Wednesday, November 2, 2011
അതിവേഗം എന്നാല്‍ അതിവൈകി; ഒന്നും പരിഹരിച്ചില്ല; മറുപടിയുമില്ല
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഓണ്‍ലൈനിലൂടെ കഴിഞ്ഞ മൂന്നുമാസത്തിനിടെ കിട്ടിയത് 7193 പരാതി. ഇതില്‍ ഒന്നുപോലും പൂര്‍ണമായി പരിഹരിച്ചിട്ടില്ലെന്ന് വെബ്സൈറ്റ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. പരാതി പരിഹാരം സംബന്ധിച്ച് ഇടക്കാല മറുപടി പോസ്റ്റ് ചെയ്തതുപോലും വിരലിലെണ്ണാവുന്ന പരാതികളില്‍ മാത്രം. പരാതി ബന്ധപ്പെട്ട വകുപ്പിലേക്ക് അയച്ചിട്ടുണ്ടെന്നുമാത്രമാണ് സൈറ്റിലുള്ളത്. പരാതി നല്കി രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതുസംബന്ധിച്ച് എടുത്ത നടപടികളെകുറിച്ച് വെബ്സൈറ്റില്‍ തന്നെ അറിയാമെന്നായിരുന്നു സൈറ്റ് ഉദ്ഘാടനം ചെയ്തപ്പോള്‍ മുഖ്യമന്ത്രിയുടെ വാഗ്ദാനം. ഒരു മാസത്തിനകം പരാതി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ , മൂന്നുമാസം കഴിഞ്ഞിട്ടും ചുരുക്കം ചിലതില്‍ മാത്രമാണ് എന്തു നടപടിയെടുത്തുവെന്നെങ്കിലും വ്യക്തമാക്കിയിട്ടുള്ളത്. അതിവേഗം പോയിട്ട് അതിവൈകി പോലും പരാതിപരിഹാരമില്ല.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രിയുടെ "സുതാര്യ ഓഫീസ്" സംവിധാനം ജൂലൈ ഒന്നിനാണ് തുടങ്ങിയത്. എന്നാല്‍ , ഓണ്‍ലൈനിലൂടെ പരാതി സ്വീകരിച്ചുതുടങ്ങിയത് ആഗസ്ത് ഒന്നു മുതലും. http://www.keralacm.gov.in/ എന്ന സൈറ്റില്‍ പെറ്റീഷന് ടു സിഎം എന്ന വിഭാഗത്തിലാണ് പരാതി നല്കാവുന്നത്. റേഷന്‍ കാര്‍ഡിന്റെയോ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന്റെയോ നമ്പര്‍ വച്ച് പരാതി പോസ്റ്റ് ചെയ്താല്‍ ഒരു നമ്പര്‍ ലഭിക്കും. ട്രാക്ക് യുവര്‍ പെറ്റീഷന് എന്ന ഓപ്ഷനില്‍ നമ്പര്‍ നല്കിയാല് ആക്ഷന്‍ ടേക്കന്‍ എന്ന കോളത്തില്‍ പരാതി സബന്ധിച്ച സ്ഥിതി അറിയാനാകും. വ്യക്തിപരമായ പരാതികള്‍ മാത്രമല്ല; അപകടങ്ങളും ആവശ്യങ്ങളും സംബന്ധിച്ച പരാതിയിലും നടപടിയെടുത്തിട്ടില്ലെന്ന് വെബ്സൈറ്റില്‍ പറയുന്നു. രണ്ടാഴ്ചയ്ക്ക് ശേഷം പരാതി സംബന്ധിച്ച് നടപടിയായില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ടോള്‍ ഫ്രീ നമ്പരില്‍ വിളിച്ച് പരാതിപ്പെടാം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ വിളിച്ചാല്‍ പലപ്പോഴും ആരും എടുക്കാറില്ല. എടുത്താല്‍ത്തന്നെ പരാതി ഇന്ന വിഭാഗത്തിലേക്ക് അയച്ചിട്ടുണ്ടെന്നും ഇന്ന നമ്പരില്‍ വിളിച്ചാല്‍ വിശദവിവരം അറിയാമെന്നുമായിരിക്കും മറുപടി. സെക്രട്ടറിയറ്റിലെയോ മറ്റ് വകുപ്പ് ഓഫീസുകളിലെയോ നമ്പരാകും കിട്ടുക. അവിടെ വിളിച്ചാല്‍ , നോക്കട്ടെ പിന്നെ വിളിക്കൂ എന്നായിരിക്കും മറുപടി.
തിരുവനന്തപുരത്തെ വേളിയില്‍ കുടിവെള്ള പൈപ്പ് പൊട്ടിയെന്ന് ആഗസ്ത് നാലിന് നല്കിയ 60/2011 പരാതിയില്‍ നടപടിക്കായി കാക്കുന്നു എന്നാണ് സൈറ്റിലുള്ളത്. പരാതി ഇറിഗേഷന്‍ ചീഫ് എന്‍ജിനിയര്‍ക്ക് കൈമാറിയെന്നുമുണ്ട്. ടെക്നോപാര്‍ക്കിനുമുന്നിലെ ട്രാഫിക് ലൈറ്റ് ക്രമരഹിതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന ആഗസ്ത് ഏഴിന് നല്കിയ പരാതിയിലും നടപടിയെടുത്തിട്ടില്ല. പൊലീസ് ചീഫിന് കൈമാറിയിട്ടുണ്ടെന്നുമാത്രം കാണാം.
deshabhimani 021111
Labels:
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഓണ്‍ലൈനിലൂടെ കഴിഞ്ഞ മൂന്നുമാസത്തിനിടെ കിട്ടിയത് 7193 പരാതി. ഇതില്‍ ഒന്നുപോലും പൂര്‍ണമായി പരിഹരിച്ചിട്ടില്ലെന്ന് വെബ്സൈറ്റ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. പരാതി പരിഹാരം സംബന്ധിച്ച് ഇടക്കാല മറുപടി പോസ്റ്റ് ചെയ്തതുപോലും വിരലിലെണ്ണാവുന്ന പരാതികളില്‍ മാത്രം. പരാതി ബന്ധപ്പെട്ട വകുപ്പിലേക്ക് അയച്ചിട്ടുണ്ടെന്നുമാത്രമാണ് സൈറ്റിലുള്ളത്
ReplyDelete