Tuesday, November 1, 2011

ഡോ. ഉന്മേഷിനെതിരെ ക്രിമിനല്‍ കേസ്

സൗമ്യ കേസില്‍ പ്രതിക്ക് അനുകൂലമായി തെറ്റായ മൊഴി നല്‍കിയെന്ന കേസില്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം അസോസിയറ്റ് പ്രൊഫസര്‍ ഡോ. എ കെ ഉന്മേഷിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് വിചാരണ കോടതി. മലയാളി വേദി ചെയര്‍മാന്‍ ജോര്‍ജ് വട്ടുകുളത്തിന്റെ ഹര്‍ജി പരിഗണിച്ചാണ് തൃശൂര്‍ അതിവേഗ കോടതി നിയമനടപടികള്‍ക്ക് അനുവാദം നല്‍കിയത്. ഹര്‍ജി ആദ്യം നല്‍കിയ സിജെഎം കോടതിയെ സമീപിച്ച് നിയമനടപടി തുടരാമെന്നും കോടതി പറഞ്ഞു. ഏഴുവര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. പ്രതിക്ക് ശിക്ഷ ഉറപ്പുവരുത്താന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കല്‍ വരുത്തിയെന്നാരോപിച്ച് ഫോറന്‍സിക് മേധാവി ഡോ. ഷെര്‍ളി വാസുവിനെതിരെ പ്രതിഭാഗം നല്‍കിയ ഹര്‍ജി കോടതി തള്ളി. ഫോറന്‍സിക് മേധാവിയല്ല, താനാണ് സൗമ്യയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന ഉന്മേഷിന്റെ വാദം കോടതി അംഗീകരിച്ചില്ല.

ഡെപ്യൂട്ടി പൊലീസ് സര്‍ജന്‍കൂടിയായ ഡോ. ഉന്മേഷ് പോസ്റ്റ്മോര്‍ട്ടത്തിന്റെ ആധികാരികതപോലും സംശയത്തിലാക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മരണകാരണത്തില്‍ വിയോജിപ്പില്ലെന്ന തന്ത്രപരമായ നിലപാടെടുത്ത ഉന്മേഷ് ഡോ. ഷെര്‍ളി വാസുവിന്റെ ഭാഗികസാന്നിധ്യം മാത്രമേ പോസ്റ്റ്മോര്‍ട്ടം മുറിയില്‍ ഉണ്ടായിരുന്നുള്ളൂ എന്നും പറഞ്ഞു. താനും ഡോ. രാജേന്ദ്രപ്രസാദും തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഷെര്‍ളി വാസു തിരുത്തലും കൂട്ടിച്ചേര്‍ക്കലും വരുത്തിയെന്ന ഗുരുതരമായ ആരോപണവും ഉന്നയിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് താനായിരുന്നുവെന്നും അവകാശപ്പെട്ടു. ഉന്മേഷിന്റെ വാദം ശരിയല്ലെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ കോടതി പരിഗണിച്ചു. ഡോ. രാജേന്ദ്രപ്രസാദിന്റെയും തന്റെയും പേരിനൊപ്പം ഡോ. ഉന്മേഷിന്റെ കൈപ്പടയില്‍ത്തന്നെ ഡോ. ഷെര്‍ളി വാസുവിന്റെ പേരും രേഖപ്പെടുത്തിയ പോസ്റ്റ്മോര്‍ട്ടം അസൈന്‍മെന്റ് രജിസ്റ്ററാണ് പ്രധാന തെളിവ്. പോസ്റ്റ്മോര്‍ട്ടം അലോട്ട്മെന്റ് ലിസ്റ്റും തെളിവായി. ഷെര്‍ളി വാസുവിന്റെ പേരില്‍ സൗമ്യയുടെ മൃതദേഹം ഏറ്റുവാങ്ങിയതിന്റെയും വിട്ടുകൊടുത്തതിന്റെയും രേഖകളും ഹാജരാക്കി. പോസ്റ്റ്മോര്‍ട്ടത്തിനായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഷെര്‍ളി വാസുവിന് നല്‍കിയ അപേക്ഷയും തെളിവായി പരിഗണിച്ചു.

deshabhimani 011111

2 comments:

  1. സൗമ്യ കേസില്‍ പ്രതിക്ക് അനുകൂലമായി തെറ്റായ മൊഴി നല്‍കിയെന്ന കേസില്‍ മെഡിക്കല്‍ കോളേജ് ഫോറന്‍സിക് വിഭാഗം അസോസിയറ്റ് പ്രൊഫസര്‍ ഡോ. എ കെ ഉന്മേഷിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് വിചാരണ കോടതി. മലയാളി വേദി ചെയര്‍മാന്‍ ജോര്‍ജ് വട്ടുകുളത്തിന്റെ ഹര്‍ജി പരിഗണിച്ചാണ് തൃശൂര്‍ അതിവേഗ കോടതി നിയമനടപടികള്‍ക്ക് അനുവാദം നല്‍കിയത്.

    ReplyDelete
  2. സൗമ്യ കേസിലെ പ്രതി ഗോവിന്ദച്ചാമി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതിവിധി ആശ്വാസകരമാണെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. ടി എന്‍ സീമ എംപിയും സെക്രട്ടറി കെ കെ ശൈലജയും പ്രസ്താവനയില്‍ പറഞ്ഞു. നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന സ്ത്രീസമൂഹത്തിന് അല്‍പ്പമെങ്കിലും ആശ്വാസവും പ്രതീക്ഷയും നല്‍കുന്ന വിധിയാണിത്. ഗോവിന്ദച്ചാമി ശിക്ഷിക്കപ്പെടുക മാത്രമല്ല, അയാള്‍ ഉള്‍പ്പെട്ട കുറ്റവാളികളുടെ സംഘത്തെ കണ്ടെത്തുന്നതിനും കോടതിവിധി സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. കേസില്‍ പ്രതിഭാഗം ചേര്‍ന്ന് മൊഴിമാറിയ ഡോ. ഉന്മേഷിനെതിരെ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണമെന്ന കോടതി ഉത്തരവും സ്വാഗതാര്‍ഹമാണ്. സാക്ഷികളെയും ഇരകളെയും വിലയ്ക്കെടുത്ത് മൊഴിമാറ്റി പ്രതികള്‍ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുന്ന പതിവ് ഈ കേസില്‍ ഇല്ലാതായെന്നും പ്രസ്താവനയില്‍ പറഞ്ഞു.

    ReplyDelete