Friday, November 4, 2011

കെഎംഎംഎല്‍ അഴിമതി കരാര്‍ : 160 കോടി നഷ്ടപരിഹാരം തേടി കമ്പനികള്‍

കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ (കെഎംഎംഎല്‍) യുഡിഎഫ് ഭരണത്തില്‍ നവീകരണപദ്ധതിയുടെ കരാര്‍ ലഭിച്ച കമ്പനികള്‍ 160 കോടിയോളം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിയില്‍ . പ്രവൃത്തി നടത്താന്‍ കെഎംഎംഎല്‍ സൗകര്യം ഒരുക്കിയില്ലെന്നുപറഞ്ഞാണ് യുഡിഎഫ് സര്‍ക്കാര്‍ ഒരുക്കിക്കൊടുത്ത അവസരം ഉപയോഗിച്ച് കമ്പനികള്‍ ആര്‍ബിട്രേഷന്‍ നടപടി തുടങ്ങിയത്. വന്‍ അഴിമതിക്ക് കളമൊരുക്കിയ നവീകരണപദ്ധതി കെഎംഎംഎല്ലിന് അതിഭീമമായ ബാധ്യതയാണ് വരുത്തിയത്. ഇതിനു പുറമെയാണ് നഷ്ടപരിഹാരക്കേസുകള്‍ .

പദ്ധതിയില്‍ വന്‍ ക്രമക്കേടാണ് അരങ്ങേറിയതെന്ന് വിജിലന്‍സ് അന്വേഷണം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തിനു പുറത്തെയും വിദേശത്തെയും കമ്പനികള്‍ ഉള്‍പ്പെട്ടതിനാല്‍ സിബിഐ അന്വേഷണം നടത്തണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടെങ്കിലും കേന്ദ്രം തള്ളി. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെയും വ്യവസായവകുപ്പ് നിയന്ത്രിച്ച പി കെ കുഞ്ഞാലിക്കുട്ടിയുടെയും ഇടപെടലുകള്‍ സംബന്ധിച്ച വിവരം വിജിലന്‍സിന് ലഭിച്ചിരുന്നു. 2006ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തിടുക്കത്തില്‍ നാല് വന്‍കിട കരാറുകളില്‍ ഏര്‍പ്പെടുകയും ലെറ്റര്‍ ഓഫ് ക്രെഡിറ്റ് തുറക്കുകയും ചെയ്തതായി കണ്ടെത്തി. മിനറല്‍ സെപ്പറേഷന്‍ പ്ലാന്റിന് 121 കോടി രൂപയുടെ കരാര്‍ , സിന്തറ്റിക് റൂട്ടൈല്‍ പ്ലാന്റിന് 53 കോടി രൂപയും 75 കോടി രൂപയും നിരക്കുകളില്‍ രണ്ട് കരാര്‍ . ഓക്സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ അഞ്ചുകോടി രൂപ മുന്‍കൂറായും നല്‍കി. ടൈറ്റാനിയം പിഗ്മെന്റിന്റെ ഉല്‍പ്പാദനശേഷി ആദ്യം 60,000 ടണ്ണായും പിന്നീട് ഒരുലക്ഷം ടണ്ണായും ഉയര്‍ത്താന്‍ കരാറുകള്‍ നല്‍കി. ഈ കരാറുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള സാധ്യതയോ ആവശ്യകതയോ പരിഗണിച്ചിരുന്നില്ല. തിരക്കിട്ട് ഒപ്പുവച്ച കരാറുകള്‍വഴി 450 കോടി രൂപയുടെ ബാധ്യതയാണ് യുഡിഎഫ് സര്‍ക്കാര്‍ കെഎംഎംഎല്ലിനുമേല്‍ അടിച്ചേല്‍പ്പിച്ചത്.

വിവിധ കരാറുകള്‍ കിട്ടിയ കമ്പനികള്‍ കെഎംഎംഎല്ലിനെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്. ഗോയല്‍ എംജി ഗ്യാസസ് 109 കോടി രൂപയാണ് നഷ്ടപരിഹാരം ചോദിച്ചിരിക്കുന്നത്. ഡോഷിയോണ്‍ കമ്പനി 36.40 കോടി രൂപ ആവശ്യപ്പെട്ട് ആര്‍ബിട്രേഷന്‍ ഫയല്‍ ചെയ്തു. സിംപ്ലെക്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി 6.42 കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ ജിഎംഎം ഫോഡ്ലര്‍ കമ്പനി 5.25 കോടിയും ശ്രീറാം ഇപിസി 3.27 കോടിയും കെഎംഎംഎല്ലിനോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുകയാണ്.

യുഡിഎഫ് ഭരണത്തില്‍ വഴിവിട്ട ഇത്തരം കരാറുകള്‍ക്ക് അരങ്ങൊരുക്കിയ മെക്കോണ്‍ കമ്പനി തന്നെയാണ് കെഎംഎംഎല്ലിലും തട്ടിപ്പിന് ചുക്കാന്‍ പിടിച്ചത്. ഇവിടെ കരാര്‍ നല്‍കുന്നതടക്കമുള്ള എല്ലാ ചുമതലയും മെക്കോണിന് കിട്ടി. കുറഞ്ഞ നിരക്കു വച്ച കേന്ദ്ര പൊതുമേഖലാസ്ഥാപനമായ എന്‍ജിനിയേഴ്സ് ഇന്ത്യ ലിമിറ്റഡിനെ ഒഴിവാക്കിയാണ് മെക്കോണിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. ഈയിനത്തില്‍ മാത്രം 7.16 കോടി രൂപ നഷ്ടമായി. നവീകരണമെന്നപേരില്‍ 1150 കോടി രൂപയുടെ ഇടപാടിനാണ് യുഡിഎഫ് ഉന്നതരും ബിനാമികളും ചേര്‍ന്ന് രൂപം നല്‍കിയത്.

അന്തര്‍സംസ്ഥാന-വിദേശബന്ധങ്ങളുള്ള പദ്ധതി വഴി 500 കോടിയോളം രൂപയുടെ ബാധ്യത പൊതുമേഖലാസ്ഥാപനമായ കെഎംഎംഎല്ലിനുണ്ടായി. സിബിഐ അന്വേഷണത്തിന് രണ്ടുതവണ എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ , കരാറുകാര്‍ കോടതിയില്‍ പോയിരിക്കുകയാണെന്നും ഈ ഘട്ടത്തില്‍ അന്വേഷണം നടത്തുന്നത് കോടതിയലക്ഷ്യമാകുമെന്നും വാദമുയര്‍ത്തി സിബിഐ പിന്മാറി. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ തങ്ങള്‍ക്ക് ഇടപെടാനാകില്ലെന്നും വാദിച്ചു. കരാറുകള്‍ക്ക് അന്തര്‍സംസ്ഥാന ബന്ധമോ വിദേശബന്ധമോ ഇല്ലെന്ന ന്യായവും ഉയര്‍ത്തി. ഈ വാദം അടിസ്ഥാനരഹിതമാണെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തെളിവ് സഹിതം കേന്ദ്രത്തെ ധരിപ്പിച്ചു. ഇടപാടുകള്‍ക്ക് അന്തര്‍സംസ്ഥാന-വിദേശബന്ധമുണ്ടെന്നും വിജിലന്‍സ് അന്വേഷണം നടക്കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ആര്‍ബിട്രേഷന്‍ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ചില കരാറുകാര്‍ നടപടിക്കു പോയതാണ് കോടതിയിലെ കേസായി സിബിഐ വ്യാഖ്യാനിച്ചത്.

deshabhimani 041111

1 comment:

  1. കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ (കെഎംഎംഎല്‍) യുഡിഎഫ് ഭരണത്തില്‍ നവീകരണപദ്ധതിയുടെ കരാര്‍ ലഭിച്ച കമ്പനികള്‍ 160 കോടിയോളം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമനടപടിയില്‍ . പ്രവൃത്തി നടത്താന്‍ കെഎംഎംഎല്‍ സൗകര്യം ഒരുക്കിയില്ലെന്നുപറഞ്ഞാണ് യുഡിഎഫ് സര്‍ക്കാര്‍ ഒരുക്കിക്കൊടുത്ത അവസരം ഉപയോഗിച്ച് കമ്പനികള്‍ ആര്‍ബിട്രേഷന്‍ നടപടി തുടങ്ങിയത്. വന്‍ അഴിമതിക്ക് കളമൊരുക്കിയ നവീകരണപദ്ധതി കെഎംഎംഎല്ലിന് അതിഭീമമായ ബാധ്യതയാണ് വരുത്തിയത്. ഇതിനു പുറമെയാണ് നഷ്ടപരിഹാരക്കേസുകള്‍ .

    ReplyDelete