Saturday, November 19, 2011

ടോള്‍ ഇല്ലാതാകുന്നത് 13 പാലത്തിന് മാത്രം; ഭൂരിപക്ഷം സ്ഥലത്തും പിരിവ് തുടരും

 അഞ്ചുകോടിവരെ നിര്‍മാണച്ചെലവുവന്ന പാലങ്ങളിലെ ടോള്‍പിരിവ് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍തീരുമാനത്തിലൂടെ ടോള്‍പിരിവില്‍നിന്ന് ഒഴിവാകുന്നത് സംസ്ഥാനത്തെ 13 പാലങ്ങള്‍ മാത്രം. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ (ആര്‍ബിഡിസികെ) ടോള്‍പിരിക്കുന്ന ഒമ്പതു പാലങ്ങളും അഞ്ചുകോടിക്കുമേല്‍ നിര്‍മാണച്ചെലവുള്ളവയായതിനാല്‍ എല്ലായിടത്തും പിരിവ് തുടരും.

ആലപ്പുഴയിലെ കൈനടി പാലം, തൃശൂരിലെ ഞാറല്ലൂര്‍ , തച്ചപ്പിള്ളി പാലങ്ങള്‍ , മലപ്പുറത്തെ കരിമ്പുഴക്കടവ്, സ്രായില്‍ക്കടവ്, കോഴിക്കോട്ടെ നെല്ല്യാടിക്കടവ്, കണ്ണൂരിലെ പുതിയപുഴക്കര, പുത്തന്‍പാലക്കടവ്, ആയിരംതെങ്ങ്, മാമാക്കുന്നുകടവ്, നടപ്പട്ടം-മുതുവക്കടവ്, കാസര്‍കോട്ടെ അരയാക്കടവുപാലം എറണാകുളത്തെ കുമ്പളങ്ങി-പെരുമ്പടപ്പ് പാലം എന്നിവയിലാണ് ടോള്‍പിരിവ് ഇല്ലാതാകുക. ഇവ ഒഴിവാകുന്നതോടെ സംസ്ഥാന പൊതുമരാമത്തുവകുപ്പിനുകീഴില്‍ ടോള്‍പിരിവ് നടക്കുന്ന പാലങ്ങളുടെ എണ്ണം മുപ്പതായി താഴും. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനുകീഴിലെ 20 പാലങ്ങളില്‍ ഒമ്പതില്‍ ടോള്‍പിരിവുണ്ട്. എല്ലാം റെയില്‍പാളങ്ങള്‍ക്കുമുകളിലൂടെയുള്ള വലിയ പാലങ്ങളായതിനാല്‍ അഞ്ചുകോടിക്കുമേല്‍ നിര്‍മാണച്ചെലവു വരുന്നവയാണെന്ന് ആര്‍ബിഡിസികെ എംഡി ഡോ. എം ബീന പറഞ്ഞു.

ടോള്‍ ഒഴിവാക്കാന്‍ ഇപ്പോള്‍ നിശ്ചയിച്ച പരിധി തികച്ചും അപര്യാപ്തമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മുന്‍ സര്‍ക്കാര്‍ മൂന്നുകോടി നിര്‍മാണച്ചെലവുവന്ന പാലങ്ങളെ ഒഴിവാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി അറുപതോളം പാലങ്ങളിലാണ് ടോള്‍പിരിവ് ഒഴിവായത്. ഇന്നത്തെ സാഹചര്യത്തില്‍ പരിധി ഉയര്‍ത്തി നിശ്ചയിച്ചിരുന്നെങ്കില്‍ നിര്‍മാണച്ചെലവിന്റെ പതിന്മടങ്ങ് ടോള്‍ പിരിച്ചുകഴിഞ്ഞ ആര്‍ബിഡിസികെയുടെ പാലങ്ങളെയും ഒഴിവാക്കാമായിരുന്നു. ആര്‍ബിഡിസികെ ടോള്‍പിരിച്ചുകൊണ്ടിരിക്കുന്ന ഇരുമ്പനം-കാക്കനാട് പാലത്തിന്റെ നിര്‍മാണച്ചെലവ് 5.12 കോടിയും എസ്എന്‍ ജങ്ഷന്‍ പാലത്തിന്റേത് 5.82 കോടിയുമാണ്. ഇവയുടെ നിര്‍മാണച്ചെലവിന്റെ പലമടങ്ങു തുക ഇതിനകം ടോള്‍ പിരിച്ചുകഴിഞ്ഞു.

2000നുശേഷം നിര്‍മാണം നടന്ന പൊതുമരാമത്തുവകുപ്പിനുകീഴിലെ പാലങ്ങള്‍ക്കുള്‍പ്പെടെ അഞ്ചുകോടിക്കുമേല്‍ ചെലവുണ്ടായിട്ടുണ്ട്. ഒരു മീറ്റര്‍ പാലം നിര്‍മാണത്തിന് നിലവില്‍ ഏഴുമുതല്‍ 10 ലക്ഷം രൂപവരെയാണ് നിര്‍മാണച്ചെലവ്. മൊത്തം ചെലവ് കണക്കാക്കുമ്പോള്‍ അപ്രോച്ച് റോഡ്, സ്ഥലം ഏറ്റെടുക്കല്‍ എന്നിവയുടെ ചെലവും ഉള്‍പ്പെടും. കുറഞ്ഞത് 100 മീറ്ററെങ്കിലും നീളമുള്ള പാലത്തിന് 10 കോടിയാകും നിര്‍മാണച്ചെലവ്. അഞ്ചുകോടിക്കുമേല്‍ ചെലവുവന്ന പാലങ്ങളെ ഒഴിവാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഉത്തരവ് ബന്ധപ്പെട്ട വകുപ്പുകള്‍ക്കു ലഭിക്കാത്തതിനാല്‍ എല്ലായിടത്തും പിരിവ് തുടരുകയാണ്. ഉത്തരവിറങ്ങാന്‍ മാസങ്ങള്‍ വൈകുമെന്നാണ് സൂചന.

deshabhimani 191111

1 comment:

  1. അഞ്ചുകോടിവരെ നിര്‍മാണച്ചെലവുവന്ന പാലങ്ങളിലെ ടോള്‍പിരിവ് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍തീരുമാനത്തിലൂടെ ടോള്‍പിരിവില്‍നിന്ന് ഒഴിവാകുന്നത് സംസ്ഥാനത്തെ 13 പാലങ്ങള്‍ മാത്രം. റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ (ആര്‍ബിഡിസികെ) ടോള്‍പിരിക്കുന്ന ഒമ്പതു പാലങ്ങളും അഞ്ചുകോടിക്കുമേല്‍ നിര്‍മാണച്ചെലവുള്ളവയായതിനാല്‍ എല്ലായിടത്തും പിരിവ് തുടരും.

    ReplyDelete