Friday, November 4, 2011

പിള്ളയെ ശിക്ഷിച്ചത് അഴിമതിക്കുതന്നെ: അഡ്വ. കേളുനമ്പ്യാര്‍

സുപ്രീംകോടതി ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത് അഴിമതി നടത്തിയതിനു തന്നെയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ടി പി കേളുനമ്പ്യാര്‍ പറഞ്ഞു. ഉത്തരവാദിത്വപ്പെട്ട മന്ത്രി സ്ഥാനത്തിരുന്ന് അഴിമതി കാണിച്ചതിനാണ് പിള്ളയെ സുപ്രീംകോടതി ശിക്ഷിച്ചതെന്ന കാര്യം ഏത് സാധാരണക്കാരനും അറിയാം. എന്നാല്‍ , മുഖ്യമന്ത്രിസ്ഥാനം നഷ്ടമാവാതിരിക്കാന്‍ എന്തു ചെയ്യാനും പറയാനും തയ്യാറാവും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന. ബാലകൃഷ്ണപിള്ളയെ അഴിമതിക്കല്ല ശിക്ഷിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന കേട്ടാല്‍ സുപ്രീംകോടതി പിള്ളയെ ശിക്ഷിച്ചത് എന്തോ നല്ലകാര്യം ചെയ്തതിനാണെന്നു തോന്നും. ഇതുപോലുള്ള പ്രസ്താവനകള്‍ വഴി കേരള ജനതയെ കബളിപ്പിക്കാന്‍ സാധിക്കില്ല. ഒരു കൊല്ലം ശിക്ഷ അനുഭവിക്കേണ്ട പിള്ള 69 ദിവസം മാത്രമാണ് ജയിലില്‍ കഴിഞ്ഞത്. ബാക്കി ദിവസങ്ങള്‍ പരോളിനും പഞ്ചനക്ഷത്ര ആശുപത്രിയില്‍ സുഖവാസത്തിനും ചെലവിട്ടു. തന്റെ അറിവില്‍ ഇത്തരമൊരു പ്രതിഭാസം ആദ്യമാണ്. പിള്ളയുടെ പഞ്ചനക്ഷത്ര ആശുപത്രിവാസം യഥാസമയം സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കില്‍ പിള്ള പുറത്തിറങ്ങില്ലായിരുന്നു. അധികാരമേറ്റ് ഇത്രയും കാലത്തിനിടയില്‍ ഇത്രയും പരിഭ്രാന്തനായ ഉമ്മന്‍ചാണ്ടി അഞ്ചുകൊല്ലം തികയ്ക്കാന്‍ എന്തൊക്കെയാണ് കാട്ടിക്കൂട്ടുക എന്നോര്‍ക്കാന്‍ പ്രയാസം തോന്നുന്നു- കേളുനമ്പ്യാര്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കസേരയില്‍ കയറിയ കാലംമുതല്‍ ആ കസേര തെന്നിപ്പോകാതിരിക്കാനുള്ള ശ്രമങ്ങളാണ് ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. മുഖ്യമന്ത്രിക്കസേരയുടെ ഒരു കാലാണ് ബാലകൃഷ്ണപിള്ള. മന്ത്രി ഗണേശ്കുമാറിന്റെ വിവാദമായ "പത്തനാപുരം പ്രസംഗത്തോടു"കൂടി ആ കാലിന് ഇളക്കം തട്ടിയിട്ടുണ്ട്. അത് ഊരിപ്പോകാതെ നോക്കേണ്ടത് ഉമ്മന്‍ചാണ്ടിയുടെ ആവശ്യമാണ്. മുഖ്യമന്ത്രിക്കസേര തെന്നിപ്പോകും എന്ന ചിന്ത ഉമ്മന്‍ചാണ്ടിയില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നു. ഈ പരിഭ്രാന്തിയില്‍നിന്നാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത്- അദ്ദേഹം പറഞ്ഞു.

deshabhimani 041111

1 comment:

  1. സുപ്രീംകോടതി ബാലകൃഷ്ണപിള്ളയെ ശിക്ഷിച്ചത് അഴിമതി നടത്തിയതിനു തന്നെയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ടി പി കേളുനമ്പ്യാര്‍ പറഞ്ഞു. ഉത്തരവാദിത്വപ്പെട്ട മന്ത്രി സ്ഥാനത്തിരുന്ന് അഴിമതി കാണിച്ചതിനാണ് പിള്ളയെ സുപ്രീംകോടതി ശിക്ഷിച്ചതെന്ന കാര്യം ഏത് സാധാരണക്കാരനും അറിയാം. എന്നാല്‍ , മുഖ്യമന്ത്രിസ്ഥാനം നഷ്ടമാവാതിരിക്കാന്‍ എന്തു ചെയ്യാനും പറയാനും തയ്യാറാവും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന. ബാലകൃഷ്ണപിള്ളയെ അഴിമതിക്കല്ല ശിക്ഷിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete