Sunday, November 20, 2011

ആക്രമിച്ചത് പിള്ളയുടെ ആള്‍ക്കാരെന്ന് അധ്യാപകന്‍

മജിസ്ട്രേട്ടിനു നല്‍കിയ മൊഴി പുറത്ത് 

തന്നെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് ആര്‍ ബാലകൃഷ്ണപിള്ളയുടെ ആള്‍ക്കാരാണെന്ന് വ്യക്തമാക്കി വാളകം ആര്‍വി വിഎച്ച്എസ്എസിലെ അധ്യാപകന്‍ കൃഷ്ണകുമാര്‍ മജിസ്ട്രേട്ടിനു നല്‍കിയ മൊഴി പുറത്തുവന്നു. അധ്യാപകന്‍ സ്വബോധത്തോടെ നല്‍കിയ മൊഴിയില്‍ പിള്ള ഏര്‍പ്പെടുത്തിയ നാലംഗ സംഘമാണ് കാറിനുള്ളില്‍വച്ച് ആക്രമിച്ചതെന്ന് കരുതുന്നതായും പറയുന്നു.

സെപ്തംബര്‍ 27നു രാത്രി ഒമ്പതരയോടെ വാളകം എംഎല്‍എ ജങ്ഷനില്‍ റോഡുവക്കിലാണ് ഗുരുതരമായ പരിക്കുകളോടെ കൃഷ്ണകുമാറിനെ കണ്ടത്. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ കഴിഞ്ഞിരുന്ന കൃഷ്ണകുമാറിന്റെ മൊഴി കൊട്ടാരക്കര സിഐ ജി ഡി വിജയകുമാറിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് എ എം അഷ്റഫ് ഒക്ടോബര്‍ ഒന്നിനാണ് രേഖപ്പെടുത്തിയത്. മുന്‍ പരിചയമില്ലാത്ത നാലുപേര്‍ ചേര്‍ന്ന് രാത്രി ഓടിക്കൊണ്ടിരുന്ന കാറിനുള്ളില്‍വച്ച് ചവിട്ടിയും ഇടിച്ചും ആയുധങ്ങള്‍ ഉപയോഗിച്ചും മൃഗീയമായി ആക്രമിച്ചതായി മൊഴിയില്‍ പറയുന്നു. സംഘത്തിലുണ്ടായിരുന്ന എല്ലാവരും നാല്‍പ്പതിന് അടുത്ത് പ്രായമുള്ളവരായിരുന്നു. "നിന്നെ കൊല്ലുമെടാ" എന്നുപറഞ്ഞുകൊണ്ടാണ് മര്‍ദിച്ചത്. ജീവിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ട് ഒരാള്‍ ശക്തിയായി ചവിട്ടി.

ആക്രമണത്തിനു പിന്നില്‍ വാളകം സ്കൂളിലെ മാനേജ്മെന്റുമായുള്ള തര്‍ക്കങ്ങളാണ്. സ്കൂള്‍ മാനേജര്‍ ബാലകൃഷ്ണപിള്ളയുടെ നിര്‍ദേശപ്രകാരം സ്കൂളിലെ ആരെങ്കിലും മുന്‍കൈയെടുത്ത് ഉപദ്രവിച്ചതാകാം. ഭാര്യ കെ ആര്‍ ഗീതയ്ക്ക് ഹെഡ്മിസ്ട്രസായി പ്രൊമോഷന്‍ കൊടുക്കാതിരിക്കാന്‍ വേണ്ടിഎനിക്കെതിരെ ബാലകൃഷ്ണപിള്ള അഞ്ച് കേസ് കൊടുപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ എന്നെയും ഭാര്യയെയും സ്കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. എച്ച്എമ്മിനെ ചീത്ത വിളിച്ചെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ ഡിഇഒ ആണ് അന്വേഷണം നടത്തിയത്. ആക്രമണത്തിനു പിന്നില്‍ ഈ കാര്യങ്ങള്‍ തന്നെയായിരിക്കാം. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഭാര്യ ഹെഡ്മിസ്ട്രസ് ആയതിലുള്ള വൈരാഗ്യവും ആക്രമണത്തിന് പ്രേരണയായിരിക്കാം. മനേജ്മെന്റില്‍ പിള്ളയെ അനുകൂലിക്കുന്ന ഗുണ്ടാസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. കുഞ്ഞുമോന്‍ എന്ന അധ്യാപകന്‍ എതിരായിരുന്നു. ഭാര്യയുടെ പ്രൊമോഷന്‍ പ്രശ്നവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദേശപ്രകാരം ഡിഇഒ ഓഫീസില്‍ ഹിയറിങ്ങിന് വിളിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് മായാദാസ് എന്ന അധ്യാപകനുമായി സംസാരമുണ്ടായി. സ്കൂളിലെ അധ്യാപകനും മന്ത്രി ഗണേശ്കുമാറിന്റെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗവുമായ ശ്യാംകുമാറുമായും നല്ല ബന്ധമല്ല. മാനേജ്മെന്റിന്റെ ആളുകള്‍ ബാലകൃഷ്ണപിള്ളയെ ജയിലില്‍ സ്ഥിരമായി സന്ദര്‍ശിക്കുമായിരുന്നു. അവര്‍ക്ക് പിള്ള കൃത്യമായി നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ടെന്ന് അറിയാം. പിള്ളയെ മാനേജര്‍ സ്ഥാനത്തുനിന്ന് മാറ്റിയ കോടതി ഉത്തരവ് അട്ടിമറിച്ചു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ആക്രമണത്തിനു പിന്നിലുണ്ടെന്ന് കരുതുന്നതായും കൃഷ്ണകുമാര്‍ മജിസ്ട്രേട്ടിനു നല്‍കിയ മൊഴിയില്‍ പറയുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചശേഷം രണ്ടുതവണ അധ്യാപകന്റെ മൊഴിയെടുക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും ആരോഗ്യനില വഷളായിരുന്നു. അധ്യാപകന്റെ ഓര്‍മ സാധാരണ നിലയിലാണെന്ന് ചികിത്സിച്ച ഡോക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മജിസ്ട്രേട്ട് നവംബര്‍ ഒന്നിന് മൊഴി രേഖപ്പെടുത്തിയത്. ആക്രമണശേഷം ആദ്യമായി കൃഷ്ണകുമാര്‍ കൊട്ടാരക്കര താലൂക്കാശുപത്രിയിലെ ഡോ. വിജയശ്രീക്ക് നല്‍കിയ മൊഴിയിലും വെളുത്ത ആള്‍ട്ടോ കാറിനുള്ളില്‍വച്ച് ചിലര്‍ ആക്രമിച്ചതാണെന്ന് പറഞ്ഞിരുന്നു.
(സനല്‍ ഡി പ്രേം)

deshabhimani 201111

1 comment:

  1. തന്നെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് ആര്‍ ബാലകൃഷ്ണപിള്ളയുടെ ആള്‍ക്കാരാണെന്ന് വ്യക്തമാക്കി വാളകം ആര്‍വി വിഎച്ച്എസ്എസിലെ അധ്യാപകന്‍ കൃഷ്ണകുമാര്‍ മജിസ്ട്രേട്ടിനു നല്‍കിയ മൊഴി പുറത്തുവന്നു. അധ്യാപകന്‍ സ്വബോധത്തോടെ നല്‍കിയ മൊഴിയില്‍ പിള്ള ഏര്‍പ്പെടുത്തിയ നാലംഗ സംഘമാണ് കാറിനുള്ളില്‍വച്ച് ആക്രമിച്ചതെന്ന് കരുതുന്നതായും പറയുന്നു.

    ReplyDelete