Sunday, October 23, 2011

സംസ്ഥാന വാര്‍ത്തകള്‍ - കൊടിയേരി, വൈക്കം വിശ്വന്‍, ജെ.എസ്.എസ്..

ഇടതുപക്ഷം വിചാരിച്ചാല്‍ യുഡിഎഫ് സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ല: കോടിയേരി

കോഴിക്കോട് : ഇടതുപക്ഷം വിചാരിച്ചാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതിനൊക്കെയാള് ഭരണപക്ഷത്തുണ്ട്. എന്നാല്‍ കാലുമാറ്റവും കുതിരക്കച്ചവടവും ഇടതുപക്ഷത്തിന്റെ പരിപാടിയല്ല. യുഡിഎഫിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി കൂടുതലാളുകളെ അണിനിരത്തി പിന്തുണയാര്‍ജിക്കാനാണ് ശ്രമിക്കുന്നത്. അത് ലക്ഷ്യം നേടുന്നതായാണ് തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്. നിയമസഭക്കകത്തും പുറത്തും പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷത്തെ നേരിടുന്ന സര്‍ക്കാര്‍ ഇത് മനസിലാക്കണം- കനറാബാങ്ക് സ്റ്റാഫ് യൂണിയന്‍ (ബെഫി) സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് കോടിയേരി പറഞ്ഞു.
ജനപിന്തുണയിലല്ല യുഡിഎഫ് ഭരണം തുടരുന്നത്. 40,000 പൊലീസുകാരുടെ പിന്‍ബലത്തിലാണ്. ഇതു മനസിലാക്കിയാണ് പൊലീസും രംഗത്തിറങ്ങിയിട്ടുള്ളത്. സമരം ചെയ്യുന്നവരുടെ തലതല്ലിപ്പൊളിക്കയും അടിച്ചമര്‍ത്തുകയുമാണ്. ജനകീയസമരങ്ങളെ വെടിവെച്ചുതകര്‍ക്കലാണ് ലക്ഷ്യം. ഇടതുപക്ഷം ഭരിച്ച അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍പോലും സമരങ്ങള്‍ക്കു നേരെ പൊലീസ് വെടിവെച്ചിട്ടില്ല. വര്‍ഗീയകലാപമുണ്ടായപ്പോള്‍ കാസര്‍കോടും ചെറിയതുറയിലുമാണ് വെടിവെച്ചത്. എന്നാല്‍ യുഡിഎഫിന്റെ മുന്‍ഭരണത്തിലും വെടിവെച്ച് സമരത്തിലേര്‍പ്പെട്ട യുവജനപ്രവര്‍ത്തകരെ കൊന്നതാണ് ചരിത്രം. കൂത്തുപറമ്പില്‍ അതു നാം കണ്ടു. അന്ന് വെടിവെപ്പിനു നേതൃത്വം നല്‍കിയ ഡിവൈഎസ്പി ഹക്കീംബത്തേരിക്ക് പിന്നീട് ജനരോഷം നേരിടേണ്ടിവന്നു. ജനകീയസമരങ്ങളെ അടിച്ചമര്‍ത്താമെന്ന ധാരണ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. നിയമസഭയില്‍ ക്രിയാത്മക പ്രതിപക്ഷമായാണ് ഇടതുപക്ഷം പ്രവര്‍ത്തിക്കുന്നത്. വെല്ലിലിറങ്ങാതെ കഴിയാവുന്നത്ര നിയമസഭാവേദി കാര്യക്ഷമമായി ഉപയോഗിക്കാനാണ് തീരുമാനം. സര്‍ക്കാറിനെതിരെ പുറത്തു നടക്കുന്ന സമരങ്ങള്‍ നിയമസഭക്കുള്ളില്‍ പ്രതിഫലിക്കും -അദ്ദേഹം പറഞ്ഞു.

പൊലീസ് ക്വട്ടേഷന്‍സംഘത്തെപ്പോലെയായി: വൈക്കം വിശ്വന്‍

പെരുമ്പാവൂര്‍ : കൂലിക്കുതല്ലുന്ന ക്വട്ടേഷന്‍സംഘത്തെപ്പോലെ കേരള പൊലീസ് അധഃപതിച്ചിരിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പെരുമ്പാവൂരില്‍ സംഘടിപ്പിച്ച ജനകീയ പ്രതികരണസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വധശിക്ഷപോലും പാടില്ലെന്ന വാദഗതി ശക്തിപ്പെടുന്ന കാലഘട്ടത്തിലാണ് പൊലീസ് ഉദ്യോഗസ്ഥന്‍ വിദ്യാര്‍ഥികള്‍ക്കുനേരെ നിറയൊഴിച്ചത്. തലയില്‍ മാത്രമേ പൊലീസ് അടിക്കൂ. ക്യാമ്പസിനകത്തേക്കുപോലും ഗ്രനേഡ് എറിയുന്നു. പൊലീസ്തന്നെ നിയമവാഴ്ച തകര്‍ക്കുമ്പോള്‍ പൊട്ടന്‍ പുട്ടുവിഴുങ്ങിയപോലെയാണ് മുഖ്യമന്ത്രിയുടെ നില്‍പ്പ്. രാജ്യം ഭരിക്കുന്നവരുടെ സുരക്ഷാഗാര്‍ഡുകള്‍ നിരപരാധിയെ പട്ടാപ്പകല്‍ അടിച്ചുകൊല്ലുന്നു. ഇങ്ങനെ നിയമവാഴ്ച തകര്‍ന്ന കാലമുണ്ടായിട്ടില്ല. ഇതിനുമുന്നില്‍ ജനങ്ങള്‍ കാഴ്ചക്കാരെപ്പോലെ നിന്നുതരുമെന്ന് ആരും ധരിക്കരുത് - വൈക്കം വിശ്വന്‍ പറഞ്ഞു. നിരപരാധികളെ തല്ലിക്കൊല്ലുന്ന കോണ്‍ഗ്രസ്കാടത്തത്തിനും നിരായുധര്‍ക്കുനേരെ വെടിയുതിര്‍ക്കുന്ന പൊലീസ്തേര്‍വാഴ്ചയ്ക്കുമെതിരെയായിരുന്നു പരിപാടി.

സസ്യമാര്‍ക്കറ്റ് ജങ്ഷനില്‍ ചേര്‍ന്ന പരിപാടിയില്‍ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി വാസുദേവന്‍ അധ്യക്ഷനായി. സെക്രട്ടറി എം അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. ഡോ. സെബാസ്റ്റ്യന്‍ പോള്‍ , സാജുപോള്‍ എംഎല്‍എ, സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. എന്‍ സി മോഹനന്‍ , ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പെരുമ്പാവൂര്‍ ബ്ലോക്ക് സെക്രട്ടറി കെ എം അന്‍വര്‍ അലി നന്ദി പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി വി അനിത, സംസ്ഥാന കമ്മിറ്റിഅംഗം വി എ ശ്രീജിത്ത്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ പി രജീഷ്, കെ എന്‍ ജയപ്രകാശ്, എ ജി ഉദയകുമാര്‍ , പി എം സലിം, പി എസ് സുബിന്‍ എന്നിവര്‍ പങ്കെടുത്തു.

കോടതിയലക്ഷ്യം: പി സി ജോര്‍ജ് ഹാജരായില്ല

പാമൊലിന്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് ജഡ്ജിയെ ആക്ഷേപിച്ച പി സി ജോര്‍ജ് കോടതിയലക്ഷ്യക്കേസില്‍ ഹാജരായില്ല. ശനിയാഴ്ച ഹാജരാകാനാണ് കോടതി നോട്ടീസയച്ചത്. ജോര്‍ജ് എത്താത്തതിനാല്‍ കേസ് 25ലേക്ക് മാറ്റി. കേസിലെ മറ്റു കക്ഷികളായ വീക്ഷണം പത്രാധിപര്‍ക്കും ലേഖകനുംവേണ്ടി അഭിഭാഷകന്‍ ഹാജരായി. 25നു പാമൊലിന്‍ കേസും പരിഗണിക്കുകയാണ്. അന്നേദിവസംതന്നെ പി സി ജോര്‍ജിനെതിരെ ഫയല്‍ ചെയ്ത മറ്റൊരു കോടതിയലക്ഷ്യക്കേസും പരിഗണിക്കുന്നുണ്ട്. കൂടാതെ പാമൊലിന്‍ കേസ് അന്വേഷണത്തിന് കോടതിയുടെ നിരീക്ഷണം വേണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയും പരിഗണിക്കും.

പാമൊലിന്‍ കേസ് തുടരന്വേഷണം ഉത്തരവിട്ട ജഡ്ജി പി കെ ഹനീഫയ്ക്കെതിരെയാണ് പി സി ജോര്‍ജ് മോശം പരാമര്‍ശം നടത്തിയത്. വീക്ഷണം പത്രത്തിലും ജഡ്ജിയെ അധിക്ഷേപിക്കുന്ന രീതിയില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പി സി ജോര്‍ജ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ സി ഡി കോടതിയില്‍ ഹാജരാക്കി. ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി എസ് അനില്‍കുമാര്‍ അഡ്വ. കൊഞ്ചിറ ജി നീലകണ്ഠന്‍നായര്‍ മുഖേനയാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.

ജെഎസ്എസ് പിളര്‍പ്പിലേക്ക്

ആലപ്പുഴ: കോര്‍പറേഷന്‍ - ബോര്‍ഡ് സ്ഥാനം വീതംവെപ്പിനെച്ചൊല്ലി ജെഎസ്എസില്‍ ഭിന്നത രൂക്ഷം. മുന്‍ എംഎല്‍എ കെ കെ ഷാജു, താന്‍ ആവശ്യപ്പെട്ട സ്ഥാനം നല്‍കാത്തതിന്റെ പേരില്‍ ശനിയാഴ്ച ചാത്തനാട് കെ ആര്‍ ഗൗരിയമ്മയുടെ വസതിയില്‍ ചേര്‍ന്ന സംസ്ഥാന സെന്റര്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നു. സംസ്ഥാന പ്രസിഡന്റ് എ എന്‍ രാജന്‍ബാബുവും പങ്കെടുത്തില്ല. സെന്ററിലെ പത്തില്‍ അഞ്ചുപേരോണ് യോഗത്തില്‍ പങ്കെടുത്തത്. ഷാജുവിന് ഒപ്പംനില്‍ക്കുന്ന ഉമേഷ് ചള്ളിയില്‍ , ജി പുഷ്പരാജന്‍ , പി എസ് പ്രദീപ്, എന്നിവരും യോഗത്തിനെത്തിയില്ല. ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. ഇരുവര്‍ക്കുമെതിരെ നടപടി സ്വീകരിച്ചാല്‍ ജെഎസ്എസ് പിളരുമെന്നാണ് സൂചന. പിളര്‍ന്നാല്‍ എ എന്‍ രാജന്‍ബാബുവും ഷാജുവിനും കൂട്ടര്‍ക്കുമൊപ്പം നില്‍ക്കുമെന്നാണ് അറിയുന്നത്. എംഎല്‍എയാവുകയും നിയമസഭയിലേക്ക് മത്സരിക്കുകയും ചെയ്തവരെ കോര്‍പറേഷന്‍ -ബോര്‍ഡ് ഭാരവാഹികളാക്കേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചു. ജെഎസ്എസിന് അനുവദിച്ച നാല് കോര്‍പറേഷന്‍ - ബോര്‍ഡുകളിലേക്ക് അധ്യക്ഷരാക്കാന്‍ ജി മോഹന്‍ദാസ് (വെയര്‍ഹൗസിങ് കോര്‍പറേഷന്‍), എസ് ഷൈന്‍ (ഫോംമാറ്റിങ്സ്), വി എച്ച് സത്യജിത്ത് (കാംകോ), ജെ ഇതിഹാസ് (ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് വെല്‍വെഫയര്‍ ബോര്‍ഡ്) എന്നിവരെ തീരുമാനിച്ചു.

deshabhimani 231011

2 comments:

  1. ഇടതുപക്ഷം വിചാരിച്ചാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതിനൊക്കെയാള് ഭരണപക്ഷത്തുണ്ട്. എന്നാല്‍ കാലുമാറ്റവും കുതിരക്കച്ചവടവും ഇടതുപക്ഷത്തിന്റെ പരിപാടിയല്ല. യുഡിഎഫിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി കൂടുതലാളുകളെ അണിനിരത്തി പിന്തുണയാര്‍ജിക്കാനാണ് ശ്രമിക്കുന്നത്. അത് ലക്ഷ്യം നേടുന്നതായാണ് തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത്.

    ReplyDelete
  2. കനറാ ബാങ്കില്‍ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കണമെന്നും കോര്‍ബാങ്കിങ് സംവിധാനം കാലോചിതമായി പരിഷ്കരിച്ച് ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും കനറാ ബാങ്ക് സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമ്പൂര്‍ണ യന്ത്രവല്‍ക്കരണം നടപ്പാക്കിയിട്ട് വര്‍ഷങ്ങളായിട്ടും അതിലെ അപാകതകളും ജീവനക്കാരുടെ കുറവുകളും കാരണം ഇടപാടുകാരും ജീവനക്കാരും ഒരുപോലെ വലയുകയാണ്. ആയിരക്കണക്കിന് ഇടപാടുകാര്‍ ബാങ്കിടപാടുകള്‍ ഉപേക്ഷിച്ച് മറ്റു ബാങ്കുകളിലേക്ക് പോവുകയാണ്. ഇതൊഴിവാക്കാന്‍ ബാങ്കിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം. ജീവനക്കാര്‍ക്ക് അര്‍ഹിക്കുന്ന ലാഭവിഹിതം നല്‍കുന്നതോടൊപ്പം വര്‍ഷങ്ങള്‍ പഴക്കംചെന്ന ക്ഷേമപദ്ധതികള്‍ പരിഷ്കരിക്കണമെന്നും സ്ഥലം മാറ്റങ്ങള്‍ക്ക് പൊതുമാനദണ്ഡം പാലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എ അജയന്‍ അധ്യക്ഷനായി. ബെഫി അഖിലേന്ത്യാ പ്രസിഡന്റ് എ കെ രമേശ്, സംസ്ഥാന പ്രസിഡന്റ് പി വി ജോസ്, പി സദാശിവന്‍പിള്ള, കെ വി ജോര്‍ജ്, കര്‍ണാടക സെക്രട്ടറി നാഗരാജ് ഷാന്‍ബാഗ്, ജി എം വി നായക്, ബിശ്വാസ് ജാദവ് (മഹാരാഷ്ട്ര) ആര്‍ മഹേശ്വരന്‍ എന്നിവര്‍ സംസാരിച്ചു.

    ReplyDelete