കല്‍പ്പറ്റ: വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി അധ്യാപകരെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച 150 കോടി രൂപ പാഴാവുന്നു. സ്കൂളുകളില്‍ പ്രധാനാധ്യാപകരെയും അധ്യാപകരെയും കൂടുതല്‍ നിയമിക്കാനും കെട്ടിടം ഉള്‍പ്പെടെയുള്ളവ ഒരുക്കാനും കേന്ദ്ര മാനവശേഷി വികസന മന്ത്രാലയം അനുവദിച്ച തുക ഇതുവരെ ചെലവഴിച്ചിട്ടില്ല. 2012 മാര്‍ച്ച് 31നകം ചെലവഴിച്ചില്ലെങ്കില്‍ പദ്ധതി ഫണ്ട് ലാപ്സാകും. അടുത്തവര്‍ഷം കേന്ദ്രം ഫണ്ട് അനുവദിക്കുകയുമില്ല.
നൂറ് കുട്ടികളില്‍ കൂടുതലുള്ള എല്‍പി സ്കൂളുകളിലും 150 കുട്ടികളില്‍ കൂടുതലുള്ള യുപി സ്കൂളുകളിലും നിലവിലുള്ളതിന് പുറമെ ഓരോ പ്രധാനാധ്യാപകരെ കൂടി നിയമിക്കാനാണ് ഫണ്ട് അനുവദിച്ചത്. ആര്‍ട്ട്, വര്‍ക്ക് എക്സ്പീരിയന്‍സ്, ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകരെയും നിയമിക്കാം. ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ 60 കുട്ടികള്‍ക്ക് രണ്ട് അധ്യാപകരും 90 കുട്ടികള്‍ക്ക് മൂന്ന് അധ്യാപകരും 200 കുട്ടികള്‍ക്ക് അഞ്ച് അധ്യാപകരും വേണമെന്നാണ് നിയമം. 2011 മെയ് 6 നാണ് വിദ്യാഭ്യാസ അവകാശ നിയമ ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. ആറ് മാസത്തിനകം നടപ്പാക്കണമെന്നാണ് വ്യവസ്ഥ. ഈ കാലാവധി നവംബര്‍ ആറിന് പൂര്‍ത്തിയാകും.
രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ അവകാശങ്ങള്‍ ഉറപ്പാക്കുന്ന നിയമം നടപ്പാക്കാന്‍ ഇതുവരെ ഒരു നടപടിയും ആയിട്ടില്ല. നിയമം നിലവില്‍വന്ന് ആറ് മാസത്തിനകം തദ്ദേശഭരണ സ്ഥാപനങ്ങളുടെയും രക്ഷിതാക്കളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി രൂപീകരിക്കണമെന്ന് വ്യവസ്ഥയുണ്ട്. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാവുന്നതോടെ അഞ്ചാം ക്ലാസ് എല്‍പി സ്കൂളിലും എട്ടാംക്ലാസ് യുപിയിലും കൂട്ടിച്ചേര്‍ക്കും. എന്നാല്‍ ഈ അധ്യയനവര്‍ഷം ഈ നിര്‍ദ്ദേശം നടപ്പാകാന്‍ സാധ്യതയില്ല. വിവേചനവും വേര്‍തിരിവുമില്ലാതെ രാജ്യത്തെ ഓരോ കുട്ടിക്കും എട്ടാം ക്ലാസ് വരെയെങ്കിലും ഗുണനിലവാരമുള്ള വിദ്യാഭ്യാസം സൗജന്യമായി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നിയമത്തിന് ഇക്കാര്യത്തില്‍ ഏറെ മുന്നേറിയ കേരളത്തില്‍ പ്രസക്തി കുറവാണെങ്കിലും ഈയിനത്തില്‍ ലഭിക്കേണ്ട കോടികളാണ് പാഴാവുന്നത്.
(പി ഒ ഷീജ)
അതിവേഗ റെയില്‍ കോര്‍പറേഷന്‍ : ടി ബാലകൃഷ്ണന്‍ സിഎംഡി
അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന ടി ബാലകൃഷ്ണന്‍ അതിവേഗ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് സിഎംഡിയായി ചുമതലയേറ്റു. ഐടി, വ്യവസായ, വാണിജ്യ വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന ടി ബാലകൃഷ്ണന്‍ തിങ്കളാഴ്ച സര്‍വീസില്‍നിന്ന് വിരമിച്ചിരുന്നു. അതിവേഗ റെയില്‍പ്പാത നിര്‍മിക്കാന്‍ സര്‍ക്കാര്‍ രൂപീകരിച്ച കോര്‍പറേഷന്റെ സിഎംഡിയായി ചൊവ്വാഴ്ച രാവിലെയാണ് ബാലകൃഷ്ണന്‍ ചുമതലയേറ്റത്. തിരുവനന്തപുരംമുതല്‍ മംഗളൂരുവരെ അതിവേഗ റെയില്‍പ്പാത നിര്‍മിക്കാനാണ് പദ്ധതി. തിരുവനന്തപുരംമുതല്‍ കൊച്ചിവരെയായിരിക്കും ആദ്യഘട്ടം. രണ്ടാംഘട്ടത്തില്‍ മംഗളൂരുവരെ നീട്ടും. പൊതുമേഖലാ സ്ഥാപനമായ ഇന്‍കെലിന്റെ എംഡിയായും ടി ബാലകൃഷ്ണന്‍ തുടരും. വ്യവസായവകുപ്പ് സെക്രട്ടറിയായിരുന്നു. ടൂറിസം ഡയറക്ടര്‍ , സെക്രട്ടറി, എക്സൈസ് കമീഷണര്‍ , നഗരവികസന സെക്രട്ടറി, സാംസ്കാരിക സെക്രട്ടറി തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. ആര്‍ ബാലകൃഷ്ണപിള്ളയുടെ മകളുടെ ഭര്‍ത്താവാണ്.
വെറ്ററിനറി സര്‍വകലാശാല നാഥനില്ലാക്കളരി
തൃശൂര്‍ : യുജിസി മാനദണ്ഡമനുസരിച്ച് യോഗ്യതകളുള്ള വൈസ് ചാന്‍സലറില്ല. കേരള വെറ്ററിനറി സര്‍വകലാശാല നാഥനില്ലാക്കളരി. അഡീഷണല്‍ ചീഫ് സെക്രട്ടറിക്കാണ് ഇപ്പോള്‍ വിസിയുടെ ചുമതല. അക്കാദമിക് യോഗ്യതയുള്ള വിസിയെ നിയമിക്കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുകയാണ്. വിസിയായിരുന്ന ഡോ. ബി അശോകിനെ തല്‍സ്ഥാനത്തുനിന്ന് സംസ്ഥാന സര്‍ക്കാര്‍ പെട്ടെന്ന് മാറ്റിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഒന്നരയാഴ്ച പിന്നിട്ടിട്ടും പുതിയ വിസിയെ കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയിട്ടില്ല.
പുതിയ വിസിയെ മൂന്നാഴ്ചയ്ക്കകം തെരഞ്ഞെടുക്കണമെന്നാണ് വ്യവസ്ഥ. ചീഫ് സെക്രട്ടറിയെ വിമര്‍ശിച്ച് പത്രത്തില്‍ ലേഖനമെഴുതിയതുകൊണ്ടാണ് വിസിയെ മാറ്റിയതെന്നാണ് ആരോപണം. ഇത് മുഖ്യമന്ത്രി നിയമസഭയില്‍ നിഷേധിച്ചിരുന്നു. വിസിയെ കണ്ടെത്തുന്നതിന് ആദ്യം ഒരു സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കണം. ഇന്ത്യന്‍ വെറ്ററിനറി കൗണ്‍സില്‍ പ്രസിഡന്റ്, ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ പ്രതിനിധി, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി, ഗവര്‍ണറുടെ പ്രതിനിധി എന്നിവരാണ് ഈ കമ്മിറ്റിയംഗങ്ങളാകേണ്ടത്. വെറ്ററിനറി മേഖലയില്‍ പ്രവര്‍ത്തന പരിചയവും പത്തു വര്‍ഷത്തെ അധ്യാപന പരിചയവുമുള്ള പ്രൊഫസര്‍ക്കാണ് വിസിയാകാന്‍ യോഗ്യത. ഇതു പ്രകാരമുള്ള അധ്യാപകരുടെ വിവരങ്ങള്‍ പരിശോധിച്ച് കമ്മിറ്റി പാനല്‍ തയ്യാറാക്കും. ഇതില്‍നിന്ന് സ്ക്രൂട്ടിനി നടത്തി കമ്മിറ്റി ലിസ്റ്റ് അംഗീകരിച്ച് ഗവര്‍ണര്‍ക്ക് അയക്കും. ഗവര്‍ണര്‍ ഒപ്പിട്ട ശേഷം സര്‍ക്കാര്‍ അംഗീകരിക്കും. സര്‍ച്ച് കമ്മിറ്റിക്ക് രൂപം നല്‍കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കേണ്ട സമയം അതിക്രമിച്ചു. ഇനി ഉത്തരവിറങ്ങിയാലും നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് നിയമിക്കുമ്പോള്‍ മൂന്നാഴ്ച കഴിയും.
സര്‍വകലാശാലയില്‍ രൂപീകരിച്ചിട്ടുള്ള മാനേജ്മെന്റ് കൗണ്‍സിലിന്റെയും ബോര്‍ഡ് ഓഫ് മാനേജ്മെന്റിന്റെയും നടത്തിപ്പിനെക്കുറിച്ചും പരാതികളുണ്ട്. രണ്ട് ബോഡികളിലും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും പ്രതിനിധികളില്ല. ജനപ്രതിനിധികളുമില്ല. ഈ ബോഡികള്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമാണ് പ്രാധാന്യം നല്‍കുന്നതെന്നും ജനാധിപത്യ അവകാശങ്ങള്‍ അവഗണിക്കപ്പെടുകയാണെന്നും ആക്ഷേപമുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയുടെ ഭാഗമായിരുന്ന വെറ്ററിനറി സയന്‍സ് വിഭാഗം സര്‍വകലാശാലയായി മാറി ചട്ടം നിലവില്‍ വന്നിട്ട് ഒന്നര വര്‍ഷമായി. ഡിസംബറിലാണ് യൂണിവേഴ്സിറ്റി പ്രവര്‍ത്തനം തുടങ്ങിയത്. വെറ്ററിനറി അധ്യാപകരെ മെയ്മാസത്തിലാണ് വെറ്ററിനറി സര്‍വകലാശാലയിലേക്ക് മാറ്റിയത്. ഇതിനിടെ വിദ്യാര്‍ഥികളുടെ ഫീസ് അഞ്ചിരട്ടി വര്‍ധിപ്പിച്ചു. ഇതിനെതിരെ എസ്എഫ്ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ നിരന്തര സമരത്തിലാണ്. ഭൂമിയെ സംബന്ധിച്ച തര്‍ക്കവും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. ഇതിനിടെയാണ് വൈസ്ചാന്‍സലര്‍ നിയമനവും വൈകിക്കുന്നത്.
ഐടി മിഷന്റെ അനാസ്ഥ: അക്ഷയകേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍
കണ്ണൂര്‍ : സര്‍ക്കാര്‍ സേവനങ്ങള്‍ സുതാര്യവും എളുപ്പത്തിലുമാക്കാന്‍ ആരംഭിച്ച അക്ഷയ കേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍ . സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്നതിനുള്ള പ്രതിഫലം ഐടി മിഷന്‍ കൃത്യമായി നല്‍കാതെയും പുതിയ പദ്ധതി നടപ്പാക്കുന്നതില്‍ കാലവിളംബം വരുത്തിയും അക്ഷയ കേന്ദ്രങ്ങളെ തകര്‍ക്കുകയാണ്. സര്‍ക്കാര്‍ സേവനം വിപുലപ്പെടുത്താന്‍ സോഫ്റ്റ്വെയര്‍ തയ്യാറാക്കിയ പതിനാലോളം പദ്ധതി നടപ്പാക്കാനുണ്ട്. ഇവ നടപ്പാക്കാതെ വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ , വോഡഫോണ്‍ , ആക്സിസ് ബാങ്ക്, ട്രാവല്‍ ഏജന്‍സികള്‍ എന്നിവയുടെ ബിസിനസ് വ്യാപിപ്പിക്കാനാണ് മേലാധികാരികളില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശം. വിവിധ ക്ഷേമപദ്ധതികള്‍ , ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ , തൃശൂരില്‍ നടപ്പാക്കിയ മണല്‍ രജിസ്ട്രേഷന്‍ , കണ്ണൂര്‍ , പാലക്കാട് ജില്ലകളിലെ ഇ-ഡിസ്ട്രിക്ട് പദ്ധതി എന്നിവ സംസ്ഥാനത്താകെ നടപ്പാക്കാന്‍ ലക്ഷ്യമിട്ടിരുന്നു. "ആധാര്‍" അക്ഷയകേന്ദ്രങ്ങള്‍വഴി നടപ്പാക്കാനാണ് തീരുമാനിച്ചത്. അതിനായി പുതിയ സ്കാനിങ് യന്ത്രം വാങ്ങാന്‍ നിര്‍ദേശിച്ചു. ഇത് ഇനി വാങ്ങേണ്ടതില്ല എന്നാണ് ഒടുവില്‍ ലഭിച്ച നിര്‍ദേശം. "ആധാര്‍" രജിസ്ട്രേഷന്‍ സ്വകാര്യ സ്ഥാപനങ്ങളെ ഏല്‍പിക്കാനുള്ള നീക്കമാണിതിനുപിന്നില്‍ .
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് മതിയായ വേതനം ലഭിക്കുന്നില്ലെന്നാണ് മറ്റൊരു പരാതി. ഓരോ സേവനത്തിനും 10 രൂപ ഫീസായും അഞ്ചു രൂപ നികുതിയായും സര്‍ക്കാരിന് നല്‍കണം. 20 രൂപയാണ് ഉപഭോക്താവില്‍നിന്ന് വാങ്ങുന്നത്. സ്കാനിങ്- ഇന്റര്‍നെറ്റ് ഉപയോഗം, ജീവനക്കാരുടെ വേതനം എന്നിവയ്ക്ക് ഇത് മതിയാവില്ല. ഉപഭോക്താക്കളില്‍നിന്ന് വാങ്ങുന്ന ഫീസ് ഇ-ബാങ്കിങ് വഴിയാണ് അക്ഷയകേന്ദ്രങ്ങള്‍ ഐടി മിഷന് അയക്കുക. അക്ഷയകേന്ദ്രങ്ങള്‍ക്കുള്ള കമീഷന്‍ പിന്നീട് ഐടി മിഷന്‍ നല്‍കുകയാണ് ചെയ്യുന്നത്. ഇതും കൃത്യമായി ലഭിക്കുന്നില്ല.
വിദേശ സര്‍വകലാശാലകള്‍ക്ക് ഉന്നതവിദ്യാഭ്യാസമേഖല അടിയറവയ്ക്കരുത്: കെ എന്‍ പണിക്കര്‍
തൃശൂര്‍ : ഉന്നതവിദ്യാഭ്യാസമേഖല വിദേശസര്‍വകലാശാലകള്‍ക്ക് തുറന്നുകൊടുക്കാനുള്ള തീരുമാനം രാജ്യത്തിന്റെ സാംസ്കാരികപാരമ്പര്യത്തെ അടിയറവയ്ക്കുന്നതിനു തുല്യമാണെന്ന് പ്രമുഖചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ പറഞ്ഞു. തൃശൂര്‍ സംവാദവേദി സംഘടിപ്പിച്ച "ഉന്നതവിദ്യാഭ്യാസം: കേന്ദ്രനയങ്ങളും കേരളമാതൃകയും" എന്ന ചര്‍ച്ചയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിദേശസര്‍വകലാശാലകള്‍ക്ക് കടന്നുവരാനുള്ള വഴിതുറക്കാനാണ് നീക്കം. മധ്യവര്‍ഗസമൂഹത്തിന്റെയും ബുദ്ധിജീവികളുടെയും സഹായത്തോടെ ഇതിനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടക്കുന്നത്. ഇത് രാജ്യത്തിന്റെ സംസ്കാരികവും രാഷ്ട്രീയവുമായ ഭാവിക്ക് ഗുണം ചെയ്യില്ല. ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസം അതിന്റെ ധൈഷണികവും സാംസ്കാരികവുമായ അവബോധത്തിലൂന്നിക്കൊണ്ടുള്ളതാകണം. ബിരുദതലംമുതല്‍ മാറ്റമുണ്ടായാലേ ഉന്നതവിദ്യാഭ്യാസമേഖലയില്‍ ഗുണനിലവാരവും ഉയര്‍ത്താനാകൂ. ഗവേഷണതലത്തിലുള്ള ഉയര്‍ന്ന നിലവാരം ഒറ്റദിവസംകൊണ്ട് കൈവരിക്കാവുന്നതല്ല. ഗവേഷണം വിവിധ വിഷയങ്ങളിലുള്ള അറിവുമായി ഇഴചേര്‍ന്നിരിക്കുന്നതാണ്. സാമൂഹ്യനീതിയിലധിഷ്ഠിതമായ സമഗ്ര വിദ്യാഭ്യാസനയമാണ് കേന്ദ്രം ആവിഷ്കരിക്കേണ്ടത്.
കഴിഞ്ഞ പത്തുവര്‍ഷമായി ഉന്നതവിദ്യാഭ്യാസ-ഗവേഷണ ദേശീയ കൗണ്‍സിലിന്റെ സ്വഭാവം അധികാരകേന്ദ്രീകൃതമാണ്. തികച്ചും ജനാധിപത്യവിരുദ്ധവും അധികാരകേന്ദ്രീകൃതവുമായ കമ്മിറ്റിയുണ്ടാക്കുന്ന നയങ്ങളാണ് കേന്ദ്രവിദ്യാഭ്യാസനയമായി മാറുന്നത്. എന്നാല്‍ , ബദല്‍സംവിധാനത്തിലൂടെ സമഗ്ര വിദ്യാഭ്യാസവികസനനയം രൂപീകരിച്ച് മാതൃക കാട്ടുകയാണ് കഴിഞ്ഞ അഞ്ചു വര്‍ഷം കേരളം ചെയ്തത്. ആറംഗങ്ങളുള്ള കൗണ്‍സിലാണ് ഒരു രാജ്യത്തിന്റെ വിദ്യാഭ്യാസവികസനനയം പ്രഖ്യാപിക്കുന്നത്. സമൂഹത്തിന്റെ പത്തുശതമാനം വരുന്ന സമ്പന്നന് അപ്ലൈഡ് സയന്‍സിന്റെയും ടെക്നിക്കല്‍ സയന്‍സിന്റെയും ഉന്നതവിദ്യാഭ്യാസമേഖലയില്‍ കടന്നുകയറുന്നതിനുവേണ്ടി മാത്രം കൂടുതല്‍ തുക ചെലവാക്കുകയാണ് ഇവര്‍ . സാധാരണക്കാരന് മാനവികവിഷയങ്ങളിലും ശാസ്ത്രവിഷയങ്ങളിലും പഠിക്കുന്നതിന് പണം നീക്കിവയ്ക്കാനാവില്ലെന്നാണ് ഇവര്‍ പറയുന്നത്. എന്‍ജിഒ യൂണിയന്‍ ഹാളില്‍ നടന്ന ചര്‍ച്ചയില്‍ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍ അധ്യക്ഷനായി. എകെപിസിടിഎ ജില്ലാ സെക്രട്ടറി പി എസ് ഫിറോസ് സ്വാഗതം പറഞ്ഞു.
deshabhimani 021111
No comments:
Post a Comment