Saturday, November 19, 2011

"പിടിച്ചെടുക്കലി"ന് രണ്ടുമാസം; അമേരിക്കയില്‍ "പോരാട്ടദിനം"

ന്യൂയോര്‍ക്ക്: ലോകമുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ ആഞ്ഞടിക്കുന്ന ജനകീയ പ്രക്ഷോഭം രണ്ടുമാസം പിന്നിട്ടു. അമേരിക്കന്‍ സര്‍ക്കാരിന്റെ സമ്പന്നാനുകൂല നയങ്ങള്‍ക്കും കോര്‍പറേറ്റുകളുടെ അത്യാര്‍ത്തിക്കുമെതിരെയാണ് "ഞങ്ങളാണ് 99 ശതമാന"മെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ ജനത തെരുവിലിറങ്ങിയത്. ന്യൂയോര്‍ക്കിലെ കോര്‍പറേറ്റുകളുടെ ആസ്ഥാനമായ വാള്‍സ്ട്രീറ്റില്‍ തുടക്കമിട്ട "പിടിച്ചെടുക്കല്‍" പ്രക്ഷോഭം മറ്റ് അമേരിക്കന്‍ നഗരങ്ങളിലും ശക്തമായി തുടരുകയാണ്. സമരം രണ്ടുമാസം പിന്നിട്ടതിന്റെ ഭാഗമായി ആഹ്വാനംചെയ്ത "പോരാട്ടദിന"ത്തില്‍ റാലികളെയും മാര്‍ച്ചുകളെയും തടയാനുള്ള അധികൃതരുടെ ശ്രമം വിലപ്പോയില്ല. പലയിടത്തും പൊലീസ് പ്രക്ഷോഭകരെ ആക്രമിച്ചു. "ചെലവുചുരുക്കല്‍ ചെറുക്കുക, സമ്പദ്വ്യവസ്ഥ പുനര്‍നിര്‍മിക്കുക, ജനാധിപത്യം വീണ്ടെടുക്കുക" തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പോരാട്ടദിനം ആചരിച്ചത്.

വിവിധ നഗരങ്ങളില്‍ മുന്നൂറിലേറെ പ്രക്ഷോഭകരെ അറസ്റ്റുചെയ്തു. ന്യൂയോര്‍ക്കില്‍ റോഡ് ഉപരോധിച്ച 177 പേരെ സിറ്റി പൊലീസ് അറസ്റ്റുചെയ്തു. പ്രക്ഷോഭകരെ ബലംപ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് അതിക്രമത്തില്‍ പത്ത് പ്രക്ഷോഭകര്‍ക്ക് പരിക്കേറ്റു. ന്യൂയോര്‍ക്ക് സ്റ്റോക് എക്സ്ചേഞ്ച് അടപ്പിക്കാന്‍ ലക്ഷ്യമിട്ട റാലിയില്‍ നൂറുകണക്കിനു പ്രക്ഷോഭകര്‍ അണിചേര്‍ന്നു. ഇടപാടുകാരെ സ്റ്റോക് എക്സ്ചേഞ്ചിലേക്ക് കടത്തിവിട്ടില്ല. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. റെയില്‍വേ സ്റ്റേഷനുകള്‍ ലഘുലേഖകള്‍ വിതരണംചെയ്തു. കഴിഞ്ഞമാസം 700 പേര്‍ അറസ്റ്റ് വരിച്ച ബ്രൂക്ലിന്‍ പാലത്തില്‍ മെഴുകുതിരിയേന്തി നടത്തിയ മാര്‍ച്ചില്‍ ആയിരങ്ങള്‍ പങ്കെടുത്തു. യൂണിയന്‍ ചത്വരത്തില്‍ ആയിരക്കണക്കിനു വിദ്യാര്‍ഥികളും തൊഴിലാളികളും ഒത്തുചേര്‍ന്നു. ഫോലേ ചത്വരത്തിലേക്ക് 30,000 പ്രക്ഷോഭകരാണ് ഒഴുകിയെത്തിയത്. തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലും ഇവിടെ വന്‍ റാലി സംഘടിപ്പിച്ചു. പോരാട്ടദിനത്തിന്റെ ഭാഗമായി പ്രക്ഷോഭകരെ നേരിടാന്‍ വന്‍ സുരക്ഷാസന്നാഹമാണ് അധികൃതര്‍ ഒരുക്കിയത്. മെട്രോ സ്റ്റേഷനുകളില്‍ പൊലീസ്നായകളെയടക്കം വിന്യസിച്ചു. റോഡുകളില്‍ പൊലീസ് വാനുകള്‍ സദാ ചീറിപ്പാഞ്ഞു.

ഇറ്റലിയിലും ഗ്രീസിലും ഉജ്വല റാലികള്‍

ഏതന്‍സ്/റോം: സാമ്പത്തികത്തകര്‍ച്ചയില്‍ വലയുന്ന യൂറോപ്പില്‍ ജനകീയപ്രക്ഷോഭം അനുദിനം ശക്തമാകുമ്പോള്‍ പലയിടങ്ങളിലും അവ അടിച്ചമര്‍ത്താന്‍ ശ്രമം. ജനകീയ അസംതൃപ്തി കഴിഞ്ഞയാഴ്ച ഭരണമാറ്റത്തിന് വഴിവച്ച ഇറ്റലിയിലും ഗ്രീസിലും പൊലീസിന്റെ കണ്ണീര്‍വാതക- ലാത്തി പ്രയോഗങ്ങള്‍ നേരിട്ടാണ് പ്രക്ഷോഭകര്‍ മുന്നേറുന്നത്. ചെലവുചുരുക്കലിന്റെ പേരില്‍ ക്ഷേമപദ്ധതികള്‍ ഇല്ലാതാക്കുന്നതിനെതിരെ വെള്ളിയാഴ്ച ഗ്രീക്ക് നഗരങ്ങളിലുണ്ടായ വന്‍ റാലികള്‍ക്കുനേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. തലസ്ഥാനമായ ഏതന്‍സില്‍ 27,000 പേരും രണ്ടാമത്തെ വലിയ നഗരമായ തെസ്സാലോനിക്കയില്‍ 15,000 പേരും പ്രകടനങ്ങളില്‍ പങ്കെടുത്തതായാണ് പൊലീസിന്റെ കണക്ക്.

ഗ്രീസില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുന്നതിന് വഴിയൊരുക്കിയ 1973ലെ വിദ്യാര്‍ഥിപ്രക്ഷോഭത്തിന്റെ വാര്‍ഷികവേളയില്‍ നടന്ന റാലി ചില സ്ഥലങ്ങളില്‍ അക്രമാസക്തമായി. പാര്‍ലമെന്റ് മന്ദിരത്തിനുപുറത്ത് പൊലീസിനുനേര്‍ക്ക് കല്ലേറുണ്ടായി. ഇറ്റലിയില്‍ വ്യാഴാഴ്ച നടന്ന പ്രകടനങ്ങളില്‍ ബാങ്കുകള്‍ക്കും ധനസ്ഥാപനങ്ങള്‍ക്കും എതിരെയാണ് രോഷം പ്രകടമായത്. പ്രക്ഷോഭകര്‍ ബോക്കോണി സര്‍വകലാശാലയിലേക്ക് നീങ്ങിയപ്പോള്‍ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഈ സര്‍വകലാശാലയിലെ പ്രശസ്തമായ സ്കൂള്‍ ഓഫ് ഇക്കണോമിക്സിലെ അധ്യക്ഷനായിരുന്നു പുതിയ പ്രധാനമന്ത്രി മാരിയോ മോണ്ടി. മോണ്ടിയുടെ സര്‍ക്കാര്‍ ബാങ്കര്‍മാരുടെ സര്‍ക്കാരാണെന്ന് പ്രക്ഷോഭകര്‍ പരിഹസിച്ചു. മന്ത്രിമാരില്‍ പലരും ധനസ്ഥാപനങ്ങളില്‍നിന്നുള്ളവരായതാണ് വിമര്‍ശത്തിന് കാരണം. പാലെര്‍മോയില്‍ വിവിധ ബാങ്കുകളുടെ ആസ്ഥാനങ്ങള്‍ക്കുനേരെ ജനങ്ങള്‍ മുട്ടയും പടക്കങ്ങളും എറിഞ്ഞു. റോമില്‍ സെനറ്റിനുനേര്‍ക്കും മുട്ടയേറുണ്ടായി. ബ്രിട്ടനില്‍ ഒരുമാസത്തിലധികമായി പ്രക്ഷോഭത്തിലുള്ളവര്‍ യുബിഎസ് ബാങ്കിന്റെ കെട്ടിടം പിടിച്ചെടുത്തു. ഇവര്‍ തമ്പടിച്ച സെന്റ് പോള്‍സ് കത്തീഡ്രലിനുസമീപത്തുനിന്ന് ഒഴിപ്പിക്കല്‍ഭീഷണി നേരിടുമ്പോഴാണ് സമ്മേളിക്കുന്നതിന് പുതിയ താവളം പിടിച്ചത്.

deshabhimani 191111

1 comment:

  1. ലോകമുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയിലെ വാള്‍സ്ട്രീറ്റില്‍ ആഞ്ഞടിക്കുന്ന ജനകീയ പ്രക്ഷോഭം രണ്ടുമാസം പിന്നിട്ടു. അമേരിക്കന്‍ സര്‍ക്കാരിന്റെ സമ്പന്നാനുകൂല നയങ്ങള്‍ക്കും കോര്‍പറേറ്റുകളുടെ അത്യാര്‍ത്തിക്കുമെതിരെയാണ് "ഞങ്ങളാണ് 99 ശതമാന"മെന്ന് പ്രഖ്യാപിച്ച് അമേരിക്കന്‍ ജനത തെരുവിലിറങ്ങിയത്. ന്യൂയോര്‍ക്കിലെ കോര്‍പറേറ്റുകളുടെ ആസ്ഥാനമായ വാള്‍സ്ട്രീറ്റില്‍ തുടക്കമിട്ട "പിടിച്ചെടുക്കല്‍" പ്രക്ഷോഭം മറ്റ് അമേരിക്കന്‍ നഗരങ്ങളിലും ശക്തമായി തുടരുകയാണ്. സമരം രണ്ടുമാസം പിന്നിട്ടതിന്റെ ഭാഗമായി ആഹ്വാനംചെയ്ത "പോരാട്ടദിന"ത്തില്‍ റാലികളെയും മാര്‍ച്ചുകളെയും തടയാനുള്ള അധികൃതരുടെ ശ്രമം വിലപ്പോയില്ല. പലയിടത്തും പൊലീസ് പ്രക്ഷോഭകരെ ആക്രമിച്ചു. "ചെലവുചുരുക്കല്‍ ചെറുക്കുക, സമ്പദ്വ്യവസ്ഥ പുനര്‍നിര്‍മിക്കുക, ജനാധിപത്യം വീണ്ടെടുക്കുക" തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പോരാട്ടദിനം ആചരിച്ചത്.

    ReplyDelete