Wednesday, October 26, 2011

സി ബി ഐ അന്വേഷണത്തെ എന്തിനു ഭയപ്പെടുന്നു?


മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഇഷ്ടപദങ്ങളിലൊന്നാണ് സുതാര്യത. മനുഷ്യത്വം എന്ന വാക്കും നിയമാനുസൃതം എന്ന വാക്കും അദ്ദേഹത്തിന്റെ നാവില്‍ നിന്നും ഇടയ്ക്കിടെ നാട്ടുകാര്‍ കേള്‍ക്കാറുണ്ട്. ആ വാക്കുകളുടെ അര്‍ഥം അറിഞ്ഞുകൊണ്ടുതന്നെയാണോ അദ്ദേഹം അവയെടുത്ത് അമ്മാനമാടുന്നതെന്ന് സംശയിക്കാന്‍ കാരണങ്ങളേറേയുണ്ട്. പണത്തിനോടുള്ള ആര്‍ത്തി എല്ലാത്തിന്റെയും ഗതിനിയന്ത്രിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ കേരളത്തിലെ മഹാപുരോഹിതനാണ് ഉമ്മന്‍ചാണ്ടി. മൂലധന പ്രഭുത്വത്തിന് ഒത്താശ ചെയ്യുന്നതിലുള്ള പ്രാവീണ്യമാണ് വലുതുപക്ഷ രാഷ്ട്രീയത്തിന്റെ പടവുകള്‍ ചവിട്ടിക്കയറാന്‍ ഉമ്മന്‍ചാണ്ടിക്കു തുണയായത്. പ്രബലമായ മാധ്യമ ചങ്ങാത്തത്തിന്റെ പിന്‍ബലത്തില്‍ നിസ്വാര്‍ഥ രാഷ്ട്രീയത്തിന്റെ മേലങ്കിയാണ് അദ്ദേഹം പലപ്പോഴും വാരിപുതയ്ക്കുന്നത്. ആ ഖാദി പുതപ്പിന്റെ ഇഴകള്‍ക്കിടയില്‍ പാമൊലിന്റെ വഴുവഴുപ്പും ടൈറ്റാനിയത്തിന്റെ രാസഗന്ധവും നിറയുമ്പോള്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ തനിനിറം ജനങ്ങള്‍ വീണ്ടും അറിയുകയാണ്.

ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ 2001-2006 ലെ യു ഡി എഫ് ഭരണകാലത്ത് നടന്ന അഴിമതിയെക്കുറിച്ച് നിയമസഭയ്ക്കുള്ളിലും പുറത്തും നേരത്തെ വിമര്‍ശനങ്ങളുയര്‍ന്നതാണ്. ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിലെ മന്ത്രിയായിരുന്ന രാമചന്ദ്രന്‍ മാസ്റ്റര്‍ ഈ അഴിമതിയെക്കുറിച്ച് പറഞ്ഞ് പൊട്ടിക്കരയുന്ന ദൃശ്യങ്ങളും കേരളം കണ്ടിട്ടുണ്ട്. അഴിമതിക്കു വഴങ്ങാതിരുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും തന്നെ ഭീഷണിപ്പെടുത്തിയെന്നതും അദ്ദേഹം തന്നെയാണ് ജനങ്ങളെ അറിയിച്ചത്. അതിനെ എല്ലാം നിസാരമായി കണ്ട് സ്വതസിദ്ധമായ കൗശലത്തോടെ അവഗണിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

ഇപ്പോഴിതാ കൗശലപ്രകടനങ്ങളിലൂടെ നിസാരവല്‍ക്കരിക്കാനാകാത്ത വിധം ഗൗരവതരമായ തെളിവുകള്‍ അതുസംബന്ധമായി വീണ്ടും രംഗത്തുവന്നിരിക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കൈയ്യൊപ്പോടുകൂടി സുപ്രിംകോടതി മോണിറ്ററിംഗ് കമ്മിറ്റി അധ്യക്ഷന്‍ ത്യാഗരാജന് അയച്ച കത്തുകള്‍ സുതാര്യമല്ലെന്ന് ആര്‍ക്കുവാദിക്കാന്‍ കഴിയും. ആ കത്തുകളാകട്ടെ നഗ്‌നമായ അഴിമതിക്കുവേണ്ടിയുളള തിരക്കുപിടിച്ച ഇടപെടലായിരുന്നുവെന്നത് പകല്‍പോലെ സത്യമാണ്. ഈ അഴിമതി സംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ട് പേരാവൂരിലെ സെബാസ്റ്റ്യന്‍ ജോര്‍ജ് പ്രധാനമന്ത്രിക്ക് ഹര്‍ജി നല്‍കിയതാണ്. പ്രധാനമന്ത്രി നിയമമന്ത്രാലയത്തിനു കൈമാറിയ ആ ഹര്‍ജി ആവശ്യമായ മേല്‍നടപടിക്കുള്ള നിര്‍ദേശത്തോടെ കേരള ചീഫ് സെക്രട്ടറിക്ക് കഴിഞ്ഞ മെയ് മാസത്തില്‍ ലഭിച്ചതാണ്. അതിവേഗം ബഹുദൂരം സഞ്ചരിക്കാന്‍ നിനച്ചിറങ്ങിയ ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റിന്റെ നൂറുദിന മാരത്തോണ്‍ ഓട്ടവും അതേസമയത്ത് ആരംഭിച്ചു. തീര്‍പ്പാക്കിയ ഫയലുകളുടെ എണ്ണപ്പെരുപ്പത്തെക്കുറിച്ചും ഇവിടെ പ്രകീര്‍ത്തനങ്ങളുണ്ടായി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുവന്ന ടൈറ്റാനിയം ഫയല്‍ പോലുള്ളവ ഒച്ചിനോടു മത്സരിച്ചുകൊണ്ട് എവിടെയോ ഒളിച്ചിരിക്കുകയാണ്. ഏതെല്ലാം ഫയലുകള്‍ ഓടണമെന്നും ഏതെല്ലാം ഫയലുകള്‍ ഇഴയണമെന്നും ഏതെല്ലാം ഫയലുകള്‍ ഒളിക്കണമെന്നും ഉമ്മന്‍ചാണ്ടിക്കറിയാം. അദ്ദേഹം ഭരണനൈപുണ്യം തെളിയിച്ച പരിണിത പ്രജ്ഞനാണല്ലോ!

ട്രാവന്‍കൂര്‍ ടൈറ്റാനിയം കമ്പനിയില്‍ മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ ആരും എതിരഭിപ്രായം പറയുകയില്ല. ആ നല്ല ലക്ഷ്യത്തിന്റെ മറവില്‍ കോടികള്‍ കൈമറിഞ്ഞ ദുര്‍ഗന്ധമലീമസമായ ഒരഴിമതി നടന്നാല്‍ ജനങ്ങള്‍ പൊറുക്കില്ല. അതില്‍ മുഖ്യമന്ത്രി നേരിട്ട് ഉടപെട്ടു എന്ന് വ്യക്തമാക്കുന്ന രേഖകളാണ് നാട്ടില്‍ സജീവ ചര്‍ച്ചാവിഷയമായിരിക്കുന്നത്. വ്യവസായ മലിനീകരണത്തെക്കുറിച്ച് ജനങ്ങള്‍ ഉല്‍കണ്ഠ ഉയര്‍ത്തുമ്പോഴെല്ലാം പുച്ഛിച്ചുപോന്ന ചില മേലാളന്‍മാര്‍ക്ക് പെട്ടെന്നു മലിനീകരണ വിരോധം ഉണ്ടായതിനെപ്പറ്റി അന്നുതന്നെ സംശയമുയര്‍ന്നതാണ്. ആരോപണവിധേയമായ മെക്കോണ്‍ കമ്പനി സമര്‍പ്പിച്ച പ്രോജക്ടിനെപ്പറ്റി മലിനീകരണ നിയന്ത്രണ ബോര്‍ഡ് തന്നെ സംശയം പ്രകടിപ്പിച്ചതായിരുന്നു. അതേക്കുറിച്ച് അന്നു ലോകായുക്തയില്‍ കേസും വന്നതാണ്. ആ പദ്ധതി ത്വരിതപ്പെടുത്താന്‍ വേണ്ടിയാണ് 2005 ല്‍ തന്റെ ഭരണത്തിന്റെ അവസാനഘട്ടത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അമിതമായ താല്‍പര്യം എടുത്തത്.

മലിനീകരണ നിയന്ത്രണം നടപ്പിലാക്കാന്‍ 108 കോടിയുടെ പദ്ധതി ഗവണ്‍മെന്റിന്റെ പരിഗണനയിലുണ്ടായിരുന്നതാണ്. അതു ചവറുകൊട്ടയിലെറിഞ്ഞാണ് 256 കോടിയുടെ മെക്കോണ്‍ കമ്പനിക്കുവേണ്ടി ഉമ്മന്‍ചാണ്ടി സുപ്രിംകോടതിയുടെ മോണിറ്ററിംഗ് കമ്മിറ്റി ചെയര്‍മാന് കത്ത് എഴുതിയത്. ആ പദ്ധതിപ്രകാരം ഏറ്റവും ഒടുവില്‍ ആവശ്യമായിവരുന്ന യന്ത്രസംവിധാനങ്ങളാണ് ആദ്യം വരുത്തിയത്. അതിന്റെ മാത്രം വില 72 കോടി വരുമത്രെ. ടൈറ്റാനിയം കോമ്പൗണ്ടില്‍ ആ യന്ത്രങ്ങള്‍ തുരുമ്പെടുക്കുന്ന കാഴ്ച ഉമ്മന്‍ചാണ്ടിക്ക് നേരിട്ട് കണ്ടു ബോധ്യപ്പെടാവുന്നതാണ്. ഇങ്ങനെയൊരു പദ്ധതിക്കുവേണ്ടി അമിതാവേശം കാട്ടിയതിന്റെ കാരണങ്ങളെക്കുറിച്ച് ജനങ്ങള്‍ ചിന്തിക്കാതിരിക്കില്ല. അധികാരം കൈയാളിയ ഭരണ-രാഷ്ട്രീയ ഉന്നതന്‍മാര്‍ക്കു ദുരൂഹമായ താല്‍പര്യമുണ്ടായിരുന്ന മലിനീകരണ നിയന്ത്രണ പദ്ധതി ഒരിക്കലും പ്രവൃത്തിപഥത്തിലെത്തിയില്ല. എന്നാല്‍ അതിന്റെ കണ്‍സള്‍ട്ടന്‍സി ഫീസ് കൈപ്പറ്റേണ്ടവര്‍ കൈപ്പറ്റിക്കഴിഞ്ഞു. അത് 9 കോടി രൂപയാണെന്നുകൂടി അറിയുമ്പോഴെ മലിനീകരണ നിയന്ത്രണത്തിലെ മാലിന്യം എത്ര വലുതാണെന്നു ജനം അറിയുന്നത്. ഇതിനു കുടപിടിച്ച മുഖ്യമന്ത്രി ഇനി എന്തു ചെയ്യുമെന്നു കേരളം ഉറ്റുനോക്കുകയാണ്.

സി ബി ഐ അന്വേഷണത്തെ അദ്ദേഹം വീറോടെ എതിര്‍ക്കുമ്പോള്‍ ജനങ്ങള്‍ ന്യായമായും സംശയിക്കുന്നത് അദ്ദേഹത്തിന്റെ കൈയില്‍ കളങ്കമുണ്ടെന്നു തന്നെയാണ്.

janayugom editorial 261011

1 comment:

  1. പ്രബലമായ മാധ്യമ ചങ്ങാത്തത്തിന്റെ പിന്‍ബലത്തില്‍ നിസ്വാര്‍ഥ രാഷ്ട്രീയത്തിന്റെ മേലങ്കിയാണ് അദ്ദേഹം പലപ്പോഴും വാരിപുതയ്ക്കുന്നത്. ആ ഖാദി പുതപ്പിന്റെ ഇഴകള്‍ക്കിടയില്‍ പാമൊലിന്റെ വഴുവഴുപ്പും ടൈറ്റാനിയത്തിന്റെ രാസഗന്ധവും നിറയുമ്പോള്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ തനിനിറം ജനങ്ങള്‍ വീണ്ടും അറിയുകയാണ്.

    ReplyDelete