രാസവളത്തിന്റെ തീപിടിച്ച വിലയും ദൗര്‍ലഭ്യവും കര്‍ഷകരെ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നു. വളം കമ്പനികള്‍ക്ക് വില നിയന്ത്രണാധികാരം നല്‍കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയാണ് രാസവളങ്ങളുടെ വില കുത്തനെ ഉയരാന്‍ കാരണം. കുത്തക കമ്പനികള്‍ വിപണിയില്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ചതോടെ അധിക വില കൊടുത്താലും രാസവളം കിട്ടാനില്ലാത്ത സ്ഥിതി വന്നു. വളം ലഭ്യത കുറഞ്ഞത് ചെറുകിട കര്‍ഷകരെയാണ് ഏറെ ബാധിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ രാസവളനയത്തിന്റെ ഭാഗമായി കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ആറുതവണയാണ് വിലവര്‍ധിച്ചത്. രാസവളങ്ങളുടെ വില രണ്ടും മൂന്നു ഇരട്ടിയായാണ് കുതിച്ചുകയറിയത്. ഒരു ചാക്ക് ഫാക്ടംഫോസിന്റെ വില 420ല്‍ നിന്ന് 673 രൂപയായും 251 രൂപയായിരുന്ന പൊട്ടാഷിന്റെ വില 588 രൂപയായും ഉയര്‍ന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ വളങ്ങള്‍ക്ക് വില വര്‍ധിച്ചതിനെ തുടര്‍ന്ന് മദ്രാസ് ഫെര്‍ട്ടിലൈസേഴ്‌സിന്റെയും ഇസ്‌കോ കോംപ്ലക്‌സിന്റെയും വളങ്ങള്‍ക്ക് വില ഉയര്‍ന്നു. കാര്‍ഷികവൃത്തിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാള്‍ കൂടുതല്‍ തുക വളത്തിനായി ചെലവഴിക്കേണ്ടുന്ന അവസ്ഥ കര്‍ഷകരെ കൂടുതല്‍ കടക്കെണിയിലേക്ക് നയിക്കുമെന്നുറപ്പാണ്.
രാജ്യത്ത് ആകെ ആവശ്യമായ രാസവളത്തിന്റെ 20 ശതമാനം മാത്രമാണ് പൊതുമേഖലയില്‍ ഉല്‍പാദിപ്പിക്കുന്നത്. ബാക്കി വരുന്ന 80 ശതമാനവും കുത്തക കമ്പനികളില്‍ നിന്നും വിദേശത്തു നിന്നുള്ള ഇറക്കുമതിയിലൂടെയുമാണ് ലഭിക്കുന്നത്. ഗോഡൗണുകളില്‍ വളം പൂഴ്ത്തിവച്ച് വിപണിയില്‍ കൃത്രിമ ക്ഷാമം സൃഷ്ടിച്ച് വില വര്‍ധിക്കുന്നതിനാണ് കുത്തക കമ്പനികള്‍ ശ്രമിച്ചുവരുന്നത്.
കേരളത്തിലെ കര്‍ഷകര്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഫാക്ടംഫോസിനും യൂറിയ, പൊട്ടാഷ് എന്നിവയ്ക്കും കടുത്ത ക്ഷാമമാണ് അനുഭവപ്പെടുന്നത്. സംസ്ഥാനത്ത് ഒരു വര്‍ഷം ഏകദേശം രണ്ട് ലക്ഷം ടണ്‍ ഫാക്ടംഫോസാണ് ആവശ്യമായി വരുന്നത്. എന്നാല്‍ പലപ്പോഴും ആവശ്യത്തിന്റെ നാലിലൊന്നുപോലും ലഭിക്കാറില്ല. പാലക്കാട്, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് ഫാക്ടം ഫോസ് ഏറ്റവുമധികം ഉപയോഗിക്കുന്നത്. ഫാക്ട് പ്രതിവര്‍ഷം ഏഴുലക്ഷം ടണ്‍ ഫാക്ടംഫോസും രണ്ടുലക്ഷം ടണ്‍ അമോണിയം സള്‍ഫേറ്റും ഉല്‍പാദിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തിന് ആവശ്യമുള്ള വളത്തിന്റെ കാല്‍ഭാഗം പോലും ഫാക്ടറികളില്‍ നിന്ന് ലഭിക്കുന്നില്ല. അതിനിടെയാണ് ചില ഏജന്‍സികള്‍ തമിഴ്‌നാട്ടിലേക്ക് കൂടിയ വില നല്‍കി വളം കടത്തുന്നത്.
കേരളത്തിന് അനുവദിക്കുന്ന അലോട്ട്‌മെന്റിലും കുറവുണ്ടായിട്ടുണ്ട്. ആന്ധ്രാപ്രദേശിനും കര്‍ണാടകയ്ക്കും കേരളത്തെക്കാള്‍ കൂടുതല്‍ വളം ലഭിക്കുന്നുണ്ട്. ഓരോ സംസ്ഥാനത്തെയും വിഹിതം കേന്ദ്രസര്‍ക്കാരാണ് നിശ്ചയിക്കുന്നത്. സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന വളം കേന്ദ്രസര്‍ക്കാര്‍ നല്‍കാറുമില്ല. ഇതോടെ സീസണാകുമ്പോള്‍ വളത്തിന് രൂക്ഷമായ ക്ഷാമം അനുഭവപ്പെടുന്നു.
കര്‍ഷകര്‍ക്കാവശ്യമായ യൂറിയ, പൊട്ടാഷ് വളങ്ങള്‍ ഇറക്കുമതിചെയ്യുകയാണ്. വര്‍ഷം തോറും 2.8 കോടി ടണ്ണോളം യൂറിയ ആണ് രാജ്യത്ത് ആവശ്യം. ഇതില്‍ 80 ശതമാനത്തോളം രാജ്യത്ത് ഉല്‍പാദിപ്പിക്കുന്നു. ബാക്കി ഇറക്കുമതി ചെയ്യുന്നു. പൊട്ടാഷ് പൂര്‍ണമായി ഇറക്കുമതി ചെയ്യുകയാണ്. ഇവയുടെ വില അഞ്ചുമാസം മുമ്പ് ടണ്ണിന് 5500 രൂപയായിരുന്നു. ഇപ്പോള്‍ 16,000 രൂപയാണ്.
രാസവളത്തിന്റെ ദൗര്‍ലഭ്യം ദീര്‍ഘകാലകാര്‍ഷികവിളകള്‍ ഉള്‍പ്പെടെയുള്ളവയെ ദോഷകരമായി ബാധിക്കുമെന്ന് കിസാന്‍സഭ സംസ്ഥാന ജനറല്‍ സെക്രട്ടറി സത്യന്‍ മൊകേരി ജനയുഗത്തോട് പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ പ്രക്ഷോഭം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. വളം കമ്പനികള്‍ക്ക് വിലനിയന്ത്രണ അധികാരം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പിന്‍വലിക്കുക, രാസവളങ്ങള്‍ക്ക് സബ്‌സിഡി പുനസ്ഥാപിച്ച് വളങ്ങള്‍ യഥാസമയവും യഥേഷ്ടവും കര്‍ഷകര്‍ക്ക് ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാളെ സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യഗ്രഹസമരം നടക്കും. കിസാന്‍സഭ അഖിലേന്ത്യാ വൈസ് പ്രസിഡന്റും സി പി ഐ സംസ്ഥാന സെക്രട്ടറിയുമായ സി കെ ചന്ദ്രപ്പന്‍ സമരം ഉദ്ഘാടനം ചെയ്യും.
janayugom 031111
No comments:
Post a Comment