വീണ്ടും നിരാഹാരമെന്ന് അണ്ണ ഹസാരെ
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ജന്‍ലോക്പാല്‍ ബില്‍ പാസാക്കിയില്ലെങ്കില്‍ വീണ്ടും നിരാഹാരം തുടങ്ങുമെന്ന് അണ്ണ ഹസാരെയുടെ മുന്നറിയിപ്പ്. ഹസാരെ ഇടയ്ക്കിടെ ഇങ്ങനെ മുന്നറിയിപ്പ് നല്‍കേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചു. രണ്ടാഴ്ചയായി തുടരുന്ന മൗനവ്രതം രണ്ടു ദിവസത്തിനകം അവസാനിപ്പിക്കാനിരിക്കെ, ചൊവ്വാഴ്ച പ്രധാനമന്ത്രിക്കയച്ച കത്തിലാണ് ഹസാരെയുടെ മുന്നറിയിപ്പ്. ബില്‍ പാസാക്കിയില്ലെങ്കില്‍ ശീതകാലസമ്മേളനം സമാപിക്കുന്ന ഡിസംബര്‍ 23 മുതല്‍ ഡല്‍ഹിയില്‍ വീണ്ടും അനിശ്ചിതകാല നിരാഹാരസമരം തുടങ്ങുമെന്ന് കത്തില്‍ പറയുന്നു.ശീതകാല സമ്മേളനത്തില്‍ ബില്‍ പാസാക്കാമെന്ന് കേന്ദ്രമന്ത്രി വിലാസ്റാവു ദേശ്മുഖ് വഴി പ്രധാനമന്ത്രി എഴുതി നല്‍കിയ ഉറപ്പിലാണ് രാംലീല മൈതാനിയിലെ നിരാഹാരം അവസാനിപ്പിച്ചതെന്നും ഹസരെ കത്തില്‍ ഓര്‍മിപ്പിച്ചു. 22 മുതല്‍ ഡിസംബര്‍ 23 വരെയാണ് ശീതകാലസമ്മേളനം.
അതേസമയം, ഹസാരെസംഘം ലോക്പാല്‍ ബില്‍ പാസാക്കണമെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് എന്തിനാണെന്ന് കേന്ദ്രമന്ത്രി അംബികാസോണി ചോദിച്ചു. ശക്തമായ ലോക്പാല്‍ ബില്‍ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇടയ്ക്കിടെ ഇത് ആവര്‍ത്തിച്ച് ആവശ്യപ്പെടേണ്ട കാര്യമില്ല. ഹിസാര്‍ ഉപതെരഞ്ഞെടുപ്പില്‍ ഹസാരെസംഘം ലോക്പാലിനെ രാഷ്ട്രീയമായി ഉപയോഗിച്ചെന്നും അംബികാസോണി കുറ്റപ്പെടുത്തി. ഹസാരെസംഘം പറയുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്ന സൂചനയാണ് അംബികാസോണി നല്‍കിയത്. ഹിസാറിലടക്കം ഉപതെരഞ്ഞെടുപ്പുകളിലുണ്ടായ തിരിച്ചടി കോണ്‍ഗ്രസ് നേതൃത്വത്തിന് ഹസാരെസംഘത്തോടുള്ള പക വര്‍ധിപ്പിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ സ്വന്തം ഗ്രാമമായ റാലിഗന്‍ സിദ്ദിയില്‍ ഒക്ടോബര്‍ 16നാണ് ഹസാരെ മൗനവ്രതം ആരംഭിച്ചത്. മൗനവ്രതം ഉടന്‍ അവസാനിപ്പിക്കുമെന്നും വീണ്ടും രാജ്യത്ത് പര്യടനം നടത്തുമെന്നും ചൊവ്വാഴ്ച ബ്ലോഗിലൂടെ ഹസാരെ അറിയിച്ചു. ജനലോക്പാല്‍ ബില്‍ പാസായാല്‍ ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനുള്ള നിയമത്തിനുവേണ്ടിയായിരിക്കും അടുത്ത പ്രക്ഷോഭമെന്നും ബ്ലോഗില്‍ പറയുന്നു.
ഹസാരെ സംഘത്തിന് ലഭിച്ച സംഭാവന 2.9 കോടി
ന്യൂഡല്‍ഹി: കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഹസാരെ സംഘത്തിന് സംഭാവനയായി ലഭിച്ചത് 2.9 കോടി രൂപ. ഇതില്‍ 1.14 കോടി രൂപ ലഭിച്ചത് രാംലീലാ മൈതാനില്‍ നടന്ന നിരാഹാര സമരവേളയില്‍.
ഹസാരെയുടെ പ്രസ്ഥാനത്തിന്റെ സെക്രട്ടേറിയറ്റായ പബ്ലിക് കോസ് റിസര്‍ച്ച് ഫൗണ്ടേഷന്‍ പുറത്തുവിട്ട ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ചുള്ള വരവുചെലവുകണക്കുകള്‍ വ്യക്തമാക്കിയത്. ഹസാരെ സംഘത്തിന്റെ സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തില്‍ കഴിഞ്ഞ ഏപ്രില്‍ മുതലുള്ള കണക്കുകളാണ് പുറത്തുവിട്ടത്.
രാംലീല മൈതാനിയില്‍ ഉള്‍പ്പെടെയുള്ള സമരങ്ങളില്‍ പങ്കെടുത്ത 27505 പേരാണ് സംഘത്തിന് സാമ്പത്തിക സഹായം നല്‍കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാണ്ട് നാന്നൂറുപേര്‍ പതിനായിരം രൂപവച്ച് സംഘത്തിന് സംഭാവന നല്‍കി. ഒരാള്‍ 25 ലക്ഷം രൂപയും നല്‍കി.
2.94 കോടി രൂപയില്‍ 42.55 ലക്ഷം രൂപ സംഭാവന നല്‍കിയവര്‍ക്ക് തിരിച്ചുനല്‍കാനും ധാരണയായി. പണത്തിന്റെ സ്രോതസും വ്യക്തിയുടെ വിശദവിവരവും നല്‍കാത്തവരുടെ പണമാണ് തിരിച്ചുനല്‍കുക.
കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ ഹസാരെ സംഘം ഒന്നര കോടി രൂപ ചെലവാക്കി. പൊതുയോഗങ്ങള്‍ക്കുമാത്രമായി 52.27 ലക്ഷം രൂപയാണ് ചെലവായത്. സംഘത്തിന്റെ യാത്രകള്‍ക്കായി 9.83 ലക്ഷം രൂപയും ആശയവിനിമയത്തിനായി 2.68 ലക്ഷം രൂപയും ബോധവല്‍ക്കരണ പരിപാടികള്‍ക്കായി 45.50 ലക്ഷം രൂപയും ഹസാര സംഘം ചെലവാക്കിയിട്ടുണ്ട്. 23138 പേര്‍ ആയിരം രൂപ സംഭാവന ചെയ്കതിട്ടുണ്ടെന്നും സംഘം വെളിപ്പെടുത്തി.
തെര.പരിഷ്കാര നിര്‍ദേശങ്ങള്‍ പ്രായോഗികമല്ല: കമീഷന്‍
ന്യൂഡല്‍ഹി: അണ്ണ ഹസാരെ സംഘത്തിന്റെ തെരഞ്ഞെടുപ്പു പരിഷ്കാര നിര്‍ദേശങ്ങള്‍ കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ തള്ളി. ജനപ്രതിനിധികളെ തിരികെ വിളിക്കാനുള്ള അവകാശം രാഷ്ട്രീയ അസ്ഥിരതയ്ക്ക് വഴിയൊരുക്കുമെന്നും സ്ഥാനാര്‍ഥികളെ നിരാകരിക്കാനുള്ള അവകാശം തുടര്‍ച്ചയായ തെരഞ്ഞെടുപ്പിനു കാരണമാകുമെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി. മുന്‍ നിയമമന്ത്രി ശാന്തിഭൂഷന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് പരിഷ്കാര നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യാനെത്തിയ ഹസാരെ സംഘാംഗങ്ങളോട് മുഖ്യതെരഞ്ഞെടുപ്പു കമീഷണര്‍ എസ് വൈ ഖുറേഷി, അംഗങ്ങളായ വി എസ് സമ്പത്ത്, എച്ച് എസ് ബ്രഹ്മ എന്നിവരാണ് നിലപാട് വിശദമാക്കിയത്.
ലോക്പാല്‍ ബില്ലിനുശേഷം തെരഞ്ഞെടുപ്പു പരിഷ്കാരങ്ങള്‍ യാഥാര്‍ഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് അണ്ണ ഹസാരെ പ്രഖ്യാപിച്ചിട്ടുണ്ട്. ജനപ്രതിനിധിയെ പിന്‍വലിക്കുന്നതിന് വോട്ടര്‍മാരില്‍ എത്രപേര്‍ പരാതിപ്പെടണം, പരാതിയിലെ ആയിരക്കണക്കിന് ഒപ്പ് യഥാര്‍ഥമാണോയെന്ന പരിശോധന, ഈ ഒപ്പുകള്‍ സ്വമേധയാ ഇട്ടതാണോ അതോ സമ്മര്‍ദത്തെതുടര്‍ന്നാണോ എന്ന അന്വേഷണം തുടങ്ങി നിരവധി കാര്യം പ്രായോഗികമായി ചെയ്യേണ്ടതായി വരും. സ്ഥാനാര്‍ഥിയെ നിരാകരിക്കുകയെന്ന നിര്‍ദേശം പരാമര്‍ശിക്കവെ, ബാലറ്റില്‍ മേല്‍പറഞ്ഞവരാരുമല്ല എന്ന് വ്യക്തമാക്കുന്ന ഒരു ബട്ടണ്‍കൂടി ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാരിനോട് നിലവില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കമീഷന്‍ പറഞ്ഞു. എന്നാല്‍ , തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകള്‍ക്ക് ഇത് വഴിയൊരുക്കുമെന്ന ആശങ്കയും കമീഷന്‍ പ്രകടിപ്പിച്ചു.
deshabhimani 021111
No comments:
Post a Comment