Friday, November 4, 2011
വീണ്ടും കൊള്ളയടി
രാജ്യത്ത് ദുസ്സഹമായ വിലക്കയറ്റത്തിനിടെ പെട്രോളിന്റെ വില വീണ്ടും കൂട്ടി. അസംസ്കൃത എണ്ണയുടെ വില തുടര്‍ച്ചയായി കുറയുന്നതിനിടയിലും രൂപയുടെ മൂല്യമിടിവിന്റെ പേരിലാണ് എണ്ണക്കമ്പനികള്‍ ലിറ്ററിന് 1.82 രൂപ കൂട്ടിയത്. പുതിയ നിരക്ക് വ്യാഴാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. ഒരു വര്‍ഷത്തിനിടെ ആറു തവണയായി 18.44 രൂപയാണ് എണ്ണക്കമ്പനികള്‍ പെട്രോളിന് കൂട്ടിയത്. രണ്ടുമാസത്തിനിടെ ലിറ്ററിന് അഞ്ചുരൂപയുടെ വര്‍ധനയാണ് വരുത്തിയത്. വിലനിയന്ത്രണം എടുത്തുകളഞ്ഞതിനാല്‍ ഇപ്പോഴത്തെ വര്‍ധനയ്ക്ക് തങ്ങള്‍ കാരണക്കാരല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയാനുമതിയോടെയാണ് പൊതുമേഖലാ കമ്പനികള്‍ വില ഉയര്‍ത്തിയത്. രൂപയുടെ മൂല്യമിടിയുന്നെന്ന കാരണംകാട്ടി ഈ വര്‍ഷം ഇനിയും പെട്രോള്‍വില കൂട്ടുമെന്നാണ് സൂചന. കഴിഞ്ഞ രണ്ടുവട്ടവും എണ്ണക്കമ്പനികള്‍ വില ഉയര്‍ത്തിയത് ഇതിന്റെ പേരിലാണ്. ഡീസലിന്റെയും പാചകവാതകത്തിന്റെയും വില വീണ്ടും കൂട്ടാനും എണ്ണക്കമ്പനികള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഇന്ധനവിലയുടെ കാര്യത്തില്‍ അധികാരമുള്ള മന്ത്രിതലസമിതിയാകും അന്തിമതീരുമാനമെടുക്കുക. 22ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുംമുമ്പ് സമിതി യോഗം ചേര്‍ന്ന് ഡീസല്‍ , പാചകവാതക വിലകള്‍ കൂട്ടാനാണ് സാധ്യത. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് പെട്രോളിയംമന്ത്രി ജയ്പാല് റെഡ്ഡി കഴിഞ്ഞ ദിവസം ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രണബ് മുഖര്‍ജിയാണ് മന്ത്രിസമിതി തലവന്‍ .
ഡീസല്‍ ലിറ്ററിന് മൂന്നുരൂപയും പാചകവാതകത്തിന് സിലിണ്ടറിന് 75 രൂപയും കൂട്ടണമെന്ന നിര്‍ദേശമാണ് എണ്ണക്കമ്പനികള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. രൂപയുടെ മൂല്യമിടിവുകാരണം പ്രതിദിനം 300 കോടിയിലേറെ രൂപയുടെ വരുമാനക്കുറവ് (ഇറക്കുമതി വിലയും ആഭ്യന്തരവിലയും തമ്മിലുള്ള അന്തരം) ഉണ്ടെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ഇത് നികത്താന്‍ വിലവര്‍ധനയല്ലാതെ മറ്റു വഴിയില്ലെന്നും അല്ലെങ്കില്‍ സര്‍ക്കാരിന്റെ എണ്ണസബ്സിഡി ചെലവ് കൂടുമെന്നും എണ്ണക്കമ്പനികള്‍ വാദിക്കുന്നു. സബ്സിഡി ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്ന കേന്ദ്രമാകട്ടെ ഈ ഭാരം ജനങ്ങളുടെ തലയില്‍ വയ്ക്കുകയാണ്. പെട്രോള്‍ വില്‍പ്പനയില്‍ ലിറ്റിറിന് 1.52 രൂപയുടെ വരുമാനക്കുറവാണ് എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നത്. ഇതിനൊപ്പം 20 ശതമാനത്തോളം നികുതികൂടി ചേരുമ്പോഴാണ് വിലവര്‍ധന 1.82 രൂപയായത്. ഇന്ത്യന്‍ ഓയില്‍ കമ്പനിയാണ് വിലവര്‍ധന ആദ്യം പ്രഖ്യാപിച്ചത്. പിന്നാലെ മറ്റു കമ്പനികളും വില കൂട്ടുകയായിരുന്നു. പെട്രോള്‍വിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ധന റിലയന്‍സുപോലുള്ള സ്വകാര്യകമ്പനികള്‍ക്കും നേട്ടമാകുന്നുണ്ട്.
(എം പ്രശാന്ത്)
ഭക്ഷ്യവിലകള്‍ കുതിച്ചുയരുന്നു
ജനജീവിതം കൂടുതല്‍ ദുരിതമയമാക്കി രാജ്യത്തെ ഭക്ഷ്യപണപ്പെരുപ്പം 12.21 ശതമാനമായി ഉയര്‍ന്നു. ഒക്ടോബര്‍ 22ന് അവസാനിച്ച ആഴ്ചയിലെ കണക്കാണ് സര്‍ക്കാര്‍ വ്യാഴാഴ്ച പുറത്തുവിട്ടത്. പിന്നിട്ട ഒന്‍പത് മാസകാലയളവിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണിത്. തൊട്ടുമുമ്പുള്ള ആഴ്ചയില്‍ ഭക്ഷ്യപണപ്പെരുപ്പം 11.43 ആയിരുന്നു. പണപ്പെരുപ്പം ഇരട്ടഅക്കത്തില്‍ തുടരുന്നത് അപകടകരമാണെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി സമ്മതിച്ചു. പച്ചക്കറിയുടെ വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 28.89 ശതമാനം വര്‍ധിച്ചതായും സര്‍ക്കാര്‍ വ്യക്തമാക്കി. പയര്ഇനങ്ങള്ക്ക് 11.65 ശതമാനവും പഴത്തിന് 11.63 ശതമാനവും പാലിന് 11.73 ശതമാനവുമാണ് വില വര്‍ധന. മുട്ട, ഇറച്ചി എന്നിവയ്ക്ക് 13.63 ശതമാനവും വില വര്‍ധിച്ചു. അതേസമയം ഉള്ളി, ഗോതമ്പ് എന്നിവയുടെ വില കുറഞ്ഞു.
ഭക്ഷ്യപണപ്പെരുപ്പം വര്‍ധിക്കുന്നത് ആശങ്കാജനകമാണെങ്കിലും ഉത്സവകാലത്തെ വന്‍തോതിലുള്ള വാങ്ങല്‍ ഇതിന് കാരണമാണെന്ന് ധനമന്ത്രി അവകാശപ്പെട്ടു. പണപ്പെരുപ്പം കുറയ്ക്കാനെന്ന പേരില്‍ റിസര്‍വ് ബാങ്ക് 2010 മാര്‍ച്ചിനുശേഷം 13 പ്രാവശ്യമാണ് പലിശനിരക്കുകള്‍ ഉയര്‍ത്തിയത്. ഇത് ഫലപ്രദമല്ലെന്ന് കുതിച്ചുയരുന്ന ഭക്ഷ്യവിലകള്‍ വ്യക്തമാക്കുന്നു. വിലക്കയറ്റം സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ തിരുത്താതെ പോംവഴിയില്ലെന്നാണ് വര്‍ധിച്ച പണപ്പെരുപ്പനിരക്ക് തെളിയിക്കുന്നത്. ഇന്ധനവിലകള്‍ വീണ്ടും വര്‍ധിപ്പിക്കുന്നതോടെ ഭക്ഷ്യപ്പെരുപ്പം കൂടുതല്‍ നിയന്ത്രണാതീതമാകും. പെട്രോളിന് വീണ്ടും വില വര്‍ധിപ്പിച്ചിരിക്കയാണ്. ധാന്യോല്‍പ്പാദനവും പയറുവര്‍ഗങ്ങളുടെ ഉല്‍പ്പാദനവും ഗണ്യമായി വര്‍ധിച്ചിട്ടും അവയുടെ വില കുതിച്ചുകയറുകയാണ്. നിത്യോപയോഗ സാധനങ്ങള്‍ പൊതുവിതരണ ശൃംഖലയുണ്ടാക്കി അതുവഴി വിതരണംചെയ്താല്‍ പാവപ്പെട്ടവരെയും സാധാരണക്കാരെയും വിലക്കയറ്റത്തിന്റെ ആഘാതത്തില്‍നിന്ന് വലിയ അളവുവരെ കാത്തുരക്ഷിക്കാനാകും. എന്നാല്‍ , കേന്ദ്രസര്‍ക്കാരിനും യുപിഎയിലെ കക്ഷികള്‍ക്കും അതില്‍ താല്‍പ്പര്യമില്ല. പൊതുവിതരണശൃംഖല രൂപീകരിക്കാനും പ്രവര്‍ത്തിപ്പിക്കാനും വേണ്ട മുതല്‍മുടക്ക് സര്‍ക്കാര്‍ ചെയ്യുന്നില്ല. സംസ്ഥാന സര്‍ക്കാരുകളെ സഹായിക്കുന്നുമില്ല. ഫുഡ്കോര്പറേഷന് കൃഷിക്കാരില്‍നിന്ന് വാങ്ങുന്ന ധാന്യങ്ങളും മറ്റും പൊതുവിതരണശൃംഖലവഴി കുറഞ്ഞ വിലയ്ക്ക് വിതരണംചെയ്യാനല്ല, സ്വകാര്യകച്ചവടക്കാര്‍ക്ക് വില്‍ക്കാനാണ് അവര്‍ക്ക് താല്‍പ്പര്യം.
deshabhimani 041111
Labels:
രാഷ്ട്രീയം,
വാർത്ത,
വിലക്കയറ്റം
Subscribe to:
Post Comments (Atom)
രാജ്യത്ത് ദുസ്സഹമായ വിലക്കയറ്റത്തിനിടെ പെട്രോളിന്റെ വില വീണ്ടും കൂട്ടി. അസംസ്കൃത എണ്ണയുടെ വില തുടര്‍ച്ചയായി കുറയുന്നതിനിടയിലും രൂപയുടെ മൂല്യമിടിവിന്റെ പേരിലാണ് എണ്ണക്കമ്പനികള്‍ ലിറ്ററിന് 1.82 രൂപ കൂട്ടിയത്. പുതിയ നിരക്ക് വ്യാഴാഴ്ച അര്‍ധരാത്രി നിലവില്‍വന്നു. ഒരു വര്‍ഷത്തിനിടെ ആറു തവണയായി 18.44 രൂപയാണ് എണ്ണക്കമ്പനികള്‍ പെട്രോളിന് കൂട്ടിയത്. രണ്ടുമാസത്തിനിടെ ലിറ്ററിന് അഞ്ചുരൂപയുടെ വര്‍ധനയാണ് വരുത്തിയത്.
ReplyDelete