ഐക്യകേരളപ്പിറവിയുടെ അമ്പത്തഞ്ചാം വാര്‍ഷികദിനത്തില്‍ രാഷ്ട്രത്തിനുമുമ്പില്‍ ലജ്ജകൊണ്ട് കേരളം ശിരസ്സുതാഴ്ത്തി നില്‍ക്കേണ്ട അവസ്ഥയാണ് ഭരണാധികാരിവൃന്ദം സൃഷ്ടിച്ചിട്ടുള്ളത്. സംസ്കാരരഹിതമായ വാക്കും കര്‍മവുംകൊണ്ട് ദേശീയതലത്തില്‍ത്തന്നെ കേരളം അപഹസിക്കപ്പെടുന്ന അപമാനകരമായ അവസ്ഥയാണ് മന്ത്രി ഗണേശ്കുമാറും ചീഫ് വിപ്പ് പി സി ജോര്‍ജും മറ്റും ഉണ്ടാക്കിവയ്ക്കുന്നത്. ഏറ്റവുമൊടുവില്‍ പി സി ജോര്‍ജ് സഭ്യേതരവും ആക്ഷേപകരവുമായി ഭര്‍ത്സിച്ചത് കേരളത്തിന്റെ സാംസ്കാരിക മനഃസാക്ഷി എന്ന വിശേഷണത്തിന് യോഗ്യനായ അഭിവന്ദ്യനായ ഡോ. സുകുമാര്‍ അഴീക്കോടിനെയാണ്. അച്ചടിമാധ്യമത്തില്‍ ഉദ്ധരിക്കാനാകാത്തവിധത്തിലുള്ള വാക്കുകളാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ജോര്‍ജ് സുകുമാര്‍ അഴീക്കോടിനെതിരെ പ്രയോഗിച്ചത്. ഏത് വാക്കും അതുപയോഗിക്കുന്ന വ്യക്തിയുടെ സംസ്കാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ആ തത്വം മുന്‍നിര്‍ത്തി ക്ഷമിക്കാവുന്നതല്ല ഗണേശ്കുമാറിന്റെയും ജോര്‍ജിന്റെയുമൊക്കെ മലീമസമായ പദപ്രയോഗങ്ങളെ.
കേരളത്തിന്റെ പ്രബുദ്ധമായ സാംസ്കാരികാന്തരീക്ഷത്തില്‍ മാലിന്യം പടര്‍ത്തുന്നവിധത്തിലാണ് ഇവരുടെ കടിഞ്ഞാണില്ലാത്ത പ്രയോഗങ്ങള്‍ . നമ്മുടെ സംസ്കാരത്തിന് വകവച്ചുകൊടുക്കാനാവുന്നതല്ല ഈ വിധത്തിലുള്ള ജീര്‍ണമായ ഇടപെടലുകള്‍ . തിരു-കൊച്ചി-മലബാര്‍ പ്രദേശങ്ങളെ സംയോജിപ്പിച്ച് ഐക്യകേരളം സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ത്യാഗപൂര്‍വം പ്രവര്‍ത്തനരംഗത്ത് ഇറങ്ങിയ ജനനായകരുടെ മനസ്സില്‍ ഐക്യകേരളത്തിന്റെ സാംസ്കാരിക സ്വഭാവം എന്താകണമെന്നതിനെക്കുറിച്ച് വ്യക്തമായ സ്വപ്നങ്ങളുണ്ടായിരുന്നു. ആ മഹത്വ്യക്തിത്വങ്ങള്‍ പോയ്മറഞ്ഞു. ഇന്ന് ജനപ്രതിനിധികളായി എത്തിയ ചിലര്‍ അവരുടെ സ്വപ്നങ്ങളെ തകര്‍ത്തെറിയുക മാത്രമല്ല, കേരളത്തെ സംസ്കാരരാഹിത്യത്തിന്റെ വിഷലായനിയില്‍ മുക്കിയെടുക്കാന്‍കൂടി ശ്രമിക്കുകയുമാണ്. "പണ്ട് മനുഷ്യര്‍ നടന്നയിടങ്ങളിലൊക്കെയുമിപ്പോള്‍ അധോമുഖവാമനര്‍ ; ഇത്തിരിവട്ടംമാത്രം കാണ്‍മവര്‍ ; ഇത്തിരിവട്ടം ചിന്തിക്കുന്നവര്‍" എന്ന് മഹാകവി വൈലോപ്പിള്ളി വിശേഷിപ്പിച്ചത് ഇത്തരക്കാരെക്കുറിച്ചാകണം. ഐക്യകേരളപ്പിറവിയുടെ ഘട്ടത്തില്‍ത്തന്നെ അവര്‍ അധികാരസ്ഥാനങ്ങളിലിരുന്നുകൊണ്ട് കേരളത്തിന്റെ സംസ്കാരത്തെയും അതിന്റെ പതാകവാഹകരെയും ആക്രമിക്കുകയും ഭര്‍ത്സിക്കുകയും ചെയ്യുന്നുവെന്നതാണ് ലജ്ജാകരമായ കാര്യം. ടെലിവിഷന്‍ ഇന്ന് ഓരോ വീടിന്റെയും പൂമുഖത്തേക്ക് ഇവരെ എത്തിക്കുകയാണ്. ഭരണാധികാരത്തിലുള്ളവരെല്ലാം "റോള്‍ മോഡലുകള്‍" ആണെന്ന് തെറ്റിദ്ധരിച്ചിട്ടുള്ള ഇളമുറക്കാര്‍കൂടിയുള്ള സമൂഹമാണിത്. അവര്‍ ഇവരെ മാതൃകാവ്യക്തിത്വങ്ങളായി അംഗീകരിക്കുകയും ഇവരുടെ വാക്പ്രയോഗങ്ങളെ അനുകരിക്കുകയും ചെയ്തു തുടങ്ങിയാല്‍ എന്താകും നാളത്തെ കേരളത്തിന്റെ സ്ഥിതി? അതാലോചിച്ചാല്‍ ഉത്തരവാദിത്തബോധമുള്ള, കുട്ടികള്‍ നല്ലവരായി വളരണമെന്ന് ആഗ്രഹമുള്ള ഏതച്ഛനമ്മമാരും ഇവരുടെ ചിത്രം തെളിയുന്ന മാത്രയില്‍ത്തന്നെ കുട്ടികള്‍ക്കു മുന്നിലിരിക്കുന്ന ടെലിവിഷന്‍ ഓഫ് ചെയ്യും. അത്ര കൊടിയ സാംസ്കാരിക മലിനീകരണമാണ് മന്ത്രിയും ചീഫ്വിപ്പുമൊക്കെ നടത്തുന്നത്. ഇതിന് അവസാനമുണ്ടായേ പറ്റൂ.
ഡോ. സുകുമാര്‍ അഴീക്കോട് പല തലമുറകള്‍ക്ക് ഗുരുനാഥനാണ്. വിലപ്പെട്ട തന്റെ രചനകളിലൂടെ വരുംതലമുറകള്‍ക്കും ഗുരുനാഥനാകുമെന്ന് നമുക്ക് ഉറപ്പിക്കാവുന്ന വ്യക്തിയാണ്. അത്തരം അഭിവന്ദ്യവ്യക്തിത്വങ്ങളെ തകര്‍ത്ത് സ്വയം മാതൃകാവ്യക്തിത്വങ്ങളായി ഉയര്‍ത്തിക്കാട്ടാമെന്ന് ഇക്കൂട്ടര്‍ ധരിക്കുന്നുണ്ടെങ്കില്‍ അപഹാസ്യമെന്നേ ആ ധാരണയെ വിശേഷിപ്പിക്കാനാകൂ. അറിവും അറിവുകേടും നെറിവും നെറിവുകേടും തിരിച്ചറിയാന്‍ കഴിയാത്തവര്‍ അറിവുകേടിനെയും നെറികേടിനെയും ധീരതയായി തെറ്റിദ്ധരിക്കുന്നുണ്ടാകാം. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ , അവരുടെ നാവില്‍ വിളയുന്ന ജീര്‍ണപദങ്ങളെയും സംസ്കാരസ്പര്‍ശമേല്‍ക്കാത്ത ചിന്തകളെയുമൊക്കെ അതേപടി ചാനലുകള്‍ ജനങ്ങളിലെത്തിച്ചാലോ? ചാനലുകള്‍ ചിന്തിക്കേണ്ട വിഷയമാണിത്. ഏത് ജീര്‍ണഭാഷയും വകതിരിവില്ലാതെ വിളിച്ചുപറയുന്നവര്‍ ചാനല്‍ ചര്‍ച്ചകളിലുണ്ടായാല്‍ പ്രേക്ഷകസമൂഹത്തിന്റെ സ്വീകാര്യത തങ്ങളുടെ ചാനലുകള്‍ക്കുകിട്ടും എന്ന നിലയിലല്ല, മറിച്ച് അത്തരക്കാരെ അവതരിപ്പിച്ചാല്‍ തങ്ങളുടെ സാംസ്കാരികനിലവാരത്തെ പ്രബുദ്ധമായ പ്രേക്ഷകസമൂഹം അളക്കും എന്ന നിലയിലാണ് ചാനല്‍ അധികൃതര്‍ ഇതിനെയൊക്കെ കാണേണ്ടത്. കേരളത്തിന്റെ സാംസ്കാരികരംഗത്തെ ഒറ്റയാള്‍പട്ടാളമാണ് സുകുമാര്‍ അഴീക്കോട്. ശരിയല്ലാത്തതെന്ന് അദ്ദേഹത്തിന് തോന്നുന്ന കാര്യങ്ങള്‍ ശരിയല്ലെന്ന് അദ്ദേഹം വിളിച്ചുപറയുന്നു. അതിനോട് യോജിക്കുന്നവരുണ്ടാകാം; വിയോജിക്കുന്നവരുണ്ടാകാം. ഏതായാലും സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ അധിക്ഷേപംകൊണ്ടും അവഹേളനംകൊണ്ടും ഹിംസിക്കാമെന്നു കരുതരുത്. അധിക്ഷേപത്തിന്റെ മറയിട്ടുവരുന്നത് ഭീഷണിതന്നെയാണ്. ഈ ഭീഷണിയാകട്ടെ, വിയോജനാഭിപ്രായങ്ങളുടെ വായടപ്പിക്കാനുദ്ദേശിച്ചുള്ളതാണ്; അറിയാനുള്ള ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള ഭീഷണികൂടിയാണിത്. വ്യത്യസ്തങ്ങളായ, ഒരുപക്ഷേ വിരുദ്ധങ്ങള്‍തന്നെയായ അഭിപ്രായങ്ങളെ വകവച്ചുകൊടുക്കുന്ന; അവയ്ക്ക് ഇടമനുവദിക്കുന്ന ഒരു പൊതുവേദി എന്നും കേരളത്തിനുണ്ടായിരുന്നു.
നമ്മുടെ നവോത്ഥാനപൈതൃകത്തിന്റെ ഭാഗമായി നമുക്ക് കൈമാറിക്കിട്ടിയതാണ് ആ പൊതുവേദി. അതിനെ ഇല്ലായ്മചെയ്യാന്‍ സംസ്കാരരാഹിത്യത്തിന്റെ മ്ലേച്ഛശക്തികളെ അനുവദിക്കുന്ന പ്രശ്നമില്ല. ഒറ്റപ്പെട്ടതോ യാദൃച്ഛികമായി വന്നതോ അല്ല ഇവരുടെ വാക്കുകള്‍ . അരനൂറ്റാണ്ടിലേറെക്കാലമായി കേരളത്തിന്റെ പൊതുവേദിയില്‍ നിത്യസാന്നിധ്യമായ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ നികൃഷ്ടമായ വാക്കുകള്‍കൊണ്ട് മന്ത്രി ഗണേശ്കുമാര്‍ ഭര്‍ത്സിച്ചു. ലോക്സഭാംഗമായിരിക്കെ കേരളത്തിന്റെ പ്രശ്നങ്ങള്‍ സമര്‍ഥമായി ഉന്നയിച്ച് ശ്രദ്ധേയനായ പാര്‍ലമെന്റേറിയനാവുകയും ഭാവനാപൂര്‍ണമായ പദ്ധതികളാവിഷ്കരിച്ച് വൈദ്യുതി പ്രശ്നങ്ങളെ മറികടന്ന് മികവുകാട്ടിയ മന്ത്രിയാവുകയും ചെയ്ത എ കെ ബാലനെ ജാതിപറഞ്ഞ് പി സി ജോര്‍ജ് ആക്ഷേപിച്ചു. ഒടുവിലിതാ, അതേ പി സി ജോര്‍ജുതന്നെ നമ്മുടെ സാംസ്കാരികരംഗത്തെ ദീപ്തവ്യക്തിത്വമായ, പല തലമുറകളെ ഇരുട്ടില്‍നിന്ന് വെളിച്ചത്തിലേക്ക് നയിച്ച ഗുരുനാഥനായ, സമൂഹമനസ്സിനെ സുഷുപ്തിയിലേക്ക് വീണുപോകാതെ പുരോഗമനോന്മുഖവും ചടുലവുമായ ചിന്തകള്‍കൊണ്ട് ജാഗ്രതപ്പെടുത്തിപ്പോരുന്ന ഡോ. സുകുമാര്‍ അഴീക്കോടിനെയും ഭര്‍ത്സിക്കുന്നു.
അധികാരം തലയ്ക്കുപിടിച്ചവര്‍ അഹങ്കാരംകൊണ്ട് അതിരുവിടുന്നതിനെ നിയന്ത്രിച്ചുനിര്‍ത്താന്‍ മുഖ്യമന്ത്രിക്ക് ചുമതലയുണ്ട്. അദ്ദേഹം ഫലപ്രദമായി ഇടപെടേണ്ടതുണ്ട്. അതുണ്ടായില്ലെങ്കില്‍ ഗണേശ്കുമാറിന്റെയും പി സി ജോര്‍ജിന്റെയുമൊക്കെ വാക്കുകളുടെ കറ മന്ത്രിസഭയിലാകെ പുരളും. കൂട്ടുത്തരവാദിത്തമാണ് മന്ത്രിസഭയ്ക്കുള്ളത് എന്നാണല്ലോ വെയ്പ്! കേവലമായ ഖേദപ്രകടനംകൊണ്ട് ഒന്നുമാകില്ല. ഖേദപ്രകടനം അധികാരം നിലനിര്‍ത്താന്‍വേണ്ടിയുള്ള അഭ്യാസം മാത്രമാണെന്നത് തെളിഞ്ഞുകഴിഞ്ഞ കാര്യമാണ്. ഇത്തരക്കാരുടെ ജീര്‍ണസംസ്കാരം പടരുന്നതിന് അറുതിവരുത്താമെങ്കില്‍ അതുതന്നെ കേരളത്തോടും വരുംതലമുറയോടും ചെയ്യുന്ന വലിയ ഒരു സേവനമാകും. എന്‍ഡോസള്‍ഫാന്‍ ശരീരങ്ങളെയെന്നപോലെ ഇവരുടെ ജീര്‍ണസംസ്കാരം സമൂഹത്തിന്റെ മനസ്സുകളെ ദുഷിപ്പിക്കുകയാണ്.
deshabhimani editorial 031111
ഐക്യകേരളപ്പിറവിയുടെ അമ്പത്തഞ്ചാം വാര്‍ഷികദിനത്തില്‍ രാഷ്ട്രത്തിനുമുമ്പില്‍ ലജ്ജകൊണ്ട് കേരളം ശിരസ്സുതാഴ്ത്തി നില്‍ക്കേണ്ട അവസ്ഥയാണ് ഭരണാധികാരിവൃന്ദം സൃഷ്ടിച്ചിട്ടുള്ളത്. സംസ്കാരരഹിതമായ വാക്കും കര്‍മവുംകൊണ്ട് ദേശീയതലത്തില്‍ത്തന്നെ കേരളം അപഹസിക്കപ്പെടുന്ന അപമാനകരമായ അവസ്ഥയാണ് മന്ത്രി ഗണേശ്കുമാറും ചീഫ് വിപ്പ് പി സി ജോര്‍ജും മറ്റും ഉണ്ടാക്കിവയ്ക്കുന്നത്. ഏറ്റവുമൊടുവില്‍ പി സി ജോര്‍ജ് സഭ്യേതരവും ആക്ഷേപകരവുമായി ഭര്‍ത്സിച്ചത് കേരളത്തിന്റെ സാംസ്കാരിക മനഃസാക്ഷി എന്ന വിശേഷണത്തിന് യോഗ്യനായ അഭിവന്ദ്യനായ ഡോ. സുകുമാര്‍ അഴീക്കോടിനെയാണ്. അച്ചടിമാധ്യമത്തില്‍ ഉദ്ധരിക്കാനാകാത്തവിധത്തിലുള്ള വാക്കുകളാണ് ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ജോര്‍ജ് സുകുമാര്‍ അഴീക്കോടിനെതിരെ പ്രയോഗിച്ചത്. ഏത് വാക്കും അതുപയോഗിക്കുന്ന വ്യക്തിയുടെ സംസ്കാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ആ തത്വം മുന്‍നിര്‍ത്തി ക്ഷമിക്കാവുന്നതല്ല ഗണേശ്കുമാറിന്റെയും ജോര്‍ജിന്റെയുമൊക്കെ മലീമസമായ പദപ്രയോഗങ്ങളെ.
ReplyDelete