Monday, October 24, 2011

അന്തര്‍സംസ്ഥാന കള്ളനോട്ട് സംഘത്തിലെ എട്ടുപേര്‍ പിടിയില്‍

അന്തര്‍സംസ്ഥാന കള്ളനോട്ട് സംഘത്തിലെ കണ്ണികളായ എട്ടുപേര്‍ പിടിയിലായി. പശ്ചിമബംഗാളിലെ മാള്‍ഡ് ജില്ലയിലെ താമസക്കാരായ ഇമാമുല്‍ ഹഖ്(19), കമറുള്‍ ഇസ്ലാം എന്ന ഇസ്ലാം ഷേഖ്(22), ആസും അലം(21), റഹൂല്‍ അമീന്‍(21), മുജീബ് റഹ്മാന്‍(19), ഷിജാവുള്‍ കരീം(20), സിറാജുള്‍ ഹഖ്(22), സഖീര്‍ അലി(19) എന്നിവരാണ് ബംഗ്ലാദേശില്‍ അച്ചടിച്ചുവെന്ന് സംശയിക്കുന്ന 1000, 500 രൂപ മൂല്യമുള്ള വ്യാജ ഇന്ത്യന്‍ കറന്‍സികളുമായി പിടിയിലായത്.

കഴിഞ്ഞദിവസം വൈകുന്നേരത്തോടെ പാറശാല, പരശുവയ്ക്കലിനു സമീപം വച്ച് ഒരു കടയില്‍ 1000-ത്തിന്റെ നോട്ട് മാറുന്നതിനിടയില്‍ സംശയം തോന്നിയ രണ്ട് പശ്ചിമബംഗാള്‍ സ്വദേശികളെ കടയുടമ അറിയിച്ചതനുസരിച്ച് പാറശാല എസ് ഐ അരുണ്‍ സ്ഥലത്തെത്തി രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് മറ്റു പ്രതികള്‍ പിടിയിലായത്. നെയ്യാറ്റിന്‍കര ഡി വൈ എസ് പി പി ഗോപകുമാര്‍, പാറശാല സി ഐ റിയാസ്, എസ് ഐ അരുണ്‍ എന്നിവരുടെ സംഘമാണ് മറ്റു ആറുപേരെ തിരുവനന്തപുരത്തെ ഒരു ലോഡ്ജില്‍ നിന്ന് പിടികൂടിയത്.

ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ വേരുകളുള്ള അന്താരാഷ്ട്ര കള്ളനോട്ട് സംഘത്തിലെ അംഗങ്ങളെക്കുറിച്ച് ഇവരില്‍ നിന്ന് പൊലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ അച്ചടിച്ചുവെന്ന് സംശയിക്കുന്ന 1000 രൂപയുടെ 140 നോട്ടുകളും 500ന്റെ 158 നോട്ടുകളും ഉള്‍പ്പെടെ 2,19000 രൂപ ഇവരുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെത്തി.

യഥാര്‍ഥ നോട്ടുകളെ വെല്ലുന്ന തരത്തിലുള്ള വ്യാജ കറന്‍സി നോട്ടുകളാണ് ഇവരില്‍ നിന്നു പിടിച്ചെടുത്തത്. ഇവരില്‍ ഷിജാവുള്‍ കരീം, ഇമാമുല്‍ ഹഖ് എന്നിവരാണ് സംഘത്തലവന്‍മാര്‍. ഇവരുടെ നേതൃത്വത്തില്‍ നാലുപേരടങ്ങുന്ന രണ്ടു സംഘമായിട്ടാണ് കള്ളനോട്ട് വിതരണം നടത്തുന്നത്. രണ്ടു സംഘങ്ങളായി തിരിഞ്ഞ് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ കടകളില്‍ നല്‍കി ചെറിയതുകയ്ക്ക് സാധനങ്ങള്‍ വാങ്ങിയ ശേഷം കള്ളനോട്ടുകള്‍ മാറ്റി യഥാര്‍ത്ഥ നോട്ടുകളാക്കുന്നതാണ് ഇവരുടെ രീതി. ഒരുലക്ഷം രൂപയുടെ കള്ളനോട്ട് മാറി യഥാര്‍ഥ നോട്ടാക്കിയതിനു ശേഷം അതില്‍ 60000 രൂപ പശ്ചിമബംഗാളിലുള്ള സംഘത്തലവന് അയച്ചുകൊടുക്കുകയും ബാക്കി 40000 രൂപ സംഘാംഗങ്ങള്‍ വീതിച്ചെടുക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞദിവസം തലസ്ഥാനത്തെ ഒരു പ്രമുഖ ധനകാര്യസ്ഥാപനം വഴി 62000 രൂപ പശ്ചിമബംഗാളിലേക്ക് അയച്ചുകൊടുത്തതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഇവര്‍ക്ക് ശൃംഖലകളുണ്ടെന്ന് ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും ഇതിന് മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വന്‍തോതിലുള്ള കള്ളനോട്ട് വിപണനം നടത്തിയിട്ടുണ്ടെന്നും ഇവര്‍ പൊലീസിന് മൊഴി നല്‍കി. വ്യാജനോട്ടുകള്‍ തീരുന്ന മുറയ്ക്ക് സംഘത്തലവന്‍ റെയില്‍വെസ്റ്റേഷനില്‍ നോട്ടുകള്‍ എത്തിച്ചുകൊടുക്കുകയോ അല്ലെങ്കില്‍ സംഘാംഗങ്ങളില്‍ ഒരാള്‍ പശ്ചിമബംഗാളിലെത്തി വ്യാജ കറന്‍സി ഏറ്റുവാങ്ങുകയോ ആണ് പതിവ്. കള്ളനോട്ട് തിരിച്ചറിയാനുള്ള യന്ത്രസാമഗ്രികളില്ലാത്ത കടകളെ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രധാന വിപണനം. കള്ളനോട്ടുകള്‍ നല്‍കി വാങ്ങിക്കൂട്ടിയ ധാരാളം സാധനങ്ങളും ഇവര്‍ താമസിച്ചിരുന്ന ലോഡ്ജില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

റൂറല്‍ എസ് പി: എ അക്ബറിന്റെ നിര്‍ദേശാനുസരണം നെയ്യാറ്റിന്‍കര ഡിവൈ എസ് പി പി ഗോപകുമാര്‍, പാറശാല സി ഐ: എസ് എം റിയാസ്, നെയ്യാറ്റിന്‍കര സി ഐ സജിമോന്‍, പാറശാല എസ് ഐ കെ എസ് അരുണ്‍, എസ് ഐമാരായ വിനോദ്കുമാര്‍, രവീന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സതീഷ്ബാബു, സനല്‍കുമാര്‍, ഹര്‍ഷകുമാര്‍, രതീഷ്‌കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ അജീന്ദ്രന്‍, അനില്‍കുമാര്‍, അനീഷ്, ഹോംഗാര്‍ഡ്, വേണുഗോപാല്‍ തുടങ്ങിയവരുടെ സംഘമാണ് ഇവരെ പിടികൂടിയത്.

janayugom 241011

1 comment:

  1. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ വേരുകളുള്ള അന്താരാഷ്ട്ര കള്ളനോട്ട് സംഘത്തിലെ അംഗങ്ങളെക്കുറിച്ച് ഇവരില്‍ നിന്ന് പൊലീസിന് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ അച്ചടിച്ചുവെന്ന് സംശയിക്കുന്ന 1000 രൂപയുടെ 140 നോട്ടുകളും 500ന്റെ 158 നോട്ടുകളും ഉള്‍പ്പെടെ 2,19000 രൂപ ഇവരുടെ പക്കല്‍ നിന്നും പൊലീസ് കണ്ടെത്തി.

    ReplyDelete