന്‍എല്ലിനു വേണ്ടി ടെലിഫോണുകള്‍ നിര്‍മ്മിക്കുന്നത്. ആവശ്യത്തിന്റെ നാലിലൊന്നു ടെലിഫോണുകള്‍ മാത്രമേ നിര്‍മ്മിക്കുന്നുള്ളു. ശേഷിച്ച ആവശ്യത്തിനു ടെലിഫോണുകള്‍ ബിഎസ്എന്‍എല്‍ വാങ്ങി സ്വന്തം മുദ്ര പതിച്ച് നല്‍കുകയാണ് പതിവ്.
(എം സുരേന്ദ്രന്‍)

deshabhimani 031011

1 comment:

  1. ബി.എസ്.എന്‍.എല്ലിനെ കൊന്നാല്‍ ആര്‍ക്കാണ് ലാഭം?

    ReplyDelete