പെട്രോള്‍ വില ഇന്ന് കരിദിനം: ഡിവൈഎഫ്ഐ
പെട്രോള്‍വില വീണ്ടും കുത്തനെ വര്‍ധിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ അറിയിച്ചു. സംസ്ഥാനവ്യാപകമായി റോഡുകള്‍ ഉപരോധിക്കും. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിക്കും. എണ്ണവില നിയന്ത്രണാധികാരം കുത്തകകള്‍ക്ക് നല്‍കുകയും കൊള്ളലാഭം കൊയ്യാന്‍ കുത്തകകളെ സഹായിക്കുകയുമാണ് കേന്ദ്രം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
ഡിവൈഎഫ്ഐ പ്രതിഷേധ സംഗമം നാളെ വി എസ് ഉദ്ഘാടനംചെയ്യും
കൊല്ലം: ഡിവൈഎഫ്ഐ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കുന്നു. ശനിയാഴ്ച വെകിട്ട് അഞ്ചിന് പ്രസ്ക്ലബ് മൈതാനിയില്‍ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സംഗമം ഉദ്ഘാടനംചെയ്യുമെന്ന്് ജില്ലാ സെക്രട്ടറി അഡ്വ. ജി മുരളീധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വാളകം കേസില്‍ മന്ത്രി ഗണേശ്കുമാറിനെ ചോദ്യംചെയ്യുക, പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെയും എ കെ ബാലന്‍ എംഎല്‍എയെയും അധിക്ഷേപിച്ച മന്ത്രി ഗണേശ്കുമാറിനെയും ചീഫ് വിപ്പ് പി സി ജോര്‍ജിനെയും പുറത്താക്കുക, ബാലകൃഷ്ണപിള്ളയെ ജയില്‍മോചിതനാക്കിയ നടപടി റദ്ദ് ചെയ്യുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. നിയമവിരുദ്ധമായി ബാലകൃഷ്ണപിള്ളയെ വിട്ടയച്ച നടപടി അംഗീകരിക്കാനാകില്ലെന്ന് മുരളീധരന്‍ പറഞ്ഞു. ഇതിനെതിരെ ഡിവൈഎഫ്ഐ ജില്ലയില്‍ ശക്തമായ സമരം ഉയര്‍ത്തും. ഇതിന്റെ ഭാഗമായാണ് പ്രതിഷേധ സംഗമം.
ഡിവൈഎഫ്ഐ രൂപീകരണ വാര്‍ഷികദിനമാചരിച്ചു
ത്യാഗോജ്വലമായ പോരാട്ടങ്ങളുടെ മൂന്ന് പതിറ്റാണ്ട് പിന്നിട്ട ഡിവൈഎഫ്ഐ 31-ാം രൂപീകരണ വാര്‍ഷികദിനം വിപുലമായ പരിപാടികളോടെ സംസ്ഥാനവ്യാപകമായി ആചരിച്ചു. യൂണിറ്റ് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി പ്രഭാതഭേരി നടത്തി. യുവജനങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ എണ്ണമറ്റ സമരങ്ങള്‍ക്ക് ഡിവൈഎഫ്ഐ നേതൃത്വം നല്‍കി.യുവജനപ്രക്ഷോഭത്തില്‍ പുതുചരിത്രം രചിച്ച് ഡിവൈഎഫ്ഐ സുപ്രീംകോടതിയില്‍ നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജിയില്‍ വിഷനാശിനി എന്‍ഡോസള്‍ഫാന്‍ നിരോധിച്ച് കോടതിവിധി പുറപ്പെടുവിച്ചു. സംസ്ഥാനകമ്മിറ്റി ഓഫീസില്‍ നടന്ന രൂപീകരണ വാര്‍ഷികദിന പരിപാടിയില്‍ അഖിലേന്ത്യാ പ്രസിഡന്റ് പി ശ്രീരാമകൃഷ്ണന്‍ പതാക ഉയര്‍ത്തി. സംസ്ഥാനസെക്രട്ടറി ടി വി രാജേഷ് എംഎല്‍എ, പ്രസിഡന്റ് എം സ്വരാജ്, ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഡിവൈഎഫ്ഐ സാംസ്കാരിക സദസ്
പാലക്കാട്: ഡിവൈഎഫ്ഐ സ്ഥാപകദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാംസ്കാരിക സദസ് കവി ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യുവാക്കള്‍ അരാഷ്ട്രീയവാദത്തിന്റെ പിടിയില്‍ അകപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. പണം ഉണ്ടാക്കണമെന്ന ആഗ്രഹത്താലാണ് യുവാക്കള്‍ വഴിതെറ്റുന്നത്. സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങള്‍ക്ക് ശക്തി പോരെന്നും അദ്ദേഹം പറഞ്ഞു. "വളരുന്ന ഗുണ്ടാസംഘങ്ങള്‍ , പെരുകുന്ന പെണ്‍വാണിഭങ്ങള്‍" എന്ന വിഷയത്തെ അടിസ്ഥാനപ്പെടുത്തിയായിരുന്നു സാംസ്കാരിക സദസ്.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ജയദേവന്‍ അധ്യക്ഷനായി. സംസ്ഥാന വൈസ്പ്രസിഡന്റ് ടി വി അനിത, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഇ വിനോദ്, കെ പി സുധീര്‍ , ജില്ലാ വൈസ്പ്രസിഡന്റ് നിധിന്‍ കണിച്ചേരി, ജില്ലാസെക്രട്ടറിയറ്റ് അംഗം അലക്സാണ്ടര്‍ ജോസ് എന്നിവര്‍ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എസ് സുഭാഷ്ചന്ദ്രബോസ് സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം എം എ അരുണ്‍കുമാര്‍ നന്ദിയും പറഞ്ഞു.
ജാതി- മത സംഘടനകളുടെ ഇടപെടലിനെതിരെ ജാഗ്രത വേണം
ഉദുമ: ജാതി- മത ശക്തികളുടെ ഇടപെടല്‍ വീണ്ടും ശക്തമാകുകയാണെന്ന് പ്രൊഫ. കെ ഇ എന്‍ കുഞ്ഞഹമ്മദ് പറഞ്ഞു. ബാലകൃഷ്ണന്‍ രക്തസാക്ഷിത്വത്തിന്റെ 25 ാം വാര്‍ഷികത്തിന്റെയും ഡിവൈഎഫ്ഐ സ്ഥാപക ദിനാചരണത്തിന്റെയും ഭാഗമായി ഉദുമ ബ്ലോക്ക് കമ്മിറ്റി പാലക്കുന്ന് പള്ളം മാഷ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തം മതത്തിന്റ പേരിലുള്ള സ്കൂളില്‍ തന്റെ മക്കള്‍ പഠിക്കണം, സ്ഥാപനത്തില്‍ ജോലി ചെയ്യണം എന്ന നിലയിലേക്ക് എത്തുകയാണ്. അതിന്റെ ഉദാഹരണമാണ് കേരളത്തില്‍ മതത്തിന്റെ പേരില്‍ വ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളരുന്നത്. മിശ്രഭോജനവും മിശ്രവിവാഹങ്ങളും കേരളത്തില്‍ നൂറുശതമാനം വിജയം കണ്ടെന്ന് പറയാന്‍ സാധിക്കില്ല. മഹാസമരങ്ങള്‍ നടത്തിയത് കൊണ്ടാണ് ഇത്രയും നിലനില്‍ക്കുന്നത്.
ബ്ലോക്ക് പ്രസിഡന്റ് നാരായണന്‍ കുന്നൂച്ചി അധ്യക്ഷനായി. സിപിഐ എം ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍ , ഡിവൈഎഫ്ഐ ജില്ലാപ്രസിഡന്റ് മധു മുതിയക്കാല്‍ എന്നിവര്‍ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം കെ മണികണ്ഠന്‍ സ്വാഗതം പറഞ്ഞു. സംഗമത്തില്‍ യുവജന സമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഭവിച്ച കുഞ്ഞിരാമന്‍ കുന്നൂച്ചി, എ ബാലകൃഷ്ണന്‍ , എന്‍ വി ബാലന്‍ , അശോകന്‍ ചിറമ്മല്‍ , കെ സി കൃഷ്ണന്‍ , പി വി കൃഷ്ണന്‍ , എസ് വി പ്രകാശന്‍ , നാരായണന്‍ അടുക്കത്ത്, എ ഗോപാലന്‍ എന്നിവരെ ആദരിച്ചു.
യുഡിഎഫ് ഭരണം സംസ്ഥാനത്തിന് അപമാനമാകുന്നു: കെ വി സുമേഷ്
തൃശൂര്‍ : ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണം സംസ്ഥാനത്തിന് അപമാനകരമായി മാറിയെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ് പറഞ്ഞു. കെ ആര്‍ തോമസ് രക്തസാക്ഷിദിനാചരണത്തിന്റെ ഭാഗമായി കൂര്‍ക്കഞ്ചേരിയില്‍ സംഘടിപ്പിച്ച അനുസ്മരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ സാമൂഹ്യവിരുദ്ധരെയും തെറിവിളിക്കാരെയും സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാരിന്റേത്. കവലച്ചട്ടമ്പികള്‍പോലും പറയാന്‍ മടിക്കുന്ന ഭാഷയാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ഉപയോഗിക്കുന്നത്. ഇവരെയെല്ലാം സംരക്ഷിക്കുന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിക്ക്. യുഡിഎഫ് സര്‍ക്കാരിനെ ഒരുദിവസംപോലും തുടരാന്‍ അനുവദിക്കരുതെന്നാണ് പൊതുജനതാല്‍പ്പര്യം. ദുര്‍ഭരണം നടത്തുന്ന ഈ "ഐക്യ അരാജകത്വ മുന്നണി"ക്കെതിരെ ശക്തമായ പ്രക്ഷോഭം എസ്എഫ്ഐ സംഘടിപ്പിക്കും. പ്രതിപക്ഷനേതാവിനെയും മറ്റും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ച മന്ത്രി ഗണേശ്കുമാര്‍ , ചീഫ് വിപ്പ് പി സി ജോര്‍ജ് എന്നിവരെ ബഹിഷ്കരിക്കാനാണ് എല്‍ഡിഎഫ് തീരുമാനം. പൊതുവേദിയില്‍ സംസാരിക്കാന്‍ അനുവദിക്കാത്തവിധം എസ്എഫ്ഐ പ്രക്ഷോഭം നടത്തും. ജനാധിപത്യസമരങ്ങളെ നേരിടാന്‍ ആവേശം കാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുണ്ട്. അവര്‍ തിരിച്ച് ഓഫീസിലെത്തുമ്പോഴേക്കും ഭരണം വീഴുമെന്ന സ്ഥിതിയാണെന്ന് മറക്കേണ്ട. ധാര്‍മികതയുടെ പേരില്‍ മാത്രമാണ് സര്‍ക്കാരിനെ ഭരണത്തില്‍ തുടരാന്‍ അനുവദിക്കുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മനസ്സിലാക്കുന്നത് നല്ലതാണെന്നും സുമേഷ് പറഞ്ഞു. സിപിഐ എം കൂര്‍ക്കഞ്ചേരി ലോക്കല്‍ സെക്രട്ടറി എം കെ ബാലകൃഷ്ണന്‍ അധ്യക്ഷനായി.
കെ ആര്‍ തോമസിനെ അനുസ്മരിച്ചു
തൃശൂര്‍ : എസ്എഫ്ഐ നേതാവും ഗവ. കോളേജ് യൂണിയന്‍ ചെയര്‍മാനുമായിരുന്ന കെ ആര്‍ തോമസിന്റെ സ്മരണ പുതുക്കി. ആര്‍എസ്എസ് കാപാലികര്‍ 1981 നവംബര്‍ മൂന്നിന് കൂര്‍ക്കഞ്ചേരി വലിയാലുക്കലിലാണ് തോമസിനെ കൊലപ്പെടുത്തിയത. രക്തസാക്ഷിക്ക് മരണമില്ലായെന്ന മുദ്രാവാക്യം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ വലിയാലുക്കലില്‍ സജ്ജമാക്കിയ രക്തസാക്ഷിമണ്ഡപത്തില്‍ നൂറുകണക്കിനുപേര്‍ പുഷ്പാര്‍ച്ചന നടത്തി. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ വി സുമേഷ് പുഷ്പചക്രം അര്‍പ്പിച്ചു.
കൂര്‍ക്കഞ്ചേരി സെന്ററില്‍നിന്ന് വിദ്യാര്‍ഥികളും യുവജനങ്ങളും തൊഴിലാളികളും സ്ത്രീകളുമടക്കമുള്ള പ്രവര്‍ത്തകര്‍ പ്രകടനമായാണ് തോമസ് കുത്തേറ്റുവീണ വലിയാലുക്കലിലെ രക്തസാക്ഷി മണ്ഡപത്തിലെത്തിയത്. പൊതുയോഗം കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. എം കെ ബാലകൃഷ്ണന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പ്രൊഫ. എം മുരളീധരന്‍ , ഏരിയാ സെക്രട്ടറി പി കെ ഷാജന്‍ , ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സി സുമേഷ്, എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി ബി അനൂപ്, സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എസ്എഫ്ഐ ജില്ലാ സെക്രട്ടറി പി ജി സുബിദാസ് സ്വാഗതവും സിപിഐ എം ചിയ്യാരം ലോക്കല്‍ സെക്രട്ടറി പി പി ഡേവിസ് നന്ദിയും പറഞ്ഞു.
9നും 11നും ഉപവാസം വര്‍ഗീയതക്കെതിരെ എസ്എഫ്ഐ ക്യാമ്പയിന്‍
കാസര്‍കോട്: ക്യാമ്പസുകളില്‍ വര്‍ഗീയ ശക്തികളുടെ ഇടപെടലിനെതിരെ എസ്എഫ്ഐ പ്രചാരണം നടത്തുമെന്ന് ജില്ലാസെക്രട്ടറി കെ സബീഷും പ്രസിഡന്റ് പി ശിവപ്രസാദും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഗീയതക്കെതിരായ ക്യാമ്പയിന്റെ ഭാഗമായി ഒമ്പതിന് ക്യാമ്പസുകളിലും 11ന് കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനിയിലും ഏകദിന ഉപവാസം സംഘടിപ്പിക്കും.
ജില്ലയിലെ പല ക്യാമ്പസുകളിലും വര്‍ഗീയ ശക്തികള്‍ മതത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെ വേര്‍തിരിച്ച് സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. സമൂഹത്തിന്റെ മതനിരപേക്ഷതക്കും മുന്നോട്ടുപോക്കിനും തടസമായ ഇത്തരം ശക്തികള്‍ക്കെതിരെ ജാഗ്രതയോടെയാണ് എസ്എഫ്ഐ പ്രവര്‍ത്തിക്കുന്നത്്. വ്യത്യസ്ത മതത്തില്‍പ്പെട്ടവരുമായുള്ള സൗഹൃദം വിലക്കുന്നവര്‍ രണ്ട് വിഭാഗത്തില്‍പ്പെട്ടവര്‍ സംസാരിക്കുന്നതുപോലും എതിര്‍ക്കുന്ന നിലയിലേക്കാണ് മാറുന്നത്. മഞ്ചേശ്വരം, കാസര്‍കോട്, കാസര്‍കോട് ഗവ. ഐടിഐ, പെര്‍ള നളന്ദ കോളേജ് എന്നിവിടങ്ങളില്‍ വര്‍ഗീയശക്തികളുടെ ഇടപെടല്‍ പ്രകടമാണ്. കോളേജിനകത്തെ നിസാര പ്രശ്നം പോലും പുറത്തേക്ക് കൊണ്ടുപോയി വര്‍ഗീയ ശക്തികള്‍ക്ക് ഇടപെടാനുള്ള സൗകര്യമൊരുക്കുകയാണ്.
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ ഇടപെടല്‍ നടത്താന്‍ വലിയ ശ്രമം നടന്നു. മുസ്ലിം വിദ്യാര്‍ഥികള്‍ പുരോഗമന പ്രസ്ഥാനത്തിന്റെ ഭാഗമായി വരുമ്പോള്‍ അവരെയും കുടുംബത്തെയും ഫോണ്‍ വിളിച്ചും ഊമക്കത്ത് അയച്ചും ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായി. ഭൂരിപക്ഷ വര്‍ഗീയ ശക്തികള്‍ വീടുകളില്‍ പോയി ഭീഷണിപ്പെടുത്തുന്ന സ്ഥിതിയുമുണ്ടായി. വിദ്യാര്‍ഥികളെ വര്‍ഗീയവാദികളാക്കി കലാപത്തിനും അക്രമത്തിനും ഉപയോഗിക്കുന്നതായാണ് മനസിലാക്കുന്നത്. കാസര്‍കോട്, കാഞ്ഞങ്ങാട് ഭാഗങ്ങളിലുണ്ടായ സംഘര്‍ഷങ്ങളില്‍ പ്രതികളാകുന്നവരില്‍ അധികവും 14നും 22നും ഇടയില്‍ പ്രായമുള്ളവരാണ്. കാസര്‍കോട് ഗവ. ഐടിഐ വിദ്യാര്‍ഥി കഴിഞ്ഞവര്‍ഷം വര്‍ഗീയ കൊലപാതക കേസില്‍ പ്രതിയായത് ഇതിന്റെ ഭാഗമായിരുന്നു. കാസര്‍കോട് കോളേജില്‍ വര്‍ഗീയ സംഘടനകള്‍ അധ്യാപകരെപ്പോലും ഭീഷണിപ്പെടുത്തുന്ന സ്ഥിതിയാണ്. ഇവരുടെ ഇഷ്ടത്തിനനുസരിച്ച് മാത്രമേ അധ്യാപകര്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്നാണ് കല്‍പന. അധ്യാപികമാരെപ്പോലും അപമാനിക്കാന്‍ ശ്രമമുണ്ടായി. ഭയം മൂലം പരാതി പറയാന്‍ പോലും ഇവര്‍ക്കാകുന്നില്ല. വിദ്യാര്‍ഥികളില്‍ വര്‍ഗീയ വിഷം കുത്തിവച്ച് കലാലയങ്ങളെ തീവ്രവാദ സംഘടനകളുടെ റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളാക്കാനുള്ള ശ്രമത്തിനെതിരെ വിദ്യാര്‍ഥികളും പൊതുസമൂഹവും മുന്നോട്ടുവരണം. കലാപത്തിന് മുന്നിട്ടിറങ്ങുന്നവരെ ഒറ്റപ്പെടുത്താന്‍ ജനങ്ങള്‍ തയ്യാറാവണം. നേതാക്കള്‍ പറഞ്ഞു. ഏരിയാസെക്രട്ടറി സുഭാഷ് പാടിയും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
deshabhimani 041111
പെട്രോള്‍വില വീണ്ടും കുത്തനെ വര്‍ധിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാനത്ത് കരിദിനം ആചരിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എംഎല്‍എ അറിയിച്ചു. സംസ്ഥാനവ്യാപകമായി റോഡുകള്‍ ഉപരോധിക്കും. കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പില്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിക്കും. എണ്ണവില നിയന്ത്രണാധികാരം കുത്തകകള്‍ക്ക് നല്‍കുകയും കൊള്ളലാഭം കൊയ്യാന്‍ കുത്തകകളെ സഹായിക്കുകയുമാണ് കേന്ദ്രം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു
ReplyDelete