Saturday, October 22, 2011

പിള്ളയുടെ ഫോണ്‍വിളി: മാധ്യമ പ്രവര്‍ത്തകനെതിരെ കേസ്

തടവില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിളളയെ ഫോണില്‍ സംസാരിക്കാന്‍ നിര്‍ബന്ധിക്കുകയും പ്രേരിപ്പിക്കുകയും ചെയ്ത റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖകന്‍ പ്രദീപ് സി നെടുമണ്‍, ചാനല്‍ എം ഡി എം വി നികേഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെ കോടതി നിര്‍ദേശാനുസരണം മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. ജയിലില്‍ കഴിയുന്ന തടവുകാരനോട് മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ പ്രേരിപ്പിച്ച ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ പ്രിസണ്‍ ആന്റ് കറപ്ഷന്‍ ആക്ട് 86-ാം വകുപ്പനുസരിച്ച് കേസെടുക്കണമെന്ന് കാട്ടി പൂവാര്‍ സ്വദേശി ബാബു തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷണല്‍ മജിസ്‌ട്രേട്ടിന് മുന്‍പാകെ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയിരുന്നു.

ഹര്‍ജി പരിഗണിച്ച് കോടതി കേസെടുക്കാന്‍ മെഡിക്കല്‍ കോളജ് പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. കേസ് തെളിയിച്ചാല്‍ രണ്ട് വര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം 29 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. ബാലകൃഷ്ണപിളളയുടെ ഉടമസ്ഥതയിലുളള സ്‌കൂളിലെ അധ്യാപകന്‍ കൃഷ്ണകുമാറിന് മര്‍ദ്ദനമേറ്റ സംഭവത്തിന് പിന്നില്‍ പിളളയ്ക്കും മകനും മന്ത്രിയുമായ ഗണേശ് കുമാറിനും പങ്കുണ്ടെന്നുളള പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദന്റെ ആരോപണത്തോട് പിളളയുടെ പ്രതികരണം തേടിയാണ് ചാനലിന്റെ റിപ്പോര്‍ട്ടര്‍ പ്രദീപ്, ആര്‍ ബാലകൃഷ്ണപിളളയുടെ മൊബൈലിലേക്ക് വിളിച്ചത്. തന്നെ ഉപദ്രവിക്കരുതെന്നും ഫോണ്‍ സംഭാഷണം സംപ്രേഷണം ചെയ്യരുതെന്നും പിളള റിപ്പോര്‍ട്ടറോട് അഭ്യര്‍ത്ഥിക്കുകയും സംപ്രേഷണം ചെയ്യില്ലെന്ന് ഉറപ്പ് കൊടുത്തതിനെ തുടര്‍ന്ന് പിളള പ്രതികരിക്കുകയുമായിരുന്നു. എന്നാല്‍ ചാനല്‍ പിളളയുടെ സംഭാഷണം സംപ്രേക്ഷണം ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പിളളക്ക് നാലുദിവസം കൂടി ശിക്ഷ നീട്ടി നല്‍കുകയും ചെയ്തിരുന്നു.

janayugom 221011

1 comment:

  1. തടവില്‍ കഴിയുന്ന കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിളളയെ ഫോണില്‍ സംസാരിക്കാന്‍ നിര്‍ബന്ധിക്കുകയും പ്രേരിപ്പിക്കുകയും ചെയ്ത റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലേഖകന്‍ പ്രദീപ് സി നെടുമണ്‍, ചാനല്‍ എം ഡി എം വി നികേഷ്‌കുമാര്‍ എന്നിവര്‍ക്കെതിരെ കോടതി നിര്‍ദേശാനുസരണം മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തു. ജയിലില്‍ കഴിയുന്ന തടവുകാരനോട് മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ പ്രേരിപ്പിച്ച ചാനല്‍ റിപ്പോര്‍ട്ടര്‍ക്കെതിരെ പ്രിസണ്‍ ആന്റ് കറപ്ഷന്‍ ആക്ട് 86-ാം വകുപ്പനുസരിച്ച് കേസെടുക്കണമെന്ന് കാട്ടി പൂവാര്‍ സ്വദേശി ബാബു തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷണല്‍ മജിസ്‌ട്രേട്ടിന് മുന്‍പാകെ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയിരുന്നു.

    ReplyDelete