ടെക്നോപാര്‍ക്കിന് സമീപത്തെ വികസനം കാത്ത് കിടക്കുന്ന കഴക്കൂട്ടം റെയില്‍വേ സ്റ്റേഷന്‍ , തിരുവനന്തപുരത്തിന്റെ ഉപഗ്രഹ സ്റ്റേഷന്‍ എന്ന് വിശേഷിപ്പിക്കുന്ന നേമം സ്റ്റേഷന്‍ , വികസനം പാതി വഴിയില്‍ നിലച്ച കൊച്ചുവേളി സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ ജിഎം സന്ദര്‍ശനം നടത്തി. കൊച്ചുവേളിയില്‍ ശശി തരൂര്‍ എംപിയടക്കം ജിഎമ്മിനെ കാണാനെത്തിയിരുന്നെങ്കിലും ഫണ്ടില്ലാത്തതിനാല്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്നാണ് അദ്ദേഹം എംപിയോടും പറഞ്ഞത്.
നേമത്ത് റെയില്‍വേക്കുള്ള സ്ഥലം ഇപ്പോള്‍ കാട് പിടിച്ച് കിടക്കുകയാണ്. പീരിയോഡിക്കല്‍ ഓവര്‍ഹോളിങ് വര്‍ക്ക് യൂണിറ്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനവും കടലാസിലൊതുങ്ങി. ആയിരക്കണക്കിന് ഐടി ജീവനക്കാര്‍ ജോലിചെയ്യുന്ന ടെക്നോപാര്‍ക്കിന് സമീപത്തെ കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനും അസൗകര്യങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. പരിമിതികള്‍കൊണ്ട് വീര്‍പ്പുമുട്ടുന്ന തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനാണ് ജിഎം ഏറ്റവും ഒടുവില്‍ സന്ദര്‍ശിച്ചത്. ജിഎം വരുന്നതിന് മുന്നോടിയായി സ്റ്റേഷനും പരിസരവും അടിച്ചുവാരി വൃത്തിയാക്കിയിരുന്നു. വൈകിട്ട് 5.30ന് മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലാണ് ജിഎമ്മും സംഘവും പ്രത്യേക ട്രെയിനില്‍ എത്തിയത്. അദ്ദേഹത്തിന് പരിശോധിക്കാനായി തൊട്ട് തലേന്ന് പെയിന്റടിച്ച് കുട്ടപ്പനാക്കിയ ഓക്സിലറി മെക്കാനിക്കല്‍ ടൂള്‍ വാന്‍ നിര്‍ത്തിയിട്ടിരുന്നു. അദ്ദേഹം ട്രെയിനില്‍ നിന്നിറങ്ങി നേരത്തെ സജ്ജമാക്കി നിര്‍ത്തിയ ടൂള്‍ വാന്‍ പരിശോധിച്ചു. തൊട്ടടുത്തുള്ള ആര്‍പിഎഫിന്റെ ഓഫീസും അദ്ദേഹം സന്ദര്‍ശിച്ചു. അര മണിക്കൂറിനുള്ളില്‍ സ്റ്റേഷനിലെ "പരിശോധന" പൂര്‍ത്തിയാക്കി അദ്ദേഹം മടങ്ങി.
പ്രതീക്ഷകള്‍ക്ക് തിരിച്ചടി; ഒന്നും പ്രഖ്യാപിക്കാതെ റെയില്‍വേ ജനറല്‍ മാനേജര്‍ മടങ്ങി
കൊല്ലം: കൊല്ലത്തിന്റെ മെമു പ്രതീക്ഷകള്‍ക്ക് തിരിച്ചടി. റെയില്‍വേ സ്റ്റേഷന് രണ്ടാം കവാടമെന്ന സ്വപ്നവും പൊലിഞ്ഞു. എക്സ്പ്രസ് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ് അനുവദിക്കണമെന്ന ആവശ്യത്തിനും പരിഹാരമായില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന റയില്‍വേ ജനറല്‍ മാനേജര്‍ ദീപക് കിഷന്റെ കൊല്ലം റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശനം കേവലം ചടങ്ങായി മാറി. കൊല്ലം റെയില്‍വേ സ്റ്റേഷന്റെ വികസനവുമായി ബന്ധപ്പെട്ട ഒരു പ്രഖ്യാപനവും നടത്താതെ ജനറല്‍ മാനേജര്‍ മടങ്ങി. തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ജനറല്‍ മാനേജര്‍ വ്യാഴാഴ്ച കൊല്ലത്തെത്തിയത്.
കൊല്ലത്തുനിന്ന് ഉടനെയൊന്നും മെമു സര്‍വീസ് ആരംഭിക്കാനാകില്ലെന്നാണ് ജനറല്‍ മാനേജര്‍ നല്‍കുന്ന സൂചന. റേക്കുകള്‍ ഇല്ലാത്തതാണത്രെ മെമു സര്‍വീസ് ആരംഭിക്കുന്നതിന് തടസ്സമായി ജനറല്‍ മാനേജര്‍ പറഞ്ഞത്. പാലക്കാട്- കോട്ടയം മെമു ആരംഭിച്ചാലും കൊല്ലത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും. കൊല്ലത്തുനിന്ന് ആഗസ്തില്‍ മെമു ഓടിത്തുടങ്ങുമെന്നാണ് നേരത്തെ കൊല്ലം റെയില്‍വേ സ്റ്റേഷനിലെത്തിയ റെയില്‍വേ സഹമന്ത്രി ഇ അഹമ്മദ് പ്രഖ്യാപിച്ചത്. ഒടുവില്‍ കഴിഞ്ഞ മാസം തിരുവനന്തപുരം സന്ദര്‍ശിച്ച റെയില്‍വേ മന്ത്രി ദിനേശ് ത്രിവേദി താമസിയാതെ കൊല്ലം- എറണാകുളം മെമു ഓടുമെന്ന് പറഞ്ഞതല്ലാതെ എന്നു തുടങ്ങുമെന്ന് വ്യക്തമാക്കാതെയാണ് മടങ്ങിയത്. ഉപാസന ആശുപത്രിക്ക് അഭിമുഖമായി റെയില്‍വേ സ്റ്റേഷനിലേക്ക് രണ്ടാം പ്രവേശനകവാടം തുറക്കണമെന്ന ആവശ്യവും ഉടനെയൊന്നും നടപ്പാകില്ല. ഫണ്ടില്ലെന്നാണ് ജനറല്‍ മാനേജര്‍ പറഞ്ഞത്. കൊല്ലം നഗരത്തിലെ ഗതഗാതകുരുക്കിന് വലിയ ആശ്വാസമാകുമായിരുന്ന രണ്ടാം കവാടം തുറക്കുമെന്ന സഹമന്ത്രി ഇ അഹമ്മദിന്റെ പ്രഖ്യാപനവും പാഴായി. രാവിലെ 8.30ന് പ്രത്യേക സലൂണില്‍ കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ജനറല്‍ മാനേജര്‍ നേരെ നവീകരിച്ച ഗുഡ്സ് ഷെഡിന്റെ ഉദ്ഘാടനത്തിനായി പോയി. തുടര്‍ന്ന് റെയില്‍വേസ്റ്റേഷനിലെ സര്‍വെയലന്‍സ് ക്യാമറ സംവിധാനം ഉദ്ഘാടനം ചെയ്തു. റെയില്‍വേ സ്റ്റേഷനിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷം 10.30ന് മടങ്ങി.
മെമു വൈകും; രണ്ടാം പ്രവേശനകവാടത്തിന് ഫണ്ടില്ല: റെയില്‍വേ ജനറല്‍ മാനേജര്‍
കൊല്ലം: കൊല്ലത്തുനിന്ന് മെമു സര്‍വീസ് ഉടന്‍ ആരംഭിക്കില്ലെന്ന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ദീപക് കിഷന്‍ പറഞ്ഞു. തിരുവനന്തപുരം ഡിവിഷനു കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി കൊല്ലത്തെത്തിയ ജനറല്‍ മാനേജര്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു. റേക്കുകള്‍(ബോഗി) ലഭ്യമല്ലാത്തതാണ് പ്രധാന തടസ്സം. പാലക്കാട്ടുനിന്ന് കോട്ടയത്തേക്കുള്ള മെമു സര്‍വീസിനാണ് പ്രഥമ പരിഗണന. പുനലൂര്‍ - ചെങ്കോട്ട ബ്രോഡ്ഗേജ് നിര്‍മാണം പൂര്‍ത്തിയാകാന്‍ മൂന്നുവര്‍ഷമെടുക്കുമെന്നും ദീപക് കിഷന്‍ പറഞ്ഞു. കൊല്ലം റെയില്‍വേ സ്റ്റേഷനിലേക്ക് രണ്ടാം പ്രവേശനകവാടം നിര്‍മിക്കുന്നതിന് ഫണ്ടിന്റെ അപര്യാപ്തത തടസ്സമാണ്. ദീര്‍ഘദൂര എക്സപ്രസ് ട്രെയിനുകള്‍ക്ക് കൂടുതല്‍ സ്റ്റോപ്പ് അനുവദിക്കുന്നത് പ്രായോഗികമല്ലെന്നും ദീപക് കിഷന്‍ പറഞ്ഞു. സ്റ്റോപ്പ് കൂട്ടുന്നതിലുപരി ബോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതാണ് അഭികാമ്യം. ട്രെയിനുകളിലെ യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിനും പണത്തിന്റെ അപര്യാപ്തത തടസ്സമാണെന്നും ദീപക് കിഷന്‍ പറഞ്ഞു.
കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം ടെര്‍മിനല്‍ നിര്‍മിക്കണം: കെ എന്‍ ബാലഗോപാല്‍ എംപി
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷന് രണ്ടാം ടെര്‍മിനല്‍ നിര്‍മിക്കണമെന്ന് കെ എന്‍ ബാലഗോപാല്‍ എംപി ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. വ്യഴാഴ്ച കൊല്ലം റെയില്‍വേ സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോഴാണ് ബാലഗോപാല്‍ നിവേദനം നല്‍കിയത്. കൊല്ലം-ചെങ്കോട്ട ദേശീയപാതയില്‍ ക്രേവന്‍ സ്കൂളിന് മുന്നില്‍ ഒരു ടിക്കറ്റ് കൗണ്ടര്‍ സ്ഥാപിച്ച് ഒരു ഫുട്ഓവര്‍ ബ്രിഡ്ജ് നിര്‍മിച്ചാല്‍ കുറഞ്ഞ ചെലവില്‍ രണ്ടാം ടെര്‍മിനല്‍ യാഥാര്‍ഥ്യമാകും. കഴിഞ്ഞ ഡിസംബറില്‍ മെമുസര്‍വീസ് ആരംഭിക്കുമെന്ന് ഉറപ്പുനല്‍കിയിരുന്ന കാര്യം എംപി നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.
മജിസ്ട്രേട്ട് ചടങ്ങ് ബഹിഷ്ക്കരിച്ചു; റെയില്‍വേ കോടതി കെട്ടിടം ഉദ്ഘാടനം മാറ്റി
കൊല്ലം: മജിസ്ട്രേട്ടിന്റെ ബഹിഷ്ക്കരണത്തെ തുടര്‍ന്ന് റെയില്‍വേ കോടതി കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്താതെ ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ മടങ്ങി. ഉദ്ഘാടനവിവരം തന്നെയും ജുഡിഷ്യല്‍ സ്റ്റാഫിനെയും അറിയിക്കാതിരുന്ന റെയില്‍വേ ഉദ്യോഗസ്ഥ നടപടിയില്‍ പ്രതിഷേധിച്ചാണ് മജിസ്ട്രേട്ട് കെ കെ അനുജന്‍ ചടങ്ങില്‍നിന്ന് വിട്ടുനിന്നത്. നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യാനായി വ്യാഴാഴ്ച രാവിലെ പത്തിന് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ദീപക് കിഷന്‍ എത്തി. എന്നാല്‍ മജിസ്ട്രട്ട് ചടങ്ങ് ബഹിഷ്കരിച്ചതറിഞ്ഞ് ഉദ്ഘാടനം ചെയ്യാതെ മടങ്ങുകയായിരുന്നു. മജിസ്ട്രേട്ട് എറണാകുളത്ത് സിറ്റിങ്ങില്‍ പങ്കെടുക്കാനായി പോകുകയായിരുന്നു. ജിഎമ്മിനെ ബൊക്കെ നല്‍കി സ്വീകരിക്കാന്‍ പ്രോസിക്യൂട്ടറെ നിയോഗിച്ച ശേഷമാണ് മജിസ്ട്രേട്ട് എറണാകുളത്ത് സിറ്റിങ്ങിനായി പോയത്. സിറ്റിങ്ങില്‍ 200 കേസ് തീര്‍പ്പാക്കിയതായി മജിസ്ട്രേട്ട് കെ കെ അനുജന്‍ അറിയിച്ചു. വിവിധ കേസുകളില്‍ പിഴയായി 90000 രൂപയും ഈടാക്കി.
deshabhimani 181111
വികസനപദ്ധതികള്‍ നടപ്പാക്കാന്‍ ഫണ്ടില്ലെന്ന പ്രഖ്യാപനം ആവര്‍ത്തിച്ച് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരും സംഘവും പരിശോധന കഴിഞ്ഞ് മടങ്ങി. സ്റ്റേഷനുകള്‍ പരിശോധിക്കാനായാണ് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ദീപക് കൃഷനും സംഘവും തലസ്ഥാനത്തെത്തിയത്. വ്യാഴാഴ്ച രാവിലെ മുതല്‍ കൊല്ലം മുതല്‍ തിരുവനന്തപുരം വരെയുള്ള സ്റ്റേഷനുകളും പാതയുമാണ് ജനറല്‍ മാനേജര്‍ "പരിശോധിച്ച്" മടങ്ങിയത്. കൊച്ചുവേളി ടെര്‍മിനല്‍ വികസനത്തിനും നേമത്തെ പീരിയോഡിക്കല്‍ ഓവര്‍ഹോളിങ് വര്‍ക്ക് യൂണിറ്റിനും ഫണ്ടിന്റെ അപര്യാപ്തതയുണ്ടെന്നാണ് ജനറല്‍ മാനേജര്‍ ദീപക് കൃഷന്‍ പറഞ്ഞത്. ഫണ്ട് ലഭിക്കുകയാണെങ്കില്‍ ഒന്നര വര്‍ഷത്തിനകം കൊച്ചുവേളി വികസനം പൂര്‍ത്തിയാക്കാനാകുമെന്നും ജിഎം പറഞ്ഞു.
ReplyDeleteറെയില്‍വെ മന്ത്രി മുനിയപ്പുമായി താന്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഇന്റര്‍സിറ്റി എക്സ്പ്രസ്സിന് വടകരയില്‍ സ്റ്റോപ്പ് അനുവദിച്ചതെന്ന കേന്ദ്രമന്ത്രി മുല്ലപ്പള്ളിയുടെ അവകാശവാദം പൊളിയുന്നു. പാലക്കാട് നിന്ന് മംഗളൂരിവിലേക്ക് സര്‍വീസ് നടത്തുന്ന ഇന്റര്‍സിറ്റിയുടെ സ്റ്റോപ്പ് അനുവദിച്ച വിവരം മന്ത്രിയെ അറിയിച്ചത് വടകര റെയില്‍വെ സ്റ്റേഷനില്‍ നിന്ന്. അഴിയൂരില്‍ ഒരു പൊതുപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്ന മന്ത്രിയുടെ ചെവിയില്‍ പാര്‍ടി പ്രവര്‍ത്തകര്‍ മന്ത്രിച്ചപ്പോഴാണ് സ്റ്റോപ്പ് അനുവദിച്ചതായുള്ള വിവരം മന്ത്രി അറിയുന്നത്. റെയില്‍വെ മന്ത്രിയുമായി മുല്ലപ്പള്ളി എന്ന് എവിടെ വെച്ച് ചര്‍ച്ച നടത്തിയെന്നതിനും ഔദ്യോഗിക വിശദീകരണമില്ല. മന്ത്രി അറിയുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ഇന്റര്‍സിറ്റി എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിച്ച വിവരം റെയില്‍വെ സ്റ്റേഷനിലെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള യുവജന സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും തുടര്‍ച്ചയായ പ്രക്ഷോഭത്തെ തുടര്‍ന്നാണ് റെയില്‍വെ അധികൃതര്‍ ഉണര്‍ന്നത്. ബാവുനഗര്‍ -കൊച്ചുവേളി എക്സ്പ്രസ്സിന് വടകരയില്‍ സ്റ്റോപ്പ് അനുവദിക്കുമെന്നായിരുന്നു ബുധനാഴ്ച അഴിയൂരില്‍ മുല്ലപ്പള്ളി നടത്തിയ മറ്റൊരു പ്രസ്താവന. എന്നാല്‍ ഇതിന് ഒരാഴ്ച മുമ്പുതന്നെ ഓടിത്തുടങ്ങിയ എക്സ്പ്രസ് വടകരയില്‍ നിര്‍ത്തിയിട്ടുണ്ട്. 18ന് ഇന്റര്‍സിറ്റി വടകരയില്‍ നിര്‍ത്തിയില്ലെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി തടയുമെന്ന് ഡിവൈഎഫ്ഐ നേതൃത്വത്തിലുള്ള സമര സമിതി പ്രഖ്യാപിച്ചിരുന്നു. വടകര റെയില്‍വെ സ്റ്റേഷനോടുള്ള അവഗണനക്കെതിരെയും ഇന്റര്‍സിറ്റി സ്റ്റോപ്പിനുവേണ്ടിയും ഒരു പ്രസ്താവനപോലും ഇറക്കാന്‍ തയ്യാറാകാത്ത യൂത്ത് കോണ്‍ഗ്രസ്സും സ്റ്റോപ്പ് അനുവദിച്ചതിലുള്ള അവകാശവാദവുമായി രംഗത്തെത്തി. വെള്ളിയാഴ്ച സര്‍വീസ് തുടങ്ങിയ എക്സ്പ്രസ്സിന് ഡിവൈഎഫ്ഐ നേതൃത്വത്തിലുളള സമര സമിതി ജനകീയ വരവേല്‍പ് നല്‍കി. സമര സമിതി ചെയര്‍മാന്‍ അഡ്വ. കെ വാസുദേവന്‍ അധ്യക്ഷനായി. സി കെ നാണു എംഎല്‍എ ഉദ്ഘാടനം ചെയ്തു. എ പി പ്രജിത്ത് സംസാരിച്ചു. കെ കെ പ്രദീപന്‍ സ്വാഗതം പറഞ്ഞു. ആഹ്ലാദ പ്രകടനത്തിന് ശേഷം ട്രെയിനിന് ഹാരാര്‍പ്പണം നടത്തി.
ReplyDeleteകാപ്പില്‍ കായലില്‍ ബോട്ടില്‍ ഉല്ലാസയാത്ര നടത്താന്‍ സമീപത്തുകൂടി പോയിട്ടും റെയില്‍വേ ജനറല്‍ മാനേജര്‍ ദീപക് കിഷന്‍ പരവൂര്‍ സ്റ്റേഷനില്‍ തിരിഞ്ഞു നോക്കിയില്ല. തിരുവനന്തപുരം മുതല്‍ കൊല്ലം വരെ വിവിധ സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച അദ്ദേഹം പരവൂര്‍ സ്റ്റേഷനെ അവഗണിക്കുകയായിരുന്നു. മാനേജരുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പല റെയില്‍വേ സ്റ്റേഷനിലും അറ്റകുറ്റപ്പണി നടത്തി. എന്നാല്‍ , പരവൂരില്‍ അതും ഉണ്ടായില്ല. കൊല്ലത്തുനിന്ന് മയ്യനാട്ട് എത്തിയ മാനേജര്‍ നേരെ കാപ്പില്‍ സ്റ്റേഷനിലേക്ക് പോയി. തുടര്‍ന്ന് ബോട്ട് സവാരിയ്ക്കും സമയം കണ്ടെത്തി. വര്‍ക്കല കഴിഞ്ഞാല്‍ ഏറ്റവുമധികം യാത്രക്കാരുള്ള സ്റ്റേഷനാണ് പരവൂര്‍ . യാത്രക്കാര്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും പരവൂരില്‍ നിഷേധിച്ചിരിക്കയാണ്. തീരദേശത്തോട് ചേര്‍ന്ന് കിടക്കുന്ന പരവൂരില്‍നിന്ന് കൊല്ലം- തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്നതിന് ഏറ്റവും എളുപ്പവും സുഗമവുമായ യാത്രയാണ് പരവൂര്‍ റെയില്‍വേസ്റ്റേഷനില്‍നിന്നുള്ളത്. പരവൂര്‍ കായലിലെ അനിയന്ത്രിതമായ മണലെടുപ്പിനെത്തുടര്‍ന്ന് അപകടഭീഷണിയിലാണ് മാമൂട്ടില്‍ പാലം. സമീപകാലത്ത് മാമൂട്ടില്‍ പാലത്തിന് വിള്ളല്‍ വീണത് ആശങ്ക ഉണര്‍ത്തിയിരുന്നു. മാമൂട്ടില്‍ പാലത്തിന്റെയും സ്റ്റേഷന്റെയും അവസ്ഥ മാനേജരെ അറിയാതിരിക്കാന്‍ ആരെങ്കിലും ബോധപൂര്‍വം അദ്ദേഹത്തെ പരവൂര്‍ സ്റ്റേഷനില്‍ ഇറക്കാതിരുന്നതാണോ എന്ന് സംശയിക്കുന്നുണ്ട്. പരവൂരിന്റെ ഹൃദയഭാഗത്ത് ഏക്കര്‍കണക്കിന് ഭൂമിയാണ് റെയില്‍വേയ്ക്കുള്ളത്. പക്ഷേ, ഇവയെല്ലാം കാട് മൂടിക്കിടന്ന് സാമൂഹികവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്. സമീപകാലത്ത് ഒരു വൃദ്ധയെ കൊന്ന് കെട്ടിത്തൂക്കിയതും റെയില്‍വേയുടെ കുറ്റിക്കാട്ടിലാണ്.
ReplyDelete