Monday, October 24, 2011

വാള്‍സ്ട്രീറ്റ് കയ്യടക്കല്‍: ലണ്ടനില്‍ സമരം വ്യാപിക്കുന്നു ഫിന്‍സ്ബറി ചത്വരത്തില്‍ പുതിയ ക്യാമ്പ്

ലണ്ടന്‍: വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ സമരത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ആരംഭിച്ച 'ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കയ്യടക്കല്‍' സമരത്തില്‍ കൂടുതല്‍ പേര്‍ അണിനിരക്കുന്നു. ഏഴുദിവസം മുമ്പ് ലണ്ടനിലെ ചരിത്രപ്രസിദ്ധമായ സെന്റ്‌പോള്‍സ് കത്തീഡ്രലിന്റെ കല്‍വരികളിലും പരിസരത്തും ആരംഭിച്ച പ്രക്ഷോഭകരുടെ കാമ്പ് നിറഞ്ഞുകവിഞ്ഞതിനെത്തുടര്‍ന്ന് ലണ്ടനിലെ ബിസിനസ് ഡിസ്ട്രിക്ടിലെ ഫിന്‍സ്ബറി ചത്വരത്തില്‍ പുതിയതായി മറ്റൊരു ക്യാമ്പ് കൂടി തുറന്നു.

സെന്റ്‌പോള്‍സ് കത്തീഡ്രല്‍ വളപ്പില്‍ പ്രക്ഷോഭകരുടെ മുന്നൂറിലധികം തമ്പുകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് ദേവാലയം സമീപകാലചരിത്രത്തിലാദ്യമായി സന്ദര്‍ശകര്‍ക്കും ആരാധകര്‍ക്കും പ്രവേശനം തടഞ്ഞുകൊണ്ട് അടച്ചു.

കഴിഞ്ഞ ശനിയാഴ്ച (ഒക്ടോബര്‍ 15) ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചിനു മുന്നില്‍ തമ്പടിക്കാന്‍ ശ്രമിച്ച പ്രക്ഷോഭകരെ പൊലീസ് തടഞ്ഞു. തുടര്‍ന്നാണ് അവര്‍ സെന്റ് പോള്‍സ് കത്തീഡ്രല്‍ വളപ്പിലേക്ക് നീങ്ങിയത്. പ്രക്ഷോഭകരെ അവിടെ നിന്നും നീക്കം ചെയ്യാന്‍ പൊലീസ് മുതിര്‍ന്നെങ്കിലും സെന്റ് പോള്‍സ് ദേവാലയ അധികൃതര്‍ ഇടപെട്ട് പൊലീസിനെ പിന്തിരിപ്പിക്കുകയായിരുന്നു. സമരം ഒരാഴ്ച പിന്നിട്ടിട്ടും ദേവാലയ അധികൃതരും പ്രക്ഷോഭകരും മികച്ച ബന്ധമാണ് പുലര്‍ത്തുന്നത്.

ചരിത്രപ്രസിദ്ധമായ സെന്റ് പോള്‍സ് ദേവാലയത്തിന് പ്രതിദിനം 16000 മുതല്‍ 20000 പൗണ്ട് വരെ സന്ദര്‍ശകഫീസ് ലഭിക്കുന്നുണ്ട്. ദേവാലയം ഓരോദിവസവും തുറന്നുപ്രവര്‍ത്തിപ്പിക്കുന്നതിന് 20000 പൗണ്ട് ചെലവുവരുമെന്ന് അധികൃതര്‍ പറയുന്നു. സന്ദര്‍ശകരുടെയും ആരാധനക്കെത്തുന്നവരുടെയും ദേവാലയത്തിന്റെയും സുരക്ഷിതത്വം കണക്കിലെടുത്താണ് കഴിഞ്ഞദിവസം മുതല്‍ സന്ദര്‍ശകര്‍ക്കും ആരാധനക്കാര്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയത്.

ദേവാലയം ഇത്തരത്തില്‍ അടയ്ക്കുമ്പോഴും പ്രക്ഷോഭകരുമായി തര്‍ക്കമുണ്ടായിട്ടില്ലെന്നു മാത്രമല്ല, ദേവാലയ അധികൃതര്‍ സമരം ചെയ്യുന്നവരോട് അനുഭാവപൂര്‍ണമായ നിലപാടാണ് അവലംബിക്കുന്നത്. കൂടുതല്‍ സമരക്കാര്‍ ദേവാലയവളപ്പില്‍ എത്തുന്നത് നിരുത്സാഹപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫിന്‍സ്ബറി ചത്വരത്തില്‍ പുതിയ ക്യാമ്പ് തുറന്നത്. ദേവാലയം ഔപചാരികമായി അടച്ചിരുന്നെങ്കിലും ശനിയാഴ്ചയും അവിടെ നേരത്തെ നിശ്ചയിച്ചിരുന്ന വിവാഹം നടന്നു.

janayugom 241011

1 comment:

  1. വാള്‍സ്ട്രീറ്റ് കയ്യടക്കല്‍ സമരത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ആരംഭിച്ച 'ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കയ്യടക്കല്‍' സമരത്തില്‍ കൂടുതല്‍ പേര്‍ അണിനിരക്കുന്നു. ഏഴുദിവസം മുമ്പ് ലണ്ടനിലെ ചരിത്രപ്രസിദ്ധമായ സെന്റ്‌പോള്‍സ് കത്തീഡ്രലിന്റെ കല്‍വരികളിലും പരിസരത്തും ആരംഭിച്ച പ്രക്ഷോഭകരുടെ കാമ്പ് നിറഞ്ഞുകവിഞ്ഞതിനെത്തുടര്‍ന്ന് ലണ്ടനിലെ ബിസിനസ് ഡിസ്ട്രിക്ടിലെ ഫിന്‍സ്ബറി ചത്വരത്തില്‍ പുതിയതായി മറ്റൊരു ക്യാമ്പ് കൂടി തുറന്നു.

    ReplyDelete