Tuesday, October 25, 2011

വാക്ക് അടര്‍ത്തിയെടുത്ത് കോടതിയലക്ഷ്യം ആരോപിക്കുന്നത് ഉചിതമല്ല

മുന്‍ നിയമമന്ത്രി പി ശിവശങ്കര്‍ സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ നടത്തിയ വിമര്‍ശത്തോളം വരില്ല എം വി ജയരാജന്റെ വിമര്‍ശമെന്ന് ഹൈക്കോടതിയില്‍ വാദം. ശിവശങ്കരന്റെ പരാമര്‍ശങ്ങള്‍ വിമര്‍ശം മാത്രമായിരുന്നുവെന്നും കോടതിയലക്ഷ്യമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയതായി വിധിന്യായം ഉദ്ധരിച്ച് ജയരാജന്റെ അഭിഭാഷകന്‍ എം കെ ദാമോദരന്‍ വാദിച്ചു.

ജനാധിപത്യ സംവിധാനത്തിന്റെ അവിഭാജ്യഘടകമാണ് അഭിപ്രായസ്വാതന്ത്ര്യം. പാതയോര പൊതുയോഗവിധി അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ പൂര്‍ണമായി നിരോധിക്കുന്നതിനാല്‍ ഈ വിധിയെ വിമര്‍ശിച്ചതില്‍ തെറ്റില്ല. നിയമസഭ അധികാരത്തിന് അതീതമായാല്‍ ജുഡീഷ്യറിയാണ് രക്ഷ, എക്സിക്യൂട്ടീവ് അതിരുകടന്നാല്‍ ജുഡീഷ്യറിയാണ് രക്ഷ എന്ന് ജയരാജന്‍ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത് ജുഡീഷ്യറിയുടെ മഹത്വം വിളിച്ചറിയിക്കുന്നതാണ്. ഇക്കാര്യങ്ങളൊക്കെ മറച്ചുവച്ച് ചില വാക്കുകള്‍ മാത്രം അടര്‍ത്തിയെടുത്ത് കോടതിയലക്ഷ്യം ആരോപിക്കുന്നത് ഉചിതമല്ല. ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെയാണ് കോടതിയലക്ഷ്യ നടപടി കൈക്കൊണ്ടത്. പ്രസംഗത്തിന്റെ യഥാര്‍ഥ സിഡി കോടതിയില്‍ ഹാജരാക്കിയിട്ടില്ല. യഥാര്‍ഥ സിഡി പരിശോധിച്ചുവെന്ന കോടതിയുടെ പരാമര്‍ശം അവാസ്തവമാണ്. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍ എന്നീ ചാനലുകള്‍ സംപ്രേഷണംചെയ്തത് പ്രസംഗത്തിന്റെ പൂര്‍ണരൂപമല്ല. എഡിറ്റ്ചെയ്ത ദൃശ്യങ്ങളാണ് കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്. ആദ്യം നല്‍കിയ കുറ്റപത്രം ഭേദഗതിചെയ്യാന്‍ കോടതിക്ക് അധികാരമില്ലെന്നും പ്രതിഭാഗം വാദിച്ചു. കേസ് കൂടുതല്‍ വാദത്തിനായി വ്യാഴാഴ്ചത്തേക്കു മാറ്റി.

deshabhimani 251011

No comments:

Post a Comment