Wednesday, November 2, 2011

നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ ബയോഗ്യാസ് പ്ലാന്റ് തകര്‍ന്നു

കൊരട്ടിക്കടുത്ത് കാതിക്കുടം നീറ്റ ജലാറ്റിന്‍ കമ്പനി യിലെ ബയോഗ്യാസ് പ്ലാന്റ് തകര്‍ന്നു. പ്ലാന്റിന്റെ ടാങ്കില്‍നിന്നും മാലിന്യം ഒഴുകി കമ്പനിപരിസരമാകെ വ്യാപിച്ച് ദുര്‍ഗന്ധം പടര്‍ന്നു. ഛര്‍ദിയും തലവേദനയും ചൊറിച്ചിലും അനുഭവപ്പെട്ട എട്ടു കുട്ടികളടക്കം 11 പേരെ ചാലക്കുടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയെത്തുടര്‍ന്ന് കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തി.

ചൊവ്വാഴ്ച പകല്‍ ഒന്നോടെയാണ് അപകടം. കമ്പനിയുടെ പിറകില്‍ സ്ഥാപിച്ച ബയോഗ്യാസ് പ്ലാന്റാണ് പൊട്ടിത്തെറിച്ചത്. 800 ഘനമീറ്റര്‍ ശേഷിയുള്ള കോണ്‍ക്രീറ്റ് ടാങ്കിന്റെ ഭിത്തിയാണ് തകര്‍ന്നത്. തുടര്‍ന്ന് ഭീമന്‍കുഴലുകളിലൂടെ മൂന്നുമണിക്കൂറോളം മാലിന്യം ഒഴുകി. 50 മീറ്ററോളം ചുറ്റളവില്‍ വ്യാപിച്ചു. മതിലിന്റെ വിടവിലൂടെ മാലിന്യം പുറത്തേക്കുമൊഴുകി. മര്‍ദം ക്രമാതീതമായി ഉയര്‍ന്നതാണ് പൊട്ടിത്തെറിക്കു കാരണമെന്നാണ് കമ്പനിയധികൃതരുടെ വിശദീകരണം.

മൃഗങ്ങളുടെ എല്ലുകളില്‍നിന്നും ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്കാവശ്യമായ ജലാറ്റിന്‍ , ഫോട്ടോ ഫിലിമുകള്‍ , കാലിത്തീറ്റകളില്‍ ഉപയോഗിക്കുന്ന ഡൈകാത്സ്യം ഫോസ്ഫേറ്റ് എന്നിവയാണ് പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്നത്. ബയോഗ്യാസ് പ്ലാന്റ് വഴി അവശിഷ്ടങ്ങളില്‍നിന്ന് വളവും ഉല്‍പ്പാദിപ്പിക്കുന്നു. ഉല്‍പ്പാദനശേഷം ഖര-ദ്രാവകരൂപത്തിലുള്ള അവശിഷ്ടങ്ങളാണ് പ്ലാന്റിലേക്ക് പോകുന്നത്. ടാങ്ക് പൊട്ടിയതറിഞ്ഞ് പൊലീസും മലിനീകരണ നിയന്ത്രണബോര്‍ഡ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് ബി ഡി ദേവസി എംഎല്‍എ വ്യവസായമന്ത്രിയോട് ആവശ്യപ്പെട്ടു.

കമ്പനിക്കെതിരെ രണ്ടുവര്‍ഷമായി മാലിന്യവിരുദ്ധസമിതി സമരത്തിലാണ്. മാലിന്യം വിഷാംശമുള്ളതല്ലെങ്കിലും നാട്ടുകാര്‍ക്ക് ദോഷമല്ലാത്തവിധം പ്രശ്നം പരിഹരിച്ച് കമ്പനി നിലനിര്‍ത്തണമെന്നാണ് തൊഴിലാളികളുടെ അഭിപ്രായം. ജപ്പാനിലെ സ്വകാര്യസ്ഥാപനത്തിനും വ്യവസായവകുപ്പിനു കീഴിലുള്ള കെഎസ്ഐഡിസിക്കും സ്വകാര്യവ്യക്തികള്‍ക്കും കമ്പനിയില്‍ പങ്കാളിത്തമുണ്ട്. മുന്നൂറോളം തൊഴിലാളികള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്.

മാലിന്യം പുറത്തേക്കൊഴുകി കുട്ടികളടക്കം 11 പേര്‍ ആശുപത്രിയില്‍

ചാലക്കുടി: കാതിക്കുടം നീറ്റ ജലാറ്റിന്‍ കമ്പനിയില്‍ ബയോഗ്യാസ് പ്ലാന്റ് തകര്‍ന്ന് കുത്തിയൊലിച്ച മാലിന്യത്തിലെ ദുര്‍ഗന്ധം ശ്വസിച്ച് സമീപവാസികളായ എട്ട് കുട്ടികളടക്കം 11 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഛര്‍ദി, ശ്വാസംമുട്ട് തുടങ്ങിയ അസ്വസ്ഥതകളോടെയാണ് നാട്ടുകാര്‍ ആശുപത്രിയിലെത്തിയത്. ആര്‍ക്കും സാരമായ പ്രശ്നങ്ങളില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കമ്പനിക്കു സമീപം താമസിക്കുന്ന കുഞ്ഞുവളപ്പില്‍ സുനിലിന്റെ മക്കളായ നീരജ് (12), ആര്‍ദ്ര (9), മൊതയില്‍ സുരേഷിന്റെ മകന്‍ അശ്വിന്‍ (12), മൊതയില്‍ രവിയുടെ ഭാര്യ അനിത (36), മക്കളായ സൂര്യ (8), ആര്യ (7), നമ്പോതപ്പറമ്പില്‍ ഉണ്ണി (67), ഭാര്യ ഭവാനി (57), നമ്പോതപ്പറമ്പില്‍ പ്രഭാകരന്റെ മക്കളായ ആദിത്യന്‍ (6), അര്‍ജുന്‍ (ആറു മാസം), മക്കാട്ടില്‍ സജീവിന്റെ മകന്‍ ശ്രീരാജ് (10) എന്നിവരാണ് ആശുപത്രിയിലുളളത്. കമ്പനിയിലെ തൊഴിലാളികള്‍ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. വൈകിട്ടോടെ ആശുപത്രിയിലുളളവരുടെ നില മെച്ചപ്പെട്ടു.

ബയോഗ്യാസ് പ്ലാന്റിന്റെ കൂറ്റന്‍ കോണ്‍ക്രീറ്റ് മാലിന്യ ടാങ്കിന്റെ ഒരു ചുവരാണ് പൊട്ടിത്തെറിയോടെ തകര്‍ന്നത്. 800 ഘനമീറ്റര്‍ ശേഷിയുള്ള ടാങ്കില്‍ നിന്നും ഭൂരിഭാഗം മാലിന്യവും കമ്പനി പരിസരത്താണ് വ്യാപിച്ചതെങ്കിലും മതിലിന്റെ വിടവുകളിലൂടെ പരിസരത്തെ പറമ്പുകളിലേക്കും വ്യാപിക്കുകയായിയിരുന്നു. കനത്ത മഴ കൂടിയായതോടെ കുഴമ്പുരൂപത്തിലുള്ള മാലിന്യം അലിഞ്ഞ് കൂടതല്‍ സ്ഥലത്തേക്ക് പരന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് മാലിന്യത്തിെന്‍റ ഒഴുക്ക് നിലച്ചത്. കിണറുകളിലേക്കും വ്യാപിച്ചെന്ന ആശങ്കയിലാണ് നാട്ടുകാര്‍ . രണ്ടു മാസം മുമ്പാണ് 65 ലക്ഷം രൂപ ചെലവില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചത്. നിര്‍മാണത്തില്‍ അപാകമുള്ളതായും ഭിത്തിയില്‍ വിള്ളലുണ്ടായിരുന്നതായും പറയുന്നു.

സംഭവത്തെത്തുടര്‍ന്ന് നാട്ടുകാരും മാലിന്യ വിരുദ്ധ സമിതി പ്രവര്‍ത്തകരും കമ്പനിപടിക്കല്‍ തടിച്ചുകൂടി ബഹളംവച്ചു. ആര്‍ഡിഒ എം അനില്‍കുമാര്‍ , ഡെപ്യൂട്ടി കലക്ടര്‍ ഇ വി സുശീല, തഹസില്‍ദാര്‍ ഷാജി ജെ ഊക്കന്‍ , പഞ്ചായത്ത് പ്രസിഡന്റ് ഡെയ്സി ഫ്രാന്‍സിസ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ , സിപിഐ എം ലോക്കല്‍ സെക്രട്ടറി സി ഡി പോള്‍ണ്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. കമ്പനിയുടെ ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആര്‍ഡിഒ നിര്‍ദേശം നല്‍കി. മാലിന്യം പൂര്‍ണമായി നീക്കം ചെയ്തശേഷമേ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും പഞ്ചായത്ത് അധികൃതരുടെയും സമ്മതത്തോടെ കമ്പനി പ്രവര്‍ത്തനം പുനരാരംഭിക്കാനാവൂ. നീറ്റ ജലാറ്റിന്‍ കമ്പനിയിലുണ്ടായ സംഭവത്തെക്കുറിച്ച് അടിയന്തരാന്വേഷണം നടത്തണമെന്ന് ബി ഡി ദേവസി എം എല്‍എ മുഖ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും കണ്ട് ആവശ്യപ്പെട്ടു. ടാങ്ക് നിര്‍മിച്ചതിലെ അപകാതയടക്കം കമ്പനിക്കാരുടെ വീഴ്ചയാണ് സംഭവത്തിന് ഇടയാക്കിയതെന്ന് സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. പി കെ ഗിരിജാവല്ലഭന്‍ പറഞ്ഞു.

deshabhimani 021011

No comments:

Post a Comment