വിയന്ന: അമൃത്സറില്‍നിന്ന് ബ്രിട്ടീഷ് നഗരമായ ബര്‍മിങ്ഹാമിലേക്ക് പോയ വിമാനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ യാത്രാമധ്യേ യാത്രക്കാരില്‍നിന്ന് പണപ്പിരിവ്. ഇന്ധനത്തിന് കാശടയ്ക്കാത്തതിനെതുടര്‍ന്ന് ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയിലെ വിമാനത്താവള റണ്‍വേയില്‍ ആറുമണിക്കൂറോളം വിമാനം പിടിച്ചിട്ടു. തുടര്‍ന്നാണ് വിമാനജീവനക്കാര്‍ യാത്രക്കാരില്‍നിന്ന് പണം പിരിച്ചുനല്‍കിയത്. ഇരുപതിനായിരം പൗണ്ട് (ഏകദേശം 16 ലക്ഷം രൂപ) അടച്ചാല്‍മാത്രമേ ബര്‍മിങ്ഹാമിലേക്ക് യാത്ര തുടരാനുള്ള ഇന്ധനം ലഭിക്കൂവെന്ന് തങ്ങളെ അറിയിച്ചതായി യാത്രക്കാര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് എല്ലാവരും സ്വന്തം പേഴ്സില്‍നിന്ന് പണമെടുത്ത് നല്‍കാന്‍ നിര്‍ബന്ധിതരായി. ഇതിന് രസീതും നല്‍കി. നൂറ്റെണ്‍പതിലേറെ യാത്രക്കാരില്‍ രണ്ടുവയസ്സിനുതാഴെയുള്ള കുഞ്ഞുങ്ങളെമാത്രമാണ് പണപ്പിരിവില്‍നിന്ന് ഒഴിവാക്കിയത്. പേഴ്സില്‍ പണമില്ലാത്തവരെ ഓരോരുത്തരെയായി വിമാനത്തില്‍നിന്ന് ഇറക്കി എടിഎമ്മില്‍നിന്ന് പണം എടുപ്പിച്ചു. അക്കൗണ്ടിലും പണമില്ലാതിരുന്നവര്‍ മറ്റുള്ളവരില്‍നിന്ന് കടം വാങ്ങി നല്‍കി. പണമടയ്ക്കാത്തവരെ വിമാനത്തില്‍നിന്ന് പുറത്താക്കുമെന്നായിരുന്നു ഭീഷണി. യാത്രക്കാര്‍ പ്രതിഷേധിച്ചപ്പോള്‍ പൊലീസ് എത്തി. ആഗോള സാമ്പത്തികപ്രതിസന്ധി വ്യോമയാനമേഖലയെയും ബാധിച്ചുവെന്നതിന് തെളിവാണ് ഈ സംഭവമെന്നാണ് വിലയിരുത്തുന്നത്.
ടൂര്‍ ഓപ്പറേറ്റായ സ്കൈജെറ്റാണ് പ്രശ്നത്തിന് ഉത്തരവാദിയെന്ന് കോംടെല്‍ എയര്‍ മാനേജിങ് ഡയറക്ടര്‍ കോണ്‍റാഡ് ഭുപിന്ദര്‍ കുറ്റപ്പെടുത്തി. സ്പാനിഷ് കമ്പനിയായ മിന്റ് എയര്‍വേയ്സില്‍നിന്ന് സ്കൈജെറ്റ് വാടകയ്ക്കെടുത്തതാണ് വിമാനവും ജീവനക്കാരും. യാത്രക്കാരില്‍നിന്ന് സ്കൈജെറ്റ് യാത്രക്കൂലി വാങ്ങിയെങ്കിലും വിമാനക്കമ്പനിക്ക് ഇവര്‍ പണം നല്‍കിയിരുന്നില്ല. ഇതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്ന് ഭുപിന്ദര്‍ പറഞ്ഞു. ശനിയാഴ്ച ബര്‍മിങ്ഹാമില്‍ എത്തേണ്ട ഫ്ളൈറ്റ് ചൊവ്വാഴ്ച വൈകിട്ടാണ് ലാന്‍ഡ്ചെയ്തതെന്ന് "ബര്‍മിങ്ഹാം മെയില്‍" റിപ്പോര്‍ട്ടുചെയ്തു. സ്കൈജെറ്റും കോംടെല്‍ എയറും തമ്മിലുള്ള തര്‍ക്കംമൂലമാണ് അമൃത്സറില്‍നിന്നുള്ള ശനിയാഴ്ചത്തെ ഫ്ളൈറ്റ് വൈകിയത്.
deshabhimani 181111
ആഗോള സാമ്പത്തികപ്രതിസന്ധി വ്യോമയാനമേഖലയെയും ബാധിച്ചുവെന്നതിന് തെളിവാണ് ഈ സംഭവമെന്നാണ് വിലയിരുത്തുന്നത്.
ReplyDelete