Saturday, October 22, 2011

മനുഷ്യവികസന സൂചികയില്‍ കേരളം ഒന്നാമത്

രാജ്യത്ത് മനുഷ്യവിഭവശേഷി വികസന സൂചികയില്‍ കേരളം ഏറ്റവും മുന്നില്‍ . 1999-2000 മുതല്‍ 2007-08 വരെ വിദ്യാഭ്യാസം, ആരോഗ്യം, ഉപഭോക്തൃചെലവ് എന്നീ മേഖലകളിലെ പുരോഗതി വിലയിരുത്തി ആസൂത്രണകമീഷനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് മാന്‍പവര്‍ റിസര്‍ച്ച് തയ്യാറാക്കിയ മനുഷ്യവിഭവശേഷി സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. 1999ല്‍ മനുഷ്യവിഭവശേഷി സൂചികയില്‍ ഡല്‍ഹിക്കു പിന്നില്‍ രണ്ടാംസ്ഥാനത്തായിരുന്നു കേരളം. ഇത്തവണ ഡല്‍ഹിയാണ് കേരളത്തിനു പിന്നില്‍ രണ്ടാമത്. തമിഴ്നാട് എട്ടാമതും കര്‍ണാടകം പത്താമതും ആന്ധ്ര 15-ാമതുമാണ്. ബംഗാളിന് പതിമൂന്നാം സ്ഥാനമാണ്. യുപി, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ബിഹാര്‍ , ഒറീസ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ അവസാനം.

1999-08 കാലയളവില്‍ മനുഷ്യവിഭവശേഷി സൂചികയില്‍ രാജ്യം 21 ശതമാനം വളര്‍ച്ച നേടി. സംസ്ഥാനങ്ങളില്‍ ഡല്‍ഹിക്ക് മാത്രമാണ് നെഗറ്റീവ് വളര്‍ച്ച. ബിഹാര്‍ അടക്കമുള്ള പിന്നോക്ക സംസ്ഥാനങ്ങള്‍ ദേശീയശരാശരിയേക്കാള്‍ മെച്ചപ്പെട്ട വളര്‍ച്ച നേടിയിട്ടുണ്ട്. കേരളത്തിന്റെ വികസനസൂചിക 1999ല്‍ 0.677 ആയിരുന്നു. 2008ല്‍ ഇത് 0.790 ആയി ഉയര്‍ന്നു. ഡല്‍ഹിയുടേത് 0.783 ല്‍നിന്ന് 0.750 ആയി ഇടിഞ്ഞു. ദേശീയ സൂചിക 0.387ല്‍നിന്ന് 0.467 ആയി ഉയര്‍ന്നു. വരുമാനസൂചികയില്‍ ഡല്‍ഹിയാണ് (0.68) മുന്നില്‍ . ബിഹാര്‍ (0.13) ഏറ്റവും പിന്നിലും.

വിദ്യാഭ്യാസ സൂചികയില്‍ കേരളമാണ് (0.92) മുന്നില്‍ . ബിഹാര്‍ (0.41) ഏറ്റവും പിന്നിലും. വിദ്യാഭ്യാസ സൂചികയില്‍ ദേശീയവളര്‍ച്ച 28.5 ശതമാനമാണ്. ആരോഗ്യസൂചികയിലും കേരളമാണ് (0.82) മുന്നില്‍ . അസം (0.41) ഏറ്റവും പിന്നിലും. ആരോഗ്യരംഗത്ത് 13 ശതമാനമാണ് ദേശീയവളര്‍ച്ച. രാജ്യത്തെ 48 ശതമാനം പട്ടികജാതിക്കാരും 52 ശതമാനം പട്ടികവര്‍ഗക്കാരും 44 ശതമാനം മുസ്ലിം ന്യൂനപക്ഷങ്ങളും എട്ട് പിന്നോക്കസംസ്ഥാനങ്ങളിലാണ്. കേരളം, ഡല്‍ഹി, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ ഒബിസി-എസ്സി വിഭാഗങ്ങള്‍ ബിഹാര്‍ , യുപി, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ സവര്‍ണവിഭാഗങ്ങളേക്കാള്‍ മെച്ചപ്പെട്ട നിലയിലാണ്. സാക്ഷരതാനിരക്കില്‍ കേരളം, ഡല്‍ഹി എന്നിവിടങ്ങളിലെ പട്ടികജാതി വിഭാഗക്കാര്‍ ബിഹാര്‍ , രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുന്നോക്കവിഭാഗക്കാരേക്കാള്‍ മുന്നിലാണ്.

ദാരിദ്ര്യനിരക്ക് രാജ്യത്ത് കുറഞ്ഞുവരുന്നതായാണ് ആസൂത്രണകമീഷന്‍ ഏജന്‍സിയുടെ വിലയിരുത്തല്‍ . 1973ല്‍ 55 ശതമാനമായിരുന്നു ബിപിഎല്‍ നിരക്ക്. 1993ല്‍ ഇത് 36 ശതമാനമായും 2004-05ല്‍ 27.5 ശതമാനമായും കുറഞ്ഞു. സുരേഷ് ടെണ്ടുല്‍ക്കര്‍ സമിതിയില്‍നിന്ന് വ്യത്യസ്തമാണ് ഈ കണക്കുകള്‍ . ടെണ്ടുല്‍ക്കര്‍ കണക്കുപ്രകാരം 2004-05ല്‍ 37 ശതമാനമാണ് ദരിദ്രര്‍ . 2009-10ല്‍ ഇത് 32 ശതമാനമായി കുറഞ്ഞെന്നാണ് ടെണ്ടുല്‍ക്കറിന്റെ വിലയിരുത്തല്‍ . ബിപിഎല്‍ നിര്‍ണയത്തിന് ടെണ്ടുല്‍ക്കര്‍ സമിതി വ്യത്യസ്ത മാനദണ്ഡം സ്വീകരിച്ചതുകൊണ്ടാണ് ഈ വ്യത്യാസമെന്ന് ആസൂത്രണ കമീഷന്‍ വിശദീകരിക്കുന്നു. രാജ്യത്തിന്റെ വളര്‍ച്ചനിരക്ക് കൂടിയതിനാല്‍ ബിപിഎല്‍ നിരക്കിലും പെട്ടെന്ന് കുറവുവരുത്തുമെന്ന് റിപ്പോര്‍ട്ട് വിലയിരുത്തുന്നു.

ഉല്‍പ്പന്നനിര്‍മാണരംഗത്ത് 10 ശതമാനം തൊഴില്‍വളര്‍ച്ചയുണ്ടായപ്പോള്‍ കാര്‍ഷികരംഗത്ത് തൊഴിലവസരങ്ങള്‍ ഇടിഞ്ഞു. കര്‍ഷകത്തൊഴിലാളികളുടെ എണ്ണം 25.90 കോടിയില്‍നിന്ന് 24.3 കോടിയായാണ് കുറഞ്ഞത്. നിര്‍മാണമേഖലയിലേക്ക് തൊഴിലാളികള്‍ പോയതാണ് ഇടിവിനു കാരണമായി പറയുന്നത്. ബാലവേലയില്‍ 1993-94ല്‍ 6.2 ശതമാനമെന്നത് 2004-05ല്‍ 3.3 ആയി കുറഞ്ഞു. രാജ്യത്ത് 60 ശതമാനം ദരിദ്രരും ബിഹാര്‍ , യുപി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. മൂന്നിലൊന്നു സ്ത്രീകളും 40 ശതമാനം കുട്ടികളും ഭാരക്കുറവുള്ളവരാണ്. നവജാത ശിശുക്കളില്‍ 28 ശതമാനത്തിനും ഭഭാരക്കുറവുണ്ട്. ഈ കണക്കുകളില്‍ ബംഗ്ലാദേശ്, നേപ്പാള്‍ , ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ മോശമാണ് ഇന്ത്യയുടെ അവസ്ഥ.

deshabhimani 221011

1 comment:

  1. രാജ്യത്ത് മനുഷ്യവിഭവശേഷി വികസന സൂചികയില്‍ കേരളം ഏറ്റവും മുന്നില്‍ . 1999-2000 മുതല്‍ 2007-08 വരെ വിദ്യാഭ്യാസം, ആരോഗ്യം, ഉപഭോക്തൃചെലവ് എന്നീ മേഖലകളിലെ പുരോഗതി വിലയിരുത്തി ആസൂത്രണകമീഷനു കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അപ്ലൈഡ് മാന്‍പവര്‍ റിസര്‍ച്ച് തയ്യാറാക്കിയ മനുഷ്യവിഭവശേഷി സൂചികയിലാണ് കേരളം ഒന്നാമതെത്തിയത്. 1999ല്‍ മനുഷ്യവിഭവശേഷി സൂചികയില്‍ ഡല്‍ഹിക്കു പിന്നില്‍ രണ്ടാംസ്ഥാനത്തായിരുന്നു കേരളം. ഇത്തവണ ഡല്‍ഹിയാണ് കേരളത്തിനു പിന്നില്‍ രണ്ടാമത്. തമിഴ്നാട് എട്ടാമതും കര്‍ണാടകം പത്താമതും ആന്ധ്ര 15-ാമതുമാണ്. ബംഗാളിന് പതിമൂന്നാം സ്ഥാനമാണ്. യുപി, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ബിഹാര്‍ , ഒറീസ, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ അവസാനം.

    ReplyDelete