Thursday, November 3, 2011

പിള്ളയെ ശിക്ഷിച്ചത് അഴിമതിക്കല്ലെന്ന് മുഖ്യമന്ത്രി

ആര്‍ ബാലകൃഷ്ണപിള്ളയെ അഴിമതിക്കല്ല ശിക്ഷിച്ചതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പിള്ളയെ വിട്ടയച്ചതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. നിയമപരമായ ആനുകൂല്യമാണ് പിള്ളയ്ക്ക് നല്‍കിയത്. നിയമാനുസൃതം കിട്ടുന്ന ആനുകൂല്യങ്ങള്‍ പിള്ളയ്ക്ക് കൊടുത്തതിന്റെപേരില്‍ ആരെങ്കിലും വിമര്‍ശിക്കുമെന്നുകരുതി താന്‍ ഒളിച്ചോടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗതീരുമാനം വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

അഴിമതിനിരോധനനിയമപ്രകാരമല്ല പിള്ളയെ സുപ്രീംകോടതി ഒരുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. പിള്ളയെ വിട്ടയക്കാന്‍ തീരുമാനിച്ച മന്ത്രിസഭായോഗത്തില്‍ ഗണേശ്കുമാര്‍ പങ്കെടുത്തിട്ടില്ല. സര്‍ക്കാരിനുള്ള അധികാരം ഉപയോഗിച്ചാണ് തടവുകാരെ വിട്ടയച്ചത്. ഈ തീരുമാനം പിള്ളയ്ക്കുവേണ്ടി മാത്രമെടുത്തതല്ല. പിള്ളയെ മാത്രമാണ് പരിഗണിച്ചതെങ്കില്‍ നേരത്തെ വിടാമായിരുന്നു. കേരളപ്പിറവിയുടെ പേരില്‍ ആദ്യമായി ശിക്ഷായിളവ് നല്‍കിയതിനെക്കുറിച്ച് ആരാഞ്ഞപ്പോള്‍ എല്ലാക്കാലത്തും സര്‍ക്കാരിന് ചില ഇളവ് നല്‍കാമെന്നായിരുന്നു മറുപടി.

പിള്ളയുടെ മോചനം: ജുഡീഷ്യറിയെ അപമാനിച്ചു

ബാലകൃഷ്ണപിള്ളയെ മോചിപ്പിച്ചതിലൂടെ സര്‍ക്കാര്‍ ജുഡീഷ്യറിയെ അപമാനിച്ചിരിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു. ലെജിസ്ലേറ്റീവിന്റെ അധികാരം ഉപയോഗിച്ച് നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയും കീഴ്വഴക്കങ്ങള്‍ കാറ്റില്‍ പറത്തുകയുംചെയ്തു. ഒരു വര്‍ഷം കഠിനതടവിന് ശിക്ഷിക്കപ്പെട്ടയാള്‍ എട്ട് മാസമെങ്കിലും ശിക്ഷ അനുഭവിക്കണം. എന്നാല്‍ , പിള്ള ജയിലില്‍ കിടന്നത് 69 ദിവസം മാത്രമാണ്. 75 ദിവസം പരോളിലും 85 ദിവസം ആശുപത്രിയിലുമായിരുന്നു. സര്‍ക്കാര്‍ ആശുപത്രികളിലെ പൊലീസ് സെല്ലില്‍ കഴിഞ്ഞാല്‍മാത്രമേ ആശുപത്രിവാസം ജയില്‍വാസമായി കണക്കാക്കൂ. പിള്ള കഴിഞ്ഞ സ്വകാര്യാശുപത്രി മുറി ജയില്‍ ആയി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുമില്ല. ജയിലിനകത്ത് നല്ലനടപ്പും സല്‍സ്വഭാവവും ഉള്ളവര്‍ക്കുമാത്രമേ ശിക്ഷ ഇളവ് നല്‍കാവൂ. എന്നാല്‍ , പിള്ള രണ്ടു വട്ടം നടപടിക്ക് വിധേയനായി. മകന്‍ അംഗമായ മന്ത്രിസഭ അച്ഛനെ മോചിപ്പിച്ച അസാധാരണ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഈ മോചനം അംഗീകരിക്കാനാവില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

deshabhimani 031111

No comments:

Post a Comment