Wednesday, November 23, 2011

മദ്യനയം: ലീഗും പിന്തുണച്ചതായി മന്ത്രിസഭാരേഖ

വിവാദമായ മദ്യനയം അംഗീകരിച്ചത് മുസ്ലിംലീഗ് മന്ത്രിമാര്‍ കൂടി പങ്കെടുത്ത മന്ത്രിസഭാ യോഗം. ജൂലൈ 26ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ മദ്യനയം പരിഗണിച്ചത്. ലീഗിലെ നാല് മന്ത്രിമാരും ഇതിനെ അനുകൂലിച്ചതായി ചീഫ്സെക്രട്ടറിയുടെ പക്കലുള്ള മന്ത്രിസഭാ യോഗത്തിന്റെ മിനിറ്റ്സ് വ്യക്തമാക്കുന്നു. അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയാണ് വിഷയം മന്ത്രിസഭ പരിഗണിച്ചത്. യോഗത്തിന്റെ തലേന്ന് നയത്തിന്റെ പകര്‍പ്പും ഇതുസംബന്ധിച്ച ക്യാബിനറ്റ് നോട്ടും ചീഫ്സെക്രട്ടറിയുടെ ഓഫീസില്‍നിന്ന് മന്ത്രിമാര്‍ക്ക് വിതരണം ചെയ്തതിനും രേഖയുണ്ട്. മന്ത്രിസഭാ യോഗത്തില്‍ അംഗീകരിച്ച ശേഷമാണ് ഇപ്പോള്‍ ലീഗ് തിരിച്ചു പറയുന്നത്.

ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ തുറക്കാനുള്ള തീരുമാനം റദ്ദാക്കിയ ശേഷമാണ് വന്‍തോതില്‍ ബാര്‍ ലൈസന്‍സ് നല്‍കാനുള്ള തീരുമാനം. 26 ചില്ലറ വില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാനാണ് ബിവറേജസ് കോര്‍പറേഷന്‍ അനുമതി തേടിയത്. എക്സൈസ് മന്ത്രി ഇടപ്പെട്ട് ഇത് ഉടനടി റദ്ദാക്കി. പുതിയ ചില്ലറ വില്‍പ്പനകേന്ദ്രങ്ങള്‍ തുറക്കരുതെന്ന് നിര്‍ദേശവും നല്‍കി. ത്രീസ്റ്റാര്‍ നക്ഷത്ര ഹോട്ടലുകള്‍ക്ക് 24 ബാര്‍ ലൈസന്‍സ് നല്‍കി. കോര്‍പറേഷന്‍ ചില്ലറ വില്‍പ്പനകേന്ദ്രങ്ങള്‍ തുടങ്ങാനിരുന്ന കേന്ദ്രങ്ങളിലാണ് ഇവയില്‍ ഏറെയും. ഇതിനു പുറമെ 54 പുതിയ ലൈസന്‍സ് നല്‍കാനും തീരുമാനിച്ചു. ബിവറേജസ് കോര്‍പറേഷന്റെ ചില്ലറ വില്‍പ്പനകേന്ദ്രങ്ങള്‍ നിലവിലുള്ള ബാറുകള്‍ക്കുസമീപം മാറ്റി സ്ഥാപിക്കുന്നതും വിലക്കിയിട്ടുണ്ട്. കുറഞ്ഞ വിലയ്ക്ക് മദ്യം കിട്ടുന്നത് തടഞ്ഞ് ബാറുകാര്‍ക്ക് അമിതലാഭം കൊയ്യാന്‍ അവസരം ഒരുക്കുകയാണ്.

മദ്യനയം സംബന്ധിച്ച് 107/2011/ടാക്സസ് എന്ന നമ്പരില്‍ ഓഗസ്ത് 17ന് ആണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ ഘട്ടത്തിലും മുസ്ലിംലീഗോ മറ്റു ഘടകകക്ഷികളോ കാര്യമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. കൈവശം വയ്ക്കാവുന്ന മദ്യത്തിന്റെ അളവ്, ദൂരപരിധി, പുതിയ ബാര്‍ ലൈസന്‍സ് നല്‍കല്‍ തുടങ്ങിയ കാര്യങ്ങളില്‍ മാറ്റം വരുത്തണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. പുതിയ മദ്യനയം മദ്യവ്യാപനത്തിന് ഇടവരുത്തുമെന്നാണ് വി എം സുധീരനും ടി എന്‍ പ്രതാപനും ആക്ഷേപം ഉന്നയിച്ചത്. എന്നാല്‍ , മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അധികാരം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കാന്‍ നിയമഭേദഗതി കൊണ്ടുവരണമെന്ന് ലീഗ് ആവശ്യപ്പെട്ടു. കൈവശം സൂക്ഷിക്കാവുന്ന മദ്യത്തിന്റെ അളവ് ഒന്നര ലിറ്റര്‍ ആയി കരടുനയത്തില്‍ നിജപ്പെടുത്തിയിരുന്നു. ഇതു പിന്നീട് മൂന്ന് ലിറ്ററാക്കി പുനഃസ്ഥാപിച്ചു. എന്നാല്‍ , 2012നു ശേഷം ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുമെന്ന് മദ്യനയത്തില്‍ പറഞ്ഞിരുന്നു. ടൂറിസം മേഖലയെ ഈ നിബന്ധനയില്‍ നിന്ന് ഒഴിവാക്കി. അടുത്ത മാര്‍ച്ചിനു ശേഷം പുതിയ ബാര്‍ ലൈസന്‍സ് അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് ഇപ്പോള്‍ വന്‍തോതില്‍ ലൈസന്‍സ് നല്‍കുന്നത്.
 (കെ ശ്രീകണ്ഠന്‍)

മദ്യമാഫിയയുടെ പണംപറ്റിയോ എന്ന് സംശയിക്കാം: ബിഷപ്

കോട്ടയം: മദ്യമാഫിയയില്‍ നിന്ന് പണം കൈപ്പറ്റിയതിന്റെ പ്രത്യുപകാരമാണോ ഇപ്പോഴത്തെ മദ്യനയത്തിനു പിന്നിലുള്ളതെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാന്‍ കഴിയില്ലെന്ന്് കെസിബിസി മദ്യവിരുദ്ധസമിതി ചെയര്‍മാന്‍ ബിഷപ് സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മദ്യനയം തിരുത്തുന്നതില്‍ മന്ത്രി മദ്യമാഫിയയെ ഭയപ്പെടുന്നുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയം പിറവം ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും. സര്‍ക്കാരിന്റെ നയങ്ങളും പ്രവര്‍ത്തനങ്ങളും ഉപതെരഞ്ഞെടുപ്പില്‍ വിലയിരുത്തപ്പെടും. മദ്യനയം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. മദ്യനയം തിരുത്തേണ്ടതാണെന്ന വി എം സുധീരന്‍ , പി പി തങ്കച്ചന്‍ എന്നീ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകളെ സ്വാഗതം ചെയ്യുന്നു. അടുത്ത ദിവസം ചേരുന്ന മന്ത്രിസഭാ ഉപസമിതി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമോ എന്നാണ് കെസിബിസി ഉറ്റുനോക്കുന്നത്. സമ്പൂര്‍ണ മദ്യനിരോധനത്തിലേക്ക് നയിക്കുന്ന നടപടികള്‍ക്ക് തുടക്കം കുറിക്കുമെന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രകടനപത്രികയോട് നീതിപുലര്‍ത്താന്‍ അവര്‍ തയാറാകണം. കോടതിയുടെ നിര്‍ദേശത്തിന് വിധേയമായി ആറോളം ബാറുകള്‍ക്ക് അനുമതി നല്‍കേണ്ടിവരുമെന്നാണ് ആദ്യം മന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ , ഇതിനുശേഷം 22 ബാറുകള്‍ അനുവദിച്ചു. വീണ്ടും അനുമതി നല്‍കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് സുധീരന്റെ പ്രസ്താവനയിലൂടെ വെളിവാകുന്നു. മദ്യശാലകള്‍ വേണമോയെന്ന്് തീരുമാനിക്കാന്‍ തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക്് അധികാരം നല്‍കുന്ന നഗരപാലികാ നിയമത്തിലെ 232, 447 വകുപ്പുകള്‍ പുനഃസ്ഥാപിക്കണം. വിജയപുരം രൂപതാ ഡയറക്ടര്‍ ഫാ. സേവ്യര്‍ മാമ്മൂട്ടില്‍ , കെസിബിസി മദ്യവിരുദ്ധസമിതി വൈസ് പ്രസിഡന്റ് കെ ജെ പൗലോസ്, രൂപതാ പിആര്‍ഒ ഹെന്‍റി ജോണ്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 231111

3 comments:

  1. വിവാദമായ മദ്യനയം അംഗീകരിച്ചത് മുസ്ലിംലീഗ് മന്ത്രിമാര്‍ കൂടി പങ്കെടുത്ത മന്ത്രിസഭാ യോഗം. ജൂലൈ 26ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് പുതിയ മദ്യനയം പരിഗണിച്ചത്. ലീഗിലെ നാല് മന്ത്രിമാരും ഇതിനെ അനുകൂലിച്ചതായി ചീഫ്സെക്രട്ടറിയുടെ പക്കലുള്ള മന്ത്രിസഭാ യോഗത്തിന്റെ മിനിറ്റ്സ് വ്യക്തമാക്കുന്നു. അജന്‍ഡയില്‍ ഉള്‍പ്പെടുത്തിയാണ് വിഷയം മന്ത്രിസഭ പരിഗണിച്ചത്. യോഗത്തിന്റെ തലേന്ന് നയത്തിന്റെ പകര്‍പ്പും ഇതുസംബന്ധിച്ച ക്യാബിനറ്റ് നോട്ടും ചീഫ്സെക്രട്ടറിയുടെ ഓഫീസില്‍നിന്ന് മന്ത്രിമാര്‍ക്ക് വിതരണം ചെയ്തതിനും രേഖയുണ്ട്. മന്ത്രിസഭാ യോഗത്തില്‍ അംഗീകരിച്ച ശേഷമാണ് ഇപ്പോള്‍ ലീഗ് തിരിച്ചു പറയുന്നത്

    ReplyDelete
  2. ഇതിനകം അനുവദിച്ച ബാര്‍ ലൈസന്‍സുകളില്‍ മാറ്റം വരുത്തേണ്ടെന്ന് മദ്യനയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഡിഎഫ് ഉപ സമതി യോഗം തീരുമാനിച്ചു. പുതിയതായി ലൈസന്‍സുകള്‍ നല്‍കരുതെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. മദ്യ ഷാപ്പുകള്‍ അനുവദിക്കുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീണ്ടും നല്‍കാനും ആവശ്യപ്പെടും. ബോധവല്‍ക്കരണം ശക്തമാക്കണമെന്നും എം എം ഹസന്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ ചെയ്തു.

    ReplyDelete
  3. മന്ത്രിമാര്‍ പാര്‍ടിക്ക് ആവശ്യമായ പരിഗണന നല്‍കുന്നില്ലെന്ന കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ വിമര്‍ശത്തില്‍ തെറ്റില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ . മന്ത്രിമാര്‍ പലരും പുതുമുഖങ്ങളായതിനാല്‍ ഇപ്പോള്‍ ആ പരിഗണന കിട്ടുന്നില്ല. മദ്യനയത്തെക്കുറിച്ച് വി എം സുധീരന്റെ വിമര്‍ശം ക്രിയാത്മകമാണ്. മദ്യനയത്തില്‍ ചെറിയ മാറ്റങ്ങളുണ്ടാകും. പിറവം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി അനൂപ് ജേക്കബിനെ മത്സരിക്കാന്‍ തീരുമാനിച്ചതായും തങ്കച്ചന്‍ പറഞ്ഞു. പ്രായത്തില്‍ കവിഞ്ഞ പക്വതയും പരിചയസമ്പന്നതയുമുള്ള സ്ഥാനാര്‍ഥിയാണ് അനൂപ്. ജയിച്ചാല്‍ മന്ത്രിസ്ഥാനം നല്‍കും. സഭകള്‍ മുഴുവനായി ഏതെങ്കിലും മുന്നണിക്കൊപ്പമല്ല. അവരുടെ രാഷ്ട്രീയവിശ്വാസം അനുസരിച്ചാണ് വോട്ട്ചെയ്യാറ്. യുഡിഎഫ് കണ്‍വീനര്‍സ്ഥാനം രാജിവച്ച് ഏതെങ്കിലും കോര്‍പറേഷന്‍ , ബോര്‍ഡ് സ്ഥാനം ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ടോമിന്‍ ജെ തച്ചങ്കരിക്ക് നിയമനം നല്‍കാതിരിക്കാനാകില്ലെന്നും തങ്കച്ചന്‍ പറഞ്ഞു. ജോണി നെല്ലൂരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

    ReplyDelete