Thursday, November 3, 2011

പാതയോരത്ത് പൊതുയോഗം: നിയമത്തിന് സ്റ്റേ

പാതയോരങ്ങളില്‍ പൊതുയോഗം നടത്തുന്നത് സംബന്ധിച്ച് മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം ഹൈക്കോടതി മരവിപ്പിച്ചു. പൊലീസിന്റെ മുന്‍കൂര്‍ അനുമതിയോടെ പാതയോരങ്ങളില്‍ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്താമെന്ന നിയമത്തിലെ വ്യവസ്ഥ ജനങ്ങളുടെ മൗലികാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരും ജസ്റ്റിസ് പി എസ് ഗോപിനാഥനുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യമടക്കം ഹനിക്കുന്നതാണ് നിയമമെന്നും കോടതി പറഞ്ഞു. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നത്ത് ഡിവൈഎഫ്ഐ പന്തല്‍കെട്ടി നടത്തിയ പൊതുയോഗം കോടതിയലക്ഷ്യമാണെന്ന് പരാതിപ്പെട്ട് ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പിള്ളി സമര്‍പ്പിച്ച കേസിലാണ് ഉത്തരവ്.

പാതയോരത്തെ പൊതുയോഗം കോടതി നിരോധിച്ച സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയമം നിര്‍മിച്ചത്. പൊതുനിരത്തുകള്‍ക്കരുകില്‍ പൊതുയോഗം നടത്താന്‍ ഉപാധികളോടെ അനുമതിനല്‍കാന്‍ വ്യവസ്ഥചെയ്യുന്ന നിയമം നിലവിലുള്ളതായി സര്‍ക്കാര്‍ വിശദീകരിച്ചു. നിയമം നടപ്പാക്കുന്നത് സ്റ്റേചെയ്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിക്കാന്‍ ഡിജിപിക്ക് കോടതി നിര്‍ദേശംനല്‍കി. ആലുവ റെയില്‍വേ സ്റ്റേഷനു സമീപം പൊതുയോഗം നടത്തിയതിനെതിരെയുള്ള ഹര്‍ജിയിലാണ് ഇതേ ഡിവിഷന്‍ ബെഞ്ച് നിരോധം ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ സമര്‍പ്പിച്ച റിവ്യുഹര്‍ജിയും ഹൈക്കോടതിവിധിക്കെതിരെ നല്‍കിയ അപ്പീല്‍ സുപ്രീംകോടതിയും തള്ളിയിരുന്നു. തുടര്‍ന്നാണ് നിയമസഭ ഐകകണ്ഠ്യേന നിയമം നിര്‍മിച്ചത്.

deshabhimani 031111

No comments:

Post a Comment