Sunday, November 20, 2011

സഖ്യം വേണോ, കോണ്‍ഗ്രസ്സിന് മമതയുടെ വെല്ലുവിളി

മമത പ്രണബിനെ വിളിച്ചു; ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെന്ന് തൃണമൂല്‍

കൊല്‍ക്കത്ത: ദക്ഷിണ കൊല്‍ക്കത്ത പാര്‍ലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടെ മമതാ സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ നിശബ്ദ റാലി കോണ്‍ഗ്രസ്-തൃണമൂല്‍ തര്‍ക്കം രൂക്ഷമാക്കി. പദയാത്രയ്ക്കെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞു. പശ്ചിമബംഗാളില്‍ കോണ്‍ഗ്രസിന്റെ സഹായമില്ലാതെ ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷമുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ മുകുള്‍ റോയ് പരസ്യമായി പറയുക കൂടി ചെയ്തതോടെ ഇരു പാര്‍ടിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായി. തൃണമൂല്‍ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്ത നഗരത്തില്‍ കോണ്‍ഗ്രസ് നേതാക്കളും എംപിമാരുമായ ദീപ ദാസ്മുന്‍ഷിയുടെയും മൗസം ബെനസീര്‍ നൂറിന്റെയും നേതൃത്വത്തില്‍ വായ് മൂടിക്കെട്ടി റാലി നടത്തിയിരുന്നു. തൃണമൂല്‍ ഏറ്റവും ശക്തമായ പാര്‍ടിയായതില്‍ ചിലര്‍ക്ക് അസൂയയുണ്ടെന്നും മുകുള്‍ റോയ് പറഞ്ഞു. പറഞ്ഞു.

മാല്‍ഡ ജില്ലയിലെ ഗാജോളില്‍ കോണ്‍ഗ്രസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃണമൂല്‍ പ്രവര്‍ത്തകന്‍ പ്രേംചന്ദിന് ആദരാഞ്ജലി അര്‍പ്പിച്ചശേഷമാണ് കേന്ദ്രമന്ത്രി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. പ്രണബിനോട് കടുത്ത രീതിയില്‍ കാര്യങ്ങള്‍ സൂചിപ്പിച്ച മമത മാധ്യമങ്ങള്‍ക്കു മുന്നിലും കോണ്‍ഗ്രസിനോടുള്ള അതൃപ്തി പ്രകടിപ്പിച്ചു. താന്‍ മുഖ്യമന്ത്രിയെന്ന പോലെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ കൂടിയാണെന്ന് മമത പറഞ്ഞു. മൂര്‍ഷിദാബാദിലും മാല്‍ഡയിലും കോണ്‍ഗ്രസ് അക്രമികളാണ് തൃണമൂല്‍ പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത്. കോണ്‍ഗ്രസ് ചെയ്യുന്നതെല്ലാം കൃത്യമായി മനസ്സിലാക്കുന്നുണ്ട്. എന്നാല്‍ , സഖ്യകക്ഷിയായതിനാല്‍ അതൊന്നും പരസ്യമായി പറയുന്നില്ലെന്നു മാത്രം. സര്‍ക്കാരിനെതിരെ പദയാത്ര നയിച്ചവരെ കണ്ടാല്‍ മതി അവരുടെ ലക്ഷ്യം മനസ്സിലാക്കാന്‍ . തെരഞ്ഞെടുപ്പു നടക്കുന്ന സ്ഥലം തന്നെ അവര്‍ പ്രതിഷേധത്തിന് തെരഞ്ഞെടുത്തതിന്റെ ഉദ്ദേശ്യം വ്യക്തമാണെന്നും മമത പറഞ്ഞു. തൃണമൂല്‍ ഭരിക്കുന്ന രീതി ഇതാണെങ്കില്‍ മാല്‍ഡയിലെങ്കിലും അവര്‍ തുടച്ചുനീക്കപ്പെടുമെന്നായിരുന്നു മാല്‍ഡ എംപി കൂടിയായ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്് മൗസം നൂറിന്റെ പ്രതികരണം. ക്രിമിനലുകളെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും അവര്‍ പറഞ്ഞു.
(വി ജയിന്‍)

മന്ത്രിയുടെ തലയെടുക്കുമെന്ന് മാവോയിസ്റ്റുകള്‍

കൊല്‍ക്കത്ത: തലയെടുക്കുമെന്ന ഭീഷണിയുമായി പശ്ചിമബംഗാള്‍ മന്ത്രിയുടെ ഓഫീസില്‍ മാവോയിസ്റ്റ് പോസ്റ്റര്‍ . മമതാ സര്‍ക്കാരിലെ ഭക്ഷ്യമന്ത്രി ജ്യോതിപ്രിയ മല്ലിക്കിന്റെ ഓഫീസിലാണ് ഈ പോസ്റ്റര്‍ കണ്ടത്. ന്യൂ മാര്‍ക്കറ്റിനടുത്തുള്ള മിര്‍സ ഗാലിബ് സ്ട്രീറ്റിലെ ഓഫീസില്‍ മന്ത്രിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് അഭിജിത് ദാസിന്റെ മുറിയിലാണ് പോസ്റ്റര്‍ പതിച്ചിരുന്നത്. മാവോയിസ്റ്റുകളുടെ ഹിറ്റ്ലിസ്റ്റില്‍ മമതയുടെ പേരും ഉണ്ടെന്ന വിവരം വന്നതിന് പിന്നാലെ മന്ത്രിയുടെ ഓഫീസില്‍ പോസ്റ്റര്‍ കണ്ടത് ഭരണനേതൃത്വത്തില്‍ അമ്പരപ്പുണ്ടാക്കി. ജ്യോതിപ്രിയ മല്ലിക്കിന്റെ തല വേണം&ൃെൂൗീ;എന്നാണ് പോസ്റ്ററില്‍ പ്രധാനമായും എഴുതിയിരിക്കുന്നത്. ഭീഷണിവന്നതോടെ മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരുടെയും സുരക്ഷ ശക്തമാക്കാന്‍ നടപടി തുടങ്ങി. മമതക്ക് നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ സുരക്ഷ നല്‍കാന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. സാന്‍ട്രോ കാറില്‍ പൊലീസ് സുരക്ഷാ സംവിധാനം ലംഘിച്ച് സഞ്ചരിക്കുന്ന മുഖ്യമന്ത്രിക്ക് ഇനി "ലാളിത്യം" ഉപേക്ഷിക്കേണ്ടിവരും.

സഖ്യം വേണോ, കോണ്‍ഗ്രസ്സിന് മമതയുടെ വെല്ലുവിളി

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഖ്യം തുടരണോയെന്ന്കോണ്‍ഗ്രസ് തീരുമാനിക്കണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനാര്‍ജിയുടെ വെല്ലുവിളി. തൃണമൂല്‍കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ യൂത്ത്കോണ്‍ഗ്രസ് വെള്ളിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനം. സംസ്ഥാനം ഭരിക്കാന്‍ തങ്ങള്‍ക്ക് കോണ്‍ഗ്രസ് സഹായം ആവശ്യമില്ല. കേന്ദ്ര-സംസ്ഥാന ഭരണത്തില്‍ സഖ്യം തുടരണോ അതോ സിപിഐഎമ്മിന് പരോക്ഷ പിന്തുണ നല്‍കണോയെന്ന് കോണ്‍ഗ്രസ് തീരുമാനിക്കണം. മുമ്പ് ഇതാണ് കോണ്‍ഗ്രസ്സ് ചെയ്തിരുന്നത്. സിപിഐഎമുമായി ബന്ധം തുടരുന്ന കക്ഷിയുമായുള്ള സഖ്യം തങ്ങള്‍ക്കാവശ്യമില്ല. ബംഗാളിലെ ജനങ്ങള്‍ തൃണമൂലിന് സമ്പൂര്‍ണ്ണ ഭൂരിപക്ഷം നല്‍കിയിരിക്കുകയാണെന്നത് വിമര്‍ശനമുന്നയിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ മനസ്സിലാക്കണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് നടത്തിയ പ്രകടനം സിപിഐ എമ്മിനെ സഹായിക്കുന്നതാണ്. ഈവിഷയത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷക്ക് പരാതിനല്‍കില്ലെന്നും മമത പറഞ്ഞു.

deshabhimani 201111

1 comment:

  1. ദക്ഷിണ കൊല്‍ക്കത്ത പാര്‍ലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടെ മമതാ സര്‍ക്കാരിനെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ നിശബ്ദ റാലി കോണ്‍ഗ്രസ്-തൃണമൂല്‍ തര്‍ക്കം രൂക്ഷമാക്കി. പദയാത്രയ്ക്കെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞു.

    ReplyDelete