മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സംഘം തലസ്ഥാനത്തേക്ക് നടത്തിയ യാത്ര വൃഥാവിലായി. സംസ്ഥാനത്തിന് പുതിയ പാക്കേജ് എന്ന ആവശ്യം അവഗണിക്കപ്പെട്ടു. കിട്ടിയ ഉറപ്പുകളാകട്ടെ അടുത്ത പദ്ധതിക്കാലേത്തയ്ക്ക് പരിഗണിക്കപ്പെടുമെന്നതു മാത്രമാണ്. കൊട്ടിഘോഷിക്കപ്പെട്ട യാത്രയ്ക്കുശേഷം കേരളത്തിലേയ്ക്കു മടങ്ങുന്നത് വെറുംകയ്യുമായാണെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമായി.
മുഖ്യമന്ത്രിയും മന്ത്രിമാരും കൊട്ടിഘോഷിച്ച് നടത്തിയ ഡല്‍ഹി യാത്രകൊണ്ട് സംസ്ഥാന ഖജനാവിന് നഷ്ടമല്ലാതെ മറ്റൊരു നേട്ടവും സംസ്ഥാനത്തിന് നേടാനായില്ല. കൊച്ചി മെട്രോ ഇപ്പോഴും യാത്ര ആരംഭിക്കാതെ നില്‍ക്കുന്നു. കിട്ടിയ ഉറപ്പുകളെല്ലാം അടുത്ത പദ്ധതി കാലത്തേയ്ക്ക് പരിഗണിക്കാമെന്നതാണ് ശ്രദ്ധേയം. സംസ്ഥാനം നേരിടുന്ന അതീവ ഗുരുതരമായ കര്‍ഷക ആത്മഹത്യ തരണം ചെയ്യാന്‍ കേന്ദ്രം എന്തെങ്കിലും നല്‍കുമെന്ന പ്രതീക്ഷയും അസ്തമിച്ചു.
കേന്ദ്ര കൃഷിമന്ത്രി ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രിയും മന്ത്രിമാരും ഈ വിഷയം മുന്നോട്ടുവെച്ചെങ്കിലും കേന്ദ്രത്തിന്റെ നിലവിലുള്ള പദ്ധതികളിലേയ്ക്ക് വിഷയത്തെ ഒതുക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിച്ചത്. ദേശീയ കൃഷി വികാസ് യോജനയുടെ ലഭ്യമായ ഫണ്ടുകള്‍ ഇതിനായി വിനിയോഗിക്കാനാണ് കര്‍ഷക ആത്മഹത്യകള്‍ക്ക് പോംവഴിയായി ശരത് പവാര്‍ നിര്‍ദ്ദേശിച്ചത്. ഇതോടെ പുതിയ പാക്കേജെന്ന സംസ്ഥാനത്തിന്റെ ആവശ്യം അവഗണിക്കപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയിലെ കേസും ഉന്നതാധികാര സമിതിയുടെ നടപടിക്രമങ്ങളും പൂര്‍ത്തിയാകാന്‍ കാലതാമസം നേരിടുന്ന സാഹചര്യത്തില്‍ ഈയിടെയുണ്ടായ ഭൂകമ്പം കൂടി കണക്കിലെടുത്ത് കോടതിക്ക് പുറത്ത് പ്രശ്‌ന പരിഹാരത്തിന് കേന്ദ്രം ഇടപെടണമെന്നും സംസ്ഥാനം ആവശ്യം മുന്നോട്ടുവെച്ചെങ്കിലും ഇത് സംബന്ധിച്ച് കേന്ദ്രം വീണ്ടും കൂടുതല്‍ വിശദീകരണം ആവശ്യപ്പെടുകയാണുണ്ടായത്.
നിലവില്‍ തമിഴ്‌നാടുമായുള്ള കരാറില്‍ മാറ്റമുണ്ടാകില്ലെന്നും കേരളത്തിന്റെ ചിലവില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാമെന്നും സമ്മതിച്ചുകൊണ്ട് കത്ത് നല്‍കാനാണ് കേന്ദ്ര ജലവിഭവ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ കത്തിനെക്കുറിച്ച് വിശദീകരണം ചോദിച്ചെങ്കിലും മുഖ്യമന്ത്രി പതിവ് പല്ലവി ആവര്‍ത്തിച്ചു.
കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം. കേന്ദ്ര ഇടപെടല്‍ സംബന്ധിച്ച് ഒറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പിന്നീട് അദ്ദേഹത്തിന് സമ്മതിക്കേണ്ടിവന്നു.
പ്രധാനമന്ത്രി പ്രഖ്യപിച്ച കേരളത്തിന്റെ ഐ ഐ ടി അടുത്ത പദ്ധതി കാലത്ത് പരിഗണിക്കാമെന്ന ഉറപ്പാണ് കേന്ദ്ര മാനവ വിഭവശേഷിമന്ത്രി കപില്‍ സിബലില്‍നിന്ന് ലഭിച്ചത്.
കൊച്ചിക്കടുത്ത് ആമ്പല്ലൂരില്‍ ഇലക്‌ട്രോണിക് ഹബ് സ്ഥാപിക്കുന്നതിനും സംസ്ഥാനം സഹായം അഭ്യര്‍ത്ഥിച്ചു. കൊച്ചി മെട്രോ സംബന്ധിച്ച് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ എം ഡി ഇ ശ്രീധരനുമായും, കൂടുതല്‍ വൈദ്യതവിഹിതം ആവശ്യപ്പെട്ട് കേന്ദ്ര ഊര്‍ജ്ജമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുമായും വനിതാ ശിശുക്ഷേമത്തിന് കൂടുതല്‍ സഹായം തേടി കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി കൃഷ്ണ തീര്‍ത്ഥ്, കേന്ദ്ര ഷിപ്പിംഗ് മന്ത്രി ജി കെ വാസന്‍ എന്നിവരുമായും മുഖ്യമന്ത്രിയും മന്ത്രിമാരും ചര്‍ച്ച നടത്തിയെങ്കിലും കാര്യമായ ഒരു നേട്ടവും എടുത്തു പറയാനില്ല.
സംസ്ഥാനത്തിന് ഒരു നേട്ടവും ഉണ്ടാകാത്ത മുഖ്യമന്ത്രിയും മന്ത്രിമാരുടെയും ഡല്‍ഹി യാത്രയെ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചതോടെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് എഴുന്നേല്‍ക്കുകയാണുണ്ടായത്.
മന്ത്രിമാരായ കെ എം മാണി, കെ സി ജോസഫ്, കെ ബാബു എന്നിവരും കേരളാ ഹൗസില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
janayugom 231111
സംസ്ഥാനത്തിന് ഒരു നേട്ടവും ഉണ്ടാകാത്ത മുഖ്യമന്ത്രിയും മന്ത്രിമാരുടെയും ഡല്‍ഹി യാത്രയെ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ഉന്നയിച്ചതോടെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം അവസാനിപ്പിച്ച് എഴുന്നേല്‍ക്കുകയാണുണ്ടായത്.
ReplyDelete