Wednesday, November 2, 2011

ഓര്‍ത്തഡോക്‌സ് സഭ ഉമ്മന്‍ചാണ്ടിയെ ബഹിഷ്‌ക്കരിക്കുന്നു

കോലഞ്ചേരി പള്ളി പ്രശ്‌നത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മറ്റ് യുഡിഎഫ് നേതാക്കളെയും ഓര്‍ത്തഡോക്‌സ് സഭ ഔദ്യോഗിക പരിപാടികളില്‍ നിന്നും ബഹിഷ്‌കരിക്കുന്നു. ഇന്ന് പരുമലപള്ളിയില്‍ നടക്കുന്ന കാതോലിക്കേറ്റ് ശതാബ്ദി ഉദ്ഘാടന സമ്മേളനത്തിലും സഭാംഗം കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചിട്ടില്ല. കോലഞ്ചേരി പള്ളി പ്രശ്‌നത്തില്‍ കോടതി വിധി നടപ്പിലാക്കാന്‍ സഹായിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തുക തന്നെയാണ് സഭയുടെ ലക്ഷ്യം.

ബഹിഷ്‌കരണത്തിലൂടെയും സഭയ്ക്ക് നീതി ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് സഭയുടെ നീക്കം. കോലഞ്ചേരി പ്രശ്‌നത്തില്‍ കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരും ഉമ്മന്‍ചാണ്ടിയും മടിക്കുന്നതിനെ സഭാംഗങ്ങളും സഭാ നേതൃത്വവും ശക്തമായി വിമര്‍ശിച്ചിരുന്നു. സഭാ പിതാക്കന്മാര്‍ ഉപവസിച്ചിട്ടും മന്ത്രിമാരുടെ ഓഫീസുകള്‍ ഉപരോധിച്ചിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സര്‍ക്കാര്‍ നിപാടുകള്‍ക്കെതിരെ സഭാ നേതൃത്വം നിശിതമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. പിന്നീട് മുഖ്യമന്ത്രിയുടെ വീട് ഉപരോധിക്കുന്ന അവസ്ഥവരെ കാര്യങ്ങളെത്തിയിരുന്നു. എന്നിട്ടും സഭയ്ക്കനുകൂലമായ  നിലപാട് സ്വീകരിക്കാത്ത മുഖ്യമന്ത്രിയെയും മന്ത്രിമാരെയും യുഡിഎഫ് നേതാക്കന്മാരെയും സഭാ പരിപാടികളില്‍ നിന്നും ഒഴിവാക്കണമെന്ന് വിശ്വാസികളില്‍ നല്ലൊരു വിഭാഗം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സഭാ പരിപാടികളില്‍ പ്രധാനിയായ ഉമ്മന്‍ചാണ്ടിയെ ഇത്തവണ ഒഴിവാക്കിയതിന്റെ കാരണവും അതുതന്നെയാണെന്നാണ് സൂചന.

കാതോലിക്കേറ്റ് ശതാബ്ദി ഉദ്ഘാടനത്തിനെത്തുന്നത് ഡോ സുകുമാര്‍ അഴീക്കോടാണ്. കോലഞ്ചേരി പ്രശ്‌നത്തില്‍ കോടതിവിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടവരില്‍ പ്രധാനിയായിരുന്നു അഴീക്കോട്.

ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷപരിപാടികളില്‍ ഒന്നിലും യുഡിഎഫ് നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചിരുന്നില്ല. മുന്‍വര്‍ഷങ്ങളില്‍ ഇത്തരം പരിപാടികളിലെ നിറസാന്നിദ്ധ്യമായിരുന്ന ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫ് നേതാക്കന്മാരുടെയും ഇത്തവണത്തെ അസാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് തീര്‍ച്ച.

കോലഞ്ചേരി പ്രശ്‌നം പരിഹരിക്കുന്നതിന് രണ്ടാഴ്ച സമയം ചോദിച്ച മന്ത്രിസഭാ ഉപസമിതി ഏഴുതവണ ചര്‍ച്ച നടത്തിയിട്ടും പരാജയപ്പെടുകയായിരുന്നു. രണ്ടുമാസം പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടാവാത്തതിനാലാണ് യുഡിഎഫ് നേതൃത്വത്തെ യോഗങ്ങളില്‍ ക്ഷണിക്കേണ്ടെന്ന കടുത്ത നിലപാട് സഭ കൈക്കൊണ്ടത്.

പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന ശതാബ്ദി സമ്മേളനത്തില്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ കോലഞ്ചേരിയിലെ രണ്ടാംഘട്ട സമരപ്രഖ്യാപനം നടത്തുമെന്നാണ് സൂചന.

 സരിതകൃഷ്ണന്‍ janayugom 021111

1 comment:

  1. കോലഞ്ചേരി പള്ളി പ്രശ്‌നത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മറ്റ് യുഡിഎഫ് നേതാക്കളെയും ഓര്‍ത്തഡോക്‌സ് സഭ ഔദ്യോഗിക പരിപാടികളില്‍ നിന്നും ബഹിഷ്‌കരിക്കുന്നു. ഇന്ന് പരുമലപള്ളിയില്‍ നടക്കുന്ന കാതോലിക്കേറ്റ് ശതാബ്ദി ഉദ്ഘാടന സമ്മേളനത്തിലും സഭാംഗം കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചിട്ടില്ല. കോലഞ്ചേരി പള്ളി പ്രശ്‌നത്തില്‍ കോടതി വിധി നടപ്പിലാക്കാന്‍ സഹായിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തുക തന്നെയാണ് സഭയുടെ ലക്ഷ്യം.

    ReplyDelete