മന്ത്രി കെ ബി ഗണേഷ്‌കുമാറിനെയും, ചീഫ് വിപ്പ് പി സി ജോര്‍ജിനെയും ബഹിഷ്‌കരിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവാദ പ്രസ്താവനകള്‍ നടത്തിയ ഇരുവരെയും തല്‍ സ്ഥാനങ്ങളില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം. ഇരുവരും തല്‍സ്ഥാനങ്ങളില്‍ തുടരുന്നത് എല്‍ ഡി എഫ് അംഗീകരിക്കുന്നില്ല. നിയമസഭയ്ക്ക് അകത്തും, പുറത്തും ഇരുവരെയും ബഹിഷ്‌കരിക്കും. ഇവര്‍ പങ്കെടുക്കുന്ന ചാനല്‍ ചര്‍ച്ചകളും എല്‍ ഡി എഫ് ബഹിഷ്‌കരിക്കും. അതേസമയം സഭ ബഹിഷ്‌കരിക്കുന്ന സമീപനം എല്‍ ഡി എഫ് സ്വീകരിക്കില്ല.
കേരളത്തിന്റെ സാംസ്‌കാരിക രംഗത്തിന് അങ്ങേയറ്റം അപലപനീയമായ പരാമര്‍ശമാണ് പ്രതിപക്ഷ നേതാവിനെക്കുറിച്ച് മന്ത്രി ഗണേഷ്‌കുമാര്‍ നടത്തിയത്. ഇത് യു ഡി എഫിന്റെ നയമല്ലെന്ന് മുഖ്യമന്ത്രി പറയുകയും, ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും ഗണേഷ് കുമാര്‍ ഇതിനെ ന്യായീകരിക്കുന്ന വിധത്തിലാണ് സംസാരിക്കുന്നത്. ഉപാധികളോടെയാണ് ഖേദം പ്രകടിപ്പിക്കാന്‍ അദ്ദേഹം തയ്യാറായിട്ടുള്ളത്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. വാളകം ആക്രമണത്തെപ്പറ്റിയുള്ള മന്ത്രി ഗണേഷ് കുമാറിന്റ പ്രസ്താവന കണക്കിലെടുത്ത് അദ്ദേഹത്തിനെതിരെ കേസെടുത്ത് ചോദ്യം ചെയ്യാന്‍ തയ്യാറാവണം.
കേരളീയരെന്ന നിലയില്‍ നാം ആര്‍ജ്ജിച്ച നേട്ടങ്ങളെ പിറകോട്ടടിക്കുന്ന പ്രസ്താവനയാണ് എ കെ ബാലനെക്കുറിച്ച് പി സി ജോര്‍ജ് നടത്തിയത്. ഈ നീചമായ സംസ്‌കാരം ആരും പൊറുക്കുന്നതല്ല. ഫ്യൂഡല്‍ കാലഘട്ടത്തിലേക്ക് തിരിച്ച് പോകുന്ന തരത്തിലുള്ള പി സി ജോര്‍ജിന്റെ പ്രസ്താവനയെക്കുറിച്ചുള്ള യൂ ഡി എഫിന്റെ അഭിപ്രായം വ്യക്തമാക്കണം. ഇത് കേവലം വ്യക്തിപരമായി കാണാന്‍ സാധിക്കില്ല. പട്ടികജാതിക്കാരെ മുഴുവന്‍ ആക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണിത്. പാളയില്‍ കഞ്ഞി കുടിപ്പിക്കും, തമ്പ്രാനെന്ന് വിളിപ്പിക്കും എന്ന തരത്തിലാണ് ഇപ്പോള്‍ പുറത്ത് വരുന്ന പ്രസ്താവനകള്‍.
സ്പീക്കറുടെ തീരുമാനം പോലും ലംഘിച്ച് കൊണ്ടാണ് വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെക്കുറിച്ചുള്ള മോശം പരാമര്‍ശം പി സി ജോര്‍ജ് നടത്തിയിരിക്കുന്നത്. ഇത് സ്ത്രീത്വത്തെ ആകെ അപമാനിക്കുന്ന സമീപനമാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്ന് വരേണ്ടതുണ്ട്. മഹിളാ സംഘടനകള്‍ ഇതിനെതിരെ ശക്തമായി രംഗത്ത് വരണം. ഏതെങ്കിലും പ്രശ്‌നത്തില്‍ അഭിപ്രായം പറഞ്ഞാല്‍ മാത്രം കേസെടുക്കുന്ന സര്‍ക്കാര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയ ജോര്‍ജിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് തനിക്ക് വേറെ പണിയുണ്ടെന്നാണ്. ഇത് പ്രതിഷേധാര്‍ഹമാണ്.
ഇത്തരം പ്രസ്താവനകളും, പ്രസംഗങ്ങളും മുഖ്യമന്ത്രിയുടെ അറിവോടെയാണോ നടത്തിയതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. പഴയകാല ഫ്യൂഡല്‍ നയങ്ങളെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. പട്ടികജാതിക്കാരെ അധിക്ഷേപിച്ച പി സി ജോര്‍ജിനെതിരെ എസ് സി - എസ് ടി അതിക്രമ നിരോധന നിയമ പ്രകാരം കേസെടുക്കണം. പ്രശ്‌നത്തെ നിയമപരമായി നേരിടാനും എല്‍ ഡി എഫ് തീരുമാനിച്ചിട്ടുണ്ട്.
നിയമത്തെ നോക്കുകുത്തിയാക്കി ബാലകൃഷ്ണപിള്ളയെ മോചിപ്പിച്ച സര്‍ക്കാര്‍ തീരുമാനം നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. പിള്ളയുടെ പ്രായം കണക്കാക്കിയാണ് ശിക്ഷാ കാലാവധി ഒരു വര്‍ഷമായി കുറച്ചത്. ശിക്ഷാ കാലാവധിക്കിടെ തന്നെ രണ്ട് തവണ പിള്ള നടപടിക്ക് വിധേയനായതാണ്. ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് ഇളവ് നല്‍കുന്നത് ഇത് ആദ്യമാണ്. നിയമവിരുദ്ധമായ ഉത്തരവാണ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. മകന്‍ അംഗമായ മന്ത്രിസഭ അച്ഛനെ വിട്ടയക്കാന്‍ തീരുമാനിച്ചത് അസാധാരണ സംഭവമാണ്. സ്വജന പക്ഷപാതം കാണിച്ച സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. ഉത്തരവ് പിന്‍വലിച്ച് പിള്ളയ്ക്ക് ശിക്ഷ ഉറപ്പ് വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെയുള്ള പ്രമേയം യോഗം അംഗീകരിച്ചു. പെട്രോളിയം വില നിര്‍ണ്ണയാധികാരം സര്‍ക്കാര്‍ ഏറ്റെടുക്കണം. 8 ന് നടക്കുന്ന ദേശീയ പ്രക്ഷോഭം വിജയിപ്പിക്കാന്‍ യോഗം തീരുമാനിച്ചിട്ടുണ്ടെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. യോഗത്തില്‍ വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായിരുന്നു.
janayugom 031111
No comments:
Post a Comment