Saturday, November 19, 2011

പൊതുവിതരണസംവിധാനം തകരാറില്‍

റേഷന്‍കടകളിലൂടെ നല്‍കുന്നത് മോശം അരിയെന്ന് പരാതി

കോട്ടയം: റേഷന്‍ കടകളിലൂടെ മോശം അരി വിതരണം ചെയ്യുന്നതായി ജില്ലാതല ഭക്ഷ്യോപദേശകസമിതി യോഗത്തില്‍ പരാതി. ഒറ്റനോട്ടത്തില്‍ ഇരുമ്പരിയെന്ന് തോന്നിപ്പിക്കുന്ന അരിയാണ് ഓണത്തിനുശേഷം കടകളില്‍ വിതരണത്തിന് എത്തിയിട്ടുള്ളത്. കാഞ്ഞിരപ്പള്ളി താലൂക്കിലാണ് കൂടുതലും മോശം അരി വിതരണം ചെയ്യുന്നത്. മൂന്നു വര്‍ഷത്തോളം പഴക്കമുള്ള അരിയാണ് ഇരുമ്പരിയാവുകയെന്നും അത്തരത്തില്‍ പഴക്കമുള്ള അരി എഫ്സിഐ ഗോഡൗണില്‍ കുറവാണെന്നുമായിരുന്നു എഫ്സിഐ ഉദ്യോഗസ്ഥന്റെ മറുപടി. ഉദ്യോഗസ്ഥന്റെ നിലപാട് കളവാണെന്നും യോഗത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നതെന്നും വ്യാപാരികള്‍ പറഞ്ഞു.

നിശ്ചിത ക്വോട്ടയില്‍നിന്ന് കുറഞ്ഞ അളവിലാണ് പലപ്പോഴും അരി ലഭിക്കുന്നത്. മണെണ്ണയും മിക്കപ്പോഴും വൈകിയാണ് ലഭിക്കുന്നത്. സംസ്ഥാനതലത്തില്‍ തന്നെ കുറഞ്ഞ അളവില്‍ ജില്ലയ്ക്ക് അരിയും മറ്റും നല്‍കുന്നതിനാലാണ് അളവില്‍ കുറവ് അനുഭവപ്പെടുന്നതെന്ന് ജില്ലാ അധികൃതര്‍ പറഞ്ഞു. ഇക്കാര്യം സംസ്ഥാനതല ഉദ്യോഗസ്ഥരെ അറിയിക്കും. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം അപ്പാടെ തകര്‍ന്നുവെന്നും അവശ്യസാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ ഇടപെടേണ്ട സംവിധാനം ഫലപ്രദാമാകുന്നില്ലെന്നും ഉപദേശക സമിതിയംഗങ്ങള്‍ പരാതിപ്പെട്ടു. പൊതുവിപണിയില്‍ പച്ചക്കറി വില അമിതമായി ഉയര്‍ന്നിട്ടും വില നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടാന്‍ പൊതുവിതരണ സംവിധാനത്തിന് സാധിക്കുന്നില്ല.
സപ്ലൈകോയുടെ വിതരണ കേന്ദ്രങ്ങളാകട്ടെ ഉപഭോക്താക്കളെ അകറ്റാനേ ഉപകരിക്കുന്നുള്ളു. അനാകര്‍ഷകമായ രീതിയിലാണ് സപ്ലൈകോയുടെ വില്‍പ്പനകേന്ദ്രങ്ങളില്‍ സാധനങ്ങള്‍ അടുക്കിവച്ചിരിക്കുന്നതുമെന്നും അംഗങ്ങള്‍ പരാതിപ്പെട്ടു. സ്വകാര്യകച്ചവടക്കാരുമായി മത്സരിക്കേണ്ട സന്ദര്‍ഭത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കത്തക്ക നിലയില്‍ ഒരു സംവിധാനവും സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈകോ ചെയ്യുന്നില്ലെന്നും പരാതി ഉയര്‍ന്നു. ശബരിമല ഇടത്താവളങ്ങളില്‍ ഭഭക്ഷ്യവിലയും ഗുണനിലവാരവും ഉറപ്പുവരുത്താന്‍ താലൂക്ക് സപ്ളൈ ഓഫീസര്‍മാര്‍ ജാഗ്രത പാലിക്കണമെന്നും വില രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ പ്രദര്‍ശിപ്പിക്കുന്നത് ഉറപ്പുവരുത്തണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. സ്റ്റാളുകളില്‍ വില്‍ക്കുന്ന കുടിവെളളം ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്തവയ്ക്കെതിരെ നടപടിയെടുക്കണമെന്നും ഫുഡ് ഇന്‍സ്പെക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

വാളയാറില്‍ തിരക്കൊഴിയുന്നില്ല മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കടലാസില്‍

പാലക്കാട്: വാളയാര്‍ ചെക്പോസ്റ്റില്‍ തിരക്ക് കുറയ്ക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്നോട്ടുവച്ച നിര്‍ദേശം കടലാസിലൊതുങ്ങി. സെപ്തംബര്‍ 19ന് പാലക്കാട്ടെത്തിയ മുഖ്യമന്ത്രി വിവിധ വകുപ്പ് ഉദ്യോഗസ്ഥരെവിളിച്ച് നാല് പ്രധാന നിര്‍ദേശങ്ങളാണ് വാളയാര്‍ ചെക്പോസ്റ്റിലെ തിരക്ക് ഒഴിവാക്കാന്‍ നല്‍കിയത്. ഇതിനുള്ള റിപ്പോര്‍ട്ട് വിവിധ വകുപ്പുകളില്‍നിന്ന് ശേഖരിച്ച് കലക്ടര്‍ പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍ക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ അനുമതികാത്ത് ഫയല്‍കിടക്കാന്‍തുടങ്ങിയിട്ട് മാസം ഒന്നരകഴിഞ്ഞു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച ഇന്റഗ്രേറ്റഡ് ചെക്പോസ്റ്റ് എന്ന ആശയം ഒഴിവാക്കിയാണ് പുതിയ പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരം വാളയാറിലെ ഔട്ടര്‍ചെക്പോസ്റ്റ് വട്ടപ്പാറയിലേക്ക് മാറ്റുക, യാത്രാവാഹനങ്ങള്‍ക്ക് മാത്രമായി ചെക്പോസ്റ്റിന് സമീപം ഒന്നരകിലോമീറ്റര്‍ നീളത്തില്‍ പുതിയ റോഡ് നിര്‍മിക്കുക, ചെക്പോസ്റ്റില്‍നിന്ന് ഡെപ്യൂട്ടേഷനില്‍പോയ വില്‍പ്പനനികുതി ഇന്‍സ്പെക്ടര്‍മാരെ തിരച്ചുകൊണ്ടുവന്ന് വാഹനപരിശോധനയ്ക്ക് 20 കൗണ്ടറുകള്‍ സ്ഥാപിക്കുക, നിലവില്‍ 12 കൗണ്ടറുകളാണ് പ്രവര്‍ത്തിക്കുന്നത്. പൊലീസുകാരെ കൂടുതല്‍നിയമിച്ച് വാഹനപരിശോധന സുഗമമാക്കുക, എക്സൈസ്, ആര്‍ടിഒ ചെക്പോസ്റ്റുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ചത്. എന്നാല്‍ ഇതില്‍ ഒറ്റ നിര്‍ദേശംപോലും നടപ്പായില്ല. ഔട്ടര്‍ ചെക്പോസ്റ്റിന്റെ നിര്‍മാണം മാത്രമാണ് നടക്കുന്നതെങ്കിലും ആവശ്യമായ ഒരുകോടിരൂപ സര്‍ക്കാര്‍ അനുവദിക്കാത്തതിനാല്‍ പണിമുടങ്ങി.

ആഴ്ചയില്‍ മൂന്നും നാലും ദിവസം വാളയാര്‍ ചെക്പോസ്റ്റില്‍ തിരക്കാണ്. ദിവസങ്ങളോളം കാത്തുനിന്നാല്‍മാത്രമാണ് വാഹനങ്ങള്‍ക്ക് ചെക്പോസ്റ്റില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയു. യാത്രാവാഹനങ്ങളും റൂട്ട്ബസ്സുകളുമുള്‍പ്പെടെ മണിക്കൂറുകള്‍ കുടുങ്ങികിടക്കുകയാണ്. വേലന്താവളം വഴി ഗതാഗതം നിരോധിച്ചത് വാളയാറില്‍ തിരക്ക് വര്‍ധിക്കാനിടയാക്കി. അവിടെ പാലം അപകടത്തിലായതിനാല്‍ ചരക്ക്വാഹനങ്ങള്‍ കടത്തിവിടുന്നില്ല. ഇതുമൂലം ഇതിലൂടെ ദിവസേന പോയിരുന്ന ആയിരത്തഞ്ഞൂറോളം വാഹനങ്ങള്‍ ഇപ്പോള്‍ വാളയാറിലൂടെയാണ് കടന്നുവരുന്നത്. ഇവയുടെ പരിശോധനയും തിരക്ക് വര്‍ധിപ്പിക്കുന്നു. പ്രതിദിനം നാലായിരത്തോളം ചരക്ക് വാഹനങ്ങളാണ് വാളയാര്‍ ചെക്പോസ്റ്റില്‍ പരിശോധനപൂര്‍ത്തിയാക്കി കടന്നുപോകുന്നത്. തിരക്ക് കുറയ്ക്കാന്‍ മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്‍തോതിലുള്ള വികസനപ്രവര്‍ത്തനങ്ങളാണ് ഇവിടെ നടത്തിയത്. അഴിമതിരഹിത വാളയാര്‍ പദ്ധതിയിലൂടെ രാജ്യത്തിന് തന്നെ മാതൃകയായ ചെക്പോസ്റ്റായി വാളയാറിനെ മാറ്റിയെടുത്തു. അടുത്ത വികസനപദ്ധതിയായിരുന്നു ഇന്റഗ്രേറ്റഡ് ചെക്പോസ്റ്റ് എന്നത്. ഇതിനെ അട്ടിമറിച്ചാണ് യുഡിഎഫ് സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ കൊണ്ടുവന്നത്. എന്നാല്‍ നേരത്തെയുള്ള പദ്ധതി പോവുകയും പുതിയ പദ്ധതി കടലാസിലൊതുങ്ങുകയും ചെയ്തതോടെ വാളയാറില്‍ തിരക്ക് മാത്രം കുറഞ്ഞില്ല.

deshabhimani 191111

1 comment:

  1. റേഷന്‍ കടകളിലൂടെ മോശം അരി വിതരണം ചെയ്യുന്നതായി ജില്ലാതല ഭക്ഷ്യോപദേശകസമിതി യോഗത്തില്‍ പരാതി. ഒറ്റനോട്ടത്തില്‍ ഇരുമ്പരിയെന്ന് തോന്നിപ്പിക്കുന്ന അരിയാണ് ഓണത്തിനുശേഷം കടകളില്‍ വിതരണത്തിന് എത്തിയിട്ടുള്ളത്. കാഞ്ഞിരപ്പള്ളി താലൂക്കിലാണ് കൂടുതലും മോശം അരി വിതരണം ചെയ്യുന്നത്. മൂന്നു വര്‍ഷത്തോളം പഴക്കമുള്ള അരിയാണ് ഇരുമ്പരിയാവുകയെന്നും അത്തരത്തില്‍ പഴക്കമുള്ള അരി എഫ്സിഐ ഗോഡൗണില്‍ കുറവാണെന്നുമായിരുന്നു എഫ്സിഐ ഉദ്യോഗസ്ഥന്റെ മറുപടി. ഉദ്യോഗസ്ഥന്റെ നിലപാട് കളവാണെന്നും യോഗത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇദ്ദേഹം ചെയ്യുന്നതെന്നും വ്യാപാരികള്‍ പറഞ്ഞു.

    ReplyDelete