Sunday, October 23, 2011

പി ടി തോമസിന് അനധികൃത സ്വത്ത്: അന്വേഷണം നെറ്റോ അട്ടിമറിച്ചു

പി ടി തോമസ് എംപി വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ അന്വേഷണം വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ഡസ്മണ്ട് നെറ്റോ അട്ടിമറിച്ചതായി തെളിഞ്ഞു. വിജിലന്‍സ് ഉദ്യോഗസ്ഥരുടെ രഹസ്യന്വേഷണത്തില്‍ തോമസിന്റെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ച് 30 തെളിവുകള്‍ കിട്ടിയെങ്കിലും നടപടികള്‍ അവസാനിപ്പിക്കാന്‍ നെറ്റോ രഹസ്യനിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട ഫയല്‍ മാസങ്ങളോളം പൂഴ്ത്തിവച്ചു. വിജിലന്‍സ് ഇടുക്കി യൂണിറ്റ് ഡിവൈഎസ്പിയാണ് പരാതിയില്‍ ആദ്യം രഹസ്യന്വേഷണം നടത്തിയത്. തോമസിന്റെ വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദനം സ്ഥിരീകരിക്കുന്ന 30 രേഖയും തെളിവും ലഭിച്ചു. അന്ന് വിജിലന്‍സ് ഡയറക്ടറായിരുന്ന നെറ്റോയ്ക്ക് ഡിവൈഎസ്പി വിവരം കൈമാറി. ഏപ്രില്‍ 20ന് 7164/11 എന്ന നമ്പരിലാണ് ഇടുക്കി ഡിവൈഎസ്പി ഫയല്‍ നല്‍കിയത്. പിന്നീട് സമാന പരാതിയില്‍ എറണാകുളം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി എസ് മുരളീധരന്‍ അന്വേഷണം ആരംഭിച്ചു. രഹസ്യന്വേഷണത്തില്‍ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പി നടത്തിയ രഹസ്യന്വേഷണ റിപ്പോര്‍ട്ട് തന്റെ അന്വേഷണത്തിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 2011 ജൂണ്‍ ഒന്നിന് ഇദ്ദേഹം കത്തുനല്‍കി. തുടരന്വേഷണത്തില്‍ ഈ ഫയല്‍ ലഭിക്കുന്നത് ഉചിതമാകുമെന്ന് ഡിവൈഎസ്പി ചൂണ്ടിക്കാട്ടിയെങ്കിലും ഫയല്‍ ലഭിച്ചില്ല. വിജിലന്‍സ് ഐജി എ സുരേന്ദ്രനും രഹസ്യന്വേഷണത്തില്‍ ലഭിച്ച തെളിവുകള്‍ കൈമാറണമെന്ന് നിര്‍ദേശിച്ചെങ്കിലും നെറ്റോ ഫയല്‍ കൈമാറിയില്ല. അന്വേഷണം അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളാണ് നെറ്റോ നടത്തിയത്.

രഹസ്യാന്വേഷണത്തില്‍ കിട്ടിയ തെളിവുകള്‍ നല്‍കണമെന്ന ഉദ്യോഗസ്ഥരുടെ ആവശ്യം അവഗണിച്ച നെറ്റോ തോമസിനെതിരായ പരാതിയില്‍ തുടര്‍നടപടി ആവശ്യമില്ലെന്ന് ജൂലൈ 12ന് വിജിലന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി. അന്വേഷണം അവസാനിപ്പിക്കണമെന്നും ശുപാര്‍ശ ചെയ്തു. ഉന്നതങ്ങളില്‍നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ജൂലൈ 29ന് അന്വേഷണം അവസാനിപ്പിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് വേണ്ടി അണ്ടര്‍ സെക്രട്ടറി റീത്ത എസ് പ്രഭു ഉത്തരവിറക്കി. യഥാര്‍ഥ വസ്തുത മറച്ചുവച്ച്, രണ്ടര വര്‍ഷത്തെ രഹസ്യന്വേഷണത്തില്‍ തോമസിനെതിരായ തെളിവ് കണ്ടെത്തിയില്ലെന്നാണ് നെറ്റോ ചൂണ്ടിക്കാട്ടിയത്. പുതിയ ആരോപണമില്ലാതെ വീണ്ടും അന്വേഷിക്കേണ്ടതില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും നെറ്റോ ശുപാര്‍ശ ചെയ്തു.

എന്നാല്‍ , വിജിലന്‍സ് ഐജിയുടെ ഉത്തരവുപോലും അവഗണിച്ച് നെറ്റോ ജൂലൈ നാലുമുതല്‍ രേഖ പൂഴ്ത്തിവയ്ക്കുകയുമായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമായത്. ഫയല്‍ നെറ്റോ തന്റെ പക്കല്‍നിന്നും ജൂലൈ നാലിന് വാങ്ങിയെന്നും പിന്നീട് അനന്തര നടപടി സ്വീകരിക്കുന്നതിന് തിരിച്ചുനല്‍കിയില്ലെന്നും വിജിലന്‍സ് ഐജി ഒക്ടോബര്‍ 12ന് ഇപ്പോഴത്തെ ഡയറക്ടര്‍ക്ക് കുറിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ മാസം അവസാനമാണ് നെറ്റോ സര്‍വ്വീസില്‍ നിന്ന് വിരമിച്ചത്.
(കെ ശ്രീകണ്ഠന്‍)

deshabhimani 231011

1 comment:

  1. പി ടി തോമസ് എംപി വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ അന്വേഷണം വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ഡസ്മണ്ട് നെറ്റോ അട്ടിമറിച്ചതായി തെളിഞ്ഞു.

    ReplyDelete