Friday, November 4, 2011

മാനന്തവാടി -പുല്‍പ്പള്ളി റൂട്ടില്‍ കെഎസ്ആര്‍ടിസിക്ക് പെര്‍മിറ്റ് നല്‍കിയില്ല

പുല്‍പ്പള്ളി-മാനന്തവാടി റൂട്ടിലെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കിയില്ല. രണ്ട് മാസം മുമ്പ് ആറ് ബസുകളുടെ പെര്‍മിറ്റ് പുതുക്കാന്‍ കെഎസ്ആര്‍ടിസി പണം അടച്ചിരുന്നു. ബുധനാഴ്ച ചേര്‍ന്ന ആര്‍ടിഎ യോഗമാണ് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ബസിന്റെ പെര്‍മിറ്റ് പുതുക്കാതിരുന്നത് സമയം കൂടി ചേര്‍ക്കാത്തതിനാലാണെന്നാണ് ആര്‍ടിഒ ഓഫീസില്‍ നിന്നും നല്‍കുന്ന വിശദീകരണം. കെഎസ്ആര്‍ടിസിയുടെ സമയം നിശ്ചയിക്കേണ്ടത് കെഎസ്ആര്‍ടിസി തന്നെയാണ്. ഈ കാര്യം കെഎസ്ആര്‍ടിസി അധികൃതര്‍ ആര്‍ടിഒയെ അറിയിച്ചിരുന്നു. മാത്രമല്ല 1956ലെ ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പും കാണിച്ചിരുന്നു. സ്വകാര്യ ബസ് മുതലാളിമാരുടെ താല്‍പ്പര്യപ്രകാരമാണ് പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ ആര്‍ടിഒ തയ്യാറാകാത്തതെന്നാണ് അറിയിച്ചത്. പുല്‍പ്പള്ളി മാനന്തവാടി റൂട്ടിലെ കെഎസ്ആര്‍ടിസി ബസുകള്‍ വ്യാഴാഴ്ച മുതല്‍ തടയാന്‍ സ്വകാര്യ ബസുകാര്‍ തീരുമാനിച്ചിരുന്നു. വ്യാഴാഴ്ചയും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തി. ബസ് തടയുമെന്ന് പ്രഖ്യാപിച്ച സ്വകാര്യബസുകാര്‍ വ്യാഴാഴ്ച മാനന്തവാടി-പുല്‍പ്പള്ളി റൂട്ടില്‍ പണിമുടക്കി. ഈ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസുകളുടെ സമയക്രമീകരണം സ്വകാര്യ ബസുകളെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് സമരം നടത്തുന്നതെന്ന് ബസുടമകള്‍ പറയുന്നു. ഇത് പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്നും ഉടമകള്‍ അറിയിച്ചു. സമരം മൂലം വിദ്യാര്‍ഥികളടക്കം നിരവധിയാത്രക്കാര്‍ ദുരിതത്തിലായി. പുല്‍പ്പള്ളി-മാനന്തവാടി റൂട്ടില്‍ മെച്ചപ്പെട്ട സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയെ തകര്‍ക്കാനുള്ള സ്വകാര്യബസുടമകളുടെ നീക്കത്തെ ചെറുക്കുമെന്ന് പുല്‍പ്പള്ളി ബസ് പാസഞ്ചേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിലേക്ക്

പാലക്കാട്: കെഎസ്ആര്‍ടിസി എംപ്ലോയീസ് അസോസിയേഷന്‍ നേതൃത്വത്തില്‍ ജീവനക്കാര്‍ 16ന് പണിമുടക്കും. എട്ടുവര്‍ഷം പൂര്‍ത്തിയാക്കിയ താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പിഎസ്സി അണ്‍ അഡൈ്വസ് ജീവനക്കാരെ സ്ഥിരപ്പെടുത്തുക, ശമ്പളപരിഷ്കരണം നടപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. കഴിഞ്ഞ രണ്ടുമാസമായി ഈ ആവശ്യങ്ങളുന്നയിച്ച് നടത്തിയ സെക്രട്ടറിയറ്റ് മാര്‍ച്ച്, തിരുവനന്തപുരം ചീഫ് ഓഫീസ്മാര്‍ച്ച്, സത്യഗ്രഹം തുടങ്ങിയ സമരങ്ങളുടെ തുടര്‍ച്ചയായാണ് പണിമുടക്കിലേക്ക് നീങ്ങുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം കെഎസ്ആര്‍ടിസി വികസനമുരടിപ്പ് നേരിടുകയാണ്. പുതിയതായി ആയിരം ബസ് ഇറക്കുമെന്ന പ്രഖ്യാപനമല്ലാതെ ഒരുവാഹനംപോലും ഇറക്കിയിട്ടില്ല. ശബരിമല സീസണ്‍കൂടി വരുന്നതോടെ പുതിയ ബസിന്റെ അഭാവത്തില്‍ തീര്‍ഥാടകര്‍ക്ക് യാത്രാക്ലേശം രൂക്ഷമാകും. സൂചനാപണിമുടക്കിന്റെ പ്രചാരണാര്‍ഥം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പാലക്കാട്ട് വാഹനജാഥ എത്തും. ജാഥാസ്വീകരണം സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരന്‍ ഉദ്ഘാടനം ചെയ്യും. ടി പ്രദീപ്കുമാറാണ് ജാഥാക്യാപ്റ്റന്‍ . വെള്ളിയാഴ്ച പകല്‍ രണ്ടിന് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡ് പരിസരത്ത് നടക്കുന്ന ധര്‍ണ ബിഎസ്എന്‍എല്‍ഇയു ജില്ലാ സെക്രട്ടറി പി ആര്‍ പരമേശ്വരന്‍ ഉദ്ഘാടനം ചെയ്യും.

കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് ഡിവൈഎഫ്ഐ മാര്‍ച്ച്

കൊച്ചി: കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന സംസ്ഥാനസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തി. ഡിപ്പോയ്ക്കുമുന്നില്‍ നടത്തിയ ധര്‍ണ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം സി കെ മണിശങ്കര്‍ ഉദ്ഘാടനംചെയ്തു. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, മുടങ്ങിയ തിരു കൊച്ചി ലോഫ്ളോര്‍ ബസുകള്‍ പുനഃസ്ഥാപിക്കുക, ജില്ലയിലെ യാത്രാക്ലേശം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍കൂടി ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ജില്ലാസെക്രട്ടറി അഡ്വ. കെ എം അനില്‍കുമാര്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം വി എ ശ്രീജിത്ത്, പി ആര്‍ റെനീഷ്, എ ജി ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. കച്ചേരിപ്പടിയില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് ടി വി നിധിന്‍ , പി വി ഷാജി, പി ബി രതീഷ്, ടി എസ് നൗഷാദ് എന്നിവര്‍ നേതൃത്വം നല്‍കി.

deshabhimani 041111

1 comment:

  1. പുല്‍പ്പള്ളി-മാനന്തവാടി റൂട്ടിലെ കെഎസ്ആര്‍ടിസി ബസുകള്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കിയില്ല. രണ്ട് മാസം മുമ്പ് ആറ് ബസുകളുടെ പെര്‍മിറ്റ് പുതുക്കാന്‍ കെഎസ്ആര്‍ടിസി പണം അടച്ചിരുന്നു. ബുധനാഴ്ച ചേര്‍ന്ന ആര്‍ടിഎ യോഗമാണ് പെര്‍മിറ്റ് പുതുക്കി നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചത്.

    ReplyDelete