Saturday, October 22, 2011

ലിബിയ ലിബിയക്കാര്‍ ഭരിക്കട്ടെ

ഒരു രാഷ്ട്രം ആരു ഭരിക്കണമെന്ന് തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങള്‍തന്നെയാണ്- അതാണ് ജനാധിപത്യം. ലിബിയ ആരു ഭരിക്കണമെന്ന് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് അമേരിക്കന്‍ - നാറ്റോ സഖ്യത്തിന്റെ ബോംബര്‍വിമാനങ്ങളും മിസൈലുകളുമാണ്. നാല്‍പ്പത്തിരണ്ടുവര്‍ഷം ലിബിയയെ നയിച്ച; അതില്‍ ഏറിയ കാലവും സാമ്രാജ്യത്വത്തിന് വഴങ്ങാതെ തലയുയര്‍ത്തി നിന്ന മുഅമ്മര്‍ ഗദ്ദാഫിയെ സദ്ദാം ഹുസൈനെയെന്നപോലെ കൊന്നുതള്ളിയതോടെ ലിബിയയില്‍ ജനാധിപത്യമല്ല മറിച്ച് അമേരിക്കന്‍ ആധിപത്യമാണ് പുലരുകയെന്ന് ഉറപ്പായി. ലിബിയന്‍ മരുഭൂമികള്‍ ഗര്‍ഭത്തില്‍പേറുന്ന അമൂല്യമായ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രലോഭനമാണ് ഗദ്ദാഫിക്കുനേരെയുള്ള വെടിയുണ്ടകളായി മാറിയതെന്നതില്‍ അമേരിക്കയുടെ ചരിത്രം അറിയുന്നവര്‍ തര്‍ക്കിക്കില്ല.

പെട്രോളിയം നിക്ഷേപംതന്നെയാണ് ഇറാഖിലെ അധിനിവേശത്തിനും കാരണമായത്. സദ്ദാം ഹുസൈന്റെ അണു- രാസായുധ ശേഖരത്തെക്കുറിച്ചുള്ള കഥകളും ഇറാഖ് ഭീകരപ്രവര്‍ത്തനത്തിന്റെ തലസ്ഥാനമാണെന്ന പ്രചാരണവുമാണ് അധിനിവേശത്തിന് മറയാക്കിയത്. അതെല്ലാം നുണക്കഥകളായിരുന്നു എന്ന് ഇന്ന് പകല്‍പോലെ തെളിഞ്ഞിരിക്കുന്നു. ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെട്ടതും പെട്രോളിയം നിക്ഷേപം അമേരിക്കന്‍ കമ്പനികളുടെ കൈകളിലെത്തിയതുമാണ് അധിനിവേശത്തിന്റെ അനന്തരഫലം. താലിബാന് പിന്തുണ നല്‍കി അവരിലൂടെ അഫ്ഗാന്‍ പ്രസിഡന്റ് നജീബുള്ളയെ കൊന്ന് കെട്ടിത്തൂക്കിയതും അമേരിക്കതന്നെ. സാമ്രാജ്യത്വത്തിന്റെ കടന്നുകയറ്റങ്ങളെ പ്രതിരോധിക്കുന്ന ഇറാനെതിരെയും അമേരിക്കന്‍ കരുനീക്കം ശക്തമാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങളെ ഇറാനെതിരെ അണിനിരത്തുന്നു. ഇങ്ങനെ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ളവരെ വാഴിക്കാനും അല്ലാത്തവരെ തകര്‍ക്കാനും നിരന്തരം ഇടപെടുന്ന അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ലിബിയന്‍ ആഗ്രഹമാണ് ഗദ്ദാഫിയുടെ വധത്തോടെ പൂര്‍ത്തീകരിക്കപ്പെട്ടത്. അറബ്ലോകത്തെ പുതിയ സംഭവവികാസങ്ങളില്‍ അമേരിക്കയുടെ ഇരട്ടത്താപ്പ് തെളിഞ്ഞുകാണാം. ലിബിയയില്‍ അവര്‍ കൊതിച്ചത് ഗദ്ദാഫിയുടെ ചോരയ്ക്കുവേണ്ടിയാണെങ്കില്‍ ഈജിപ്തില്‍ ഹോസ്നി മുബാറക്കിനുവേണ്ടിയാണ് അമേരിക്ക നിലകൊണ്ടത്. വമ്പിച്ച ജനരോഷത്തിനുമുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ഒഴിയേണ്ടിവന്ന മുബാറക്കിന് വെടിയുണ്ടയും മരണവുമല്ല; ചികിത്സയാണ് ലഭിക്കുന്നത്. ടുണീഷ്യയിലാണ് അറബ്ലോകത്താകെ പടര്‍ന്നുകയറിയ പ്രക്ഷോഭങ്ങളുടെ തുടക്കം.

സെയ്ന്‍ അല്‍ ആബ്ദീന്‍ ബെന്‍ അലിയുടെ ഏകാധിപത്യവാഴ്ചയ്ക്കെതിരെ അവിടെ ജനങ്ങള്‍ തെരുവിലിറങ്ങി. ആദ്യഘട്ടത്തില്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ അലി ശ്രമിച്ചെങ്കിലും ജനകീയപ്രതിരോധം നാള്‍ക്കുനാള്‍ കരുത്തുനേടി. അലിക്ക് ഭരണം ഉപേക്ഷിച്ച് രാജ്യംവിട്ട് ഓടേണ്ടിവന്നു. അങ്ങനെ പലായനംചെയ്ത അലിയെ സൗദി അറേബ്യ സംരക്ഷിക്കുന്നു. ലിബിയന്‍ ഭരണാധികാരിയെ വേട്ടയാടിക്കൊന്നവര്‍ ടുണീഷ്യന്‍ ഭരണാധികാരിക്ക് ഉരുക്കുകവചമൊരുക്കുന്നു. അവര്‍തന്നെ സിറിയയില്‍ ബാത്തിസ്റ്റ് പാര്‍ടി ഭരണത്തിനെതിരായ പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. സിറിയ പലസ്തീനുവേണ്ടി നിലകൊള്ളുന്നതാണ് ഇതിന് പ്രകോപനം. ജനങ്ങളുടെ ജീവിതനിലവാരത്തിലുണ്ടായ തകര്‍ച്ചയാണ് അറബ്ലോകത്തെ പ്രക്ഷോഭങ്ങള്‍ക്ക് മുഖ്യകാരണമായത്. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ജീവത്തായ ആവശ്യങ്ങള്‍ ഉയര്‍ത്തിയുള്ള പൊതുമുദ്രാവാക്യങ്ങളാണ് എവിടെയും ഉയര്‍ന്നത്്. എന്നാല്‍ , ആ യഥാര്‍ഥ വശം മറച്ചുപിടിച്ച് പിന്തിരിപ്പന്‍ശക്തികളെ ഉപയോഗപ്പെടുത്തി സാമ്രാജ്യത്വതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാനാണ് അമേരിക്ക ഇടപെട്ടത്. അത്തരം ഇടപെടലുകളുടെ യഥാര്‍ഥ മുഖമാണ് ഗദ്ദാഫിയുടെ വധത്തിലൂടെ വീണ്ടും തുറന്നുകാട്ടപ്പെട്ടത്. ധൂര്‍ത്തിന്റെയും ദുര്‍ഭരണത്തിന്റെയും പ്രതീകമായി മാറിയ ഇദ്രിസ് രാജാവിനെ അധികാരഭ്രഷ്ടനാക്കിയ സൈനികകലാപത്തിലൂടെയാണ് 1969ല്‍ കേണല്‍ മുഅമ്മര്‍ ഗദ്ദാഫി ലിബിയയില്‍ അധികാരത്തില്‍ വന്നത്. ഇരുപത്തേഴാംവയസ്സില്‍ ഭരണാധികാരിയായ അദ്ദേഹം അക്കാലത്ത് അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായ പുരോഗമനപരമായ നിലപാടാണ് സ്വീകരിച്ചത്. എണ്ണവ്യവസായത്തെ ദേശസാല്‍ക്കരിച്ചു; ആഫ്രിക്കയിലെ വിമോചനപോരാട്ടങ്ങളെ പിന്തുണച്ചു. വിദ്യാഭ്യാസവും ചികിത്സയും സൗജന്യമാക്കി. പോകെപ്പോകെ ഗദ്ദാഫിയുടെ വഴിയിലും അപഭ്രംശങ്ങളുണ്ടായി. ഏകാധിപത്യരീതികള്‍ വന്നു. സാമ്രാജ്യത്വവിരുദ്ധ നിലപാടുകളില്‍ അയവുവന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ അമേരിക്കന്‍പക്ഷത്തേക്ക് കണ്ണോട്ടമയച്ചെങ്കിലും അത്തരം നിലപാടുമാറ്റംകൊണ്ടുമാത്രം ഗദ്ദാഫിയെ തുണയ്ക്കുക എന്നത് അമേരിക്കന്‍ അജന്‍ഡയായില്ല. അതിലുപരി ലിബിയയുടെ അമൂല്യമായ പ്രകൃതിസമ്പത്ത്- എണ്ണ ഇച്ഛാനുസരണം കൈകാര്യം ചെയ്യാനുള്ള അവസരത്തിനാണ് അമേരിക്ക കാത്തത്.

ഗദ്ദാഫിയുടെ അന്ത്യത്തിലൂടെയേ അത് സാധ്യമാകൂ എന്നവര്‍ കരുതി. അതിന്റെ ഫലമാണ് ഈ കൊലപാതകം. ലിബിയന്‍മേഖലയില്‍ കാലുറപ്പിക്കാനുള്ള രാഷ്ട്രീയനീക്കങ്ങളാണ് അമേരിക്ക നടത്തുന്നത്. ലിബിയയില്‍ സ്ഥിരമായി പാവഭരണം സ്ഥാപിക്കാനുള്ള കരുനീക്കം നടക്കുന്നു. അത് ചെറുത്തുതോല്‍പ്പിക്കാനുള്ള ചുമതല ലിബിയന്‍ ജനതയ്ക്കുമാത്രമല്ല, സാമ്രാജ്യ അധിനിവേശത്തിനെതിരെ പോരടിക്കുന്ന എല്ലാവര്‍ക്കുമുണ്ട്. ലിബിയ ഭരിക്കേണ്ടവരെ ആ ജനതതന്നെ തെരഞ്ഞെടുക്കാനുള്ള സാഹചര്യമാണ് ഒരുങ്ങേണ്ടത്. ഗദ്ദാഫിയെ ക്രൂരമായി കൊലചെയ്ത സാമ്രാജ്യത്വ ധിക്കാരത്തിനെതിരായ പ്രതിഷേധത്തോടൊപ്പം ലിബിയയെ കൊള്ളയടിക്കാനുള്ള അമേരിക്കന്‍ താല്‍പ്പര്യം തകര്‍ക്കാനും അന്നാട്ടില്‍ ജനാധിപത്യഭരണം സ്ഥാപിക്കപ്പെടാനുമുള്ള ജനവികാരവും ഉയരേണ്ടതുണ്ട്.

ദേശാഭിമാനി മുഖപ്രസംഗം 221011

1 comment:

  1. ഒരു രാഷ്ട്രം ആരു ഭരിക്കണമെന്ന് തീരുമാനിക്കേണ്ടത് അവിടത്തെ ജനങ്ങള്‍തന്നെയാണ്- അതാണ് ജനാധിപത്യം. ലിബിയ ആരു ഭരിക്കണമെന്ന് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത് അമേരിക്കന്‍ - നാറ്റോ സഖ്യത്തിന്റെ ബോംബര്‍വിമാനങ്ങളും മിസൈലുകളുമാണ്. നാല്‍പ്പത്തിരണ്ടുവര്‍ഷം ലിബിയയെ നയിച്ച; അതില്‍ ഏറിയ കാലവും സാമ്രാജ്യത്വത്തിന് വഴങ്ങാതെ തലയുയര്‍ത്തി നിന്ന മുഅമ്മര്‍ ഗദ്ദാഫിയെ സദ്ദാം ഹുസൈനെയെന്നപോലെ കൊന്നുതള്ളിയതോടെ ലിബിയയില്‍ ജനാധിപത്യമല്ല മറിച്ച് അമേരിക്കന്‍ ആധിപത്യമാണ് പുലരുകയെന്ന് ഉറപ്പായി. ലിബിയന്‍ മരുഭൂമികള്‍ ഗര്‍ഭത്തില്‍പേറുന്ന അമൂല്യമായ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പ്രലോഭനമാണ് ഗദ്ദാഫിക്കുനേരെയുള്ള വെടിയുണ്ടകളായി മാറിയതെന്നതില്‍ അമേരിക്കയുടെ ചരിത്രം അറിയുന്നവര്‍ തര്‍ക്കിക്കില്ല.

    ReplyDelete