Saturday, November 19, 2011

വിവാദ പ്രസ്താവന: കാംബ്ലിക്കെതിരെ മുന്‍ താരങ്ങള്‍

1996ലെ ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ സെമിഫൈനലില്‍ ഇന്ത്യ ഒത്തുകളിച്ചിട്ടുണ്ടാകുമെന്ന മുന്‍ താരം വിനോദ് കാംബ്ലിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. അന്ന് ടീമിനെ നയിച്ച മുഹമ്മദ് അസ്ഹറുദീന്‍ , മാനേജരായിരുന്ന അജിത് വഡേക്കര്‍ , മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കാംബ്ലിക്കെതിരെ രംഗത്തുവന്നു. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ടോസ് നേടിയിട്ടും ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തത് സംശയാസ്പദമാണെന്നും ഒത്തുകളി നടന്നതായി താന്‍ സംശയിക്കുന്നെന്നുമാണ് ഒരു ടിവി അഭിമുഖത്തില്‍ കാംബ്ലി പറഞ്ഞത്.

ഇത്തരം പ്രസ്താവനകളിലൂടെ കാംബ്ലി സ്വയം വിഡ്ഢിവേഷം കെട്ടുകയാണെന്ന് അസ്ഹറുദീന്‍ പറഞ്ഞു. സെമിഫൈനലിനുമുമ്പ് ശ്രീലങ്കയുമായി ഗ്രൂപ്പ്റൗണ്ടില്‍ നടന്ന മത്സരം ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതിനാല്‍ സെമിയില്‍ ടോസ് ലഭിച്ചപ്പോള്‍ ആദ്യം ഫീല്‍ഡ്ചെയ്യാന്‍ ടീം അംഗങ്ങള്‍ കൂട്ടായ തീരുമാനമെടുക്കുകയായിരുന്നു. ഈ സമയത്ത് കാംബ്ലി ഉറങ്ങുകയായിരുന്നോ എന്ന് അസ്ഹര്‍ ചോദിച്ചു. എല്ലാ കാര്യങ്ങളും തനിക്കറിയാമായിരുന്നെന്നു പറയുന്ന കാംബ്ലി എന്തുകൊണ്ട് 15 വര്‍ഷം കാത്തിരുന്നെന്ന് വ്യക്തമാക്കണമെന്ന് മുന്‍ ക്യാപ്റ്റനും "96 ലോകകപ്പ് ടീമിന്റെ മാനേജരുമായിരുന്ന അജിത് വഡേക്കര്‍ പറഞ്ഞു. ടോസ് ലഭിച്ചാല്‍ ആദ്യം ഫീല്‍ഡ്ചെയ്യാന്‍ ടീം അംഗങ്ങളുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. പഴകുന്തോറും പിച്ച് സ്പിന്നിനെ തുണയ്ക്കുമെന്നതിനാല്‍ ആദ്യം ബാറ്റ്ചെയ്യണമെന്നതായിരുന്നു വ്യക്തിപരമായി എന്റെ അഭിപ്രായം. എന്നാല്‍ , സ്കോര്‍ പിന്തുടരുന്നതില്‍ ശ്രീലങ്കയ്ക്കുള്ള മികവു കണക്കിലെടുത്ത് ഇന്ത്യ ആദ്യം ഫീല്‍ഡ്ചെയ്താല്‍മതിയെന്ന് താരങ്ങള്‍ കൂട്ടായി തീരുമാനിക്കുകയായിരുന്നെന്നും വഡേക്കര്‍ പറഞ്ഞു.

പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതിനുപകരം തന്റെ ആരോപണം തെളിയിക്കാന്‍ കാംബ്ലി വ്യക്തമായ തെളിവുകള്‍ ഹാജരാക്കുകയാണു വേണ്ടതെന്ന് സൗരവ് ഗാംഗുലി അഭിപ്രായപ്പെട്ടു. ടോസ് നേടിയിട്ടും ഫീല്‍ഡ്ചെയ്യാന്‍ തീരുമാനിച്ചു എന്ന ഒറ്റക്കാരണത്തിന്റെ പേരില്‍ ഒത്തുകളി നടന്നുവെന്ന് ആരോപിക്കുന്നതില്‍ കഴമ്പില്ലെന്നും ഗാംഗുലി പറഞ്ഞു. "96ലെ ലോകപ്പ് ടീമില്‍ അംഗങ്ങളായിരുന്ന സഞ്ജയ് മഞ്ജരേക്കര്‍ , വെങ്കടപതി രാജു എന്നിവരും കാംബ്ലിയുടെ ആരോപണം തള്ളി. ഫീല്‍ഡ്ചെയ്യാനുള്ള തീരുമാനം തെറ്റായിരിക്കാമെന്നും എന്നാല്‍ അത് കൂട്ടായെടുത്തതാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു. മത്സരത്തില്‍ ഒത്തുകളി നടന്നതായി അന്നൊന്നും ആരും പറഞ്ഞിട്ടില്ലെന്ന് ലോകകപ്പ്വേളയില്‍ കാംബ്ലിക്കൊപ്പം ഒരേ ഹോട്ടല്‍മുറിയില്‍ താമസിച്ചിരുന്ന വെങ്കടപതി രാജു വ്യക്തമാക്കി. ആരോപണങ്ങള്‍ പരിഗണിക്കുന്നതിനുമുമ്പ് കാംബ്ലിയുടെ വിശ്വാസ്യത കണക്കിലെടുക്കേണ്ടതുണ്ടെന്ന് മുന്‍ താരം അതുല്‍ വാസന്‍ പറഞ്ഞു. ഒന്നര പതിറ്റാണ്ടിനുശേഷം ഇത്തരമൊരു ആരോപണവുമായി വരുന്നതിന്റെ കാരണം മനസ്സിലാകുന്നില്ലെന്നും വാസന്‍ പറഞ്ഞു. മുന്‍ താരം അരുണ്‍ലാലും കാംബ്ലിയെ രൂക്ഷമായി വിമര്‍ശിച്ചു.

"96ലെ ലോകകപ്പ് സെമിയില്‍ ലങ്ക ഉയര്‍ത്തിയ 252 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് 34.1 ഓവറില്‍ 120 റണ്ണെടുക്കുന്നതിനിടെ എട്ടു വിക്കറ്റ് നഷ്ടമായി. ഇതോടെ കാണികള്‍ മൈതാനത്തേക്ക് കുപ്പികളും കല്ലും വലിച്ചെറിഞ്ഞു. മത്സരം തുടരാന്‍ കഴിയാത്ത സാഹചര്യത്തില്‍ ശ്രീലങ്കയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. കാംബ്ലി 10 റണ്ണുമായി ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു ഇത്. ഈ മത്സരത്തോടെയാണ് തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചതെന്നും അഭിമുഖത്തില്‍ കാംബ്ലി പറയുന്നുണ്ട്. എന്നാല്‍ , "96ലെ ലോകകപ്പിനുശേഷം 35 ഏകദിനങ്ങളില്‍ കാംബ്ലി കളിച്ചിട്ടുണ്ട്. ഈ മത്സരങ്ങളില്‍ കേവലം മൂന്ന് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 18 ശരാശരിയില്‍ 550 റണ്ണാണ് കാംബ്ലിയുടെ സമ്പാദ്യം. സ്വയം തുലച്ച പ്രതിഭയെന്നാണ് കാംബ്ലിയെ കളിയെഴുത്തുകാരനും മുന്‍ ഇംഗ്ലണ്ട് താരവുമായ ഡെറിക് പ്രിംഗിള്‍ വിശേഷിപ്പിച്ചിട്ടുള്ളത്.


കാംബ്ലിയുടെ ആരോപണം അന്വേഷിക്കണം: അജയ്മാക്കന്‍

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി ഉന്നയിച്ച ക്രിക്കറ്റ് കോഴ വിവാദം ബിസിസിഐ അന്വേഷിക്കണമന്ന് കേന്ദ്ര കായിക മന്ത്രി അജയ്മാക്കന്‍ പറഞ്ഞു. 1996ലെ ലോകക്കപ്പ് സെമിഫൈനല്‍ മത്സരത്തില്‍ ശ്രീലങ്കക്കെതിരെ പരാജയത്തിനിടയാക്കിയത് ഒത്തുകളിമൂലമാണെന്നാണ് കാംബ്ലിയുടെ ആരോപണം. കളിക്കാര്‍ തന്നെ ആരോപണമുന്നയിക്കുമ്പോള്‍ സത്യമറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും മന്ത്രി പറഞ്ഞു. ബിസിസിഐ അന്വേഷിച്ചില്ലെങ്കില്‍ കായികമന്ത്രാലയം അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

deshabhimani news

1 comment:

  1. 1996ലെ ലോകകപ്പില്‍ ശ്രീലങ്കക്കെതിരായ സെമിഫൈനലില്‍ ഇന്ത്യ ഒത്തുകളിച്ചിട്ടുണ്ടാകുമെന്ന മുന്‍ താരം വിനോദ് കാംബ്ലിയുടെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം. അന്ന് ടീമിനെ നയിച്ച മുഹമ്മദ് അസ്ഹറുദീന്‍ , മാനേജരായിരുന്ന അജിത് വഡേക്കര്‍ , മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കാംബ്ലിക്കെതിരെ രംഗത്തുവന്നു. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ ടോസ് നേടിയിട്ടും ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തത് സംശയാസ്പദമാണെന്നും ഒത്തുകളി നടന്നതായി താന്‍ സംശയിക്കുന്നെന്നുമാണ് ഒരു ടിവി അഭിമുഖത്തില്‍ കാംബ്ലി പറഞ്ഞത്.

    ReplyDelete