Saturday, October 22, 2011

അഴിമതിക്കെതിരെ ബര്‍ദന്റെ നേതൃത്വത്തില്‍ ഉപവാസം

അഴിമതി തടയാന്‍ ശക്തമായ ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കുക, അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്റെ നേതൃത്വത്തില്‍ ഉപവാസസമരം ആരംഭിച്ചു. ജന്ദര്‍മന്ദിറില്‍ വെള്ളിയാഴ്ച രാവിലെയാണ് 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചത്. രാജ്യവ്യാപാകമായി ജില്ലാ കേന്ദ്രങ്ങളിലും സിപിഐ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തുന്നുണ്ട്. ബര്‍ദനൊപ്പം സിപിഐ നേതാക്കളായ ഡി രാജ, ആനിരാജ, അതുല്‍കുമാര്‍ അഞ്ജന്‍ , അമര്‍ജീത്കൗര്‍ എന്നിവരും ഉപവാസിക്കുന്നുണ്ട്.

അഴിമതിയും വിലക്കയറ്റവും തമ്മില്‍ ശക്തമായ ബന്ധമുണ്ടെന്ന് ഉപവാസത്തിന് തുടക്കമിട്ട് നടത്തിയ പ്രസംഗത്തില്‍ ബര്‍ദന്‍ പറഞ്ഞു. ഉദാരവല്‍ക്കരണനയത്തിന്റെ ഭാഗമായാണ് അഴിമതി വര്‍ധിച്ചതും വിലക്കയറ്റം രൂക്ഷമായതും. അതിനാല്‍ , ഈ നയത്തിലാണ് മാറ്റം വരുത്തേണ്ടത്. കള്ളപ്പണം സൃഷ്ടിക്കുന്നതും ഇതേ നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പുരംഗത്തെ പണക്കൊഴുപ്പും അക്രമവും തടയാന്‍ തെരഞ്ഞെടുപ്പു പരിഷ്കാരം ഉടന്‍ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അണ്ണ ഹസാരെയെ അനുകരിച്ചല്ല ഉപവാസ സമരമെന്നും ബര്‍ദന്‍ കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷ പാര്‍ടികള്‍ നേരത്തെതന്നെ ദേശവ്യാപാകമായി അഴിമതിക്കെതിരെ പ്രക്ഷോഭം നടത്തിയിരുന്നു. ട്രേഡ്യൂണിയനുകള്‍ അടുത്തമാസം ജയില്‍ നിറയ്ക്കല്‍ പ്രക്ഷോഭവും നടത്തുന്നുണ്ട്. അഴിമതിവിരുദ്ധ സമരപരമ്പരകളുടെ തുടര്‍ച്ചയായാണ് ഉപവാസസമരമെന്നും ബര്‍ദന്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ ഉപവാസം അവസാനിപ്പിക്കും.

സിപിഐയുടെ 24 മണിക്കൂര്‍ നിരാഹാരം തുടങ്ങി

അഴിമതി, കള്ളപ്പണം, വിലക്കയറ്റം എന്നിവക്കെതിരെ സിപിഐ ദേശീയതലത്തില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 30 കേന്ദ്രത്തില്‍ 24 മണിക്കൂര്‍ നീളുന്ന നിരാഹാര സത്യഗ്രഹം തുടങ്ങി. തിരുവനന്തപുരത്ത് രക്തസാക്ഷിമണ്ഡപത്തിനുമുന്നില്‍ സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍ ഉദ്ഘാടനംചെയ്തു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ , സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ വെളിയം ഭാര്‍ഗവന്‍ , സി ദിവാകരന്‍ എംഎല്‍എ, പന്ന്യന്‍ രവീന്ദ്രന്‍ , ജില്ലാസെക്രട്ടറി പി രാമചന്ദ്രന്‍നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വൈകിട്ട് സാംസ്കാരിക സംഗമവും രാഷ്ട്രീയ നേതൃസംഗമവും സംവാദവും നടന്നു. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ , തലേക്കുന്നില്‍ ബഷീര്‍ , എന്‍ കെ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

deshabhimani 221011

1 comment:

  1. അഴിമതി തടയാന്‍ ശക്തമായ ലോക്പാല്‍ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ പാസാക്കുക, അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദന്റെ നേതൃത്വത്തില്‍ ഉപവാസസമരം ആരംഭിച്ചു. ജന്ദര്‍മന്ദിറില്‍ വെള്ളിയാഴ്ച രാവിലെയാണ് 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചത്. രാജ്യവ്യാപാകമായി ജില്ലാ കേന്ദ്രങ്ങളിലും സിപിഐ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തുന്നുണ്ട്. ബര്‍ദനൊപ്പം സിപിഐ നേതാക്കളായ ഡി രാജ, ആനിരാജ, അതുല്‍കുമാര്‍ അഞ്ജന്‍ , അമര്‍ജീത്കൗര്‍ എന്നിവരും ഉപവാസിക്കുന്നുണ്ട്

    ReplyDelete