Saturday, November 19, 2011

ബിപിഎല്‍ കാര്‍ഡ് നല്‍കുമെന്ന പ്രചാരണം വഞ്ചന: സിപിഐ എം

മലപ്പുറം: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നിവേദനം നല്‍കിയാല്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡ് ലഭിക്കുമെന്ന് പ്രചരിപ്പിക്കുന്നത് അനീതിയും രാഷ്ട്രീയ വഞ്ചനയുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിയില്‍ ആളെക്കൂട്ടാന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടക്കുന്നത്. നിലവില്‍ എപിഎല്‍ കാര്‍ഡുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയാല്‍ ബിപിഎല്‍ കാര്‍ഡ് കിട്ടുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് നല്‍കാന്‍ ഇക്കാര്യം സൂചിപ്പിക്കുന്ന നിവേദനവും യുഡിഎഫുകാര്‍തന്നെ തയ്യാറാക്കുന്നുണ്ട്. ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് ലഭിച്ച നിവേദനങ്ങളില്‍ കൂടുതലും കാര്‍ഡ് മാറ്റം സംബന്ധിച്ചതാണെന്നാണ് വിവരം. തെറ്റിദ്ധരിക്കപ്പെട്ട കുടുംബങ്ങളാണ് ഇത്തരത്തില്‍ നിവേദനം തയ്യാറാക്കുന്നത്. മുന്‍കൂട്ടി തയ്യാറാക്കിയ ഉത്തരവുമായാണ് ഉമ്മന്‍ചാണ്ടി കോഴിക്കോട്ട് സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തത്. അതിനാല്‍ മലപ്പുറത്ത് നടക്കുന്ന സമ്പര്‍ക്ക പരിപാടിയിലേക്കെത്തുന്നവരുടെ എണ്ണം കുറയാന്‍ സാധ്യതയുണ്ടെന്ന് കണ്ടാണ് പുതിയ നീക്കം.

ജില്ലയില്‍ നിലവില്‍ രണ്ടുലക്ഷം ബിപിഎല്‍ കാര്‍ഡുകളാണുള്ളത്. ഇത് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒരു നീക്കവും നടന്നിട്ടില്ലെന്ന് മാത്രമല്ല, രണ്ടുവര്‍ഷം മുമ്പ് കുടുംബശ്രീ നടത്തിയ സെന്‍സസ് പ്രകാരം ഒരു ലക്ഷം പേര്‍കൂടി ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ളവരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇത്തരക്കാരെയൊന്നും പരിഗണിക്കാതെ മുഖ്യമന്ത്രിയുടെ സമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കുമാത്രം ഈ അനുകുല്യം വിതരണംചെയ്യാന്‍ കഴിയില്ലെന്ന ഉറച്ച ബോധത്തോടെ തന്നെയാണ് നുണപ്രചാരണം നടത്തുന്നത്. ജനങ്ങളെ കബളിപ്പിക്കുന്ന ഈ പ്രചാരണത്തില്‍നിന്ന് യുഡിഎഫ് പിന്‍മാറണം. പ്രാദേശിക നേതാക്കളുടെ ഇടപെടലിന്റെ ഭാഗമായി അര്‍ഹതയില്ലാത്തവര്‍ ബിപിഎല്‍ പട്ടികയില്‍ കയറിക്കൂടാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ ശക്തമായ പ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വംനല്‍കുമെന്ന് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ബിപിഎല്‍ കാര്‍ഡിന് പ്രത്യേക അപേക്ഷ വേണ്ടെന്ന് കലക്ടര്‍

മലപ്പുറം: ബിപിഎല്‍ റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടെന്ന് കലക്ടര്‍ എം സി മോഹന്‍ദാസ് അറിയിച്ചു. ഇതോടെ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് ആളെക്കൂട്ടാന്‍ യുഡിഎഫ് നടത്തിയ നീക്കം വിവാദമായി. പരിപാടിയില്‍ പങ്കെടുത്ത് അപേക്ഷ നല്‍കിയാല്‍ ബിപിഎല്‍ കാര്‍ഡ് ലഭിക്കുമെന്നായിരുന്നു പ്രചാരണം. ഇതേത്തുടര്‍ന്ന് ബിപിഎല്‍ കാര്‍ഡ് ലഭിക്കാനുള്ള അപേക്ഷ കുന്നുകൂടുകയാണ്. ഈ സാഹചര്യത്തിലാണ് കലക്ടര്‍ വിശദീകരണവുമായി രംഗത്തുവന്നത്. 2009ലെ ബിപിഎല്‍ പട്ടിക പ്രകാരമുള്ള കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ ബിപിഎല്‍ ആക്കി മാറ്റുന്നതിന് കലക്ടര്‍മാര്‍ക്ക് അധികാരം ലഭിച്ചിട്ടുണ്ട്.പ്രത്യേക അപേക്ഷ കൂടാതെ തന്നെ അര്‍ഹരായ ആളുകളുടെ കാര്‍ഡുകള്‍ താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ ബിപിഎല്‍ ആക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കും. ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവരെ സംബന്ധിച്ച് പ്രത്യേക സര്‍വെ നടത്തി തീരുമാനമെടുക്കുന്നതാണെന്നും പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ലെന്നും കലക്ടര്‍ അറിയിച്ചു.

deshabhimani 191111

1 comment:

  1. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ നിവേദനം നല്‍കിയാല്‍ ബിപിഎല്‍ റേഷന്‍ കാര്‍ഡ് ലഭിക്കുമെന്ന് പ്രചരിപ്പിക്കുന്നത് അനീതിയും രാഷ്ട്രീയ വഞ്ചനയുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. ജനസമ്പര്‍ക്ക പരിപാടിയില്‍ ആളെക്കൂട്ടാന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണമാണ് നടക്കുന്നത്. നിലവില്‍ എപിഎല്‍ കാര്‍ഡുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയാല്‍ ബിപിഎല്‍ കാര്‍ഡ് കിട്ടുമെന്നാണ് പറയുന്നത്. മുഖ്യമന്ത്രിക്ക് നല്‍കാന്‍ ഇക്കാര്യം സൂചിപ്പിക്കുന്ന നിവേദനവും യുഡിഎഫുകാര്‍തന്നെ തയ്യാറാക്കുന്നുണ്ട്.

    ReplyDelete