എ കെ ബാലന്‍ മന്ത്രി ഗണേശ്കുമാറിനെ "മിസ്റ്റര്‍ ഗണേശ്" എന്ന് അഭിസംബോധനചെയ്തത് വലിയ അപരാധമെന്നാണ് പി സി ജോര്‍ജിന്റെ പക്ഷം. "മിസ്റ്റര്‍ പ്രസിഡന്റ്, മിസ്റ്റര്‍ ഒബാമ" എന്നൊക്കെ സംബോധന പതിവാണെന്നു ചൂണ്ടിക്കാട്ടിയ കോടിയേരിക്ക് "തമ്പ്രാന്‍" എന്ന് വിളിക്കണമായിരുന്നോയെന്നാണ് അറിയേണ്ടിയിരുന്നത്. എ കെ ബാലനെക്കുറിച്ച് മുഖ്യമന്ത്രിക്ക് നല്ലതേ പറയാനുള്ളൂ. "നല്ല ഭരണാധികാരി, നല്ല പാര്‍ലമെന്റേറിയന്‍ , നല്ല കഴിവുള്ളയാള്‍ ..." പക്ഷേ, ബാലനെ അധിഷേപിച്ച പി സി ജോര്‍ജിനെ തള്ളിപ്പറയാനും വയ്യ. പട്ടികജാതി എന്ന് വിളിച്ചാല്‍ കേസ് എടുക്കാന്‍ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പട്ടികജാതിയിലെ ഇന്ന വിഭാഗത്തില്‍പ്പെട്ട ---ജാതി എന്ന് ബാലനെ ജോര്‍ജ് വിശേഷിപ്പിച്ചിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ വ്യാഖ്യാനം. ബാലന്റെ മുഖത്ത് നോക്കി ജാതി പറഞ്ഞിരുന്നെങ്കില്‍ ജോര്‍ജിനെ പുഴുങ്ങിവയ്ക്കുമായിരുന്നത്രേ. ജോര്‍ജിനെതിരെ ബാലന്‍ ഹര്‍ജി നല്‍കുന്നുണ്ടോയെന്ന് ദിനംപ്രതി അദ്ദേഹം പത്തനാപുരം പൊലീസില്‍ അന്വേഷിക്കുകയും ചെയ്യുന്നുണ്ടത്രേ. ഗണേശന്‍ മാപ്പ് പറഞ്ഞതോടെ എല്ലാം അവസാനിച്ചെന്നും മുഖ്യമന്ത്രി ധരിച്ചിരിക്കുന്നു.
നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ട് മാപ്പ് പറഞ്ഞാല്‍ "സബൂറാകുമോ" എന്നാണ് കോടിയേരിക്ക് അറിയേണ്ടിയിരുന്നത്. മാപ്പ് പറഞ്ഞാല്‍ കേസ് തീരുമെങ്കില്‍ ഇതുവരെ എടുത്ത കേസെല്ലാം ഒഴിവാക്കണമെന്നായി കോടിയേരി. നായനാര്‍ -കുട്ടപ്പന്‍ സംഭവം നടന്നപ്പോള്‍ ടി വി ചാനല്‍ ഒന്നും ഉണ്ടായിരുന്നില്ല. പി സി ജോര്‍ജ് അധിഷേപിച്ചത് ബാലന്‍ ടിവിയില്‍ കണ്ടതാണ്. ആ നിലയ്ക്ക് നേരിട്ട് വിളിച്ചതായി കണക്കാക്കാം- കോടിയേരി ചൂണ്ടിക്കാട്ടി. കാലഹരണപ്പെട്ട കോടതി ഉത്തരവ് ആയുധമാക്കരുതെന്നും കോടിയേരി ആവശ്യപ്പെട്ടു. പക്ഷേ, ജോര്‍ജിന്റെയും ഗണേശിന്റെയും വക്കാലത്ത് ഒഴിയാന്‍ മുഖ്യമന്ത്രി ഒരുക്കമായില്ല. മുഖ്യമന്ത്രിയുടെ വാക്കില്‍ മാത്രമേ ബാലനോട് സ്നേഹമുള്ളൂവെന്നായി പ്രതിപക്ഷ നേതാവ് വി എസ്. "ജോ" എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ മുഖ്യമന്ത്രി ഭയന്നുവിറയ്ക്കുന്ന സ്ഥിതിക്ക് ജോര്‍ജ് എന്ന് കേട്ടാലെന്തായിരിക്കും അവസ്ഥയെന്നാണ് വി എസ് ചോദിച്ചത്. തന്റെ വീട്ടുജോലിക്കാരെല്ലാം പട്ടികജാതിക്കാരാണെന്ന് വീമ്പുപറഞ്ഞ ജോര്‍ജിനെ അവരെല്ലാം "ജോര്‍ജ്് തമ്പുരാന്‍" എന്നാണോ വിളിക്കുന്നതെന്നും വി എസ് ആരാഞ്ഞു. ഗണേശിനെയും ജോര്‍ജിനെയും പുറത്താക്കണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് അദ്ദേഹം തറപ്പിച്ചുപറഞ്ഞു. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെക്കുറിച്ച് ജോര്‍ജ് പറഞ്ഞതിനോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി. സ്പീക്കറുടെ റൂളിങ്ങിനെ ചോദ്യംചെയ്ത രണ്ട് എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്തതുപോലെ ജോര്‍ജിനെതിരെയും നടപടി വേണമെന്നായി കോടിയേരി. ജോര്‍ജ് പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറഞ്ഞാല്‍ സഹകരിക്കാമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. എംഎല്‍എമാരുടെ ശമ്പളവും ബത്തയും പെന്‍ഷനും വര്‍ധിപ്പിക്കുന്ന ബില്‍ പരിഗണിക്കാന്‍ പ്രതിപക്ഷം സഹകരിക്കുമെന്നാണ് ഭരണപക്ഷം ധരിച്ചത്. കാര്യങ്ങള്‍ പന്തിയല്ലെന്നു കണ്ടതോടെ ബില്‍ സബ്ജക്ട് കമ്മിറ്റിക്ക് വിടുന്നത് മാറ്റിവയ്ക്കണമെന്നായി മുഖ്യമന്ത്രി. 2011ലെ ധനബില്‍ ചര്‍ച്ചയില്ലാതെ അംഗീകരിച്ചു. മുന്‍ വര്‍ഷങ്ങളിലെ അധിക ധനാഭ്യര്‍ഥന പരിഗണിക്കുന്നതിന് ഉച്ചയ്ക്കുശേഷം സഭ ചേരാന്‍ നിശ്ചയിച്ചിരുന്നെങ്കിലും ഉപേക്ഷിച്ചു. ധനബില്ലിനെത്തുടര്‍ന്ന് മുന്‍ വര്‍ഷത്തെ അധിക ധനാഭ്യര്‍ഥനയും പാസാക്കി. അപ്പോഴും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു.
(കെ ശ്രീകണ്ഠന്‍)
ജാതിപറഞ്ഞ് ആക്ഷേപം കേസ് എടുക്കാന്‍ വകുപ്പില്ല: മുഖ്യമന്ത്രി
പട്ടികജാതിക്കാരന്‍ എന്ന് വിളിച്ചാല്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പട്ടികജാതിയിലെ ഏതെങ്കിലും ഉപവിഭാഗത്തിന്റെ പേരെടുത്ത് പറഞ്ഞാലാണ് കുറ്റം. എന്നാലും കേസെടുക്കണമെങ്കില്‍ അത് പരാതിക്കാരന്‍ നേരിട്ട് കേള്‍ക്കണമെന്ന് മുന്‍മുഖ്യമന്ത്രി നായനാര്‍ക്കെതിരെ എം എ കുട്ടപ്പന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി വിധിയുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
ബാലനെ അപമാനിച്ചുവെന്ന് പറഞ്ഞ് ആരും കേസ് കൊടുത്തില്ല. പൊലീസിന് പരാതി കൊടുക്കാതെ എങ്ങനെ കേസ് എടുക്കും. വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ അപമാനിച്ചുവെന്ന പരാതി അടഞ്ഞ അധ്യായമാണ്. സ്പീക്കര്‍ നല്‍കിയ റൂളിങ്ങാണ് എല്ലാവരും അംഗീകരിക്കേണ്ടത്. അതിനെ ആര് ചോദ്യംചെയ്താലും തെറ്റാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിക്കും ഡിജിപിക്കും എ കെ ബാലന്‍ പരാതി നല്‍കി
ഗവണ്‍മെന്റ് ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ എ കെ ബാലന്‍ എംഎല്‍എ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. പത്തനാപുരത്ത് യുഡിഎഫ് സംഘടിപ്പിച്ച പൊതുയോഗത്തില്‍ പ്രസംഗിച്ച ജോര്‍ജ് തന്നെ ജാതി പറഞ്ഞ് അവഹേളിച്ചതായി ബാലന്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷിക്കണമെന്നും കുറ്റക്കാരനായ ജോര്‍ജിനെയും കൂട്ടാളികളെയും നിയമത്തിനുമുന്‍പില്‍ കൊണ്ടുവരാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
തരൂര്‍ സംവരണ മണ്ഡലത്തില്‍നിന്ന് വിജയിച്ച പട്ടികജാതി വിഭാഗത്തില്‍പെട്ട ആളാണ് എന്ന് അറിഞ്ഞുകൊണ്ട് പൊതുജനമധ്യത്തില്‍ അവഹേളിക്കുകയായിരുന്നു. ഈ പൊതുയോഗത്തിലേക്ക് കേരളത്തിലെ മുഖ്യധാര ദൃശ്യ- അച്ചടിമാധ്യമങ്ങളെയും യുഡിഎഫുകാര്‍ ക്ഷണിച്ചിരുന്നു. ജോര്‍ജ് നടത്തിയ പ്രസംഗം സംപ്രേഷണംചെയ്യിച്ച് തന്നെ വ്യക്തിപരമായി പൊതുജനമധ്യത്തില്‍ അവഹേളിക്കുക എന്ന ഗൂഢ ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്ന് വ്യക്തമാണ്. ജോര്‍ജ് നടത്തിയ അവഹേളനം ചാനലുകളില്‍നിന്ന് നേരിട്ട് കേള്‍ക്കേണ്ടിവന്നു.
ജോര്‍ജ് നടത്തിയ പ്രസംഗം 1989ലെ പട്ടികജാതിയും പട്ടികവര്‍ഗവും (അതിക്രമങ്ങള്‍ തടയല്‍) നിയമത്തിലെ സെക്ഷന്‍ 3(1) (10) പ്രകാരം കുറ്റകരമാണ്. 1955ലെ പൗരാവകാശ സംരക്ഷണനിയമത്തിലെ 7.1(ഡി) വകുപ്പ് പ്രകാരവും, കേരളാ പൊലീസ് ആക്ട് 118 (ഡി) പ്രകാരവും ഇന്ത്യന്‍ പീനല്‍ കോഡ് 294 (ബി) പ്രകാരവും ശിക്ഷാര്‍ഹമായ കുറ്റം ജോര്‍ജ് ചെയ്തിട്ടുണ്ട്. 1997ലെ മനുഷ്യാവകാശ സംരക്ഷണ നിയമവും ഇന്ത്യന്‍ ഭരണഘടനയും ഉറപ്പ് നല്‍കിയിട്ടുള്ള വ്യക്തിയുടെ സ്വാതന്ത്ര്യം, പൊതുസമത്വം, അന്തസ്സ്, ആത്മാഭിമാനം എന്നീ അടിസ്ഥാന മനുഷ്യാവകാശത്തിന്റെ ലംഘനംകൂടിയാണ് ജോര്‍ജിന്റെ പരാമര്‍ശം. പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കുന്നതിനുള്ള രേഖകളും സാക്ഷികളെയും ഹാജരാക്കുമെന്നും പരാതിയില്‍ പറയുന്നു.
deshabhimani 041111
പി സി ജോര്‍ജ് ചീഫ് വിപ്പാണോ, വിഴുപ്പാണോ? പ്രതിപക്ഷത്തുനിന്ന് ഉയര്‍ന്ന ചോദ്യത്തിനു മുമ്പില്‍ ഭരണപക്ഷം മൗനം പൂണ്ടതേയുള്ളൂ. എ കെ ബാലനെ ജാതിവിളിച്ച് ആക്ഷേപിച്ചതിന് പ്രതിക്കൂട്ടിലായ ജോര്‍ജിനെ തുണയ്ക്കാന്‍ മുഖ്യമന്ത്രി വിയര്‍പ്പൊഴുക്കിയെങ്കിലും ഫലമുണ്ടായില്ല. മന്ത്രി ഗണേശനെയും പി സി ജോര്‍ജിനെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തില്‍ സഭ നിശ്ചലമായി. അടിയന്തര പ്രമേയത്തിന് അനുമതി തേടിയ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനാണ് മന്ത്രിയെയും ചീഫ് വിപ്പിനെയും പുറത്താക്കണമെന്ന ആവശ്യമുയര്‍ത്തിയത്. കോടിയേരി കത്തിക്കയറിയപ്പോള്‍ ഭരണപക്ഷത്ത് ആളനക്കമില്ലെന്ന തോന്നലാണ് ഉളവായത്. ഒടുവില്‍ ഇറങ്ങിപ്പോക്കാണ് പ്രതീക്ഷിച്ചതെങ്കിലും തെറ്റി. ഗണേശനും ജോര്‍ജിനുമെതിരെ നടപടിയില്ലെന്ന നിലപാടിനെതിരെ സഭയിലിരുന്ന് പ്രതിഷേധിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വ്യക്തമാക്കി.
ReplyDelete