Friday, November 4, 2011

പെട്രോള്‍ വില വര്‍ധന: നാളെ വാഹന പണിമുടക്ക്


കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ സിപിഐ എം ഉപരോധിച്ചു

ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ദേശീയപ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ എം നേതൃത്വത്തില്‍ വെള്ളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ ബഹുജനങ്ങള്‍ ഉപരോധിച്ചു. വ്യാഴാഴ്ച രാത്രി പെട്രോള്‍ വില വര്‍ധിപ്പിച്ച സാഹചര്യത്തില്‍ വെള്ളിയാഴ്ച നടത്തിയ പ്രക്ഷോഭം കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള ശക്തമായ താക്കീതായി. വിലവര്‍ധന രാജ്യത്താകമാനം വില കുതിച്ചുയരാനിടയാക്കും. സാധാരണക്കാരെ പ്രതികൂലമായി ബാധിക്കുന്ന തുടര്‍ച്ചയായ ഇത്തരം കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയാണ് സിപിഐഎം നേതൃത്വത്തിലുള്ള ഇടതുപക്ഷ കക്ഷികള്‍ പേരാട്ടം ശക്തിപ്പെടുത്തുന്നത്.

വിലക്കയറ്റം തടയുക, അഴിമതിക്കെതിരെ കര്‍ശനനടപടിയെടുക്കുക, സമഗ്രമായ ലോക്പാല്‍ നിയമം കൊണ്ടുവരിക, തൊഴിലില്ലായ്മ പരിഹരിക്കാന്‍ നടപടിയെടുക്കുക, രാസവളവിലക്കയറ്റം തടയുക, ചില്ലറ വ്യാപാരമേഖലയില്‍ വിദേശമൂലധനനിക്ഷേപം അനുവദിക്കാനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് ഉപരോധം. ആയിരങ്ങളാണ് ജില്ലാകേന്ദ്രങ്ങളിലെ ഉപരോധകേന്ദ്രങ്ങളിലെത്തിയത്.

കോട്ടയത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും ആലപ്പുഴ സി ബി ചന്ദ്രബാബുവും ഉദ്ഘാടനം ചെയ്തു. കേന്ദ്രകമ്മറ്റിയംഗങ്ങളായ എംസി ജോസഫൈന്‍ തൃശൂരിലും പികെ ശ്രീമതി കണ്ണൂരിലും ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് പി കരുണാകരന്‍ എംപിയും കൊച്ചിയില്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിനു മുന്നില്‍ സംസ്ഥാനസെക്രട്ടറിയറ്റംഗം എം വി ഗോവിന്ദനും കോഴിക്കോട് ജില്ലാസെക്രട്ടറി ടി പി രാമകൃഷ്ണനും ഉദ്ഘാടനം ചെയ്തു. പാലക്കാട്ട് എ വിജയരാഘവനും പത്തനംതിട്ടയില്‍ ആനത്തലവട്ടം ആനന്ദനും ഉദ്ഘാടനം ചെയ്തു.

ഏറ്റവും സംശയിക്കപ്പെടുന്ന വ്യക്തി പ്രധാനമന്ത്രി: പിണറായി

കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നയസമീപനം മൂലമാണ് പെ ട്രോള്‍വില അടിക്കടി വര്‍ധിക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം പെട്രോള്‍ വിലവര്‍ധനയ്ക്ക് കൂട്ടുനില്‍ക്കുന്ന പ്രധാനമന്ത്രി രാജ്യത്തെ ഏറ്റവും സംശയിക്കപ്പെടുന്ന വ്യക്തിയായി മാറിയിരിക്കുകയാണ്. കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ എം തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഉപരോധസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരുപതു രൂപവരെ വരുമാനമുള്ള 77% പേരെ കണക്കിലെടുക്കാതെ കുത്തകകളെ സഹായിക്കുന്ന നിലപാടാണ് യുപിഎ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. പൊതുവിതരണ കേന്ദ്രങ്ങള്‍ തകര്‍ത്ത് ജനങ്ങളെ പട്ടിണിക്കിടുന്ന നയമാണ് സര്‍ക്കാറിന്റെത്. ജനകീയ പ്രക്ഷോഭങ്ങളെ വിലകല്‍പിക്കാതെ സര്‍ക്കാറിന് മുന്നോട്ടുപോകാനാവില്ല. എണ്ണക്കമ്പനികളുടെ വിലവര്‍ധിപ്പിക്കാനുള്ള അധികാരം സര്‍ക്കാര്‍ തിരിച്ചെടുക്കണം. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായി രാജ്യത്ത് അഴിമതി സമാനതകളില്ലാതെ വര്‍ധിക്കുകയാണ്. കൃഷ്ണ-ഗോദാവരി പ്രകൃതിവാതക പദ്ധതി, 2ജി സ്പെക്ട്രം, 3ജി സ്പെക്ട്രം തുടങ്ങിയ അഴിമതികളില്‍ കേന്ദ്രമന്ത്രിമാരും എംപിമാരും പ്രതികളാണ്. കേന്ദ്രത്തിലെ യുപിഎ ഗവണ്‍മെന്റിനോട് സമാനതകളുള്ള ഗവണ്‍മെന്റുകളാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുള്ളത്. യെദ്യൂരപ്പയടക്കമുള്ള നേതാക്കള്‍ അഴിമതിയ്ക്ക് ശിക്ഷിക്കപ്പെട്ടവരാണ്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നയങ്ങളില്‍ മാറ്റമില്ലെന്നതിന്റെ തെളിവാണിത്. ഇത്തരം അഴിമതി തടയാന്‍ ലോക്പാല്‍ നിയമം ഫലപ്രദമായി നടപ്പാക്കണമെന്നാണ് സിപിഐ എം ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പെട്രോള്‍ വില വര്‍ധന: നാളെ വാഹന പണിമുടക്ക്

കോഴിക്കോട് : പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ശനിയാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക് നടത്തുമെന്ന് മോട്ടോര്‍ തൊഴിലാളികളുടെ സംയുക്ത സംഘടനകള്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. കേരളത്തിലെ ഏതാണ്ട് എല്ലാ സംഘടനകളും സമരത്തില്‍ പങ്കെടുക്കും. അടിക്കടിയുണ്ടാകുന്ന ഇന്ധനവില വര്‍ധന മൂലം വാഹന വ്യവസായ രംഗം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സാഹചര്യത്തിലാണ് സമരമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സ്വകാര്യവാഹനങ്ങളെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാല്‍ , പത്രം, വിവാഹ പാര്‍ട്ടികള്‍ എന്നിവയെയും അവശ്യ സര്‍വീസുകളെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ബസ്, ടാക്സികള്‍ , ലോറി സര്‍വ്വീസ് തുടങ്ങി എല്ലാ സംയുക്ത മേഖലകളും സമരത്തില്‍ പങ്കെടുക്കുമെന്ന് സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ ചെയര്‍മാന്‍ കെ എം കുട്ടികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സഭയില്‍ പ്രതിപക്ഷ വോക്കൗട്ട് ,പെട്രോള്‍വില ചര്‍ച്ച 2.30ന്

പെട്രോള്‍ വിലവര്‍ധന ചര്‍ച്ചചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടി. അഴിമതി നിരോധന നിയമപ്രകാരമാണ് ബാലകൃഷ്ണ പിള്ളയെ മോചിപ്പിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.കേന്ദ്രസര്‍ക്കാര്‍ കുത്തകകളുമായി ചേര്‍ന്ന് വിലക്കയറ്റം സൃഷ്ടിക്കുന്നതായി പ്രമേയത്തിന് നോട്ടീസ് നല്‍കിയ തോമസ് ഐസക്ക് പറഞ്ഞു. സര്‍ക്കാരും റിലയന്‍സും ഒത്തുകളിക്കുന്നതായും അദ്ദേഹം പറഞ്ഞു. അടിയന്തരപ്രമേയ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറാണെന്നും ഉച്ചയ്ക്ക് 2.30ന് പ്രമേയം ചര്‍ച്ചചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിലക്കയറ്റത്തിന് ആക്കം കൂട്ടുന്ന പെട്രോള്‍ വില കുറയ്ക്കണമെന്ന് തന്നെയാണ് സംസ്ഥാനത്തിന്റെ ആവശ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. വില വര്‍ധിപ്പിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് തന്നെയാവണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. വില വര്‍ധിപ്പിക്കാനുള്ള എണ്ണ കമ്പനികളുടെ അധികാരം എടുത്തുകളയണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ചര്‍ച്ച തത്സമയം സംപ്രേഷണം ചെയ്യണമെന്ന് മുഖ്യമന്ത്രി സ്പീക്കറോട് ആവശ്യപ്പെട്ടു. കേന്ദ്രത്തില്‍ കനിമൊഴിയ്ക്കുപോലും ലഭിക്കാത്ത ആനുകൂല്യമാണ് പിള്ളയ്ക്ക് ലഭിക്കുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

deshabhimani news

1 comment:

  1. പെട്രോള്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ശനിയാഴ്ച മോട്ടോര്‍ വാഹന പണിമുടക്ക് നടത്തുമെന്ന് മോട്ടോര്‍ തൊഴിലാളികളുടെ സംയുക്ത സംഘടനകള്‍ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്.

    ReplyDelete