Saturday, November 19, 2011

സര്‍ക്കാര്‍ കര്‍മപരിപാടികള്‍ അഴിമതി ലക്ഷ്യംവച്ചുള്ളത്: വിജയരാഘവന്‍

സര്‍ക്കാരിന്റെ കര്‍മപരിപാടികള്‍ അഴിമതി ലക്ഷ്യംവച്ചുള്ളവയാണെന്ന് സിപിഐ എം കേന്ദ്രസെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍ പറഞ്ഞു. സിപിഐ എം മലപ്പുറം ഏരിയാ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

ഉമ്മന്‍ചാണ്ടി ഭരണത്തില്‍ കേരളവും നവഉദാരവല്‍ക്കരണ നയങ്ങളുടെ പരീക്ഷണശാലയായി മാറുകയാണ്. അഴിമതിക്ക് വഴിതുറക്കുന്ന നയപരിപാടികളാണ് മുഖ്യമന്ത്രി ഓരോ ദിവസവും പ്രഖ്യാപിക്കുന്നത്. സാമൂഹ്യസുരക്ഷാ പദ്ധതികളും സേവന മേഖലയും സ്വകാര്യവല്‍ക്കരിക്കാനാണ് ശ്രമം. ഇത് സാധാരണക്കാരനുമേല്‍ അമിത സാമ്പത്തികഭാരം അടിച്ചേല്‍പ്പിക്കാന്‍ ഇടയാക്കും. സര്‍ക്കാര്‍þസ്വകാര്യ സംരംഭങ്ങളെ പരമാവധി പ്രോത്സാഹിപ്പിക്കുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇവിടെ പണംമുടക്കുന്നത് സര്‍ക്കാരും ലാഭം കൊയ്യുന്നത് സ്വകാര്യവ്യക്തികളുമാണ്. സാധാരണക്കാരന്റെ നികുതിപ്പണമാണ് ഇത്തരത്തില്‍ സമ്പന്ന പ്രമാണിമാര്‍ക്ക് തീറെഴുതിനല്‍കുന്നത്. ഭരണത്തില്‍ മുസ്ലിംലീഗിനുള്ള സ്വാധീനം മതതീവ്രവാദ ശക്തികള്‍ക്ക് തണലൊരുക്കുകയാണ്. നാട്ടില്‍ കലാപമുണ്ടാക്കാന്‍ ഇത്തരം ശക്തികള്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. ഇന്ത്യാചരിത്രത്തില്‍ ഏറ്റവും പരാജയപ്പെട്ട സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

നികുതി വെട്ടിച്ച് കോഴികടത്ത്; ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയും

മലപ്പുറം: നികുതിവെട്ടിച്ച് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള അനധികൃത കോഴിക്കടത്ത് ജില്ലയില്‍ വ്യാപകം. സംസ്ഥാനത്ത് ഭരണമാറ്റത്തിന്റെ ചുവടുപിടിച്ചാണ് നികുതി വെട്ടിപ്പ്. എല്‍ഡിഎഫ് ഭരണത്തില്‍ ചെക്ക്പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയതിനാല്‍ നികുതിവെട്ടിപ്പ് ഗണ്യമായി കുറഞ്ഞിരുന്നു. പരിശോധന കുറഞ്ഞതോടെ ജില്ലയിലേക്ക് വന്‍ തോതിലാണ് നികുതിവെട്ടിച്ച് കോഴികള്‍ എത്തുന്നത്. വെട്ടിപ്പ് പിടികൂടുന്ന ജില്ലയിലെ നികുതി വകുപ്പ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും മാഫിയാസംഘം ശ്രമമാരംഭിച്ചിട്ടുണ്ട്.

പാലക്കാട് അതിര്‍ത്തി കടന്നാണ് ജില്ലയിലേക്ക് വന്‍തോതില്‍ കോഴി കടത്തുന്നത്. നികുതി വെട്ടിക്കാന്‍ പാലക്കാട് രജിസ്റ്റര്‍ ചെയ്ത വിതരണക്കാരില്‍നിന്ന് ബില്ല് സ്വന്തമാക്കിയാണ് കടത്ത്. ഇതുമൂലം സര്‍ക്കാരിന് ലക്ഷങ്ങളുടെ നികുതിനഷ്ടമാണുണ്ടാകുന്നത്. ബില്ലുകളിലെ കൃത്രിമം ഒറ്റനോട്ടത്തില്‍ കണ്ടുപിടിക്കാനാകാതെ ഉദ്യോഗസ്ഥരും കുഴങ്ങുകയാണ്. ജില്ലയിലെ കോഴിഫാമുകള്‍ നടത്തുന്ന ചില സംഘങ്ങളും ഇത്തരത്തില്‍ വ്യാജ ബില്ലുകളുണ്ടാക്കി കോഴി കടത്തുന്നതായാണ് വിവരം. ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് തടയിടാന്‍ മാഫിയാസംഘംതന്നെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉദ്യോഗസ്ഥരുടെ വാഹനത്തെ ഇരുചക്ര വാഹനങ്ങളില്‍ പിന്തുടര്‍ന്ന് യഥാസമയം വിവരം കൈമാറുന്നു. നികുതിവെട്ടിപ്പ് തടയുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതും അടുത്തിടെ വ്യാപകമായിട്ടുണ്ട്.

മലപ്പുറം, തിരൂര്‍ , കോട്ടക്കല്‍ , പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എന്നിങ്ങനെ അഞ്ചു സ്ക്വാഡുകളാണ് ജില്ലയില്‍ രാത്രികാലങ്ങളില്‍ പരിശോധന. വാഹനങ്ങളെ പിന്തുടര്‍ന്ന് തടഞ്ഞും ഫോണിലും വീട്ടില്‍ നേരിട്ടെത്തിയുമാണ് സംഘം ഭീഷണിമുഴക്കുന്നത്. ആണി ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ച് വാഹനങ്ങളുടെ ടയര്‍ പഞ്ചറാക്കാനും ശ്രമമുണ്ട്. മഞ്ചേരിയില്‍ നികുതിവകുപ്പിന്റെ വാഹനത്തിന്റെ ടയറിനടിയില്‍ ആണി നിറച്ച തീപ്പെട്ടിക്കൂട് സ്ഥാപിച്ചാണ് വാഹനം പഞ്ചറാക്കാന്‍ ശ്രമിച്ചത്. മാഫിയാസംഘങ്ങളുടെ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതിനല്‍കാനുള്ള തയ്യാറെടുപ്പിലാണ് ഉദ്യോഗസ്ഥര്‍ .

കോണ്‍ഗ്രസ് നേതാവിന്റെ കൈക്കൂലി; പുറത്തുകൊണ്ടുവന്നതിന് ബോര്‍ഡ് നശിപ്പിച്ചു

കോവളം: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ സിസിലിപുരത്ത് കോണ്‍ഗ്രസുകാരുടെ ഗുണ്ടാവിളയാട്ടം. ഡിവൈഎഫ്ഐ, സിപിഐ എം ബോര്‍ഡുകള്‍ തകര്‍ക്കുകയും സിപിഐ എം പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പരാതി നല്‍കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ല.

വെങ്ങാനൂര്‍ പഞ്ചായത്തിലെ ചാവടിനട- സിസിലിപുരം- ഉച്ചക്കട റോഡ് റീടാറിങ്ങിനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു. ടാറിങ് നടപടി ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസ് വെങ്ങാനൂര്‍ മണ്ഡലം പ്രസിഡന്റ് കരാറുകാരനോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്രേ. എന്നാല്‍ , പണം കൊടുക്കാന്‍ വിസമ്മതിച്ച കരാറുകാരന്റെ തൊഴിലാളികളെ മണ്ഡലം പ്രസിഡന്റ് മര്‍ദിച്ചു. തുടര്‍ന്ന് തൊഴിലാളികള്‍ ടാറിങ് നിര്‍ത്തിവച്ചു.

സംഭവത്തിനെതിരെ സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് കരാറുകാരന്‍ ടാറിങ് പുനരാരംഭിച്ചു. ഇതിനിടയില്‍ ഒരു സംഘം കോണ്‍ഗ്രസുകാര്‍ പ്രകടനം നടത്തുകയും സിപിഐ എം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ അടിച്ചുതകര്‍ക്കുകയും പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

അക്ഷയ ജില്ലാ ഓഫീസിലെ അഴിമതി അന്വേഷിക്കണം: ഐടി എംപ്ലോയീസ്

കൊല്ലം: അക്ഷയ ജില്ലാ ഓഫീസിലെ അഴിമതി അന്വേഷിക്കണമെന്ന് അസോസിയേഷന്‍ ഓഫ് ഐടി എംപ്ലോയീസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അസിസ്റ്റന്റ് ജില്ലാ കോ-ഓര്‍ഡിനേറ്ററെ മാറ്റിനിര്‍ത്തി അക്ഷയ ഓഫീസിലെ ധനദുര്‍വിനിയോഗത്തെക്കുറിച്ച് അന്വേഷിക്കണം. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി സമഗ്ര ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതിയിലേക്ക് ഗുണഭോക്താക്കളുടെ രജിസ്ട്രേഷന്‍ നടത്തിയ തുക ഇതുവരെയും സംരംഭകര്‍ക്ക് നല്‍കിയിട്ടില്ല. ഇ- കൃഷി പദ്ധതിക്കായി 53 പഞ്ചായത്തുകള്‍ അരക്കോടിയോളം രൂപ നല്‍കി. എന്നാല്‍ , മൂന്നുവര്‍ഷം കഴിഞ്ഞിട്ടും ഒരു പഞ്ചായത്തും പദ്ധതി പൂര്‍ത്തീകരിച്ചില്ല. സംരംഭകര്‍ക്ക് കൂലിയും നല്‍കിയിട്ടില്ല. പദ്ധതി തുടങ്ങുന്നതിന് മുമ്പുതന്നെ മൊത്തം ഫണ്ടും പഞ്ചായത്തുകളില്‍നിന്ന് അക്ഷയ ജില്ലാ ഓഫീസ് അധികൃതര്‍ കൈപ്പറ്റി. സമ്പൂര്‍ണ കംപ്യൂട്ടര്‍ സാക്ഷരതയുടെ ജില്ലാതല ആഘോഷ പരിപാടികള്‍ നടത്തുന്നതിന് ചില സംരംഭകരില്‍നിന്ന് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ വാങ്ങിയ തുക തിരികെ നല്‍കിയിട്ടില്ല. 2005ല്‍ തുടങ്ങിയ സാക്ഷരതാഫണ്ട് ഇനിയും സംരഭകര്‍ക്ക് ലഭിക്കാനുണ്ട്.

പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് അക്ഷയ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്ററുടെ അക്കൗണ്ടിലേക്ക് 2005ല്‍തന്നെ 55.5 ലക്ഷം നല്‍കി. ഈ തുകയില്‍ 11.6 ലക്ഷം മാത്രമാണ് ചെലവഴിച്ചത്. യഥാസമയം ഫണ്ട് ലഭിക്കാത്തതിനെ തുടര്‍ന്ന് ജില്ലയിലുണ്ടായിരുന്ന 148 അക്ഷയകേന്ദ്രങ്ങളില്‍ 70 എണ്ണം പൂട്ടി. ജില്ലയില്‍ ആദ്യമായി സമ്പൂര്‍ണ കംപ്യൂട്ടര്‍ സാക്ഷരത നേടിയ ആര്യങ്കാവ് പഞ്ചായത്തിലെ സംരംഭകന്‍ കടം കയറി നാടുവിട്ടു. അക്ഷയകേന്ദ്രങ്ങള്‍ വഴി ഏഴിന് ആരംഭിക്കാനിരുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന്‍ രണ്ടുതവണ മാറ്റി. രജിസ്ട്രേഷന്‍ 25നു മുമ്പ് നടത്തണമെന്നാണ് ഇപ്പോള്‍ അറിയിച്ചിട്ടുള്ളത്. അക്ഷയകേന്ദ്രങ്ങളില്‍ രജിസ്ട്രേഷന്‍ ആരംഭിക്കാന്‍ ആവശ്യമായ സോഫ്ട്വെയര്‍ , യൂസര്‍നെയിം, പാസ് വേര്‍ഡ് എന്നിവ നല്‍കിയിട്ടില്ല. ഇത്തരം ക്രമക്കേടുകളെക്കുറിച്ച് സമഗ്ര അന്വേഷണംനടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് എസ് അജയകുമാര്‍ , സെക്രട്ടറി വി കൊച്ചുകൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

deshabhimani 191111

1 comment:

  1. സര്‍ക്കാരിന്റെ കര്‍മപരിപാടികള്‍ അഴിമതി ലക്ഷ്യംവച്ചുള്ളവയാണെന്ന് സിപിഐ എം കേന്ദ്രസെക്രട്ടറിയറ്റംഗം എ വിജയരാഘവന്‍ പറഞ്ഞു. സിപിഐ എം മലപ്പുറം ഏരിയാ സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം

    ReplyDelete