Thursday, November 3, 2011

ഡീസല്‍, പാചകവാതക വിലകൂട്ടുന്നു

പെട്രോളിന് വിലവര്‍ദ്ധിക്കുമെന്ന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഡീസലിനും പാചകവാതകത്തിനും വിലവര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര നീക്കം. വിലവര്‍ദ്ധിപ്പിക്കാതിരുന്നാല്‍ എണ്ണക്കമ്പനികള്‍ക്ക് 333 കോടി രൂപയുടെ നഷ്ടം പ്രതിദിനം ഉണ്ടാകുന്നെന്ന് ന്യായീകരിച്ചാണ് കേന്ദ്രം ഈ നീക്കം നടത്തുന്നത്. ഇപ്പോഴത്തെ വില പുനപരിശോധിപ്പിക്കാന്‍ പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി ഇന്നലേ ഉന്നത ഉദ്യോഗസ്ഥരുടെ മീറ്റിംഗ് വിളിച്ചു കൂട്ടി. ഡീസലിന് ലിറ്ററിന് രണ്ട് രൂപയും പാചകവാതകത്തിന് സിലിണ്ടറിന് 20 രൂപയും വര്‍ദ്ധിപ്പിക്കാനാണ് നീക്കം. എന്നാല്‍ അന്തിമ തീരുമാനമെടുക്കാന്‍ ഉന്നതതല മന്ത്രിസഭാ യോഗം വിളിച്ചു കൂട്ടണമെന്ന് താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് റെഡ്ഡി അറിയിച്ചു. ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പത്രലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡീസലിന് ലിറ്ററിന് 9.27 രൂപയും പാചകവാതകത്തിന് സിലിണ്ടറിന് 260.50 രൂപയും പൊതു വിതരണ സമ്പ്രദായത്തിലൂടെ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മണ്ണെണ്ണയ്ക്ക് ലിറ്ററിന് 26.94 രൂപയും വീതം നഷ്ടം സംഭവിക്കുന്നുണ്ടെന്ന് അദ്ദേഹം വിശദമാക്കി.

ഈമാസം 22ന് ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുമ്പ് വിലക്കയറ്റം സംബന്ധിച്ച മന്ത്രിസഭായോഗം ചേരുമെന്നാണ് അറിയുന്നത്. മന്ത്രിസഭാ യോഗത്തില്‍ യു പി എ സര്‍ക്കാരിലെ കോണ്‍ഗ്രസ് മുഖ്യ സഖ്യകക്ഷികളായ ഡി എം കെ, ത്രിണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളില്‍ നിന്നുള്ള പ്രതിനിധികളായിരിക്കും പങ്കെടുക്കുക. വിലവര്‍ദ്ധനവില്‍ ഈ പാര്‍ട്ടികളില്‍ നിന്നൊന്നും എതിര്‍പ്പുണ്ടാകാനിടയില്ലാത്ത സാഹചര്യത്തില്‍ മറ്റൊരു വിലക്കയറ്റത്തിന് കൂടി രാജ്യം സാക്ഷിയാകുമെന്ന് ഉറപ്പായിരിക്കുകയാണ്. വില വര്‍ദ്ധനവ് അത്യാവശ്യമാണെന്ന് തന്റെ മന്ത്രാലയം സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് റെഡ്ഡി തന്നെ പറയുന്നുണ്ട്. ക്രൂഡ് ഓയിലിന്റെ അന്താരാഷ്ട്ര വിലയിലെ വര്‍ദ്ധനവും തേയ്മാന ചെലവിലെ വര്‍ദ്ധനവുമാണ് അദ്ദേഹം വിലവര്‍ദ്ധനവിന്റെ ന്യായീകരണമായി ഉയര്‍ത്തിക്കാണിക്കുന്നത്. വില നിയന്ത്രണത്തിനുള്ള അധികാരം കഴിഞ്ഞ ജൂണ്‍ മുതല്‍ പൂര്‍ണമായും സര്‍ക്കാരിന് നഷ്ടമായതോടെ വില ഉയര്‍ത്തണമോ വേണ്ടേയോയെന്ന് ചിന്തിക്കേണ്ടത് പെട്രോളിയം കമ്പനികളാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം പെട്രോളിന് ലിറ്ററിന് 1.50 പൈസ വീതം നഷ്ടപ്പെടുന്നു എന്ന് കാണിച്ചാണ് എച്ച് പി സി എല്‍ ഫിനാന്‍സ് ഡയറക്ടര്‍ ബി മുഖര്‍ജി പെട്രോളിന് 1.82 രൂപ വര്‍ദ്ധിപ്പിക്കാന്‍ ആലോചിക്കുന്നതായി അറിയിച്ചത്. കൂടാതെ ഈ വര്‍ഷം ഡീസലും പാചകവാതകവും വിറ്റതില്‍ ഭാരത് പെട്രോളിയത്തിനും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിനും 1.3 ലക്ഷം കോടി നഷ്ടം സംഭവിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു. വില വര്‍ദ്ധിക്കാത്ത സാഹചര്യത്തില്‍ പെട്രോളിയം കമ്പനികള്‍ വന്‍ കടബാധ്യതയിലാകുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാനുള്ള സാധ്യതകള്‍ വളരെ കുറവാണെന്നും അറിയിച്ചിരുന്നു. വിലവര്‍ദ്ധനവ് പെട്രോളിയം കമ്പനികളുടെ തീരുമാനത്തെ അനുസരിച്ചിരിക്കുമെന്ന് പെട്രോളിയം സെക്രട്ടറി ജി സി ചതുര്‍വേദിയും നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം ഡോളറിന് 48 രൂപയായ സെപ്തംബര്‍ 16ന് എച്ച് പി പെട്രോള്‍ ലിറ്ററിന് 3.14 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 49 രൂപയാണ്.

janayugom 031111

1 comment:

  1. കണ്ണൂര്‍ : എണ്ണവില വീണ്ടും വര്‍ധിപ്പിക്കുമ്പോള്‍ ജില്ലയിലെ ഉപഭോക്താക്കളില്‍നിന്ന് ഒരു മാസം അധികം ചോര്‍ത്തുന്നത് 9.4 കോടി രൂപ. 110 ഏജന്‍സികളില്‍നിന്ന് മാസം ഏകദേശം 51,15,000 ലിറ്റര്‍ ഡീസലും 25,57,500 ലിറ്റര്‍ പെട്രോളുമാണ് വിറ്റഴിക്കുന്നത്. 1000-1500 ലിറ്റര്‍ ഡീസലും 500-750 ലിറ്റര്‍ പെട്രോളുമാണ് ദിവസം ഒരു ഏജന്‍സി വില്‍ക്കുന്നത്. പ്രദേശത്തിന്റെ പ്രത്യേകതയനുസരിച്ച് നേരിയ വ്യത്യാസമുണ്ടാകും. എണ്ണവില നിര്‍ണയം സര്‍ക്കാരില്‍നിന്ന് മാറ്റിയശേഷം 2010 ജൂണ്‍ 25 മുതല്‍ സെപ്തംബര്‍ 15 വരെ 11 തവണകളിലായി 23.84 രൂപ വര്‍ധന പെട്രോളിനുണ്ടായി. ഡീസലിന് ആറു തവണയായി 6.30 രൂപയുടെ വര്‍ധനയും. പെട്രോളിന് മെയ് 14ന് ഒറ്റയടിക്ക് അഞ്ചു രൂപ വര്‍ധിപ്പിച്ചു. സെപ്തംബര്‍ 14ന് 3.14 രൂപയുടെ വര്‍ധനയുമുണ്ടായി. പെട്രോളിനത്തില്‍ 6.09 കോടിയുടെ അധിക വരുമാനമാണ് മാസം എണ്ണക്കമ്പനികള്‍ക്ക് ജില്ലയില്‍നിന്ന് ലഭിച്ചത്. ഡീസലിനത്തില്‍ 3.22 കോടിയും. ഇതില്‍നിന്ന് ഒരു രൂപപോലും വിരണക്കാരനോ തൊഴിലാളിക്കോ ലഭിക്കില്ല. വിതരണക്കാര്‍ എണ്ണ വാങ്ങാന്‍ കൂടുതല്‍ തുക മുടക്കേണ്ടിയും വരുന്നു. ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപനം നടത്താനാവില്ലെന്നാണ് പമ്പ് ഉടമകള്‍ പറയുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ , ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടെ ഡീലര്‍മാരാണ് ജില്ലയില്‍ . 68.80 രൂപയാണ് ഇപ്പോള്‍ ലിറ്റര്‍ പെട്രോള്‍ വില. 44.47 രൂപ ഡീസലിനും. പെട്രോളിന് 1.83 രൂപ കൂട്ടണമെന്നാണ് എണ്ണ കമ്പനികള്‍ ആവശ്യപ്പെടുന്നത്.

    ReplyDelete