പ്രതിപക്ഷ പ്രതിഷേധം സഭ പിരിഞ്ഞു
പത്തനാപുരം പ്രസംഗം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. വിവാദ പ്രസ്താവന നടത്തിയ ചീഫ് വിപ്പ് പി സി ജോര്‍ജിനെയും മന്ത്രി കെ ബി ഗണേഷ്കുമാറിനെയും പദവികളില്‍ നിന്ന് മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് സഭ പതിനൊന്നുമണി വരെ നിര്‍ത്തിവെച്ചു. വീണ്ടും ആരംഭിച്ചപ്പോഴും ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്പീക്കറുടെ റൂളിങ്ങിനെ പി സി ജോര്‍ജ് ചോദ്യം ചെയ്തത് തെറ്റാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടിയന്തര പ്രമേയത്തിന് മറുപടി നല്‍കി. ജോര്‍ജിനെതിരെ പൊലീസില്‍ ആരും പരാതി നല്‍കിയിട്ടില്ല. "പട്ടിക ജാതി" എന്ന വാക്കുപയോഗിച്ചതിനെതിരെ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
വാച്ച് ആന്‍ഡ് വാര്‍ഡ് വിഷയത്തില്‍ പി സി ജോര്‍ജ് സ്പീക്കറുടെ റൂളിങ്ങിനെതിരെ പ്രതികരിച്ചിരുന്നു. പ്ലാന്റേഷന്‍ തോട്ടം മുറിച്ചു വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിടുണ്ടെന്ന് മന്ത്രി ഷിബു ബേബിജോണ്‍ നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ അറിയിച്ചു. പ്ലാന്റേഷന്റെ ഭൂമിയില്‍ അഞ്ചു ശതമാനം ടൂറിസത്തിനായി ഉപയോഗിക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. കര്‍ഷക ആത്മഹത്യ നടന്നത് ഇപ്പോഴാണെങ്കിലും മരിച്ചയാള്‍ വായ്പയെടുത്തത് വര്‍ഷങ്ങള്‍ക്കു മുമ്പാണെന്ന് മന്ത്രി കെ പി മോഹനന്‍ പറഞ്ഞു. ഗണേഷിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയിരുന്നു.
സഭക്കുപുറത്ത് സ്പീക്കര്‍ക്ക് കാര്യമില്ലെന്ന് ജോര്‍ജ്
സ്പീക്കറുടെ അധികാരപദവി സഭക്കുള്ളില്‍ മാത്രമാണെന്ന് പി സി ജോര്‍ജ്. സഭക്കു പുറത്തുനടന്ന സംഭവങ്ങളില്‍ നടപടിയെടുക്കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലെന്ന് പി സി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹത്തിന്റെ റൂളിങ്ങിന് നിയമസഭക്കകത്തുമാത്രമാണ് പ്രാബല്യം. പൊതുയോഗങ്ങളില്‍ പലതും പറയും. അതിലൊന്നും കേസെടുക്കാനാവില്ല. രാഷ്ട്രീയമായി മുതലെടുക്കാന്‍ പട്ടികജാതിക്കാരെ ഉപയോഗിക്കരുത്. താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും അതിനാല്‍ മാപ്പു പറയാന്‍ തയ്യാറല്ലെന്നും ജോര്‍ജ് പറഞ്ഞു. പട്ടികജാതിയെന്നുമാത്രം പറഞ്ഞാല്‍ കേസെടുക്കാനാവില്ല. പട്ടികജാതിക്കാര്‍ നടത്തിയ ചെങ്ങറ സമരത്തില്‍ താനല്ലാതെ ഒറ്റഎംഎല്‍എമാരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ജോര്‍ജ് പ്രഖ്യാപിച്ചു.
ജോര്‍ജിന്റെ നിലപാട് പ്രതിഷേധാര്‍ഹം വി എസ്
വിവാദപ്രസംഗത്തില്‍ ഖേദപ്രകടനം നടത്തില്ലെന്ന ചീഫ്വിപ്പ് പി സി ജോര്‍ജിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സ്പീക്കര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജോര്‍ജ് ഖേദം പ്രകടിപ്പിച്ചാല്‍ സഭാനടപടികളില്‍ സഹകരിക്കാം എന്നനിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്. ജോര്‍ജിന്റെ നിലപാട് കടുംപിടുത്തമാണ്. വാച്ച് ആന്‍ഡ് വാര്‍ഡിനെ കൈയ്യേറ്റം ചെയ്തിട്ടില്ലെന്ന സ്പീക്കറുടെ റൂളിഗിനു വിരുദ്ധമായാണ് പൊതുയോഗത്തില്‍ പ്രസംഗിച്ചത്. എ കെ ബാലനെ ജാതിപ്പേരുപറഞ്ഞ് അധിക്ഷേപിച്ചു. സ്ത്രീകള്‍ക്കെതിരെ വാക്കുകള്‍കൊണ്ടോ ചേഷ്ടകൊണ്ടോ നടത്തുന്ന ആക്ഷേപം സ്ത്രീപീഡനത്തിന്റെ പരിധിയില്‍ വരുന്നതാണെന്നും വിഎസ് പറഞ്ഞു.
സ്പീക്കറുടെ റൂളിഗ് പുറത്ത്ചോദ്യംചെയ്യുന്നത് ചരിത്രത്തില്‍ ആദ്യമായാണെന്ന് സിപിഐ നിയമസഭാനേതാവ് സി ദിവാകരന്‍ പറഞ്ഞു. ദേശീയ വനിതാ കമീഷനും, ദേശീയ പട്ടികജാതി വികസനകമീഷനും ജോര്‍ജിനെതിരെ നിലപാടെടുത്തിട്ടും പ്രശ്നത്തെ നിസാരവല്‍ക്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് ജനതാദള്‍ നിയമസഭാകക്ഷി നേതാവ് മാത്യു ടി തോമസ് പറഞ്ഞു. ബാലനെതിരെ നടത്തിയ അധിക്ഷേപത്തില്‍ കേസെടുക്കാനാവില്ലെന്ന നിലപാട് തെറ്റാണ്. ആറ്മാസം മുതല്‍ അഞ്ച്വര്‍ഷം വരെ തടവ് നിര്‍ദേശിക്കുന്ന കുറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.
ജോര്‍ജും ഗണേഷും അതിരുകടന്നു: ചെന്നിത്തല
വിവാദ പ്രസംഗങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ കക്ഷി നേതാക്കള്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കെപിസിസി യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. ടി എം ജേക്കബിന്റെയും, എം പി ഗംഗാധരന്റെയും നിര്യാണത്തില്‍ യോഗം അനുശോചിച്ചു. പ്രതിപക്ഷം അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണ്്. സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. പി സി ജോര്‍ജിന്റെയും കെ ബി ഗണേഷ്കുമാറിന്റെയും പ്രസംഗങ്ങള്‍ അതിരുകടന്നുപോയി. പാര്‍ട്ടി പുനഃസംഘടനാ നടപടികള്‍ തുടങ്ങി. പിറവം മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഗണേഷ്കുമാറും പി സി ജോര്‍ജും രാജിവയ്ക്കണം: പിണറായി
പത്തനംതിട്ട: മന്ത്രി ഗണേഷ്കുമാറും ചീഫ് വിപ്പ് പി സി ജോര്‍ജും രാജിവയ്ക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഗണേഷ്കുമാറിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും ബഹിഷ്കരിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചു. പി സി ജോര്‍ജുമായി ഒരു തരത്തിലും സഹകരിക്കാന്‍ തയ്യാറല്ലെന്നും എല്‍ഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. സിപിഐ എം അങ്ങാടിക്കല്‍ ലോക്കല്‍ കമ്മിറ്റി ഓഫീസായ കെ ജനാര്‍ദനന്‍ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി.
ദശാബ്ദങ്ങളായി കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നേതാവാണ് വി എസ് അച്യുതാനന്ദന്‍ . അദ്ദേഹത്തിനെതിരെയാണ് ഗണേഷ്കുമാര്‍ ആക്ഷേപം ചൊരിഞ്ഞത്. അദ്ദേഹത്തിനെതിരെ ഏതെങ്കിലും ഒരു രാഷ്ട്രീയ എതിരാളി ഏതെങ്കിലും ഒരു ഘട്ടത്തില്‍ ഗണേഷ്കുമാര്‍ പറഞ്ഞതുപോലൊരു ആക്ഷേപം ഉന്നയിച്ചിട്ടില്ല. ഖേദം പ്രകടിപ്പിച്ചുവെന്നാണ് ഇപ്പോള്‍ പറയുന്നത്. വി എസിന്റെ പ്രായം പരിഗണിച്ച് ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് പറഞ്ഞത്. ആക്ഷേപം ഉന്നയിക്കുമ്പോള്‍ പ്രായം പരിഗണിച്ചിരുന്നില്ലേ?
പാമൊലിന്‍കേസില്‍ തുടരന്വേഷണം നടക്കട്ടെയെന്ന് പറഞ്ഞ ജഡ്ജിയെ തെറിവിളിച്ച ചീഫ് വിപ്പിനെ തള്ളിപ്പറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായിട്ടില്ല. തെറിയില്‍ ഡോക്ടറേറ്റ് നേടിയ ആളാണ് പി സി ജോര്‍ജ്. നിയമമന്ത്രി ഉള്‍പ്പെടെ ജോര്‍ജിനെ ന്യായീകരിച്ചു. എ കെ ബാലന്‍ പട്ടികജാതിക്കാരനായതുകൊണ്ട് ഒന്നും പറയുന്നില്ലെന്നാണ് ജോര്‍ജ് പറഞ്ഞത്. നിയമസഭയിലുണ്ടായത് സ്വാഭാവികമായ തള്ളിക്കയറ്റമാണെന്ന സ്പീക്കറുടെ റൂളിങ്ങിനെയാണ് വെല്ലുവിളിക്കാന്‍ പി സി ജോര്‍ജ് തയ്യാറായത്. സ്പീക്കര്‍ പറഞ്ഞത് ശരിയല്ലെന്ന് ഒരു യോഗത്തില്‍ പരസ്യമായി ജോര്‍ജ് പറഞ്ഞു.
ബാലകൃഷ്ണപിള്ളയെ ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള ഗവണ്‍മെന്റിന്റെ തീരുമാനം നിയമവിരുദ്ധമാണ്. 138പേരെ ജയിലില്‍നിന്ന് വിട്ടയക്കാനുള്ള ഉത്തരവിറക്കിയത് ബാലകൃഷ്ണപിള്ള എന്ന വ്യക്തിക്കുവേണ്ടിയാണ്. നിയമത്തിലെ വകുപ്പ് ഇളവ് ചെയ്യാന്‍ ഗവണ്‍മെന്റിന് അധികാരമുണ്ടോ? ഈ ഗവണ്‍മെന്റിന്റെ തെറ്റായ നടപടികള്‍ തിരുത്തിക്കാന്‍ ശക്തമായ പ്രക്ഷോഭവും സമരവും മാത്രമേ മാര്‍ഗമുള്ളൂവെന്ന് പിണറായി പറഞ്ഞു. സിപിഐ എം കൊടുമണ്‍ ഏരിയ കമ്മിറ്റിയംഗം എന്‍ വിജയകുമാര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ , സംസ്ഥാനകമ്മിറ്റിയംഗം ആര്‍ ഉണ്ണികൃഷ്ണപിള്ള എന്നിവര്‍ സംസാരിച്ചു.
deshabhimani 031111
No comments:
Post a Comment