ഫാസിസത്തിന്റെ ചരിത്രം ശ്രദ്ധാപൂര്‍വം വായിക്കേണ്ട ഒന്നാണ്. മുസോളിനിയും ഹിറ്റ്‌ലറും മുതല്‍ ആരംഭിക്കുന്ന ആധുനിക ഫാസിസത്തിന്റെ ചരിത്രത്തില്‍ രാജ്യങ്ങള്‍ തോറും ജന്മമെടുത്ത അവരുടെ പ്രതിരൂപങ്ങളെ കണ്ടെത്താന്‍ കഴിയും. സങ്കുചിത വംശാഭിമാനത്തിന്റെ ഉത്തുംഗശൃംഗത്തിലേറി ആശയ വൈവിധ്യങ്ങളെയെല്ലാം ഭയപ്പാടോടെ കാണുന്ന ഫാസിസത്തിനു കണ്ണില്‍ചോരയില്ലാത്ത ക്രൂരതയുടെ ഒട്ടേറെ കഥകള്‍ പറയാനുണ്ട്. വിയോജിപ്പുകളെ അടിച്ചമര്‍ത്താനും വിമര്‍ശകര്‍ക്ക് ശത്രുമുദ്രചാര്‍ത്താനും അതിന് എപ്പോഴും തിടുക്കമാണ്. ചൂഷകവര്‍ഗത്തിലെ ഏറ്റവും പിന്തിരിപ്പന്മാര്‍ ഒരുക്കുന്ന സാമ്പത്തിക അടിത്തറയിലാണ് അത് കെട്ടിപ്പടുക്കപ്പെടുന്നത്. കമ്മ്യൂണിസ്റ്റുകാരോടും മതന്യൂനപക്ഷങ്ങളോടും തൊഴിലാളി വര്‍ഗത്തോടും പുലര്‍ത്തുന്ന വെറുപ്പ് ഫാസിസത്തിന്റെ മുഖമുദ്രയാണ്. വികസനത്തെയും പുരോഗതിയെയും കുറിച്ച് എത്രയും വാചാലമാകാന്‍ അവര്‍ക്കു സാമര്‍ഥ്യമേറും. 'നാഷണല്‍ സോഷ്യലിസ'ത്തിന്റെ മധുര വാഗ്ദാനത്തിന്റെ മറവില്‍ പാവങ്ങളെ ചവിട്ടിയരച്ച ഹിറ്റ്‌ലര്‍ തന്നെയാണ് ഇക്കാര്യത്തിലും അവരുടെ വഴികാട്ടി. ഗൂഢാലോചനയുടെ രാജകുമാരന്മാരായ ഫാസിസ്റ്റുകള്‍ക്കു വെളുപ്പിനെ കറുപ്പാക്കുന്ന പ്രചാരണതന്ത്രവും ഹൃദിസ്ഥമാണ്. ഗീബല്‍സും ഗോറിങ്ങുമെല്ലാം പ്രവര്‍ത്തിച്ചു കാണിച്ച അതേ ശൈലിയില്‍തന്നെയാണ് പില്‍ക്കാല ഫാസിസ്റ്റുകള്‍ ലോകത്തെവിടെയും അവരുടെ പ്രചാരണ യന്ത്രങ്ങള്‍ കരുപ്പിടിപ്പിച്ചത്.
ഇന്ത്യന്‍ ഫാസിസത്തിന്റെ കുന്തമുനയായി വര്‍ത്തിക്കുന്ന സംഘപരിവാറിന്റെ ഉല്‍പത്തിയും വളര്‍ച്ചയും പരിശോധിച്ചാല്‍ ഹിറ്റ്‌ലറൈറ്റ് ഫാസിസവുമായി അതിനുള്ള സാദൃശ്യങ്ങള്‍ ആരേയും അത്ഭുതപ്പെടുത്തും. സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ നായകപട്ടത്തിനായി അരയും തലയും മുറുക്കി നില്‍ക്കുന്ന ആളാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി, അഭിനവ ഭാരതത്തിന്റെ രക്ഷകനാണ് മോഡി എന്നുപോലും സ്തുതിപാഠകസംഘം മോഡിയെക്കുറിച്ചു പറയുന്നുണ്ട്. എന്നാല്‍ മോഡിയുടെ ഗുജറാത്തിനെക്കുറിച്ചും മോഡിയുടെ ഭരണനൈപുണ്യത്തെക്കുറിച്ചും പറഞ്ഞു പ്രചരിപ്പിച്ചതെല്ലാം കല്ലുവച്ച കളവാണെന്ന് ഇപ്പോള്‍ നാള്‍ക്കുനാള്‍ തെളിഞ്ഞുകൊണ്ടിരിക്കുന്നു.
2002 ല്‍ നാടിനെ നടുക്കിയ വംശഹത്യയാണ് ഗുജറാത്തില്‍ ഉണ്ടായത്. 2000 ല്‍പരം നിരപരാധികളാണ് സംഘപരിവാറിന്റെ ചോരക്കൊതിക്ക് ഇരയായി അന്നു കൊലചെയ്യപ്പെട്ടത്. അതിന്റെ ആസൂത്രകനും സംഘാടകനും രക്ഷകര്‍ത്താവും നരേന്ദ്രമോഡിയാണെന്ന സത്യം മൂടിവയ്ക്കാന്‍ പിന്നീട് ശ്രമങ്ങള്‍ ഏറെ നടന്നു. അഭിനവ ഗീബല്‍സുമാരുടെ നീണ്ട നിരകളെ അണിനിരത്തി 'മോഡിമാഹാത്മ്യ'ത്തിന്റെ കഥകള്‍ ഏറെ കെട്ടിച്ചമയ്ക്കപ്പെട്ടു. എല്ലാ നുണകള്‍ക്കും ഏറെക്കാലം അതിജീവിക്കാനാകില്ലെന്ന് ഇപ്പോള്‍ ഗുജറാത്ത് തെളിയിക്കുകയാണ്.
വംശഹത്യയ്ക്കു കോപ്പുകെട്ടി ഇറങ്ങിയ മോഡിയുടെ അനുചരന്മാരെ നീതിപീഠം ജീവപര്യന്തം ശിക്ഷിച്ചത് ഏതാനും ദിവസം മുമ്പാണ്. ഏറ്റവും ഒടുവിലിതാ അഹമ്മദാബാദില്‍ നടന്നതായി മോഡി പ്രചരിപ്പിച്ച ഏറ്റുമുട്ടല്‍മരണം ആസൂത്രിതമായി കെട്ടിച്ചമച്ച കൊലപാതകമാണെന്നു പ്രത്യേകം അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നു. വ്യാജ ഏറ്റുമുട്ടലിന്റെ കഥകള്‍ക്കു പിറകില്‍ പ്രവര്‍ത്തിച്ച പൊലീസ് ഓഫീസര്‍മാര്‍ക്കുള്ള ശിക്ഷയെക്കുറിച്ച് ഗുജറാത്ത് ഹൈക്കോടതി നല്‍കുന്ന വിധി അറിയാന്‍ രാജ്യം കാത്തിരിക്കയാണ്.
2004 ജൂണ്‍ 15 നാണ് നാലു നിരപരാധികളായ ചെറുപ്പക്കാര്‍ അഹമ്മദാബാദിനടുത്ത് അതിക്രൂരമായി വധിക്കപ്പെട്ടത്. മുഖ്യമന്ത്രി മോഡിയെ വകവരുത്താനെത്തിയ ലഷ്‌കര്‍-ഇ-തോയിബാ ഭീകരരെന്നാണ് അവര്‍ വിശേഷിപ്പിക്കപ്പെട്ടത്. 2002 ലെ വംശഹത്യയ്ക്കു കളമൊരുക്കിയ നരേന്ദ്രമോഡിക്ക് തന്റെ പ്രതിച്ഛായമെച്ചപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതിന് ഇണങ്ങും വിധമാണ് ഈ 'ഭീകരാക്രമണ'ത്തിന്റെ കള്ളക്കഥ മെനഞ്ഞെടുത്തത്. 2009 സെപ്തംബറില്‍ തന്നെ മോഡിയുടെ കഥകള്‍ കളവാണെന്ന് അഹമ്മദാബാദ് മെട്രോ പോളിറ്റന്‍ മജിസ്‌ട്രേറ്റ് കണ്ടെത്തിയതാണ്. ഗുജറാത്ത് ഹൈക്കോടതി അത് സ്റ്റേ ചെയ്യുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. ആ അന്വേഷണത്തെ തകിടം മറിക്കാന്‍ 'നീതിമാനായ' മോഡി എല്ലാ അടവുകളും പയറ്റി. അതിനെയെല്ലാം മറികടന്നാണ് പ്രത്യേക അന്വേഷണ സംഘം ഇപ്പോള്‍ സത്യം ചികഞ്ഞെടുത്തത്. കണ്ണില്‍ ചോരയില്ലാത്ത അരുംകൊലയാണ് അഹമ്മദാബാദില്‍ നടന്നത്. അതു തെളിയിക്കാന്‍ അനിഷേധ്യമായ തെളിവുകളാണ് അന്വേഷണസംഘം നിരത്തുന്നത്. നരാധമനായ ഒരു ഭരണാധികാരി തന്റെ മേലുള്ള കളങ്കപ്പാടുകള്‍ കഴുകിക്കളയാന്‍ നിരപരാധികളുടെ ചോരയ്ക്കുവേണ്ടി കരുനീക്കുകയായിരുന്നു. ഇത്തരമൊരാള്‍ സംസ്ഥാന മുഖ്യമന്ത്രിയായി തുടരുന്നത് ഇന്ത്യയ്ക്ക് അപമാനമാണ്. ഗുജറാത്തില്‍ കൂട്ടക്കൊലകളുടെ പരമ്പരയാണുണ്ടായത്. അതിലെല്ലാം നരേന്ദ്രമോഡിയുടെ കൈയുണ്ടെന്ന് കരുതാന്‍ കാരണങ്ങളേറെയുണ്ട്. കുറ്റവാളിയെന്ന് രാജ്യം വിശ്വസിക്കുന്ന ആളുടെ മുമ്പില്‍ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ തലകുനിച്ചു നില്‍ക്കരുത്. നരേന്ദ്രമോഡിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഒട്ടും അമാന്തിക്കരുത്.
janayugom editorial 231111

ReplyDelete