Wednesday, November 2, 2011

യെദ്യൂരപ്പയുടെ ഇടപെടലില്‍ ആര്‍എസ്എസിനും അനധികൃത ഭൂമി

കര്‍ണാടകത്തില്‍ ഭൂമി കുംഭകോണക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സംഘപരിവാര്‍ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും കോടികള്‍ വിലമതിക്കുന്ന ഭൂമി വഴിവിട്ട മാര്‍ഗത്തിലൂടെ അനുവദിച്ചു. സംസ്ഥാനത്തെ പ്രമുഖരായ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ആറ് സംഘടനകള്‍ക്കും ഭൂമി അനുവദിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. 55 കോടിയിലേറെ രൂപ വിലമതിക്കുന്ന ഭൂമിയാണ് നഗരത്തിന്റെ വിവിധയിടങ്ങളിലായി യെദ്യൂരപ്പ സംഘപരിവാറിന് അനുവദിച്ചത്. ആരോപണത്തെപ്പറ്റി പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഡി വി സദാനന്ദഗൗഡ തയാറായില്ല.

നഗരത്തിലെ വിവിധ പാര്‍പ്പിട സമുച്ചയങ്ങള്‍ക്കും സ്ഥലത്തിനുമായി മൂന്നരലക്ഷത്തിലേറെ അപേക്ഷകര്‍ കാത്തുനില്‍ക്കുമ്പോഴാണ് ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ക്ക് യെദ്യൂരപ്പ സ്ഥലം അനുവദിച്ചത്. ജനസേവ വിദ്യാകേന്ദ്ര, സംസ്കാര ഭാരതി, ഹിന്ദു ജാഗരണവേദികെ, രാഷ്ട്രോത്തന പരിഷത്ത്, മഹിളാ ദക്ഷത സമിതി, അനന്ത ശിശുനിവാസ എന്നീ സംഘടനകള്‍ക്കായി 30 കോടിയോളം മതിപ്പുവില വരുന്ന കണ്ണായ സ്ഥലമാണ് അനുവദിച്ചത്. സംഘടനകള്‍ സ്ഥലത്ത് കെട്ടിടം നിര്‍മിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. ഇതില്‍ ജനസേവ വിദ്യാകേന്ദ്രയ്ക്ക് 15 കോടി വിലവരുന്ന പത്തേക്കര്‍ സ്ഥലമാണ് നല്‍കിയത്. ഒമ്പത് മുതല്‍ 30 ലക്ഷംരൂപവരെയേ കോടികള്‍ വിലമതിക്കുന്ന സ്ഥലത്തിന് ഈടാക്കിയുള്ളു.

ബംഗളൂരു വികസന അതോറിറ്റി, ഗ്രേറ്റര്‍ ബംഗളൂരു സിറ്റി കോര്‍പറേഷന്‍ എന്നിവയ്ക്കു കീഴിലുള്ള സ്ഥലമാണ് മുന്‍ഗണന ക്രമത്തിന്റെ പേരില്‍ സംഘപരിവാര്‍ സംഘടനകള്‍ക്ക് അനുവദിച്ചത്. ബിഎംഎസ് സംസ്ഥാന നേതാവ് ഡി കെ സദാശിവ, ആര്‍എസ്എസ് നേതാവ് ശ്രീധര്‍ പട്ള, മല്ലികപ്രസാദ് എംഎല്‍എ, രാഷ്ട്രോത്തര പരിഷത്തിന്റെ കോളമിസ്റ്റായ പി മാലതി, എംഎല്‍സിയും മൈസൂരുവിലെ ആര്‍എസ്എസ് ചുമതലക്കാരനുമായ മല്ലികാര്‍ജുനപ്പ, വിജയസംഗമദേവ, ഷൈലജ ശ്രീനാഥ് എന്നിവര്‍ക്കും കോടികളുടെ ഭൂമി നിസാരതുകയ്ക്ക് അനുവദിച്ചു. ജെപി നഗര്‍ , എച്ച്എസ്ആര്‍ ലേഔട്ട്, വിശ്വേശ്വരയ്യ ലേഔട്ട്, വരേഹരഹള്ളി എന്നിവിടങ്ങളിലാണ് ഇവര്‍ക്ക് സ്ഥലം നല്‍കിയത്. രണ്ടരമുതല്‍ നാലുകോടിവരെ വിലമതിക്കുന്ന സ്ഥലം 10 മുതല്‍ 67 ലക്ഷംവരെ രൂപയ്ക്ക് അനുവദിക്കുകയായിരുന്നു.

deshabhimani 021111

1 comment:

  1. കര്‍ണാടകത്തില്‍ ഭൂമി കുംഭകോണക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സംഘപരിവാര്‍ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും കോടികള്‍ വിലമതിക്കുന്ന ഭൂമി വഴിവിട്ട മാര്‍ഗത്തിലൂടെ അനുവദിച്ചു. സംസ്ഥാനത്തെ പ്രമുഖരായ ഏഴ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും ആറ് സംഘടനകള്‍ക്കും ഭൂമി അനുവദിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. 55 കോടിയിലേറെ രൂപ വിലമതിക്കുന്ന ഭൂമിയാണ് നഗരത്തിന്റെ വിവിധയിടങ്ങളിലായി യെദ്യൂരപ്പ സംഘപരിവാറിന് അനുവദിച്ചത്. ആരോപണത്തെപ്പറ്റി പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഡി വി സദാനന്ദഗൗഡ തയാറായില്ല.

    ReplyDelete