Friday, November 4, 2011

ഹൈക്കോടതി ഉത്തരവ് യാഥാസ്ഥിതികം, യാന്ത്രികം

പൊതുവഴിയില്‍ യോഗങ്ങളും ഘോഷയാത്രകളും നിയന്ത്രിച്ചുകൊണ്ടുള്ള 2011 ലെ നിയമത്തിന്റെ നടത്തിപ്പ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവായി. മൂവാറ്റുപുഴയില്‍ ഡി വൈ എഫ് ഐ നടത്തിയ വഴിയോര യോഗം കോടതി അലക്ഷ്യമെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് ഹൈക്കോടതി ഉത്തരവ്. യോഗങ്ങള്‍ നടത്തുന്നത് പൗരന്മാരുടെ മൗലികാവകാശത്തിന്റെ നിഷേധമാണെന്ന് ആരോപിച്ച് ഹൈക്കോടതി അവ പൊതുവഴികളിലും വഴിയോരങ്ങളിലും നിരോധിച്ചിരുന്നു. കേരള നിയമസഭ പാസാക്കിയ 2011 ലെ നിയമം മേല്‍പറഞ്ഞ മൗലികാവകാശ ലംഘനം തന്നെയാണെന്നാരോപിച്ചാണ് പുതിയ ഉത്തരവ്.

ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ പുതിയ ഉത്തരവ് നമ്മുടെ രാജ്യത്തിന്റെ യാഥാര്‍ഥ്യങ്ങളെ വേണ്ടവണ്ണം ഉള്‍ക്കൊള്ളാത്ത തികച്ചും യാഥാസ്ഥിതികവും യാന്ത്രികവുമായ നിലപാടിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്നു പറയാതെ നിവൃത്തിയില്ല. പൗരന്മാരുടെ മൗലികാവകാശം ധ്വംസിക്കുന്നുവെന്ന പേരില്‍ തൃശൂര്‍പൂരമോ ആറ്റുകാല്‍ പൊങ്കാലയോ നിരോധിക്കാന്‍ കോടതിയോ വേണ്ടെന്നുവെക്കാന്‍ ജനങ്ങളോ തയ്യാറാവുമോ? വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഈ ഉത്സവങ്ങള്‍ക്കു പുറമെ വഴിനടക്കാനുള്ള പൗരന്റെ മൗലികാവകാശം 'നിഷേധിക്കുന്ന' എണ്ണമറ്റ ആരാധനാലയങ്ങള്‍ കേരളത്തിന്റെ പൊതുനിരത്തുകളോടു ചേര്‍ന്ന് നിലകൊള്ളുന്നതും കോടതിയുടെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നുണ്ടോ?

പൊതുനിരത്തുകളിലും നിരത്തുവക്കിലും നടത്തുന്ന പൊതുയോഗങ്ങളും മറ്റും പൗരന്മാര്‍ക്കുണ്ടാക്കുന്ന അസൗകര്യങ്ങളെ ഉത്സവങ്ങളോടും മതപരമായ ചടങ്ങുകളോടും വഴിയോര ആരാധനാലയങ്ങളോടും പ്രതിമുഖീകരിക്കുകയല്ല ഇവിടെ ലക്ഷ്യം. മറിച്ച് ജനാധിപത്യത്തില്‍ പൗരന്മാര്‍ക്ക് സംഘടിക്കാനും ഒത്തുചേരാനും പ്രകടനങ്ങളിലൂടെയും പൊതുയോഗങ്ങളിലൂടെയും അവന്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പൊതുജനങ്ങളുടെയും ഭരണകൂടങ്ങളുടെയും ശ്രദ്ധയില്‍കൊണ്ടുവരാനും പരിഹാരം കാണാനുമുള്ള മൗലികാവകാശം ഊന്നിപ്പറയാനാണ് ശ്രമിക്കുന്നത്. പൗരന്റെ ഈ അവകാശത്തിന്റെ പേരില്‍ മനപൂര്‍വ്വം ആസൂത്രിതമായി വഴിയാത്രക്കാര്‍ക്കും വാഹനഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുന്ന പ്രവണതകളെ ന്യായീകരിക്കുകയും ഇവിടെ ലക്ഷ്യമല്ല.

വാഹനഗതാഗതത്തിനും വഴിയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കാതെ, പരമാവധി ബുദ്ധിമുട്ടുകള്‍ കുറച്ച്, പൊതുയോഗങ്ങളും പ്രകടനങ്ങളും നടത്തുകയെന്നത് പൗരജനങ്ങളുടെ മൗലികാവകാശം തന്നെയാണ്. സ്വാതന്ത്ര്യ സമരകാലം മുതല്‍ സ്വതന്ത്ര ഇന്ത്യയുടെ നാളിതുവരെ കേരളത്തിലും ഇന്ത്യയിലും പൗരന്മാരും അവരുടെ സംഘടനകളും അനുഭവിച്ചു പോന്നിരുന്ന സ്വാതന്ത്ര്യത്തിന്റെ മേലാണ് ഇപ്പോഴത്തെ ഹൈക്കോടതി വിധി കൈവച്ചിരിക്കുന്നത്. ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യങ്ങളെല്ലാം തന്നെ പൗരന്മാരുടെ ഈ സ്വാതന്ത്ര്യം വകവച്ചുകൊടുത്തിട്ടുണ്ടെന്നുള്ളത് ഒരു ജനാധിപത്യ രാഷ്ട്രത്തിലെ ന്യായാധിപന്മാര്‍ വിസ്മരിച്ചുകൊണ്ടാണ് ഇത്തരം ഒരുത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നത് ആശ്ചര്യകരം തന്നെ.
കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളോടും വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയന്‍ ബഹുജന സംഘടനകളോടും ഒരുപറ്റം ന്യായാധിപന്മാരും ഉദ്യോഗസ്ഥമേധാവികളും സ്വീകരിക്കുന്ന അരാഷ്ട്രീയത്തിന്റെ മുഖപടമണിഞ്ഞുള്ള സമീപനം അങ്ങേയറ്റം അപലപനീമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും നിേഷധിക്കപ്പെടുന്ന അവകാശങ്ങളും സൗകര്യങ്ങളും മത-സമുദായ സംഘടനകളും വാണിജ്യ സ്ഥാപനങ്ങളും വമ്പന്‍ കോര്‍പ്പറേറ്റുകള്‍ തന്നെയും യഥേഷ്ടം ഉപയോഗപ്പെടുത്തുന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ നിരത്തിവെയ്ക്കാനാവും.

പൗരന്മാര്‍ക്കും അവരുടെ സംഘടനകള്‍ക്കും പൊതു ഇടങ്ങളില്‍ സംഘടിക്കാനും പ്രചാരണ പ്രവര്‍ത്തനങ്ങളിലും പ്രക്ഷോഭങ്ങളിലും ഏര്‍പ്പെടാനുമുള്ള അവകാശം ഭരണഘടനകളിലൂടെയോ കോടതി വിധികളിലൂടെയോ അനുഭവിച്ചുപോരുന്ന ഔദാര്യമല്ലെന്നത് ബന്ധപ്പെട്ടവര്‍ തിരിച്ചറിയണം. സമീപകാലത്ത് ഈ രാജ്യത്തും ലോകമെമ്പാടും നടന്നുവരുന്ന ജനമുന്നേറ്റങ്ങള്‍ ന്യായാധിപന്മാരുടെ കണ്ണുതുറപ്പിക്കണം. ഭരണകൂടത്തിന്റെ എല്ലാ അധികാര ശക്തികളെയും ധിക്കരിച്ചുകൊണ്ടല്ലെ അഴിമതിക്കെതിരെ അന്നാഹസാരെയുടെ നേതൃത്വത്തിലുള്ള ഉപവാസ സമരവും ജനമുന്നേറ്റവും രാജ്യം ദര്‍ശിച്ചത്! പതിറ്റാണ്ടുകള്‍ തന്നെ രാജ്യം അടക്കിവാണിരുന്ന സ്വേച്ഛാധിപതികളെ സ്ഥാനഭ്രഷ്ടമാക്കിയ അറബ് വസന്തം നമുക്കും ഒരു പാഠമല്ലെ? സര്‍വ്വശക്തമായ അമേരിക്കന്‍ സാമ്രാജ്യത്വ ഭരണകൂടത്തിന്റെയും യൂറോപ്പിലും ലോകമെങ്ങുമുള്ള ഭരണകൂടങ്ങളുടെയും അവയെ താങ്ങി നിര്‍ത്തുന്ന കോര്‍പ്പറേറ്റുകളുടെയും ഉറക്കം കെടുത്തി വളര്‍ന്നുവരുന്ന 'വാള്‍സ്ട്രീറ്റ് കച്ചവടക്കാര്‍' സമരവും അതിന്റെ രാജ്യാന്തര പ്രതിഫലനങ്ങളും ആരുടെയെങ്കിലും സ്വീകരണ മുറികളിലോ ശീതീകരിച്ച ഓഡിറ്റോറിയങ്ങളിലോ അല്ല മറിച്ച് ജനമധ്യത്തില്‍, പൊതു ഇടങ്ങളില്‍ തന്നെയാണ് ഉയര്‍ന്നുവരുന്നതെന്നും ന്യായാധിപന്മാര്‍ തിരിച്ചറിയണം.

ഇതിനര്‍ഥം വിവേചന രഹിതമായി ജനങ്ങളുടെ മിനിമം സൗകര്യങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കുന്ന നടപടികള്‍ ആര്‍ക്കും എപ്പോഴും സ്വീകരിക്കാമെന്നല്ല, മറിച്ച് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അതിര്‍ത്തി അപരന്റെ മൂക്കിന്‍ തുമ്പിന് തുഞ്ചത്താണ് അവസാനിക്കുന്നുവെന്ന തിരിച്ചറിവോടെയാവണം സ്വാതന്ത്ര്യത്തിന്റെ പ്രയോഗം. കോടതി ഉത്തരവുകള്‍ക്കും നിയമങ്ങള്‍ക്കും സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ഈ തിരിച്ചറിവ് സഹായകമാവണം.

janayugom editorial

1 comment:

  1. പൊതുവഴിയില്‍ യോഗങ്ങളും ഘോഷയാത്രകളും നിയന്ത്രിച്ചുകൊണ്ടുള്ള 2011 ലെ നിയമത്തിന്റെ നടത്തിപ്പ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് താല്‍ക്കാലികമായി തടഞ്ഞുകൊണ്ട് ഉത്തരവായി. മൂവാറ്റുപുഴയില്‍ ഡി വൈ എഫ് ഐ നടത്തിയ വഴിയോര യോഗം കോടതി അലക്ഷ്യമെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് ഹൈക്കോടതി ഉത്തരവ്. യോഗങ്ങള്‍ നടത്തുന്നത് പൗരന്മാരുടെ മൗലികാവകാശത്തിന്റെ നിഷേധമാണെന്ന് ആരോപിച്ച് ഹൈക്കോടതി അവ പൊതുവഴികളിലും വഴിയോരങ്ങളിലും നിരോധിച്ചിരുന്നു. കേരള നിയമസഭ പാസാക്കിയ 2011 ലെ നിയമം മേല്‍പറഞ്ഞ മൗലികാവകാശ ലംഘനം തന്നെയാണെന്നാരോപിച്ചാണ് പുതിയ ഉത്തരവ്.

    ReplyDelete