Saturday, October 8, 2011

അമേരിക്കന്‍ പതനം

അമേരിക്കയില്‍ ജനങ്ങള്‍ വാള്‍സ്ട്രീറ്റ് കൈയടക്കുകയാണ്. ലോകത്തെ സമ്പത്തിന്റെ വലിയപങ്ക് കൈയാളുന്ന രാജ്യമാണ് അമേരിക്ക. ലോകത്തിന്റെ സാമ്പത്തികതലസ്ഥാനവും പട്ടാളതലസ്ഥാനവും അമേരിക്കയിലാണെന്ന് അവര്‍തന്നെ അവകാശപ്പെടുന്നു. മുന്നോട്ടുള്ള വഴി മുതലാളിത്തത്തിന്റേതുമാത്രമെന്നും ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് അമേരിക്ക എന്ന ഒറ്റധ്രുവമെന്നുമുള്ള വീരവാദങ്ങള്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം തുടര്‍ച്ചയായി മുഴങ്ങിയിരുന്നു. സോഷ്യലിസം അവസാനിച്ചുവെന്നും മാര്‍ക്സിസം അപ്രസക്തമായെന്നും ഇതാ മുതലാളിത്തത്തിന്റെ പ്രശോഭമായ വസന്തകാലമാണിനിയെന്നുമുള്ള ആരവങ്ങള്‍ക്കൊടുവില്‍ അമേരിക്ക അടിയിളകി വീഴുന്നതിന്റെ ചിത്രമാണ് തെളിയുന്നത്.

2008ല്‍ ആരംഭിച്ച മുതലാളിത്ത സാമ്പത്തികക്കുഴപ്പം ഒരു മാറാവ്യാധിയായി മുതലാളിത്തവ്യവസ്ഥയെ കാര്‍ന്നുതിന്നുകയാണ്. എല്ലാം പരിഹരിക്കപ്പെട്ടു എന്ന് സ്വയം ആശ്വസിച്ചവര്‍ക്ക് പുതിയ സ്ഫോടനാവസ്ഥ താങ്ങാനാകുന്നില്ല. 2011 ജൂണില്‍ അമേരിക്കയില്‍ തൊഴിലില്ലായ്മനിരക്ക് 9.2 ശതമാനമാണ്. വളര്‍ച്ചനിരക്ക് കുറഞ്ഞ് ഒരുശതമാനത്തിലും താഴെ എത്തി. 4.62 കോടിപ്പേര്‍ ദാരിദ്ര്യത്തിലാണ്. അമേരിക്കയില്‍ ആറില്‍ ഒരാള്‍ ദരിദ്രനാണെന്നാണ് യുഎസ് സെന്‍സസ് ബ്യൂറോ റിപ്പോര്‍ട്ട്. 1959ല്‍ സെന്‍സസ് ആരംഭിച്ചശേഷം അമേരിക്കയില്‍ ദരിദ്രരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ എണ്ണമാണ് 4.62 കോടി. അവിടത്തെ ജനസംഖ്യ 30 കോടിയാണെന്നും ഓര്‍ക്കണം. ദാരിദ്ര്യനിരക്ക് 15.1 ശതമാനമായാണ് വര്‍ധിച്ചത്. ആഗോള സാമ്പത്തികപ്രതിസന്ധി അമേരിക്കയെ എത്തിച്ച അഗാധമായ പ്രതിസന്ധിയാണ് സെന്‍സസ് ബ്യൂറോ റിപ്പോര്‍ട്ടിലൂടെ പുറത്തുവന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും മാന്ദ്യം ബാധിച്ചെന്നാണ് ആ റിപ്പോര്‍ട്ടിലെ കണക്കുകള്‍ തെളിയിക്കുന്നത്. സാധാരണക്കാര്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്നതില്‍പ്പോലും സര്‍ക്കാര്‍ പരാജയപ്പെട്ടു. ആരോഗ്യപരിരക്ഷ ഇല്ലാത്തവരുടെ എണ്ണം ഒരുവര്‍ഷത്തിനിടെ ഒമ്പതുലക്ഷത്തോളമാണ് വര്‍ധിച്ചത്. 16.3 ശതമാനം ജനങ്ങളും പരിരക്ഷയ്ക്ക് പുറത്താണ്. കടപ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ചെലവുകള്‍ വന്‍തോതില്‍ വെട്ടിക്കുറയ്ക്കുക എന്ന വഴിയാണ് ഒബാമഭരണകൂടം തെരഞ്ഞെടുത്തത്.

അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ 2.4 ലക്ഷം കോടി ഡോളറിന്റെ കുറവ് കമ്മിയില്‍ വരുത്തണമെന്ന വ്യവസ്ഥയിലാണ് വായ്പപരിധി ഉയര്‍ത്തിയത്. 90,000 കോടി ഡോളര്‍ ഈവര്‍ഷത്തെ പൊതുചെലവ് പദ്ധതികളില്‍നിന്ന് വെട്ടിക്കുറയ്ക്കണമെന്നും തീരുമാനിച്ചു. വളര്‍ച്ച നാമമാത്രവും തൊഴിലില്ലായ്മനിരക്ക് 9.2 ശതമാനവുമായിരിക്കെ ഉണ്ടായ ചെലവുചുരുക്കല്‍ ക്ഷേമപദ്ധതികളെ ദുര്‍ബലപ്പെടുത്തുന്നു; സാമ്പത്തികത്തളര്‍ച്ച രൂക്ഷമാക്കുന്നു. ഇങ്ങനെ എല്ലാതലത്തിലും ഞെരുക്കപ്പെടുന്ന ജനതയുടെ പ്രതിഷേധത്തിന്റെ ഉരുള്‍പൊട്ടലാണ് വാള്‍സ്ട്രീറ്റിലേക്ക് യുവജനങ്ങളെ നയിച്ചത്. സെപ്തംബര്‍ 17നാണ് യുവജനങ്ങളുടെ നേതൃത്വത്തില്‍ വാള്‍സ്ട്രീറ്റ് വളയാനുള്ള പ്രക്ഷോഭം ആരംഭിച്ചത്. സാമൂഹിക അസമത്വം അവസാനിപ്പിക്കണമെന്നതാണ് പ്രക്ഷോഭകര്‍ ഉയര്‍ത്തുന്ന സുപ്രധാന ആവശ്യങ്ങളിലൊന്ന്. സാമ്പത്തികമാന്ദ്യത്തില്‍നിന്ന് കരകയറാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നില്ല; സാധാരണക്കാരുടെ പ്രശ്നങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയും കുത്തകകള്‍ക്ക്&ാറമവെ;നേട്ടമുണ്ടാക്കാന്‍ സഹായകമായ നടപടികള്‍ തുടരുകയും ചെയ്യുന്നു തുടങ്ങിയ വിമര്‍ശങ്ങള്‍ പ്രക്ഷോഭകര്‍ ഒബാമസര്‍ക്കാരിനെതിരെ ഉയര്‍ത്തുന്നു. സമരത്തിന് പ്രക്ഷോഭകാരികള്‍ നല്‍കുന്ന പേര് &ഹറൂൗീ;"അമേരിക്കന്‍ പതനം" എന്നാണ്. കോര്‍പറേറ്റുകള്‍ക്കെതിരായ വികാരമാണ് സമരവേദിയില്‍ തിളച്ചുപൊന്തുന്നത്. യുവജനങ്ങളാണ് ഇതിന് തുടക്കമിട്ടതെങ്കിലും ഇപ്പോള്‍ ഗതാഗതത്തൊഴിലാളികള്‍ , അധ്യാപകര്‍ , നേഴ്സുമാര്‍ എന്നിവരുടേതടക്കം 40 യൂണിയന്‍ സമരരംഗത്താണ്. നിരവധി സംഘടനകള്‍ പ്രക്ഷോഭരംഗത്തേക്ക് പുതുതായി എത്തുന്നു. വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ പങ്കാളികളാകുന്നു. വാള്‍സ്ട്രീറ്റില്‍മാത്രം ഒതുങ്ങാതെ അമേരിക്കന്‍ ഐക്യനാടുകളിലുടനീളം പ്രക്ഷോഭം വ്യാപിക്കുകയാണെന്ന് വാര്‍ത്തകള്‍ വരുന്നു. വെബ്സൈറ്റുകളിലൂടെയും മറ്റു പ്രസിദ്ധീകരണങ്ങളിലൂടെയും ജനങ്ങള്‍ സര്‍ക്കാര്‍നയങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയാണ്. അറസ്റ്റും ഭീഷണിയുമൊന്നും അവരെ പിന്തിരിപ്പിക്കുന്നില്ല. ഇത് അമേരിക്കയെമാത്രം ബാധിക്കുന്ന പ്രശ്നമായി കാണാനുമാകില്ല. പൊതുചെലവുകള്‍ വെട്ടിച്ചുരുക്കിയുള്ള കമ്മികുറയ്ക്കല്‍ , കൂലിയും വേതനവും വെട്ടിക്കുറയ്ക്കല്‍ , നിയമനനിരോധം, വിരമിക്കല്‍പ്രായം വര്‍ധിപ്പിക്കല്‍ തുടങ്ങിയ എളുപ്പവഴികളിലൂടെ പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കുന്ന യൂറോപ്പിലെ വലതുപക്ഷ- മധ്യ വലതുപക്ഷ ഗവണ്‍മെന്റുകളും ഇതേ ജനരോഷമാണ് നേരിടുന്നത്. അവിടങ്ങളിലാകെ തൊഴിലില്ലായ്മ രൂക്ഷമാവുകയും തൊഴിലാളികളും വിദ്യാര്‍ഥികളും യുവജനങ്ങളും ശക്തമായ പ്രതിഷേധമുയര്‍ത്തി മുന്നോട്ടുവരികയും ചെയ്യുന്നു. ആഗോളവല്‍ക്കരണമന്ത്രവും അമേരിക്കന്‍ദാസ്യവും മുറുകെപ്പിടിക്കുന്ന ഇന്ത്യയെയും തുറിച്ചുനോക്കുന്ന അപകടമാണിത്. ലോക മുതലാളിത്തം സ്വയം തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും കാള്‍ മാര്‍ക്സിന്റെ സിദ്ധാന്തമാണ് ശരിയെന്നും പ്രമുഖ ബൂര്‍ഷ്വാ സാമ്പത്തിക ശാസ്ത്രജ്ഞന്‍ നൂറീല്‍ റൂബിനി തുറന്നടിച്ചത് ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ്. ഒന്നരനൂറ്റാണ്ടുമുമ്പ് മാര്‍ക്സ് വരച്ചുകാട്ടിയ വഴിയിലൂടെയാണ് ഇന്ന് മുതലാളിത്തം പതനത്തിലേക്ക് നീങ്ങുന്നതെന്ന മാര്‍ക്സിസ്റ്റ് അല്ലാത്ത റൂബിനിയുടെ ആ വിലയിരുത്തലാണ്, അമേരിക്കയില്‍ കോര്‍പറേറ്റുവിരുദ്ധ മുദ്രാവാക്യമുയര്‍ത്തി പ്രക്ഷോഭരംഗത്തിറങ്ങുന്ന ആയിരങ്ങള്‍ ശരിവയ്ക്കുന്നത്. ഇത് അക്ഷരാര്‍ഥത്തില്‍ അമേരിക്കയുടെ പതനംതന്നെ- മുതലാളിത്തത്തിന്റെയും.

deshabhimani editorial 081011

1 comment:

  1. അമേരിക്കയില്‍ ജനങ്ങള്‍ വാള്‍സ്ട്രീറ്റ് കൈയടക്കുകയാണ്. ലോകത്തെ സമ്പത്തിന്റെ വലിയപങ്ക് കൈയാളുന്ന രാജ്യമാണ് അമേരിക്ക. ലോകത്തിന്റെ സാമ്പത്തികതലസ്ഥാനവും പട്ടാളതലസ്ഥാനവും അമേരിക്കയിലാണെന്ന് അവര്‍തന്നെ അവകാശപ്പെടുന്നു. മുന്നോട്ടുള്ള വഴി മുതലാളിത്തത്തിന്റേതുമാത്രമെന്നും ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് അമേരിക്ക എന്ന ഒറ്റധ്രുവമെന്നുമുള്ള വീരവാദങ്ങള്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം തുടര്‍ച്ചയായി മുഴങ്ങിയിരുന്നു. സോഷ്യലിസം അവസാനിച്ചുവെന്നും മാര്‍ക്സിസം അപ്രസക്തമായെന്നും ഇതാ മുതലാളിത്തത്തിന്റെ പ്രശോഭമായ വസന്തകാലമാണിനിയെന്നുമുള്ള ആരവങ്ങള്‍ക്കൊടുവില്‍ അമേരിക്ക അടിയിളകി വീഴുന്നതിന്റെ ചിത്രമാണ് തെളിയുന്നത്.

    ReplyDelete