ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണ പദ്ധതിയിലെ അഴിമതി സി ബി ഐ അന്വേഷിക്കണമെന്ന ആവശ്യം നിരാകരിച്ച മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നടന്ന 100 കോടിയുടെ അഴിമതിയുള്ള വിവാദ ഇടപാടിനെ കുറിച്ച് സഭ നിര്‍ത്തിവച്ച് നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യം മുഖ്യമന്ത്രി തള്ളിയത്. സുപ്രീംകോടതി നിയമിച്ച മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാന് ഉമ്മന്‍ചാണ്ടി അയച്ച കത്തിനെ മുന്‍നിര്‍ത്തി മുന്‍ധനമന്ത്രി ഡോ. തോമസ് ഐസക്കാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സഭ നിര്‍ത്തിവച്ച് അടിയന്തരപ്രമേയം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവുകയായിരുന്നു. ഉച്ചക്ക് 12.30 ന് ആരംഭിച്ച ചര്‍ച്ച രണ്ട് മണിക്കൂര്‍ നീണ്ടു. ചര്‍ച്ച തത്സമയം സംപ്രേഷണം ചെയ്യാന്‍ ദൃശ്യമാധ്യമങ്ങളെ അനുവദിച്ചു.
അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയില്ല. സി ബി ഐക്ക് വിടുന്നതിന് നിയമതടസ്സമുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. എല്‍ ഡി എഫ് ഭരണകാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ഉമ്മന്‍ചാണ്ടി വാദിച്ചു. ഇതും സി ബി ഐ അന്വേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. അന്വേഷണമില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
മുഖ്യമന്ത്രി രാജിവച്ച് ഇടപാടിനെ കുറിച്ച് സി ബി ഐ അന്വേഷണം നടത്തണമെന്ന് തോമസ് ഐസക്ക് ആവശ്യപ്പെട്ടു. മലിനീകരണ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് ഉമ്മന്‍ചാണ്ടി തിരക്കിട്ട് നടപടി സ്വീകരിച്ചത് വഴി 100 കോടിയോളം രൂപയുടെ അഴിമതിക്ക് കളമൊരുങ്ങിയതായി അദ്ദേഹം പറഞ്ഞു. ഇതേകുറിച്ച് സി ബി ഐ അന്വേഷിക്കണമെന്ന് എല്‍ ഡി എഫ് സര്‍ക്കാര്‍ രണ്ടുതവണ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും തീരുമാനമുണ്ടായില്ല. ടൈറ്റാനിയം കമ്പനിയുടെ സാമ്പത്തിക സ്ഥിതി കണക്കിലെടുക്കാതെ തിരക്കിട്ടാണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സാങ്കേതികമായി എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് അന്നത്തെ ആരോഗ്യമന്ത്രി കെ കെ രാമചന്ദ്രനില്‍ നിന്നും വകുപ്പ് എടുത്തുമാറ്റി. തട്ടിപ്പ് കമ്പനിയായ മെക്കോണിനെ കണ്‍സള്‍ട്ടന്റായി നിയമിച്ചു. സാധനങ്ങളുടെ വില പോലും നിശ്ചയിക്കുന്നതിന് മുമ്പാണ് പദ്ധതി നടപ്പാക്കാന്‍ രാഷ്ട്രീയ തീരുമാനം എടുത്തതെന്ന് ഐസക്ക് പറഞ്ഞു.
പാമോലിന്‍ കേസില്‍ അഴിമതിക്ക് കൂട്ടുനിന്ന ഉമ്മന്‍ചാണ്ടി ടൈറ്റാനിയത്തില്‍ അഴിമതിക്ക് നേതൃത്വം നല്‍കുകയായിരുന്നുവെന്ന് തോമസ് ഐസക് പറഞ്ഞു. മലീനികരണ നിയന്ത്രണ ബോര്‍ഡിന്റെ എതിര്‍പ്പ് മറിക്കടക്കാന്‍ ഉമ്മന്‍ചാണ്ടി വകുപ്പ് മന്ത്രിയായ കെ കെ രാമചന്ദ്രനെ മാറ്റി. തുടര്‍ന്ന് ആരോപണവിധേയമായ മെക്കോണ്‍ കമ്പനിയുടെ പദ്ധതി അംഗീകരിക്കണമെന്നും പദ്ധതി കാലാവധി ദീര്‍ഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതി മോണിട്ടറിംഗ് കമ്മിറ്റിക്ക് ഉമ്മന്‍ചാണ്ടി കത്തുകള്‍ അയച്ചു. ഉമ്മന്‍ചാണ്ടിയുടെ അമിതതാല്പര്യത്തിന് വ്യക്തമായ തെളിവുകളാണ് ഈ കത്തുകള്‍. പാമോലിന്‍ കേസില്‍നിന്ന് വഴുതിമാറാന്‍ ശ്രമിക്കുന്നതുപോലെ ടൈറ്റാനിയം അഴിമതി കേസില്‍നിന്ന് മുഖ്യമന്ത്രിക്ക് വഴുതിമാറാനാകില്ലെന്നും ഐസക് പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കമ്പനിയെ വഴിവിട്ട് സഹായിച്ചതിന് വ്യക്തമായ തെളിവുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ വ്യവസായ മന്ത്രി എളമരം കരീം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് ടൈറ്റാനിയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞത്. കരാര്‍ ശരിയാണെങ്കില്‍ സി ബി ഐ അന്വേഷണത്തെ എന്തിന് ഭയക്കുന്നൂവെന്ന് അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. 2006ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ വരുമ്പോള്‍ മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ റദ്ദാക്കാന്‍ തയ്യാറായില്ല. അന്ന് പദ്ധതിയകുറിച്ച് പരാതിയൊന്നും ഉയര്‍ന്നിരുന്നില്ല. 2007ലാണ് ക്രമക്കേടുകള്‍ സര്‍ക്കാര്‍ ശ്രദ്ധയില്‍ വരുന്നത്. ഉടന്‍ പദ്ധതി നിര്‍ത്തിവച്ചു. മുന്‍ കരാറുമായി ബന്ധപ്പെട്ട ഗുരുതര കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥന് എതിരെ കര്‍ശന നടപടി സ്വീകരിച്ചു. വിജലന്‍സ് അന്വേഷണം ആരംഭിച്ചു. രണ്ടു തവണ സിബി ഐ അന്വേഷണത്തിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്നും എളമരം കരീം പറഞ്ഞു.
മുഖ്യമന്ത്രി അയച്ച കത്തുകളല്ല, അതിനിടയക്കായി ചേതോവികാരമാണ് പ്രശ്‌നമെന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ടൈറ്റാനിയവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ കമ്മിഷന്‍ പറ്റിയിട്ടുണ്ടെന്നത് വ്യക്തമാണെമെന്നും സുനില്‍ കുമാര്‍ പറഞ്ഞു. അഴിമതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായി തെളിഞ്ഞിരിക്കുന്നതിനാല്‍ സി ബി ഐ അന്വേഷണം വേണമെന്ന് വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സഹപ്രവര്‍ത്തകന്‍ ഉന്നയിച്ച ആക്ഷേപത്തിന്റെ തെളിവുകളാണ് പുറത്തുവന്നിരിക്കുന്നതെന്ന് സി കെ നാണു പറഞ്ഞു. പുറത്തുവരുന്ന വിവരങ്ങളെല്ലാം മുഖ്യമന്ത്രിയ്‌ക്കെതിരായതിനാല്‍ അന്വേഷണം നടത്തിയേ തീരുവെന്ന് എ എ അസീസ് പറഞ്ഞു. ടൈറ്റാനിയവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സംശയത്തിന്റെ അന്തരീക്ഷമുണ്ടെന്ന് ഭരണകക്ഷി ഉള്‍പ്പെടെ എല്ലാവരും സമ്മതിച്ചതായി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രി രാജി വച്ച് സി ബി ഐ അന്വേഷണം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന പ്രതിപക്ഷം സഭ വിട്ടശേഷം പ്രമേയം ശബ്ദവോട്ടോടെ സഭ തള്ളി. ടി എന്‍ പ്രതാപന്‍, കെ എന്‍ എ ഖാദര്‍, പി സി ജോര്‍ജ്, പി സി വിഷ്ണുനാഥ് എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതിപക്ഷ ആരോപണം ന്യായമാണെന്ന് സമ്മതിക്കേണ്ടിവന്നു: വി എസ്
പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച വിഷയങ്ങളെല്ലാം ന്യായമായിരുന്നുവെന്ന് സര്‍ക്കാരിന് സമ്മതിക്കേണ്ടിവന്നതായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ധനവിനിയോഗബില്ലിനെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതന്വേഷണവും നേരിടാന്‍ തയാറാണെന്ന് പറയുന്ന ഉമ്മന്‍ചാണ്ടി സി ബി ഐ അന്വേഷണമെന്ന് കേള്‍ക്കുമ്പോള്‍ ഭയക്കുന്നത് എന്തിനാണെന്നും വി എസ് ചോദിച്ചു.
പ്രതിപക്ഷം നിയമസഭയില്‍ ഇതുവരെ ഉന്നയിച്ച പല കാര്യങ്ങളും ഭാഗികമായെങ്കിലും സര്‍ക്കാരിന് അംഗീകരികേണ്ടി വന്നിട്ടുണ്ട്. കോഴിക്കോട് വെടിവയ്പ്പിലേക്ക് നയിച്ച നിര്‍മല്‍ മാധവിന്റെ കോളജ് പ്രവേശനകാര്യത്തില്‍ ഉമ്മന്‍ചാണ്ടി സ്വീകരിച്ച നിലപാട് തെറ്റായിരുന്നുവെന്നാണ് പിന്നീട് അതിന്മേല്‍ കൈക്കൊണ്ട നടപടി വ്യക്തമാക്കുന്നത്. താന്‍ പറഞ്ഞിട്ടാണ് വിദ്യാര്‍ഥിയെ ഗവണ്‍മെന്റ് കോളജില്‍ പ്രവേശിപ്പിച്ചതെന്ന് പറഞ്ഞ ഉമ്മന്‍ചാണ്ടിക്ക് ഒടുവില്‍ തെറ്റു തിരുത്തേണ്ടി വന്നു. വിദ്യാര്‍ഥിയെ മറ്റൊരു കോളജിലേക്ക് മാറ്റാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
ബാലകൃഷ്ണപിള്ളയുടെ കാര്യത്തിലും പ്രതിപക്ഷം പറഞ്ഞത് ശരിവെക്കുന്ന നടപടിയുണ്ടായി. ബാലകൃഷ്ണപിള്ളക്കെതിരെ 20 കൊല്ലം കേസുമായി നടന്നെന്ന് പറഞ്ഞായിരുന്നു തന്നെ യു ഡി എഫ് ആക്ഷേപിച്ചത്. ബാലകൃഷ്ണപിള്ള തടവില്‍ ഫോണ്‍വിളിച്ചത് തെറ്റെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നാലുദിവസം തടവ് ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാരിന് ഉത്തരവിടേണ്ടിവന്നു. ഒടുവില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് തന്നെ ബാലകൃഷ്ണപിള്ള തെറ്റു ചെയ്‌തെന്ന് പറയേണ്ടിവന്നു. എന്നിട്ടാണ് പ്രതിപക്ഷം പകയോടെ പെരുമാറുന്നുവെന്ന് മുഖ്യമന്ത്രി ആരോപിക്കുന്നത്.
തന്നെ മാത്രമല്ല, കുടുംബാംഗങ്ങളെയും ആക്ഷേപിക്കുന്ന സ്ഥിതിയിലേക്ക് യു ഡി എഫ് ഇപ്പോള്‍ അധഃപതിച്ചു. ഇത്തരം അടിസ്ഥാനരഹിതമായ ആഗരാപണങ്ങള്‍ കുറേക്കാലമായി കേള്‍ക്കുന്നതാണ്. ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിച്ച് വിജയിക്കാമെന്ന് ആരും കരുതേണ്ട. 20 കൊല്ലം പരിശ്രമിച്ചാണ് ബാലകൃഷ്ണപിള്ളക്ക് ഒരു കൊല്ലം തടവ്ശിക്ഷ വാങ്ങിക്കൊടുത്തത്.
എതുവിധത്തില്‍ തന്നെ ആക്ഷേപിച്ചാലും അപമാനിച്ചാലും സത്യം പുറത്തു കൊണ്ടുവരാന്‍ പൊരുതുക തന്നെ ചെയ്യും. തീവണ്ടിക്ക് മുന്നില്‍ ചാടി രണ്ടു പെണ്‍കുട്ടികള്‍ മരിക്കാന്‍ സാഹചര്യം സൃഷ്ടിച്ച കൊലപാതകിയെ പുറത്തുകൊണ്ടുവരുന്നതുവെരെ താനും എല്‍ ഡി എഫിലെ 68 എം എല്‍ എമാരും പോരാട്ടം തുടരും. ആക്ഷേപങ്ങള്‍ ഉന്നയിച്ച് അതിനെ തളര്‍ത്താമെന് ആരും കരുതേണ്ട.
പാമോലിന്‍ കേസ് മുന്നോട്ടു പോവുകയാണ്. ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടില്‍ കയറ്റിയത് ടി എച്ച് മുസ്തഫയും സക്കറിയ മാത്യുവുമാണ്. അല്ലാതെ പ്രതിപക്ഷനേതാവല്ല.
സത്യം തെളിയട്ടെ എന്നു പറഞ്ഞ ഉമ്മന്‍ചാണ്ടിയും കൂട്ടരും വിജിലന്‍സ് ജഡ്ജിക്ക് അതിനുള്ള അവസരം നല്‍കാന്‍ പോലും കൂട്ടാക്കിയില്ല. പാമോലിന്റെയും ടൈറ്റാനിയത്തിന്റെയും അഴിമതി അന്വേഷണത്തില്‍ നിന്നും തടിതപ്പാമെന്ന് ഉമ്മന്‍ചാണ്ടി കരുതേണ്ട. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള്‍ ക്ഷമയോടെ കേട്ട് തെറ്റുകള്‍ തിരുത്താനാണ് ഉമ്മന്‍ചാണ്ടി തയാറാകേണ്ടത്. കുശുമ്പും പകയും പാടില്ലെന്ന് ഉമന്‍ചാണ്ടി പറയുന്നതിനോട് യോജിക്കുന്നു. പക നല്ലതല്ല. ഒരു വ്യക്തിയോടും എനിക്ക് പകയില്ല. അത് നിങ്ങള്‍ക്കുമാത്രമുള്ളതാണ്. ഭരണപക്ഷമാണ് അതു വെച്ചു പുലര്‍ത്തുന്നത്. ചിലരുടെ സ്വഭാവത്തെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നതും അതിനെതിരെ കേസ് നടത്തുന്നതും.
അഴിമതിക്കാരും പെണ്‍കുട്ടികളെ അപമാനിക്കുന്നവരും മാന്യന്മാരായി ഞെളിഞ്ഞു നടക്കുന്നത് ഞങ്ങള്‍ എതിര്‍ക്കും. കുടുംബാംഗങ്ങളെയടക്കം ആക്ഷേപിച്ച് അതില്ലാതാക്കാമെന്ന് വിചാരിക്കുന്നവരെ പാവങ്ങളെന്നേ വിശേഷിപ്പിക്കാനാവൂവെന്നും വി എസ് പറഞ്ഞു.
ഉമ്മന്‍ചാണ്ടി രാജിവയ്ക്കണം: വി എസ് സുനില്‍കുമാര്‍
ടൈറ്റാനിയം അഴിമതിയുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നും വി എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലിനീകിരണ നിയന്ത്രണ സംവിധാനം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടില്‍ കോടിക്കണക്കിന് രൂപയുടെ കമ്മിഷന്‍ പറ്റിയിട്ടുണ്ടെന്നത് വ്യക്തമാണെമെന്ന് വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
ഗൗരവമായ അഴിമതി വിഷയമാണിത്. മുഖ്യമന്ത്രി സുപ്രിംകോടതി നിയോഗിച്ച മോണിറ്ററിംഗ് സമിതി ചെയര്‍മാന് അയച്ച കത്തുകളല്ല, അതിനിടയാക്കിയ ചേതോവികാരമാണ് സംശയങ്ങള്‍ക്ക് വഴിവച്ചിട്ടുള്ളത്. എ കെ ആന്റണി രാജിവച്ച ശേഷം, ഉമ്മന്‍ചാണ്ടി അധികാരത്തിലെത്തി രണ്ടാഴ്ച കഴിഞ്ഞാണ് പദ്ധതി സംബന്ധിച്ച് തീരുമാനമെടുത്തത്. ഈ വിഷയത്തില്‍ എ കെ ആന്റണിക്ക് ഇല്ലാത്ത താല്‍പര്യം ഉമ്മന്‍ചാണ്ടി കാട്ടിയതെന്തിനാണെന്നതാണ് ഇവിടെ പ്രസക്തമാകുന്നത്. 2006 ല്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 62 കോടി രൂപയുടെ യന്ത്ര സാമഗ്രികള്‍ ധൃതി പിടിച്ചുവാങ്ങി. പദ്ധതിയുടെ അവസാന ഘട്ടത്തില്‍ വേണ്ട ഉപകരണങ്ങള്‍ ആദ്യം തന്നെ ഇറക്കുകയായിരുന്നു. ഈ ഉപകരണങ്ങള്‍ നശിച്ചുകിടക്കുകയാണ്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി അമിതമായ ധൃതി കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
120 കോടി രൂപയുടെ വിറ്റുവരവുള്ള ടൈറ്റാനിയത്തിലെ മലിനീകരണ നിയന്ത്രണ സംവിധാനത്തിനായി മെക്കോണ്‍ എന്ന കമ്പനിയെ 256 കോടി രൂപയുടെ പദ്ധതിയാണ് ഏല്‍പിച്ചത്. ഇത് ടൈറ്റാനിയത്തിന് താങ്ങാനാകുമായിരുന്നില്ല. തുമ്പിയെ കൊണ്ട് കല്ലെടുക്കുന്നതിന് സമാനമാണിത്. മെക്കോണ്‍ സാങ്കേതികമായി പൊതുമേഖലാ സ്ഥാപനമാണെങ്കിലും ശിഖണ്ഡിയെ പോലെ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന് പിന്നില്‍ സ്വകാര്യ കമ്പനികളാണ്. പൊതുമേഖലാ സ്ഥാപനത്തെ മുന്നില്‍ നിര്‍ത്തി പിന്‍വാതിലൂടെ കമ്മിഷന്‍ പറ്റുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് തന്നെ അര്‍ഥശങ്കയ്ക്കിടമില്ലാത്ത വിധം പദ്ധതി നടപ്പാക്കാനാകില്ലെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. മലിനീകരണന നിയന്ത്രണ ബോര്‍ഡിന്റെ വായ് മൂടിക്കെട്ടുന്നതിനായി ബോര്‍ഡിന്റെ ചുമതലയുണ്ടായിരുന്ന അന്നത്തെ മന്ത്രി കെ കെ രാമചന്ദ്രനെ മാറ്റി. കേവലം ഒരു ഫോണ്‍ കോളിന്റെ പേരുപറഞ്ഞാണ് രാമചന്ദ്രനെ മാറ്റിയത്. തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക താല്‍പര്യം പ്രകാരം മലിനീകരണ നിയന്ത്രണബോര്‍ഡ് തീരുമാനം മാറ്റി.
മുത്തൂറ്റ് പ്ലാസയില്‍ നടന്ന യോഗത്തില്‍ കമ്പനിയുടെ അക്കൗണ്ടന്റ് തന്നെ പ്രഥമ ദൃഷ്ട്യാ ഈ പദ്ധതി നടപ്പാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ പദ്ധതിയുമായി മുന്നോട്ടു പോയാല്‍ കമ്പനി അടച്ചുപൂട്ടേണ്ട സ്ഥിതി വരുമെന്നും അന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ടൈറ്റാനിയത്തിന്റെ ബഹുമുഖ വികസനവുമായി മുന്നോട്ട് പോകാമെന്ന് പറഞ്ഞ് ലാഭത്തിന്റെ കണക്ക് കൃത്രിമമായി ഉണ്ടാക്കുകയായിരുന്നു. സള്‍ഫ്യൂരിക് ആസിഡ് പുനരുപയോഗിക്കാവുന്ന പദ്ധതി വിജയപ്രദമാകില്ലെന്ന് സി എ ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നതായും സുനില്‍കുമാര്‍ പറഞ്ഞു.
സി ബി ഐ അന്വേഷണത്തെ എന്തിനു ഭയപ്പെടുന്നു?
janayugom 261011
അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപണങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയില്ല. സി ബി ഐക്ക് വിടുന്നതിന് നിയമതടസ്സമുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. എല്‍ ഡി എഫ് ഭരണകാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് ഉമ്മന്‍ചാണ്ടി വാദിച്ചു. ഇതും സി ബി ഐ അന്വേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. അന്വേഷണമില്ലെന്ന നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചുനിന്നതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
ReplyDelete