Friday, November 4, 2011

വയനാടന്‍ കളപ്പുരകളില്‍ വീണ്ടും നിലവിളി ഉയരുന്നു


പാട്ടത്തിനെടുത്ത ഭൂമിയില്‍ എല്ലാം സമര്‍പ്പിച്ച് കൃഷിയിറക്കിയ ശശിയും കുടുംബവും പച്ചപിടിച്ചു തുടങ്ങിയതായിരുന്നു. എന്നാല്‍ , കഴിഞ്ഞ കുറെ നാളായി എല്ലാം തകിടംമറിഞ്ഞു. വിളകള്‍ക്ക് വില കുത്തനെ ഇടിഞ്ഞു. രാസവളവില കുതിച്ചുയര്‍ന്നു. പിടിച്ചുനില്‍ക്കാന്‍ എല്ലാ ശ്രമവും നടത്തി. കഴിയാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങി. എന്നിട്ടും പിടിച്ചുനില്‍ക്കാനായില്ല. ശശിക്കു മുന്നില്‍ മറ്റൊരു വഴിയും തെളിഞ്ഞില്ല. ഒരു കുപ്പിവിഷത്തില്‍ അയാള്‍ ജീവിതം അവസാനിപ്പിച്ചു. കാര്‍ഷികവിപണിയിലെ തകര്‍ച്ചയെത്തുടര്‍ന്ന് കടക്കെണിയിലായ വയനാട് വെള്ളമുണ്ട മഞ്ജുഷാലയത്തില്‍ സി പി ശശി (55) ബുധനാഴ്ചയാണ് ജീവനൊടുക്കിയത്.

വയനാട് വീണ്ടും ഇരുണ്ടനാളുകളിലേക്ക് തിരിച്ചുപോകുകയാണോ എന്ന ആശങ്ക കേരളത്തെ പിടികൂടിയിരിക്കുന്നു. ശശിയും കുടുംബവും കൃഷി ഉപജീവനമാര്‍ഗമാക്കിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. വാഴയും ഇഞ്ചിയും നെല്ലുമാണ് കൃഷി ചെയ്തിരുന്നത്. ആദ്യം നല്ല മെച്ചമായിരുന്നു. കുറച്ചുകാലമായി തുടര്‍കൃഷി വന്‍ നഷ്ടമായി. വാഴക്കുലയ്ക്കും ഇഞ്ചിക്കും വിലയിടിഞ്ഞു. വാഴക്കുല കിലോയ്ക്ക് 32 രൂപയുണ്ടായിരുന്നത് എട്ടു രൂപയായി. ഇഞ്ചിക്ക് 3000 രൂപയുണ്ടായിരുന്നത് എണ്ണൂറിലേക്ക് താണു. രാസവളവില ഇരട്ടിയായി. കൃഷി ഉപകരണങ്ങളുടെ ചെലവും ഇരട്ടിച്ചു. കനറ ബാങ്ക്, നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്, സഹകരണബാങ്ക്, പിന്നോക്ക വിഭാഗ വികസന കോര്‍പറേഷന്‍ തുടങ്ങിയ ധനസ്ഥാപനങ്ങളില്‍നിന്നെല്ലാം വായ്പയെടുത്തിരുന്നു. കൃഷി മെച്ചപ്പെടാതായതോടെ വ്യക്തികളില്‍നിന്ന് കടം വാങ്ങി. കടബാധ്യത കൂടി തിരിച്ചടവും ജീവിതവും അസാധ്യമായി. മുപ്പത് സെന്റ് സ്ഥലമാണ് ശശിക്കും കുടുംബത്തിനുമുള്ളത്. കുടുംബനാഥന്റെ മരണത്തോടെ ഈ കുടുംബം കടുത്ത ദുരിതത്തിലേക്ക് എടുത്തെറിയപ്പെട്ടിരിക്കുന്നു.

നേരത്തെ, കാര്‍ഷിക വിലത്തകര്‍ച്ചയും വിളനാശവുമാണ് 2001- 2006ല്‍ 532 കര്‍ഷകരെ വയനാട്ടില്‍ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. കര്‍ഷക ആത്മഹത്യയേ ഇല്ലെന്ന നിലപാടായിരുന്നു അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. മാധ്യമങ്ങള്‍ ശക്തമായി വിഷയത്തില്‍ ഇടപെടുകയും പാര്‍ലമെന്റില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുകയും ചെയ്തു. എന്നിട്ടും കര്‍ഷകരെ ആക്ഷേപിക്കുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ . പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കടാശ്വാസ കമീഷന് രൂപം നല്‍കുകയും കര്‍ഷകരുടെ കടങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തതോടെ ആത്മഹത്യകള്‍ ഇല്ലാതായി. എന്നാല്‍ , യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെ എല്ലാം തകിടംമറിയുകയാണെന്ന ആശങ്ക വയനാട്ടിലാകെ വ്യാപിച്ചിരിക്കുന്നു.
(ഒ വി സുരേഷ്)

deshabhimani 041011

1 comment:

  1. നേരത്തെ, കാര്‍ഷിക വിലത്തകര്‍ച്ചയും വിളനാശവുമാണ് 2001- 2006ല്‍ 532 കര്‍ഷകരെ വയനാട്ടില്‍ ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. കര്‍ഷക ആത്മഹത്യയേ ഇല്ലെന്ന നിലപാടായിരുന്നു അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത്. മാധ്യമങ്ങള്‍ ശക്തമായി വിഷയത്തില്‍ ഇടപെടുകയും പാര്‍ലമെന്റില്‍ ഉള്‍പ്പെടെ ചര്‍ച്ചയാവുകയും ചെയ്തു. എന്നിട്ടും കര്‍ഷകരെ ആക്ഷേപിക്കുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ . പിന്നീട് വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ കടാശ്വാസ കമീഷന് രൂപം നല്‍കുകയും കര്‍ഷകരുടെ കടങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തതോടെ ആത്മഹത്യകള്‍ ഇല്ലാതായി. എന്നാല്‍ , യുഡിഎഫ് സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയതോടെ എല്ലാം തകിടംമറിയുകയാണെന്ന ആശങ്ക വയനാട്ടിലാകെ വ്യാപിച്ചിരിക്കുന്നു.

    ReplyDelete