Saturday, November 19, 2011

പെന്‍ഷന്‍ഫണ്ട്: വിദേശമൂലധന ചൂഷണം അനുവദിക്കരുത്

ഏറെക്കാലമായി കോര്‍പ്പറേറ്റ് ധനവ്യാപാരമേഖലയും അവരുടെ ആജ്ഞാനുവര്‍ത്തി എന്നോണം വര്‍ത്തിക്കുന്ന കേന്ദ്ര ഗവണ്‍മെന്റും ആഗ്രഹിച്ചതരത്തില്‍ പെന്‍ഷന്‍ മേഖലയിലേയ്ക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു കടന്നുവരാന്‍ നിയമം വരുന്നു. ഒന്നാം യു പി എ ഗവണ്‍മെന്റിന്റെ കാലത്ത് പെന്‍ഷന്‍ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പി എഫ് ആര്‍ ഡി എ) ബില്‍ 2005 പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടുവെങ്കിലും ഇടതുപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അത് ലാപ്‌സാവുകയായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ബില്‍ അടുത്ത ആഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ മഞ്ഞുകാല സമ്മേളനത്തില്‍ പാസാക്കി എടുക്കാനാണുശ്രമം. 2005 ല്‍ പാസാക്കാന്‍ കഴിയാതിരുന്ന ബില്‍ കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ബി ജെ പിയുടെ മുതിര്‍ന്ന നേതാവും മുന്‍ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്ഹ അധ്യക്ഷനായുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കുവിടുകയായിരുന്നു.

പെന്‍ഷന്‍ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിക്കുന്ന കാര്യത്തില്‍ മറ്റ് ഉദാരവല്‍ക്കരണ നയങ്ങളിലെന്നതുപോലെ മുഖ്യപ്രതിപക്ഷമായ ബി ജെ പിയും യു പി എയ്ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും ഏകാഭിപ്രായക്കാരാണ്. പെന്‍ഷന്‍ പദ്ധതിയുടെ പ്രയോജനം ലഭിക്കേണ്ട ജീവനക്കാരുടെയും തൊഴിലാളികളുടെയും താല്‍പര്യത്തിനൊപ്പം ഉറച്ചുനില്‍ക്കുന്നത് ഇടതുപക്ഷ പാര്‍ട്ടികള്‍ മാത്രമാണെന്ന് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഓരോ പാര്‍ട്ടികളും സ്വീകരിച്ച നിലപാടുകള്‍ വ്യക്തമാക്കുന്നു. ബില്ലില്‍ പെന്‍ഷന്‍ ഫണ്ട് നിക്ഷേപനയം വ്യക്തമാക്കണമെന്നും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിനു സമാനമായി പെന്‍ഷന്‍ ഫണ്ടില്‍ നിന്നും നിശ്ചിതവരുമാനം വരിക്കാരന് സര്‍ക്കാര്‍ ഉറപ്പുനല്‍കണമെന്നും പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് പിന്‍മാറാനുള്ള വരിക്കാരന്റെ അവകാശം സംരക്ഷിക്കപ്പെടണമെന്നും കമ്മിറ്റി ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. വിദേശ മൂലധനനിക്ഷേപ പരിധി 26 ശതമാനമായി പരിമിതപ്പെടുത്തി ബില്ലില്‍ വ്യവസ്ഥ ചെയ്യണമെന്ന ആവശ്യത്തിനു പുറമേയായിരുന്നു അവ. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭായോഗം ഈ ആവശ്യങ്ങള്‍ അപ്പാടെ നിരാകരിക്കുകയായിരുന്നു. തങ്ങളുടെ നേതൃത്വത്തിലുള്ള സ്റ്റാന്‍ഡിംഗ് കമ്മറ്റി നിര്‍ദേശങ്ങള്‍ നിരാകരിക്കപ്പെട്ടെങ്കിലും ഇപ്പോഴത്തെ പ്രതിലോമകരമായ രൂപത്തില്‍ തന്നെ ബില്‍ നിയമമാക്കാന്‍ ബി ജെ പി കൂട്ടുനില്‍ക്കുമെന്നു തന്നെയാണ് സൂചനകള്‍.

പെന്‍ഷന്‍ ഫണ്ടില്‍ വരിക്കാരായ ലക്ഷക്കണക്കിനു ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും നേരിട്ടുള്ള വിദേശ മൂലധനഇടപെടല്‍വഴി വന്‍നേട്ടം കൈവരിക്കാനാവുമെന്ന അടിസ്ഥാനരഹിതമായ പ്രചരണത്തോടെയാണ് പി എഫ് ആര്‍ ഡി എ നിയമനിര്‍മാണത്തിനു യു പി എ സര്‍ക്കാര്‍ മുതിരുന്നത്. ഏതാണ്ട് ഇരുപത്തിയഞ്ച് ലക്ഷം വരിക്കാരും പതിനായിരം കോടി മൂലധന നിക്ഷേപമുള്ള വന്‍ സാമ്പത്തിക സ്രോതസ്സാണ് ദേശീയ പെന്‍ഷന്‍ഫണ്ട്. ഏഷ്യയിലെ മൂന്നാമത്തെ ബൃഹദ്‌സമ്പദ്ഘടനയുടെ പെന്‍ഷന്‍ നിധിയിലേയ്ക്കാണ് ആഗോളമൂലധനത്തിന് വാതില്‍ തുറക്കുന്നത്. ഉദാരവല്‍ക്കരണ കാലഘട്ടത്തിലെ മൂലധനത്തിന്റെ ഊഹക്കച്ചവട സ്വഭാവവും താല്‍പര്യവും വിശദീകരണം അര്‍ഹിക്കുന്നില്ല. ലോകത്തിലെ രണ്ടാമത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളതും സാമ്പത്തിക വളര്‍ച്ചയില്‍ അതിവേഗം മുന്നേറുന്നതുമായ ഇന്ത്യയുടെ പെന്‍ഷന്‍ മേഖല തങ്ങള്‍ക്കായി തുറന്നുകിട്ടണമെന്ന ആഗോള കോര്‍പ്പറേറ്റ് സമ്മര്‍ദ്ദം ദീര്‍ഘകാലമായി തുടര്‍ന്നുവരുന്നതാണ്. ദശലക്ഷക്കണക്കിനു യുവാക്കള്‍ അനുദിനം കടന്നുവരുന്ന ഇന്ത്യയുടെ തൊഴില്‍ മേഖലയും അവരുടെ പെന്‍ഷന്‍ഫണ്ടും ആഗോള മൂലധനത്തിന്റെ ലാഭക്കൊതി വര്‍ധിപ്പിക്കുന്ന സ്വര്‍ണഖനിയാണ്.

അഴിമതി വിവാദങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യു പി എ ഗവണ്‍മെന്റ് ഉദാരീകരണ സാമ്പത്തിക നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്നതായി ഇന്ത്യന്‍ കോര്‍പ്പറേറ്റുകളും അവരുടെ ആഗോളപങ്കാളികളും പരാതിപ്പെട്ടിരുന്നു. അക്കാര്യത്തില്‍ അവര്‍ക്കുള്ള അസംതൃപ്തി അറിയിച്ച് സര്‍ക്കാരിന്റെമേല്‍ സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. 2004 മുതല്‍ ഇന്ത്യയില്‍ പെന്‍ഷന്‍ ഫണ്ട് കൈകാര്യം ചെയ്യുന്ന ഏഴ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളില്‍ ഐ സി ഐ സി, കൊഡാക്ക് മഹീന്ദ്ര, റിലയന്‍സ് ക്യാപിറ്റല്‍ തുടങ്ങി സ്വകാര്യ കമ്പനികളും ഉള്‍പ്പെടുന്നു. അവയിലെല്ലാം അനുവദനീയമായ 26 ശതമാനം വിദേശപങ്കാളിത്തവും ഉണ്ട്.

ഇന്ത്യയുടെ വികസന ആവശ്യങ്ങള്‍ക്കുവേണ്ടി വിനിയോഗിക്കപ്പെടേണ്ട സമ്പത്താണ് ഈവിധം വിദേശമൂലധന ചൂഷണത്തിന് ഇരയാക്കപ്പെടുന്നത്. ഇന്ത്യയിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും ഭാവി ഭദ്രമാക്കേണ്ട പെന്‍ഷന്‍ഫണ്ട് യഥേഷ്ടം വിദേശമൂലധന ചൂഷണത്തിനു തുറന്നിടുകയാണ് പുതിയ നിയമ നിര്‍മ്മാണത്തിന്റെ ലക്ഷ്യം. അത് നിയമംമൂലം 26 ശതമാനമായി പരിമിതപ്പെടുത്താന്‍പോലും യു പി എ സര്‍ക്കാര്‍ സന്നദ്ധമല്ല. ഈ ബില്‍ രാഷ്ട്രസമ്പത്ത് കൊള്ളയടിക്കാന്‍ അനുമതി നല്‍കുകയാണ്. ഇത് കടുത്ത ജനദ്രോഹവും രാഷ്ട്രത്തോടുള്ള വഞ്ചനയുമാണ്.

janayugom editorial 181111

1 comment:

  1. ഏറെക്കാലമായി കോര്‍പ്പറേറ്റ് ധനവ്യാപാരമേഖലയും അവരുടെ ആജ്ഞാനുവര്‍ത്തി എന്നോണം വര്‍ത്തിക്കുന്ന കേന്ദ്ര ഗവണ്‍മെന്റും ആഗ്രഹിച്ചതരത്തില്‍ പെന്‍ഷന്‍ മേഖലയിലേയ്ക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തിനു കടന്നുവരാന്‍ നിയമം വരുന്നു. ഒന്നാം യു പി എ ഗവണ്‍മെന്റിന്റെ കാലത്ത് പെന്‍ഷന്‍ഫണ്ട് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (പി എഫ് ആര്‍ ഡി എ) ബില്‍ 2005 പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടുവെങ്കിലും ഇടതുപക്ഷ പാര്‍ട്ടികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അത് ലാപ്‌സാവുകയായിരുന്നു. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ബില്‍ അടുത്ത ആഴ്ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ മഞ്ഞുകാല സമ്മേളനത്തില്‍ പാസാക്കി എടുക്കാനാണുശ്രമം. 2005 ല്‍ പാസാക്കാന്‍ കഴിയാതിരുന്ന ബില്‍ കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയും ബി ജെ പിയുടെ മുതിര്‍ന്ന നേതാവും മുന്‍ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്ഹ അധ്യക്ഷനായുള്ള സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കുവിടുകയായിരുന്നു.

    ReplyDelete